22 Wednesday
September 2021
2021 September 22
1443 Safar 14

ത്വവാഫിന്റെ നിര്‍വൃതിയില്‍

എന്‍ജി. പി മമ്മദ് കോയ


വിശുദ്ധ മന്ദിരത്തെ തന്റെ ഇടതു വശത്താക്കി ഏഴു തവണ വലം വെക്കുന്നതാണ് ഒരു ത്വവാഫ്. സാധാരണ പള്ളികളില്‍ പ്രവേശിച്ചാല്‍ നിര്‍വഹിക്കുന്ന തഹിയ്യത്ത് നമസ്‌കാരത്തിന് പകരം മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചാല്‍ ത്വവാഫ് ചെയ്യുകയാണ് വേണ്ടത്. അല്ലാഹുവിന് നല്‍കുന്ന തിരുമുല്‍ കാഴ്ച ഇവിടെ ത്വവാഫാണ്. ഹജ്ജിന് ഇഹ്‌റാം കെട്ടിയവര്‍ ഇത് ചെയ്യേണ്ടതാണ്. ത്വവാഫുല്‍ ഖുദൂം എന്നാണ് സാങ്കേതികമായി ഇതിനെ വിവക്ഷിക്കുന്നത്.
ഉംറക്ക് ഇഹ്‌റാം കെട്ടിയവരാണെങ്കില്‍ അവര്‍ ആദ്യം ചെയ്യുന്ന ത്വവാഫ് ഉംറയുടെ നിര്‍ബന്ധ ത്വവാഫാകുന്നു. ഇത് ഉംറയുടെ ‘റുക്‌നു’കളിലൊന്നായ ത്വവാഫായിട്ടാണ് പരിഗണിക്കുക. ഉംറയുടെ നിര്‍ബന്ധ കര്‍മങ്ങളില്‍ ആദ്യത്തേതാണ് ഈ പ്രദക്ഷിണം.
ഹജറുല്‍ അസ്‌വദിനെ ചുംബിച്ചു കൊണ്ടാണ് ഇത് തുടങ്ങേണ്ടത്. അനവധി ലക്ഷം വിശ്വാസികള്‍ ത്വവാഫ് ചെയ്യുമ്പോള്‍ ചുംബിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഹജ്‌റുല്‍ അസ്‌വദിനെ കൈകൊണ്ട് തൊട്ട് ആ കൈ ചുംബിക്കുകയോ ദൂരെ നിന്ന് അഭിവാദ്യം ചെയ്തു കൈ മുത്തുകയോ ചെയ്ത് ത്വവാഫ് ആരംഭിക്കാവുന്നതാണ്.
ഏഴ് പ്രദക്ഷിണമാണ് ഒരു ത്വവാഫ് എന്ന് സൂചിപ്പിച്ചുവല്ലോ. ആദ്യ മൂന്നു വലം വെക്കലില്‍ പുരുഷന്മാര്‍ ചെറുതായി ഓടി ഊര്‍ജസ്വലത കാണിക്കണം. റംല് എന്നാണ് ഇതിന് പറയുന്നത്. ഈ സമയത്ത് പുരുഷന്മാര്‍ വലത്തെ ചുമലും വാരിയുടെ ഭാഗവും കാണത്തക്ക വിധമാണ് മേല്‍മുണ്ട് ധരിക്കേണ്ടത്. യുദ്ധതന്ത്രത്തിന്റെ ഓര്‍മപ്പെടുത്തലാണിത്. സ്വഹാബികള്‍ അരോഗദൃഢഗാത്രരും ഊര്‍ജസ്വലരുമാണെന്ന് മക്കാമുശ്‌രിക്കുകളെ കാണിക്കാന്‍ വേണ്ടി റസൂല്‍ നല്കിയ ഒരു നിര്‍ദേശം!
