തൗഹീദിന്റെ മഹത്വം ഉള്‍ക്കൊള്ളുന്ന ഹജ്ജ്
അബ്ദുല്‍അലി മദനി
മാനവരാശിയെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാനും നാഥനായ അല്ലാഹുവിന്റെ ഏകത്വം മനുഷ്യ മനസ്സുകളില്‍ അരക്കിട്ടുറപ്പിക്കാനും ലക്ഷക്കണക്കിനു പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്. ഈ ദൈവദൂതന്മാരും അവരില്‍ വിശ്വാസമര്‍പ്പിച്ച ആളുകളും അല്ലാഹുവെ മാത്രമേ ആരാധിച്ചിട്ടുള്ളൂ. അല്ലാഹുവിന് നല്‍കേണ്ടതെല്ലാം അവര്‍ അല്ലാഹുവിനു മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ. എന്നാല്‍ അല്ലാഹുവെ ആരാധിക്കാനായി ഒരു ഭവനം നിര്‍മിക്കുകയെന്ന സംഭവം ഇബ്‌റാഹീ(അ)മിന്റെയും പുത്രന്‍ ഇസ്മാഈലി(അ)ന്റെയും പേരുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആനില്‍ വിശദീകരിച്ചത്. അവര്‍ക്കു മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും അവരുടെ ജനതകളും ആരാധനകള്‍ നിര്‍വഹിക്കാന്‍ ഒരു വീടിനെ ലക്ഷ്യമാക്കിയിട്ടുള്ള സൂചനകള്‍ കാണപ്പെടുന്നുമില്ല.
ഇബ്‌റാഹീ(അ)മും ഇസ്മാഈലും(അ) കൂടിയാണ് ആ മന്ദിരം ഉണ്ടാക്കിയതെന്നും ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇബ്‌റാഹീ(അ)മാണ് വിളംബരം നടത്തിയതെന്നും അവര്‍ രണ്ടു പേരോടുമാണ് പ്രസ്തുത ഭവനത്തെ വൃത്തിയായി നിലനിര്‍ത്താന്‍ കല്‍പിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്‌ഘോഷിക്കുന്നുണ്ട് (വി.ഖു: 2:125).
ഭൂമിയില്‍ ഏകനായ ദൈവത്തെ ആരാധിക്കാനായി ഒന്നാമതായി നിര്‍മിക്കപ്പെട്ടത് കഅ്ബാലയമാണെന്നതില്‍ സന്ദേഹമില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ (മക്കയില്‍) ഉള്ളതത്രേ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ (വിശിഷ്യാ ഇബ്‌റാഹീം നിന്ന സ്ഥലം) ഉണ്ട്. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരുടെ ആശ്രയം ഇല്ലാത്തവനാകുന്നു” (വി.ഖു: 3:96,97).
ത്യാഗിവര്യനായ ഇബ്‌റാഹീമും(അ) അനുസരണശീലമുള്ള പുത്രന്‍ ഇസ്മാഈലും കൂടി കഅ്ബാലയം പടുത്തുയര്‍ത്തിയ അനര്‍ഘനിമിഷങ്ങളെ സദാ ഓര്‍മിക്കാന്‍ സത്യവിശ്വാസികളോട് അല്ലാഹു അറിയിക്കുന്നു: ”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്നു നീയിതു സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (വി.ഖു: 2:127).
ഈ മന്ദിരത്തിന്റെ സ്ഥാനം അല്ലാഹുവാണ് നിര്‍ണയിച്ചുകൊടുത്തതെന്നും അല്ലാഹു ഇബ്‌റാഹീ(അ)മിനോട് ഹജ്ജിനായി ജനവിഭാഗങ്ങളെ വിളിച്ചറിയിക്കാന്‍ പറഞ്ഞുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രേ). യാതൊരു വസ്തുവിനെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കു വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്കു വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണമെന്നും (നാം അദ്ദേഹത്തിനോട് നിര്‍ദേശിച്ചു). ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തു കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും” (വി.ഖു: 22:26,27).
ഈ സൂക്തത്തില്‍ അല്ലാഹു എന്റെ ഭവനം എന്ന വിശേഷണത്തോടെ കഅ്ബാലയത്തെപ്പറ്റി അറിയിച്ചതുതന്നെ അതിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതാണ്. അതോടൊപ്പം അല്ലാഹുവില്‍ ഒരുവിധത്തിലും പങ്കുകാരെയോ സമന്മാരെയോ നിശ്ചയിക്കരുതെന്ന കാര്യവും ഊന്നിപ്പറയുന്നു. ആ വീടുനിര്‍മാണത്തിനു ശേഷം അതിനെ ലക്ഷ്യമാക്കി തീര്‍ഥാടനത്തിനു വരാന്‍ വിളംബരം നടത്താനും അല്ലാഹു കല്‍പിച്ചു.
