6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

ത്യാഗബോധത്തിന്റെ അനിവാര്യത

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


നമ്മുടെ കാര്യത്തില്‍ ജിഹാദ് ചെയ്യുന്നവരെ നാം നമ്മുടെ ശരിയായ പാന്ഥാവിലേക്ക് നയിക്കുന്നതായിരിക്കും, തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാണ്. (അന്‍കബൂത്ത് 69)

പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടി ജാലങ്ങള്‍ക്കും എങ്ങനെ ജീവിക്കണമെന്ന സഹജബോധം അല്ലാഹു നല്‍കിയിട്ടുണ്ട്. അത് തെറ്റിച്ച് ജീവിക്കാന്‍ അവക്ക് കഴിയുകയില്ല. മനുഷ്യനും സമാനമായ കഴിവുകള്‍ ദൈവദത്തമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് കൈവരിക്കാന്‍ ശരിയായ ശിക്ഷണം ആവശ്യമാണ്.
അല്ലാഹു നിര്‍ദേശിക്കുന്ന ഈ ശിക്ഷണം സ്വീകരിച്ചു ജീവിക്കുക എന്നതാണ് വിജയത്തിന്റെ നിദാനം. പുണ്യത്തെയും പാപത്തെയും കുറിച്ചുള്ള ബോധം സൃഷ്ടിപ്പിന്റെ ഭാഗമായി തന്നെ മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതില്‍ ഏത് സ്വീകരിക്കണം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് മാത്രമേയുള്ളൂ. അതുപയോഗിച്ച് പുണ്യവാളനായി ജീവിക്കാന്‍ കഴിയുമെങ്കിലും തിന്മയുടെ നേര്‍ക്കാണ് അവന്റെ മനസ്സ് കൂടുതല്‍ ചലിക്കുന്നത്. അല്ലാഹു വാഗ്ദാനം നല്‍കുന്ന ഇഹപര വിജയം ലഭിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതിലാണ് ഈ ആയത്തില്‍ പറയുന്ന ജിഹാദ് പ്രവര്‍ത്തനക്ഷമമാകുന്നത്.
മതപ്രബോധനം, സൂക്ഷ്മതാ ബോധം, ആത്മ നിയന്ത്രണം, ആരാധനാ നിരത, ശത്രുക്കളുമായുള്ള പോരാട്ടം തുടങ്ങിയ അര്‍ഥ കല്‍പനകള്‍ക്ക് ജിഹാദ് എന്ന പദം ഖുര്‍ആനിലും ഹദീസിലും കാണാം. ഈ തലങ്ങളില്‍ നിര്‍വഹിക്കേണ്ട ജിഹാദിന് നല്‍കാവുന്ന ലളിതമായ അര്‍ഥം ധര്‍മനിഷ്ഠ നിലനിര്‍ത്താന്‍ ആവശ്യമായ ത്യാഗപരിശ്രമങ്ങളില്‍ ജീവിതം ശീലിക്കുക എന്നതാണ്. ഒരു മുസ്ലിമിന് ആജീവനാന്തം ഉണ്ടാകേണ്ട ജിഹാദാണിത്. ”അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് ജീവിക്കുന്നതില്‍ സ്വന്തത്തോട് ജിഹാദ് നടത്തുന്നവനാണ് യഥാര്‍ഥ മുജാഹിദ്” (അഹ്മദ്) എന്ന നബിവചനവും ഈ ത്യാഗ പരിശ്രമങ്ങള്‍ക്കാണ് പ്രേരണ നല്‍കുന്നത്.
വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കില്‍ അത് സ്വന്തം നന്മക്ക് വേണ്ടി തന്നെയാണ് (29:06) എന്ന വചനവും ത്യാഗ പരിശ്രമങ്ങളിലൂടെ കൈവരിക്കാവുന്ന ജീവിത നേട്ടങ്ങളാണ് വ്യക്തമാക്കുന്നത്. പോര്‍ക്കളത്തില്‍ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനെക്കാള്‍ ശ്രമകരമാണ് നന്മയുടെയും ഭക്തിയുടേയും പക്ഷത്ത് ജീവിക്കുകയെന്നത്. ഈമാനും തഖ്‌വയുമൊക്കെ ഉണ്ടായിട്ടും പിശാച് ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴുന്നു എന്നതാണ് നമുക്ക് സംഭവിക്കുന്ന വലിയ പരാജയം. അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് ഉറപ്പു വരുത്താനും ജിഹാദ് നല്‍കുന്ന ആത്മീയ ചൈതന്യം ആവശ്യമാണ്.
ആരോഗ്യവും അറിവും സമ്പത്തും സമയവും മറ്റു കഴിവുകളും അല്ലാഹുവിന് വേണ്ടി മാത്രം നീക്കിവെക്കുമ്പോഴാണ് ഈ ത്യാഗപരിശ്രമങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ജിഹാദ് ചെയ്യുക എന്ന ആവര്‍ത്തിച്ചുള്ള ആഹ്വാനം ഈ ജിഹാദിന് ആവശ്യമായ ദിശാബോധം നല്‍കുന്നു. മുസ്ലിം എന്ന നിലക്ക് നമ്മുടെ മനോഗതിയും സമീപനങ്ങളും വ്യക്തിത്വവും നിര്‍ണയിക്കുന്നതിലും ഈ അര്‍ഥതലത്തിലുള്ള ജിഹാദിന് നല്ല പങ്കുണ്ട്.
ത്യാഗപരിശ്രമ നിരതമായ ജീവിതത്തില്‍ വിവിധ കാര്യങ്ങളെ വിലയിരുത്താനുള്ള മാനദണ്ഡവും വ്യത്യസ്തമാണ്. ”നിങ്ങള്‍ വെറുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കാം, ഇഷ്ട കാര്യങ്ങളാകട്ടെ നിങ്ങള്‍ക്ക് ദോഷകരവുമാവാം, അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍, നിങ്ങള്‍ അറിയുന്നില്ല.” (വി.ഖു 2:216) നമുക്ക് ലഭിച്ച ആയുസ് കൂടുതല്‍ പുണ്യ ദീപ്തമാക്കാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന ഈ മാനദണ്ഡം പാലിക്കല്‍ അനിവാര്യമാണ്. ഈ മനോഭാവം ഉള്ളവര്‍ക്ക് മാത്രമേ ശരിയായ ദൈവിക മാര്‍ഗം കണ്ടെത്തി അതില്‍ ജീവിതം തുടരാന്‍ കഴിയുകയുള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x