22 Sunday
December 2024
2024 December 22
1446 Joumada II 20

ഖുര്‍ആനില്‍ ‘ത്വാ-സീന്‍-മീം’ തീര്‍ക്കുന്ന ഗണിത ഇന്ദ്രജാലം

ടി പി എം റാഫി


മനുഷ്യന്റെ കൈവിരലുകള്‍ പത്തായതുകൊണ്ടാവണം, പത്തിനെ അടിസ്ഥാനമാക്കിയാണ്(Base 10) നമ്മള്‍ എണ്ണല്‍ സംഖ്യ നിര്‍വചിച്ചത്. കമ്പ്യൂട്ടറുകള്‍ക്കു പക്ഷേ, രണ്ടു ‘വിരലേ’ ഉള്ളൂ- ഓണ്‍ ആന്‍ഡ് ഓഫ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ 0, 1 മാത്രമുള്ള ബൈനറി സംഖ്യയേ കമ്പ്യൂട്ടറുകള്‍ക്കു പരിചയമുള്ളൂ. കമ്പ്യൂട്ടറുകള്‍ക്കു നല്‍കുന്ന എല്ലാ ഇന്‍പുട്ടുകളും മനസ്സിലാകുന്ന ബൈനറി സിസ്റ്റത്തിലേക്ക് മാറ്റിയാണ് അവ നിര്‍ധാരണം ചെയ്യുന്നത്. ഉദാഹരണത്തിന്, ഖുര്‍ആനില്‍ 6236 വചനങ്ങളുണ്ടെന്നു കമ്പ്യൂട്ടറുകള്‍ രേഖപ്പെടുത്തുന്നത് 1100001001100 വചനങ്ങള്‍ ആയാണ്!
ആധുനിക ഗണിതശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്, ഖുര്‍ആനിലുടനീളം ബേസ്-19 ന്റ ഇന്ദ്രജാല ബാന്ധവമുണ്ടെന്നാണ്. ഖുര്‍ആനിലെ 26-ാം അധ്യായമായ സൂറത്തുശ്ശുഅറാഅ് തുടങ്ങുന്നത് ബേസ്-19 ന്റെ ഗണിതസങ്കേതം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്: ‘ത്വാ-സീന്‍-മീം. നിര്‍ണിതമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ'(26: 1,2). നമ്മുടെ എണ്ണല്‍സംഖ്യയില്‍ കണക്കാക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ 6236 വചനങ്ങളാണുള്ളത്. അത് ബേസ്-19ലേക്ക് കണ്‍വേര്‍ട്ട് ചെയ്താല്‍ എത്രയാണ്? ആദ്യം 6236നെ 19കൊണ്ട് ഹരിക്കുക. ഓരോ സ്റ്റെപ്പിലും കിട്ടുന്ന ഹരണഫലവും ശിഷ്ടവും നോട്ട് ചെയ്യുക.

6236/19 = 328 ശിഷ്ടം 4
328/19 = 17 ശിഷ്ടം 5
17/19 = 0 ശിഷ്ടം 17
ഏറ്റവും താഴെനിന്നു മുകളിലേക്ക് ശിഷ്ടങ്ങള്‍ ചേര്‍ത്തെഴുതിയാല്‍ ബേസ്-10ലെ 6236 എന്ന സംഖ്യയുടെ ബേസ്-19ലെ തുല്യ വില കിട്ടും. 17, 5, 4.
ബേസ്-19ലെ 1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ നമ്മുടേതുപോലെത്തന്നെയാണ്. 10 മുതല്‍ 18 വരെയുള്ള അക്കങ്ങളെ A, B, C, D, E, F, G, H, I (A to I) എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് കുറിക്കുന്നു. ഇതില്‍ Aയുടെ വില 10, Bയുടെ വില 11, C യുടെ വില 12…. അങ്ങനെ പോയി H ന്റെ വില 17 ആണെന്നു മനസ്സിലാക്കാമല്ലോ. H = 17.
ബേസ്-10ല്‍ ആകെ ഖുര്‍ആന്‍ വചനങ്ങള്‍ 6236 ആണെങ്കില്‍ ബേസ്-19ല്‍ നോക്കുകയാണെങ്കിലും കൃത്യമാണ്-അതായത് H54.
വിശുദ്ധ ഖുര്‍ആനില്‍ കേവലാക്ഷരങ്ങള്‍ (ഹുറൂഫുല്‍ മുഖത്വഅത്ത്) കൊണ്ടു തുടങ്ങുന്ന 29 അധ്യായങ്ങളുണ്ട്. അറബി ഭാഷയിലെ 14 അക്ഷരങ്ങളുടെ ചേരുവകളാണ് ഈ അധ്യായങ്ങളുടെ ആരംഭത്തില്‍ മാറി മാറി ആവര്‍ത്തിക്കുന്നത്. 2, 3, 7, 10, 11, 12, 13, 14, 15, 19, 20, 26, 27, 28, 29, 30, 31, 32, 36, 38, 40, 41, 42, 43, 44, 45, 46, 50, 68 എന്നീ അധ്യായങ്ങള്‍ കേവലാക്ഷരങ്ങള്‍ കൊണ്ടാണ് തുടങ്ങുന്നത്.
കേവലാക്ഷരങ്ങളില്‍ മൊത്തത്തില്‍ ‘മീം’ 17 തവണയും ‘സീന്‍’ 5 തവണയും ‘ത്വാ’ 4 തവണയും വരുന്നതുകാണാം. 26-ാം അധ്യായം തുടങ്ങുന്നത് ‘ത്വാ-സീന്‍-മീം. നിര്‍ണിതമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ’ എന്ന് അര്‍ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിക്കൊണ്ടാണ്. ബേസ്-19ല്‍ 17 എന്നത് H എന്നായാണല്ലോ എഴുതുന്നത്. അതായത്, ബേസ്-19 അടിസ്ഥാനമാക്കിയാല്‍ H54 വചനങ്ങളുണ്ട്, ഖുര്‍ആനില്‍ എന്നാണ് മനസ്സിലാകുന്നത്.
6236ല്‍ ആദ്യത്തെ 6ന്റെ സ്ഥാനവില 6 x 10 x 10 x 10 = 6000 ആണല്ലോ.
2ന്റെ വില 2 x 10 x 10 = 200
3ന്റെ വില 3 x 10 = 30
അവസാനത്തെ 6ന്റെ വില 6 x 1 = 6
അങ്ങനെ ആകെ 6000 + 200 + 30 + 6 = 6236
ഇനി ബേസ്-19ല്‍ നിന്ന് ബേസ്-10ലേക്ക് വില കണ്‍വേര്‍ട്ട് ചെയ്താല്‍ എത്ര കിട്ടുമെന്നു നോക്കാം.
17 x 19 x 19 + 5 x 19 + 4 = 6137 + 95 + 4 = 6236 എന്നു തന്നെയാണ്.
‘ത്വാ-സീന്‍-മീം’ എന്ന കേവലാക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഗണിതവിസ്മയം ഖുര്‍ആനിലെ എണ്ണിയാലൊടുങ്ങാത്ത അമാനുഷ ഭാവങ്ങളില്‍ ഒന്നു മാത്രമാണെന്നറിയുക.

Back to Top