ഇബ്‌റാഹീ(അ)മിനു മുമ്പ് വന്നുപോയ പ്രവാചകന്മാരുടെ പ്രബോധന സംരംഭങ്ങള്‍ വിലയിരുത്തുന്നിടത്തൊന്നും കഅ്ബാലയമോ ഹജ്ജോ പരാമര്‍ശിച്ചിട്ടില്ല. ജനങ്ങള്‍ വിദൂരമായ മലമ്പാതകള്‍ താണ്ടിക്കടന്ന് ആ മന്ദിരത്തെ ലക്ഷ്യമാക്കി വരുമെന്ന് അറിയിച്ച ശേഷം അല്ലാഹു സൂറഃ ഹജ്ജിലെ 28ാം സൂക്തത്തില്‍ വ്യക്തമാക്കുന്നത് ”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാവാനും” (വി.ഖു: 22:28) വേണ്ടിയാണെന്നാണ്.
അതില്‍ ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ മുഴുവനും ഉള്‍ക്കൊള്ളുന്നുണ്ട്. സര്‍വോപരി ഹൃദയവിശുദ്ധി, വിശ്വാസദൃഢത, സഹനശീലം, സാഹസികമായ കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം എന്നീ സദ്ഗുണങ്ങളും സമുന്നതമായ ചില ആത്മീയതകളും അതുവഴി കൈവരിക്കാനാകും.
ഈ അവസരത്തില്‍ അല്ലാഹു തിരുസന്നിധിയിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുക. തുടര്‍ന്ന് പാപമോചനത്തിനായി തേടിക്കൊണ്ടിരിക്കുന്നു. തത്സമയം ലോക രക്ഷിതാവിനോടുള്ള സംഭാഷണത്തില്‍ കഴിച്ചുകൂട്ടുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ സഹോദരങ്ങളുമായി ബന്ധം ശക്തമാക്കുന്നു. പലതരം വിഭവങ്ങളും പരസ്പരം കൈമാറുന്നു എന്നിവയാണത്. അതുവഴി സര്‍വ പൈശാചികതകളും പിഴുതെറിയാനും വിനയം, ദൈവസ്മരണ, ലാളിത്യം, സഹാനുഭൂതി, വിട്ടുവീഴ്ച എന്നീ ഗുണങ്ങള്‍ വര്‍ധിപ്പിക്കാനും ആര്‍ത്തി, അഹങ്കാരം, കിടമത്സരം എന്നിവയെല്ലാം ഒഴിവാക്കാനും സാധിക്കുന്നു.
ഹജ്ജിന്റെ ലക്ഷ്യപ്രാപ്തിയെപ്പറ്റി നബി(സ) വിശദമാക്കിയത് ഇങ്ങനെയാണ്: സാധാരണ ഒരു കുട്ടി ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയോടെയാണെന്നും അത്തരമൊരു തെളിഞ്ഞ പ്രകൃതി ജീവിതത്തിരക്കിനിടയില്‍ ഹജ്ജിലൂടെ നേടാനാകുമെന്നത്രേ അത്. നബി(സ) പഠിപ്പിച്ച ഹജ്ജ് അതേപോലെ പ്രതിഫലം ആഗ്രഹിച്ചു നിര്‍വഹിച്ചാല്‍ തന്റെ മാതാവ് അവനെ പ്രസവിച്ചപ്പോള്‍ ഉണ്ടായിരുന്ന വിശുദ്ധിയോടെയാണ് മടങ്ങിവരുക (ഹദീസ്).
ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയവര്‍ ശിഷ്ടജീവിതത്തില്‍ ഹജ്ജിലൂടെ കൈവരിച്ച ആത്മീയ നിര്‍വൃതിയും അതിന്റെ അന്തഃസത്തയും വേണ്ടവിധം കാത്തുസൂക്ഷിക്കുന്നില്ലെന്നത് ഖേദകരമാണ്. ഒരുപക്ഷേ ഹജ്ജിന്റെ അകക്കാമ്പ് അവര്‍ പ്രാപിച്ചിട്ടില്ലെന്നതായിരിക്കും കാരണം. ഒട്ടനേകം ചരിത്രസ്മരണകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തേക്കാണ് ആരാധകര്‍ തീര്‍ഥാടനത്തിനു പോകുന്നത്. എന്നാല്‍ ഹജ്ജ് കര്‍മം ചരിത്രസ്മരണകള്‍ അയവിറക്കാന്‍ വേണ്ടി മാത്രം നിയമമാക്കിയതല്ല. അതിലുപരിയായി ”നിങ്ങള്‍ നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്നു സ്വീകരിക്കുക”യെന്ന നബി(സ)യുടെ കല്‍പനയിലൂടെ പ്രവാചകനെ അനുധാവനം (ഇത്തിബാഅ്) ചെയ്യുന്ന ആത്മബന്ധമാണ് ഇവിടെ ചൂഴ്ന്നുനില്‍ക്കേണ്ടത്. അതായത്, ഹാജറ സഫാ മര്‍വാ മലകള്‍ക്കിടയില്‍ ധൃതിയില്‍ നടന്നതിനാലാണ് ഞാനും നടക്കുന്നത് എന്നല്ല. മറിച്ച് മുഹമ്മദ് നബി(സ) ഇവിടെ ഈ വിധം നടന്നു കാണിച്ചു പഠിപ്പിച്ചുതന്നു എന്നതായിരിക്കണം.