ത്വവാഫിന് അംഗശുദ്ധി നിര്‍ബന്ധമാണ്. അതുപോലെ നഗ്നത മറക്കലും. പുരുഷന്‍മാര്‍ പൊക്കിള്‍ മറയുന്ന വിധം മുണ്ട് ഉടുത്താല്‍ മതി. ‘ഉംറയുടെ ത്വവാഫ് ഞാന്‍ ആരംഭിക്കുന്നു’ എന്ന് മനസ്സില്‍ കരുതി ഹജറുല്‍ അസ്‌വദിന് നേരെ നിന്ന് ഇരു കൈകളുമുയര്‍ത്തി ‘ബിസ്മില്ലാഹി അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് ഞങ്ങളും ത്വവാഫ് ആരംഭിച്ചു. പുരുഷാരത്തിനിടയിലൂടെ ഹജറുല്‍ അസ്‌വദ് കാണാന്‍ കഴിയുന്നില്ല. നേരെ എതിര്‍ വശത്ത് ഒരു പച്ച വെളിച്ചം കാണുന്നതാണ് ഈ കറുത്ത ശിലയുടെ അടയാളം!
അല്ലാഹുമ്മ ഈമാന്‍ ബിക വതസ്ദീഖന്‍ ബി കിത്താബിക്ക വ വഫാഅന്‍ ബി അഹദിക്ക വ ഇത്തിബാഅന്‍ ലി സുന്നത്തിന്നബിയ്യിക്ക മുഹമ്മദിന്‍, സല്ലല്ലാഹു അലൈഹി വസല്ലം (അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചു കൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുള്ള കരാര്‍ പാലിച്ചുകൊണ്ടും നിന്റെ ദൂതനായ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടര്‍ന്നു കൊണ്ടും ഞാന്‍ ആരംഭിക്കുന്നു)
ഈയൊരു പ്രാര്‍ഥനയോടെയാണ് ത്വവാഫ് ആരംഭിക്കുന്നത്. ഈ പ്രാര്‍ഥന അതേപടി പറയുന്നതാണ് നല്ലത്. അറബി വാക്കുകള്‍ മറന്നുപോകുകയോ തെറ്റുകയോ ചെയ്താലും പ്രശ്‌നമില്ല. അതിന്റെ സാരാംശം മനസ്സില്‍ ഉണ്ടാവുമല്ലോ. ഓരോ കാലടികള്‍ മതാഫില്‍ വെക്കുമ്പോഴും മനസ്സും ശരീരവും അധരങ്ങളും പ്രാര്‍ഥനാ നിരതമായിരിക്കണം. ഉല്‍കൃഷ്ടമായ ഒരു ഇബാദത്തിലാണെന്ന ബോധമുണ്ടാകണം. ഭാഷ ഇവിടെ വിഷയമേ അല്ല. അടിമയുടെ അപേക്ഷകള്‍ക്ക് ഭാഷയില്ല. ഏതു ഭാഷയിലും പ്രാര്‍ഥിക്കാവുന്നതാണ്. ആവശ്യങ്ങള്‍ ‘ഉടമ’യോട് നേരിട്ട് ചോദിക്കാം. അങ്ങനെ പ്രാര്‍ഥനകളും ദിക്‌റുകളും വര്‍ധിപ്പിച്ചു മനസ്സു മുഴുവനായി അല്ലാഹുവിന്റെ തിരു സാന്നിധ്യത്തിലേക്ക് സമര്‍പ്പിച്ചാണ് ത്വവാഫ് നിര്‍വഹിക്കേണ്ടത്.
പ്രവാചകന്മാരുടേയും സലഫുസ്സ്വാലിഹീങ്ങളുടെയും സഹാബാക്കളുടെയും അനേകം സച്ചരിതരായ വിശ്വാസികളുടെയും കാലടികള്‍ പതിഞ്ഞ ‘മതാഫി’ലൂടെയാണ് എന്റെ കാലടികളും വെക്കുന്നത് എന്ന ചിന്ത എന്റെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു. ഓരോ സ്റ്റെപ്പിലും തസ്ബീഹൂം തഹ്‌ലീഹുമായി ചെയ്തുപോയ പാപങ്ങളില്‍ നിന്നുള്ള മോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് ജനസഞ്ചയത്തിന്റെ കൂടെ ഒഴുകുകയാണ്. ഇഹലോക ചിന്ത വെടിഞ്ഞ് നാഥന്റെ തിരുസാന്നിധ്യത്തില്‍ അര്‍ച്ചന നടത്തുന്ന ഹൃദയം കണ്ണുകളെ സജലങ്ങളാക്കുന്നു.
