18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

അധ്വാനിക്കേണ്ട സമയത്തെ അലസമായി തള്ളിനീക്കുന്നവര്‍

ശാക്കിര്‍ എം കെ

മനുഷ്യരുടെ പുരോഗതിക്ക് തടസവും പരാജയ ഹേതുവുമായ ഒന്നാണ് മടി. ആധുനിക കാലത്ത് നാം കൈവരിച്ച സൗകര്യങ്ങള്‍ ഒരു പരിധി വരെ നമ്മെ മടിയന്‍മാരാക്കി തീര്‍ത്തിട്ടുണ്ട്. അധ്വാനിക്കേണ്ട സന്ദര്‍ഭങ്ങള്‍ അലസമായി തള്ളിനീക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പലരും. മടിയുടെ പ്രതിഫലം പരാജയം മാത്രമല്ല. പ്രതീക്ഷകളെക്കൂടി അത് നശിപ്പിക്കുന്നു.
ജീവിതത്തില്‍ വിജയം വരിച്ചവര്‍ സ്ഥിരോത്സാഹികളാണ്. അവര്‍ക്കാണ് വിജയത്തിനുള്ള അവകാശവും. ഖുര്‍ആന്‍ അതിന് പ്രേരണ നല്കുന്നുമുണ്ട്. ‘നിനക്ക് ഒഴിവു കിട്ടിയാല്‍ നീ അധ്വാനിക്കുക.’ (വി.ഖു 94:7). മനുഷ്യന്‍ ജീവിതത്തില്‍ മാറ്റിവെച്ചതും മുന്‍കൂട്ടി ചെയ്തതും അവരെ ബോധിപ്പിക്കുമെന്ന് മറ്റൊരു ഭാഗത്തും വിശദീകരിക്കുന്നുണ്ട്. ഏതൊരാള്‍ക്കും തന്റെ അധ്വാനത്തിന്റെ ഫലം മാത്രമാണുണ്ടാവുക എന്ന് 53:39 ലും കാണാം. കര്‍മങ്ങള്‍ സ്വീകരിക്കുന്നതിന്റെ നിബന്ധനക്കുമപ്പുറം ജീവിതത്തെ ജാഗ്രവത്താക്കുന്ന ഒന്നാണ് തഖ്‌വ, ‘ക്ഷമിക്കാനും ക്ഷമയില്‍ മികവു പുലര്‍ത്താനും പ്രതിരോധ സന്നദ്ധരായിരിക്കാനും’ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (3:200) പ്രതിരോധ സന്നദ്ധരായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനായി ഉപയോഗിച്ചത് റാബിത്വൂ എന്ന പദമാണ്. കുതിരകളെയും ഒട്ടകങ്ങളെയും കെട്ടിയൊരുക്കി കാത്തിരിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. എന്നാല്‍ യുദ്ധമോ ഭീഷണിയോ ഇല്ലാത്ത ഘട്ടങ്ങളിലും നാം സജ്ജരായിരിക്കേണ്ടതാണ്. സാംസ്‌കാരികവും സാമൂഹികപരവുമായ ജീര്‍ണതകള്‍ക്കെതിരില്‍ പ്രതിരോധ സന്നദ്ധരാകുന്നതിന് വലിയ പ്രാധാന്യമുണ്ട്. പുതുതലമുറയും നമ്മുടെ കുടുംബ സംവിധാനങ്ങളും അത്തരമൊരു പ്രതിരോധത്തിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നുണ്ട്. വിശ്വാസി സ്ഥിരോത്സാഹിയായിരിക്കും, അലസമായി തള്ളിനീക്കാന്‍ ആയുസില്‍ ഒരു നിമിഷം പോലുമില്ലെന്ന് തിരിച്ചറിയുന്നവനാണ് യഥാര്‍ഥ വിശ്വാസി.
‘നെറ്റിത്തടം വിയര്‍ത്തവനായിട്ടായിരിക്കും വിശ്വാസി മരിക്കുക’യെന്ന് പറയുന്ന ഒരു തിരുവചനം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. മനുഷ്യരില്‍ അധിക പേരും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവുമെന്ന് നബി(സ) ഓര്‍മിപ്പിച്ചിട്ടുണ്ട്. കപടവിശ്വാസികളുടെ വിവരണങ്ങളില്‍ ഖുര്‍ആന്‍ 4:142 ല്‍ മടിയന്മാരായും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും നമസ്‌കരിക്കുന്നവരായി പറയുന്നു. ധനം ചെലവഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വെറുപ്പോടു കൂടി ചെലവഴിക്കുന്നവരായിരിക്കുമെന്ന് 9:54 ലും പരാമര്‍ശിക്കുന്നു.
പ്രതീക്ഷയോടെയും ഭയപ്പാടോടു കൂടിയും ആരാധന കാര്യങ്ങളില്‍ സജീവത കാത്തുസൂക്ഷിക്കുന്ന വിശ്വാസികളെ 32:16 ല്‍ വിവരിക്കുന്നുണ്ട്. പ്രവാചകന്‍ ദൈവത്തോട് രക്ഷതേടിയിരുന്ന 5 ദുര്‍ഗുണങ്ങളാണ് മടിയും നിസ്സഹായതയും ഭീരുത്വവും പ്രായാധിക്യ ക്രീഡകളും പിശുക്കും (മുസ്‌ലിം) സ്ഥിരോത്സാഹികളായും മറ്റുള്ളവര്‍ക്ക് ഭാരമാകാതെയും ജീവിതത്തെ കാര്യ ഗൗരവത്തോടെ സമീപിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x