ഇബ്‌റാഹീം(അ) ഇസ്മാഈലിനെ ബലിയറുക്കാന്‍ പോകുമ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ എറിഞ്ഞാട്ടിയതുകൊണ്ടാണ് ഞാനും അങ്ങനെ ചെയ്യുന്നത് എന്നല്ല. മറിച്ച്, മുഹമ്മദ് നബി(സ) ഇവിടെ എറിയാന്‍ പഠിപ്പിച്ചത് ഞാനും ചെയ്യുന്നു എന്നായിരിക്കണം. പ്രവാചകന്‍ നടക്കാന്‍ പറഞ്ഞ സ്ഥലത്ത് നടക്കാനും ഓടാന്‍ നിര്‍ദേശിച്ച സ്ഥലത്ത് ഓടാനും കല്ലെറിയാന്‍ കാട്ടിത്തന്ന സ്ഥലത്ത് എറിയാനും ഉറങ്ങിക്കഴിച്ചുകൂട്ടാന്‍ പറഞ്ഞ സ്ഥലത്ത് കിടന്നുറങ്ങാനും ഞാന്‍ സന്നദ്ധനാണ് എന്നതാണ് അതിലെ നബിയോടുള്ള ഇത്തിബാഅ് (അനുധാവനം). ഇത് ഹജ്ജിലെ സുപ്രധാന ഘടങ്ങളിലൊന്നാണ്.
എന്നാല്‍ ഹജ്ജിനു പോകണമെന്ന് ഉദ്ദേശിക്കുന്നവരില്‍ ചിലര്‍ യാത്ര പുറപ്പെടുന്നതിനു മുമ്പായി ചില ദര്‍ഗകളിലും മഖാമുകളിലും സന്ദര്‍ശിക്കുന്നുണ്ട്. യാത്ര കഴിഞ്ഞെത്തിയാല്‍ മറ്റു ചില ഖബറിടങ്ങളിലേക്ക് യാത്രയ്ക്കായി നേര്‍ച്ചയാക്കുകയും ചെയ്യുന്നത് തൗഹീദിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാത്ത അവസ്ഥയാണ്. നബി(സ)യും സഹാബിമാരും അങ്ങനെ ചെയ്തിട്ടുണ്ടോ എന്നതൊന്നും അവര്‍ ചിന്തിക്കുന്നേയില്ല. ഹജ്ജിനു വേണ്ടി പോകുന്നത് മഹാന്മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനാണെന്ന് വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. കച്ചവടക്കണ്ണുള്ള മതപുരോഹിതന്മാര്‍ ചൂഷണമാര്‍ഗമായി ഇത് മുതലാക്കുന്നു. അവര്‍ സാധാരണക്കാരുടെ അന്ധത വിറ്റു കാശാക്കുകയാണ് ചെയ്യുന്നത്.
