ആദ്യ കപ്പിലൂടെ ആസക്തിയിലേക്ക്
സി കെ റജീഷ്
ഒരു ഡോക്ടറുടെ ചികിത്സാനുഭവങ്ങള്‍ ഈയിടെ വായിച്ചു. അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ നിന്ന് തുടര്‍ച്ചയായി മരുന്ന് കാണാതെ പോകുന്നു. സാധാരണ മരുന്നുകളല്ല. തീവ്രവേദന അനുഭവിക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നല്‍കുന്ന രൂക്ഷ ലഹരിയുള്ള മരുന്നുകള്‍. പണം സൂക്ഷിച്ച് വെക്കുന്ന ഇരുമ്പ് പെട്ടിക്കകത്ത് ഭദ്രമായി തന്നെയാണ് അവ വെച്ചിരിക്കുന്നത്. ആ പെട്ടിയില്‍ നിന്ന് ഒരിക്കലും പണം നഷ്ടപ്പെട്ടിരുന്നില്ല. മരുന്ന് സൂക്ഷിച്ച പെട്ടിക്ക് ആശുപത്രി അധികൃതര്‍ പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തി. മോഷ്ടാവിനെ പിടികൂടി. അയാളൊരു അഭ്യസ്ത വിദ്യനായ യുവാവായിരുന്നു. ഉന്നത കുടുംബത്തില്‍ പിറന്ന, മികച്ച വിദ്യാഭ്യാസ യോഗ്യത നേടിയ യുവാവ്. ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ മോഷണം നടത്തിയത് താനാണെന്ന് അയാള്‍ സമ്മതിച്ചു. കോളെജ് പഠനത്തിനിടയിലാണ് അയാള്‍ ലഹരിക്ക് അടിമപ്പെട്ടത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ ആദ്യകപ്പ് നുണഞ്ഞു. പിന്നീടത് അയാള്‍ക്ക് ഒഴിവാക്കാനായില്ല. മോഷ്ടാവായി പിടിക്കപ്പെട്ടപ്പോള്‍ ആ യുവാവ് മനസ്സ് തുറന്നു. ‘ഞാന്‍ മോഷ്ടിച്ചുവെന്നത് സത്യമാണ്. നിങ്ങള്‍ക്ക് എന്ത് ശിക്ഷയും നല്‍കാം. ഒരു രൂപ പോലും എനിക്ക് വേണ്ട. പക്ഷേ ഒരു ദിവസം പോലും ഈ മരുന്ന് ഇല്ലാതെ എനിക്ക് ജീവിക്കുക അസാധ്യം’
ലഹരിക്കെണിയില്‍ കുരുങ്ങി ജീവിതം തകര്‍ന്ന ഒരു യുവാവിന്റെ നിസ്സഹായതയുടെ നിലവിളിയാണിത്. പകര്‍ച്ച വ്യാധിയേക്കാള്‍ ഭീതിദമായിട്ടാണ് ലഹരിയോടുള്ള ആസക്തി പെരുകുന്നത്. വല്ലപ്പോഴും നുണഞ്ഞ ഒരു മിഠായിയിലോ, കഴിച്ച മരുന്നിലോ, കുടിച്ച പാനീയത്തിലോ ലഹരിയോടുള്ള ചങ്ങാത്തം തുടങ്ങുന്നു. ആദ്യകപ്പ് വായില്‍ വെച്ചവന്‍ പിന്നീട് അതിന്റെ അടിമയായി മാറുന്നു. അതില്‍ നിന്നുള്ള മോചനമാകട്ടെ, അങ്ങേയറ്റം ദുഷ്‌ക്കരമാവുന്നു. ജീവിതത്തിന്റെ സ്വാസ്ഥ്യവും സന്തോഷവും കെടുത്തിക്കളയുന്ന വില്ലനാണ് ലഹരിയെന്ന് തിരിച്ചറിയുന്നതാകട്ടെ വളരെ വൈകിയും. ലഹരിക്കടിമയായ ഒരു കൗമാരക്കാരനോട് ഡോക്ടര്‍ ചോദിച്ചു: ‘എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?’ പിയര്‍ പ്രഷര്‍ എന്നായിരുന്നു അവന്റെ മറുപടി. ലഹരിയെന്നത് ചിലര്‍ക്ക് ദു:ഖം മറക്കാനുള്ള മറുമരുന്നാണ്. ഒരു ഹരത്തിന് തുടങ്ങിയത് സ്വയം വിനാശത്തിന്റെ ചതിക്കുഴിയിലേക്കുള്ള അപഥ സഞ്ചാരമായി മാറുന്നു. ആസക്തി മാരകരോഗങ്ങളിലേക്കുള്ള വാതില്‍ തുറന്നു വെക്കുന്നു. ആലോചിച്ചും ആസൂത്രണം ചെയ്തും അര്‍ഥപൂര്‍ണമാക്കേണ്ടതാണ് നമ്മുടെ ഈ ചുരുക്കായുസ്സ്. ലഹരിയോടുള്ള ആസക്തി കൊണ്ട് ജീവിതം തന്നെ അധാര്‍മികതയുടെ വിളനിലമായി മാറുന്നു. ‘മദ്യം തിന്മകളുടെ മാതാവെന്നാണ്’ നബി(സ) പരിചയപ്പെടുത്തിയത്. ബുദ്ധിയെ ഭ്രമിപ്പിക്കുന്ന, മനസ്സിനെ മരവിപ്പിക്കുന്ന, പൊടിയും പൊതിയും മിഠായിയും മരുന്നുമെല്ലാം ഈ ഗണത്തിലാണ് പെടുന്നത്. ‘ഏറിയാലും കുറഞ്ഞാലും ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണെന്ന്’ പ്രവാചകന്‍(സ) പഠിപ്പിച്ചു.
ലഹരി മാഫിയയുടെ കരാള ഹസ്തങ്ങളിലാണ് നമ്മുടെ നാടിന്നുള്ളത്. മദ്യം വിപത്താണെന്ന് അറിയാത്തവരായി ആരുമില്ല. എന്നിട്ടും മദ്യാസക്തിക്ക് കടിഞ്ഞാണിടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറം, അത് പാലിക്കാനുള്ള മാനസികാവസ്ഥ കൂടി സൃഷ്ടിക്കപ്പെടണം. ലഹരി മുക്തമായ സമൂഹം അപ്പോഴാണ് സാധ്യമാകുന്നത്. മരിച്ചാല്‍ മുന്തിരിവള്ളിയുടെ കടയ്ക്കല്‍ മറമാടാന്‍ വസ്വിയ്യത്ത് ചെയ്തവരായിരുന്നു അറബികള്‍. മദ്യാസക്തരായ അവര്‍ മദ്യം പാടെ ഉപേക്ഷിച്ചു. മദ്യം മാലിന്യവും പൈശാചികവുമാണെന്ന തിരിച്ചറിവാണ് ഈ പരിവര്‍ത്തനത്തിന് നിദാനം. ഖുര്‍ആന്‍ പഠിപ്പിച്ച ഈ മദ്യനയത്തിനാണ് ഇന്നും പ്രസക്തിയുള്ളത്. വിഖ്യാത അറബി സാഹിത്യകാരനായ മന്‍ഫലൂത്വിയുടെ പ്രശസ്തമായ ഒരു ചെറുകഥയുണ്ട്. അല്‍കഅ്‌സുല്‍ ഊലാ(ആദ്യകപ്പ്) എന്നാണ് അതിന്റെ തലക്കെട്ട്. ചീത്ത ചങ്ങാത്തത്തിന്റെ ചതിക്കുഴിയില്‍ പെട്ട് ലഹരിയുടെ ആദ്യ കപ്പ് നുണഞ്ഞ യുവാവിന്റെ കഥയാണ് ഇത്. ചങ്ങാതിമാരുടെ വഞ്ചന തിരിച്ചറിയാനുള്ള തന്റെ ബലഹീനതയാണ് ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് ആ യുവാവ് പരിഭവപ്പെടുന്നുണ്ട്. ആദ്യകപ്പില്‍ നിന്ന് ആസക്തിയിലേക്ക് പോകാതിരിക്കാന്‍ സദാ നാം ജാഗ്രവത്താവുക.