തുടക്കത്തിലേ പിഴച്ച മോദി സ്ട്രാറ്റജി
യഹ്‌യ എന്‍പി മാവൂര്‍
പ്രതിപക്ഷ നേതാക്കളെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടിപ്പിടിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്. പ്രതിപക്ഷ നേതൃത്വത്തെ മുഴുവന്‍ തടവിലാക്കി ഒറ്റയ്ക്ക് മത്സരിച്ചാണോ മോദി 400 സീറ്റു നേടുമെന്ന് അവകാശപ്പെടുന്നത് എന്നതാണ് ചോദ്യം.
എന്നാല്‍ മോദിയുടെ സ്ട്രാറ്റജി തുടക്കത്തിലേ പിഴച്ചു. അരവിന്ദ് കെജ്‌രിവാള്‍ ജയിലിലായ ഉടനെ രാജി വെച്ചാല്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനായിരുന്നു പ്ലാന്‍. ജയിലിലിരുന്ന് ഭരിക്കും എന്ന കെജ്‌രിവാളിന്റെ പ്രഖ്യാപനം ജീയുടെ പ്ലാന്‍ വെള്ളത്തിലാക്കി. പ്രതീക്ഷയ്ക്കു വിരുദ്ധമായി അരവിന്ദ് കെജ്‌രിവാള്‍ വളരെ എളുപ്പം ഇന്‍ഡ്യാ മുന്നണിക്കു വഴങ്ങിയതും മൃദുഹിന്ദുത്വം പയറ്റുന്നതുമാണ് ബിജെപിയുടെ അങ്കലാപ്പു കൂട്ടുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ എഎപിയെ ഒരു ദേശീയ പാര്‍ട്ടിയാക്കി പടുത്തുയര്‍ത്താന്‍ കെജ്‌രിവാളിനു സാധിച്ചു. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ഇന്ത്യന്‍ ജനത വിശ്വസിക്കുന്നില്ല; അതേസമയം അദ്ദേഹം ഇന്ത്യയിലെ മികച്ച ഭരണകര്‍ത്താവാണെന്ന് ഉത്തരേന്ത്യയിലാകെയുള്ള മധ്യവര്‍ഗം വിശ്വസിക്കുന്നതും ജീയുടെ അങ്കലാപ്പു കൂട്ടുന്നു.
കെജ്‌രിവാളിന്റെ അറേസ്റ്റാടെ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള വഴക്കം കൂടുന്നതും അതുവഴി സഖ്യത്തിന്റെ കരുത്തും കെട്ടുറപ്പും കൂടുന്നതാണ് നാം കാണുന്നത്. ഇനി മറ്റൊരു വഴി മുന്നിലില്ല എന്ന് ഇന്‍ഡ്യാ സഖ്യം തിരിച്ചറിയുന്നു. ജയിലിനു പുറത്തുള്ള കെജ്‌രിവാളിനേക്കാള്‍ ശക്തനായി മാറിയിരിക്കുന്നു ജയിലിനകത്തുള്ള കെജ്‌രിവാള്‍ എന്നര്‍ഥം. കെജ്‌രിവാളിനെ അറസ്റ്റു ചെയ്ത് അടുത്ത ദിവസം എഎപി നേതാക്കള്‍ കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്നു.
കേസിലെ പ്രതി ശരത്ചന്ദ്ര റെഡ്ഡി ബിജെപിക്കു പണം നല്‍കിയപ്പോഴാണ് മാപ്പുസാക്ഷിയായത്. പണം വന്ന വഴിയെക്കുറിച്ച് ഇഡി ഒന്നും പറയുന്നില്ല. മദ്യനയ അഴിമതിക്കേസിലൂടെ പണമുണ്ടാക്കിയത് ബിജെപിയാണെന്നും എഎപി നേതാക്കള്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നു. ഇതിനെല്ലാം ഹേതുവായ ഭൂതത്തെ തിരികെ എങ്ങനെ ബിജെപി കുടത്തില്‍ അടയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.