സ്വന്തമായി ഉണ്ടാക്കിയ ദുആയില്‍ അവര്‍ ജനത്തെ കെട്ടിയിടുന്നു. ഖബറുകളെ ലക്ഷ്യമാക്കി തീര്‍ഥാടനത്തിനു പോകുന്നതുതന്നെ മതപരമായി ഹറാമാണ്. മൂന്നു പള്ളിയിലേക്കല്ലാതെ തീര്‍ഥാടനലക്ഷ്യം വെച്ചു പോകരുതെന്ന് പ്രവാചകന്‍(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ എന്നിവയാണവ. ഖബര്‍ സന്ദര്‍ശനം സുന്നത്താണ്, പക്ഷേ, അവിടെ ത്വവാഫ് ചെയ്യാന്‍ പാടില്ല. എന്നാല്‍ മഖാമിലും ദര്‍ഗകളിലും ത്വവാഫ് ചെയ്തു ശീലമുള്ളവര്‍ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യുന്നതുപോലെയാണത് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. തന്റെ മനസ്സില്‍ കുടികൊള്ളുന്ന പൈശാചിക ചിന്തകളെ ഒഴിവാക്കാന്‍ കഴിയാതെ, അല്ലാഹു നല്‍കിയതെന്തും അവന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനാവാതെ, കഅ്ബാലയത്തിന്റെ ഭംഗിയും പ്രതാപവും കണ്ടെത്താതെ, മാതൃത്വത്തിന്റെ വിലയും നിലയും ഗ്രഹിക്കാതെ ഹജ്ജിനു പോയി വരുന്നവര്‍ നല്ലവണ്ണം ചിന്തിക്കേണ്ടതുണ്ട്. മതചിഹ്നങ്ങള്‍ (ശിആറുകള്‍) നേരില്‍ കാണാനും അവിടെ വെച്ച് അയാളുടെ വിശ്വാസത്തിന്റെ തോത് സ്വയം അളന്നെടുക്കാനും സാധിക്കാത്തവന്‍ ഹതഭാഗ്യവാന്‍ തന്നെയാകും.
ഹജറുല്‍ അസ്‌വദിന്റെ അടുക്കല്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പരിഹാസഭാവം തോന്നിയാല്‍ ദൈവനിഷേധവും അതിനെ അമിതഭക്തി കാരണം ആരാധിച്ചാല്‍ ശിര്‍ക്കും, ‘അല്ലാഹുവും റസൂലും അതിനെ ആദരിക്കാന്‍ കല്‍പിച്ചതിനാല്‍ ഞാനും ആദരിക്കുന്നു’വെന്ന് കരുതിയാല്‍ അത് തൗഹീദുമായി ഗണിക്കപ്പെടും.
തൗഹീദും ശിര്‍ക്കും കുഫ്‌റും വേര്‍തിരിച്ചു മനസ്സിലാക്കാവുന്നതാണ്. മതചിഹ്നങ്ങള്‍ ആരാധ്യവസ്തുവാക്കാന്‍ പാടില്ല. ആദരവ് നല്‍കല്‍ നിര്‍ബന്ധവുമാണ്. ആരാധനയും ആദരവും ഒന്നല്ല. മിനായിലും അറഫയിലും ടെന്റുകളില്‍ വെച്ച് മാലകളും മൗലിദുകളും നാരിയാത്തുസ്വലാത്തും ഖുതുബിയത്തും ഓതിപ്പറയാന്‍ വേണ്ടി അവിടേക്ക് പോകുന്നവര്‍ സമ്പത്തും സമയവും ദുരുപയോഗം ചെയ്യുകയാണെന്ന് ആലോചിക്കണം. ഹറമില്‍ പോകാതെ താമസിക്കുന്ന കെട്ടിടങ്ങളുടെ മുകളില്‍ മുറികള്‍ക്കരികെ മുസല്ലയിട്ട് നമസ്‌കരിക്കുന്ന സ്ത്രീകളും അവരെ നയിച്ചുകൊണ്ടുപോകുന്നവരും ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ചരിത്രഭൂമിയിലെ കല്ലും മണ്ണും ശേഖരിച്ച് ബര്‍കത്തിനായി സൂക്ഷിക്കുന്നവരും സംസം ജലത്തില്‍ മുക്കിയുണക്കിയ തുണികള്‍ തന്റെ കഫന്‍ പുടവയാകണമെന്ന് കരുതുന്നവരും ഹജ്ജിന്റെ ലക്ഷ്യം ഉള്‍ക്കൊണ്ടവരാകണമെന്നില്ല.
മദീനയില്‍ വെച്ച് ഹജ്ജ് കര്‍മങ്ങളില്‍പെട്ട ഒന്നും ചെയ്യാനില്ല. മദീനയില്‍ പോകാം, സന്ദര്‍ശിക്കാം. എന്നാല്‍ മദീനയിലെ നബി(സ)യുടെ ഖബറിടം മാത്രം ലക്ഷ്യമാക്കി പോകുന്നവരും ഹജ്ജിന്റെ മഹത്വം പ്രാപിച്ചവരാണോ എന്ന് ആലോചിക്കണം. ഹജ്ജ് മഖ്ബൂലും മബ്‌റൂറുമാകണമെങ്കില്‍ കൂട്ടബാങ്ക് കൊടുത്തു യാത്ര പോയതുകൊണ്ടാവില്ല. മറിച്ച്, നബി(സ) പഠിപ്പിച്ചതുപോലുള്ള ഹജ്ജാവുകയും യഥാര്‍ഥ മുഅ്മിനും മുവഹ്ഹിദുമായി തിരിച്ചുവരുകയും വേണം