ത്യാഗത്തിന്റെ വിജയം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്! കൃഷിയിടങ്ങളും മുന്തിയ പാര്‍പ്പിടങ്ങളും! അങ്ങനെ നാം അവയെല്ലാം മറ്റൊരു സമൂഹത്തിന് അവകാശപ്പെടുത്തിക്കൊടുത്തു. അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല, അവര്‍ക്ക് സമയം നീട്ടിക്കൊടുത്തതുമില്ല (ദുഖാന്‍ 25-29).
ഈമാനിക ചൈതന്യം വര്‍ധിപ്പിക്കാനും സന്‍മാര്‍ഗബോധം നിലനിര്‍ത്താനുമാണ് പൂര്‍വകാല ചരിത്രങ്ങള്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകളായിരുന്നു ദുല്‍ഹിജ്ജ മാസം. ഹിജ്‌റ വര്‍ഷ മാറ്റം മുഹമ്മദ് നബിയുടെ ത്യാഗോജ്വലമായ ഹിജ്‌റയെയും ഓര്‍മിപ്പിച്ചു. സമാന ത്യാഗസ്മരണകള്‍ നല്‍കുന്ന മറ്റൊരു അധ്യായമാണ് മൂസാ നബിയുടെ ചരിത്രം.
മൂസാ നബിയും ഫിര്‍ഔനും തമ്മിലുളള വാഗ്വാദങ്ങള്‍ പലയിടങ്ങളിലായി ഖുര്‍ആന്‍ വിവരിക്കുന്നു. ദൈവനിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും പാരമ്യതയിലായിരുന്നു അയാള്‍ കഴിഞ്ഞത്. ‘ഞാനാണ് നിങ്ങളുടെ റബ്ബ്, നദികള്‍ എന്റെ കല്‍പനയ്‌ക്കൊത്ത് ഒഴുകുന്നു’- ഫിര്‍ഔനിന്റെ ധിക്കാരമനസ്സാണ് ഖുര്‍ആന്റെ ഈ വരികളില്‍. രാജകൊട്ടാരത്തില്‍ വളര്‍ന്നു വലുതായ മൂസാ നബിക്ക് പക്ഷേ, അല്ലാഹു ഏല്‍പിച്ച ദൗത്യം തുറന്നുപറയുന്നതില്‍ ഒരു സങ്കോചവുമുണ്ടായിരുന്നില്ല.
സത്യത്തിലേക്ക് തിരിച്ചുവരാനുള്ള പല അടയാളങ്ങളും അല്ലാഹു കാണിച്ചുകൊടുത്തിട്ടും അയാള്‍ അത് അംഗീകരിച്ചില്ല (20:56). ഫിര്‍ഔനും കൂട്ടരും പീഡനത്തിന്റെ ശക്തി കൂട്ടുംതോറും മറുഭാഗത്ത് അല്ലാഹു മൂസാ നബിക്കും അനുയായികള്‍ക്കും ആശ്വാസവും ധൈര്യവും നല്‍കി പിന്തുണയ്ക്കുകയായിരുന്നു. പീഡനം കൂടുതല്‍ കടുത്തപ്പോഴായിരുന്നു നാടു വിടാന്‍ അല്ലാഹു അറിയിപ്പ് നല്‍കിയത്. തങ്ങള്‍ പിടിക്കപ്പെടുമോ എന്ന ഭയാശങ്കയിലായിരുന്നു മൂസാ നബിയും അനുയായികളും. കടല്‍ പിളര്‍ന്നുണ്ടായ സുരക്ഷിതവും പര്‍വതസമാനവുമായ പാളികള്‍ക്കിടയിലൂടെ മറുകര പറ്റാന്‍ കഴിഞ്ഞപ്പോഴാണ് അതുവരെ അവര്‍ ചെയ്ത ത്യാഗത്തിന്റെ മധുരം അവര്‍ ആസ്വദിച്ചത്.
ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ നടന്ന ഈ സംഭവം ചരിത്രത്തില്‍ ഇന്നും അവിസ്മരണീയമായി നില്‍ക്കുന്നു. ധിക്കാരവും ദൈവനിഷേധവും അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ക്കു മുമ്പില്‍ വിലപ്പോവില്ല എന്നതാണ് ഈ സംഭവം ലോകത്തിനു നല്‍കുന്ന സന്ദേശം. എത്ര വലിയ ധിക്കാരിക്കും അവസാന നിമിഷം സത്യം ബോധ്യപ്പെടുമെന്നും, പക്ഷേ അന്നേരം തിരിച്ചുവരവിനു കഴിയില്ല എന്ന പാഠവും ഇതില്‍ നിന്ന് വായിച്ചെടുക്കാം. അതെല്ലാം കാണാനും കേള്‍ക്കാനും പാകത്തില്‍ ഫിര്‍ഔനിന്റെ ഭൗതിക ശരീരം അല്ലാഹു ഭൂമുഖത്ത് ബാക്കിവെച്ചിരിക്കുന്നു (10:92) എന്നത് മറ്റു സംഭവങ്ങളേക്കാള്‍ ഇതിന്റെ ചരിത്രപ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്. സത്യം സ്വീകരിക്കാനുള്ള ഇച്ഛാശക്തിയും അല്ലാഹുവിനു വേണ്ടി നിലകൊള്ളാനുള്ള മനസ്സാന്നിധ്യവും ഉണ്ടെങ്കില്‍ അവരുടെ മുമ്പില്‍ കടലും കരയും സുരക്ഷയുടെ പാതകള്‍ തീര്‍ക്കും.
മൂസ-ഫിര്‍ഔന്‍ ചരിത്രത്തിന്റെ ഹൃദയസ്പര്‍ശിയായ കഥാവിഷ്‌കാരമാണ് മേല്‍ വചനങ്ങളുടെ അവസാന ഭാഗം. ‘മണ്ണും വിണ്ണും അവര്‍ക്കു വേണ്ടി കരഞ്ഞില്ല’ എന്നതിലെ ഭാഷാസൗന്ദര്യം ശ്രദ്ധേയമാണ്. അതിലുപരി, ദൈവനിഷേധ സമീപനങ്ങള്‍ക്ക് പ്രപഞ്ചം പോലും കൂട്ടുനില്‍ക്കില്ല എന്നുകൂടി ഈ വചനങ്ങള്‍ ധ്വനിപ്പിക്കുന്നു.
ഫിര്‍ഔന്‍ ദൈവനിഷേധത്തിന്റെ പ്രതീകമാണെന്നപോലെ, ഭക്തിയുടേയും ദൈവസമര്‍പ്പണത്തിന്റെയും പ്രതീകമാണ് അയാളുടെ ഭാര്യ. സത്യവിശ്വാസികള്‍ക്ക് മാതൃകയായാണ് ആ മഹതിയുടെ വ്യക്തിത്വം ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.