7 Thursday
December 2023
2023 December 7
1445 Joumada I 24

തൗഹീദിന്റെ അക്ഷരവെളിച്ചം

ഹസന്‍ നെടിയനാട്‌


1975 മുതല്‍ ഇസ്‌ലാഹി പ്രസ്ഥാനരംഗത്ത് തൗഹീദിന്റെ പ്രചാരണത്തില്‍ ശക്തമായ പങ്കുവഹിച്ചു വരുന്ന ശബാബ് കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രസിദ്ധീകരണമാണ്. അന്നു മുതല്‍ തന്നെ ഇസ്‌ലാമിക പ്രബോധനത്തിന്റെ വിപുലമായ സാധ്യതകളെ ദീര്‍ഘവീക്ഷണത്തോടെ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ പ്രബോധന ശൈലിയാണ് ശബാബ് പിന്തുടരുന്നത്.
തുടക്കം മുതല്‍ ശബാബിന്റെ വായനക്കാരനായും ക്രമേണ എന്റെ സാഹിത്യകൃതികള്‍ വെളിച്ചം കാണുന്ന പ്രസിദ്ധീകരണമെന്ന നിലയിലും ശബാബുമായുള്ള ബന്ധം തുടര്‍ന്നുവരികയാണ്. ഞാന്‍ എഴുതിയ ഒട്ടേറെ തൗഹീദ് ഗാനങ്ങള്‍ ശബാബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളും നവോത്ഥാനരംഗത്ത് മാപ്പിള കവികള്‍ ചെയ്ത സേവനങ്ങളെപ്പറ്റിയുള്ള സുദീര്‍ഘ ലേഖനവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് പിന്നീട് യുവത പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ഇസ്‌ലാമുമായി ബന്ധപ്പെട്ട സമകാലിക വിഷയം ചര്‍ച്ച ചെയ്യുന്നതോടൊപ്പം മതപരമായ പുതിയ വിഷയങ്ങള്‍ക്ക് മറുപടി പറഞ്ഞും മുസ്‌ലിം സമൂഹം ലോകാടിസ്ഥാനത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീതിനിഷേധവും അവഗണനയും തുറന്നുകാണിക്കുന്ന പ്രസക്തമായ ലേഖനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇസ്‌ലാമിക ചലനങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രൗഢമായ എഴുത്തുകളും ശബാബിന്റെ പ്രത്യേകതയാണ്.
സാഹിത്യ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം തുറന്നുകാട്ടുന്ന ഒട്ടേറെ ലേഖനങ്ങള്‍ ശബാബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രചാരണരംഗത്ത് കലയും സാഹിത്യവും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു തെളിയിച്ച രചന കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. അന്നത്തെ ഇസ്‌ലാഹി നേതൃത്വത്തിന്റെ അറിവോടും അംഗീകാരത്തോടും കൂടിയാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിച്ചത്.
സംഗീതം നിഷിദ്ധമാണെന്ന തീവ്രനിലപാടില്‍ നിന്നു മാറി സംഗീതത്തെ അനുവദനീയമായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ ചരിത്രത്തിന്റെ ശക്തമായ പിന്തുണയോടെ എടവണ്ണ അബ്ദുസ്സലാം മൗലവി എഴുതിയ ലേഖനങ്ങള്‍ ശബാബിലൂടെയാണ് ഞാന്‍ വായിച്ചു മനസ്സിലാക്കിയത്.
കേരളീയ മുസ്‌ലിം യുവത്വത്തിനു വഴികാട്ടിയായി എന്നും പ്രശോഭിക്കുന്ന തൗഹീദിന്റെ ഈ വെളിച്ചം ഇനിയും ഊര്‍ജസ്വലതയോടെ ജ്വലിച്ചുകൊണ്ടിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x