ഹജറുല്‍ അസ്‌വദിന്റെ മൂല കഴിഞ്ഞാല്‍ കഅ്ബയുടെ വാതിലാണ്. വാതില്‍ കഴിഞ്ഞ് മുന്നോട്ടെത്തിയാല്‍ അര്‍ധ വൃത്താകൃതിയിലുള്ള ഒരു അരമതിലിനടുത്താണ് എത്തുക. ഇത് ഹിജ്‌റു ഇസ്മാഈല്‍! ആ മതിലിനു മുകളില്‍ ആകര്‍ഷണീയമായ മൂന്ന് പച്ച വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗവും കഅ്ബ തന്നെയാണ്. അതിന്റെ പുറത്തു കൂടെ അത് സ്പര്‍ശിക്കാതെയാണ് ത്വവാഫ് തുടരേണ്ടത്. അതിനകത്ത് കഅ്ബയുടെ മേല്‍പുരയിലെ വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്വര്‍ണപ്പാത്തിയുണ്ട്.
ഹിജ്‌റ് ഇസ്മാഈല്‍ ചുറ്റി നേരെ എത്തുന്നത് റുക്‌നു യമാനി എന്ന മൂലയിലേക്കാണ്. ഇവിടെയൊന്നും പ്രത്യേക പ്രാര്‍ഥനകള്‍ നബി നിര്‍ദേശിച്ചിട്ടില്ല. അടുത്ത മൂല ഹജറുല്‍ അസ്‌വദിന്റെതാണ.് റുക്‌നു യമാനിയുടെയും റുക്‌നു ഹജറിന്റെയും ഇടയില്‍ നടക്കുമ്പോള്‍ മാത്രമാണ് അറബിയില്‍ ദുആ ഇരക്കേണ്ടത്. അത് ഏവര്‍ക്കും വളരെ പരിചിതമായ വാക്കുകളുമാണ്. റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറത്തി ഹസനതന്‍ വഖിനാ അദാബന്നാര്‍ എന്ന പ്രാര്‍ഥനയാണ് നടത്തേണ്ടത്.
ഹജറുല്‍ അസ്‌വദിന് നേരെ എത്തിയാല്‍ വീണ്ടും ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൈകളുയര്‍ത്തുകയോ കഴിയുമെങ്കില്‍ സ്പര്‍ശിച്ച് ചുംബിക്കുകയോ ചെയ്യേണ്ടതാണ്. ഇങ്ങനെ ഏഴുതവണ പ്രദക്ഷിണം വെച്ചു കഴിഞ്ഞാല്‍ ത്വവാഫ് പൂര്‍ത്തിയാകും. ത്വവാഫും സഅ്‌യും ഏഴു തവണയാണല്ലോ. എണ്ണം മറന്നുപോകുന്നത് പലരും പ്രശ്‌നമായി പറയാറുണ്ട്. അത് ഓര്‍മിക്കുവാന്‍ പറ്റുന്ന എന്തെങ്കിലും നേരത്തെ കരുതുന്നത് നന്നായിരിക്കും.
പല രീതിയില്‍ ത്വവാഫ് ചെയ്യുന്നവരും വ്യത്യസ്ത രൂപത്തില്‍ പ്രാര്‍ഥിക്കുന്നവരും ഉണ്ട്. ഇരു കരങ്ങളും ഉയര്‍ത്തി കണ്ണീരൊഴുക്കി പ്രാര്‍ഥനാ മന്ത്രങ്ങള്‍ നിശ്ശബ്ദമായി ഉരുവിടുന്നവര്‍, ഒരാള്‍ ഉറക്കെ ചൊല്ലിപ്പറയുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ക്ക് ആമീന്‍ പറയുന്നവര്‍, പ്രാര്‍ഥന വാചകങ്ങളെ മുദ്രാവാക്യരൂപത്തില്‍ ഒരാള്‍ പറയുകയും പിന്നിലുള്ളവര്‍ ഏറ്റു പറയുകയും ചെയ്യുന്നവര്‍, കര്‍ണ്ണാനനന്ദകരമായ ഈണത്തില്‍ പ്രാര്‍ഥന വചനങ്ങള്‍ ചൊല്ലി നടന്നുനീങ്ങുന്ന ഇന്തോനേഷ്യന്‍ സംഘങ്ങള്‍ തുടങ്ങി വ്യത്യസ്ത രൂപത്തിലും ശൈലിയിലും പ്രാര്‍ഥിക്കുന്ന വിവിധ രാജ്യങ്ങളും വിശ്വാസികളും. ഇതൊന്നും പ്രമാണബദ്ധമായി ചെയ്യുന്നതല്ല.
തടിമിടുക്ക് കൊണ്ട് മറ്റുള്ളവരെ തള്ളിമാറ്റി മുന്നോട്ടു കുതിക്കുന്ന ചില ഹാജിമാര്‍, ഈജിപ്തുകാര്‍, ഉസ്ബക്കുകള്‍, ഇംഗ്ലീഷുകാര്‍, അമേരിക്കക്കാര്‍ തുടങ്ങി ലോകത്തിന്റെ സര്‍വ്വ രാജ്യങ്ങളിലെയും മുസ്‌ലിംകള്‍! എല്ലാവരും അറബിയിലും അവരവരുടെ ഭാഷയിലും അല്ലാഹുവിനോട് നേരിട്ട് സംവദിക്കുകയാണ്.
ത്വവാഫില്‍ പതിനായിരങ്ങളാണ് ഒരേ സമയത്തുണ്ടാകുക. ചുറ്റുന്ന വൃത്തങ്ങളിങ്ങനെ വലുതായി വലുതായി ദൂരം കൂടിക്കൊണ്ടിരിക്കും. ഏറ്റവും കുറഞ്ഞ സര്‍ക്കിള്‍ കഅ്ബയുടെ ഏറ്റവും അടുത്ത സര്‍ക്കിളാണ്. പ്രദക്ഷിണത്തിന് നടക്കേണ്ട ദൂരം വളരെ കുറഞ്ഞിരിക്കും. അതുകൊണ്ട് തുടക്കം പുറത്തെ സര്‍ക്കിളാണെങ്കിലും മെല്ലെ മെല്ലെ അകത്തെ സര്‍ക്കിളിലെത്താന്‍ ശ്രമിക്കുന്നത് ഹജ്‌റുല്‍ അസ്‌വദിന്നടുത്തെത്താന്‍ സഹായിക്കും.
ആറാമത്തെ റൗണ്ടിലെത്തുമ്പോള്‍ മെല്ലെ മെല്ലെ പുറത്തെ വൃത്തത്തിലേക്ക് നടക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം! വലിയ തിരക്കില്ലാതെ ഏഴാമത്തെ പ്രദക്ഷിണം പൂര്‍ത്തീകരിച്ച് പുറത്ത് കടക്കാന്‍ വേഗത്തില്‍ കഴിയും. മറ്റുള്ളവര്‍ക്ക് പ്രയാസവുമുണ്ടാകില്ല.
ചില ഗ്രൂപ്പുകള്‍ ഹജ്‌റുല്‍ അസ്‌വദിനടുത്ത് എത്തി ത്വവാഫ് പൂര്‍ത്തീകരിച്ച് ഉടനെ ഒന്നിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതും കൈകള്‍ കോര്‍ത്ത് ത്വവാഫ് ചെയ്യുന്നതും കാണാം. ഇത് മറ്റുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ത്വവാഫ് ചെയ്യാത്തവര്‍ മതാഫില്‍ ഇരിക്കുന്നതും നമസ്‌കരിക്കുന്നതും വലിയ പ്രശ്‌നമാണ്. ഹജ്‌റുല്‍ അസ്‌വദു ചുംബിക്കാന്‍ മറ്റുള്ള ഹാജിമാരെ തള്ളി മാറ്റുകയോ ബുദ്ധിമുട്ടിക്കുകയോ അരുത്.
ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുക എന്നത് ഓരോ ഹാജിയുടെയും ജീവിതാഭിലാഷമാണെങ്കിലും ത്വവാഫിന്റെ നിര്‍ബന്ധ കാര്യമൊന്നുമല്ല. പരിശുദ്ധമായ കര്‍മത്തിനിടയില്‍ തനിക്കും മറ്റുള്ളവര്‍ക്കും പ്രയാസങ്ങളില്ലാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. സമയവും സന്ദര്‍ഭവും അനുകൂലമാകുന്ന അവസരങ്ങളുണ്ടാകും. ആ സമയത്ത് ഹജ്‌റുല്‍ അസ്‌വദിനെ സ്പര്‍ശിക്കുകയും ചുംബിക്കുകയുമാവാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x