പശ്ചാത്താപത്തിന്റെ നിബന്ധനകള്‍
പി കെ മൊയ്തീന്‍ സുല്ലമി
മനുഷ്യന്റെ സൃഷ്ടിപ്പ് മലക്കുകളെപ്പോലെ പാപസുരക്ഷിതരായ അവസ്ഥയിലല്ല. മനുഷ്യന്‍ തെറ്റും ശരിയും ചെയ്യുന്ന പ്രകൃതമാണ്. തിന്മയിലേക്കാണ് അവന്റെ മനസ് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. ”മനുഷ്യമനസ് ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു”. (12:53)
പാപസുരക്ഷിതനായ നബി(സ)യോടു പോലും അല്ലാഹു പശ്ചാത്തപിക്കാന്‍ കല്‍പിക്കുന്നത് നമ്മോടുള്ള കല്‍പനയുടെ ഭാഗം തന്നെയാണ്. അല്ലാഹു അരുളി: ”താങ്കളുടെ പാപത്തിന് താങ്കള്‍ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും താങ്കള്‍ തേടുക” (മുഹമ്മദ് 19). നബി(സ)യില്‍ നിന്ന് ഇപ്രകാരം വന്നിട്ടുണ്ട്: ”തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം നൂറു തവണ അല്ലാഹുവോട് പാപമോചനം തേടാറുണ്ട്” (മുസ്‌ലിം). മറ്റൊരു റിപോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”അല്ലാഹു തന്നെയാണ് സത്യം. ഞാന്‍ ഒരു ദിവസം എഴുപതിലധികം തവണ അല്ലാഹുവോട് പാപമോചനം തേടുകയും അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു” (ബുഖാരി). ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്ന കാലത്ത് എത്രതന്നെ പാപങ്ങള്‍ ചെയ്താലും അവന്റെ ആത്മാര്‍ഥതയുടെയും ഖേദത്തിന്റെയും പശ്ചാത്താപത്തിന്റെയും തോതനുസരിച്ച് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. അല്ലാഹു അരുളി: ”പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്” (സുമര്‍ 53).
സാധാരണനിലയില്‍ മനഃപൂര്‍വം ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കുന്നതല്ല എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ളത്. ”പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേടു നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു” (നിസാഅ് 17). സുമറിലെ 53-ാം വചനമനുസരിച്ച് അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളും അല്ലാഹു പൊറുത്തുതരും എന്നുതന്നെയാണ് നാം മനസ്സിലാക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം മറ്റൊരു വചനത്തിന്റെ വിശദീകരണമാണ്. പാപങ്ങള്‍ പൊറുക്കല്‍ അല്ലാഹുവിന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. ശിര്‍ക്കല്ലാത്ത പാപങ്ങള്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുമെന്ന് ഖുര്‍ആനില്‍ ഒന്നിലധികം തവണ പറഞ്ഞിട്ടുമുണ്ട്: മരണത്തിനു മുമ്പ് ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവര്‍ക്ക് ശിര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. എന്നാല്‍ അല്ലാഹു നമ്മുടെ പശ്ചാത്താപം സ്വീകരിക്കാനുള്ള ഒരു നിബന്ധന മരണം തൊണ്ടക്കുഴിയില്‍ എത്താതിരിക്കുക എന്നതാണ്. അല്ലാഹു അരുളി: ”പശ്ചാത്താപം എന്നത് പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല” (നിസാഅ് 18).
മുന്‍ഗാമികളും പിന്‍ഗാമികളും തമ്മിലുള്ള കാതലായ ഒരു വ്യത്യാസം മുന്‍ഗാമികള്‍ക്ക് കുറ്റബോധമുണ്ടായിരുന്നു എന്നതാണ്. പിന്‍ഗാമികള്‍ക്ക് കുറ്റബോധം കുറവാണ്. മാഇസിന്റെ (റ) ചരിത്രം അതാണ് വ്യക്തമാക്കുന്നത്. ”നബി(സ) പള്ളിയിലിരിക്കെ ഒരാള്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു. നബി(സ) തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചുകൊണ്ട് വിമുഖത കാണിച്ചു. വീണ്ടും അപ്രകാരം അദ്ദേഹം പറഞ്ഞു. നബി(സ) മറുഭാഗത്തേക്ക് തിരിച്ചുകൊണ്ടും വിമുഖത കാണിച്ചുകൊണ്ടും അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: താങ്കള്‍ക്ക് വല്ല മാനസിക തകരാറുമുണ്ടോ? അദ്ദേഹം നാലു തവണ താന്‍ വ്യഭിചരിച്ചു എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയപ്പോഴാണ് നബി(സ) അപ്രകാരം ചോദിച്ചത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഭ്രാന്തൊന്നുമില്ല. നബി(സ) ചോദിച്ചു: താങ്കള്‍ വിവാഹിതനാണോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ വിവാഹിതനാണ്. അപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ മേല്‍ വ്യഭിചാരശിക്ഷ (എറിഞ്ഞുകൊല്ലല്‍) നടപ്പില്‍വരുത്താന്‍ കല്‍പിച്ചു” (ബുഖാരി).
യഥാര്‍ഥ സത്യവിശ്വാസികള്‍ ചെയ്തുപോയ പാപത്തിന്റെ മേല്‍ അപ്പോള്‍ തന്നെ പശ്ചാത്തപിക്കുന്നവരാണ്. അല്ലാഹു അരുളി: ”അവര്‍ വല്ല നീചകൃത്യവും ചെയ്യുന്നപക്ഷം അഥവാ സ്വന്തത്തോട് വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത്? ചെയ്തുപോയ പാപത്തില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍” (ആലുഇംറാന്‍ 115).
മേല്‍പറഞ്ഞ വചനത്തില്‍ നിന്നു രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്: ഒന്ന്: ഒരു തെറ്റ് ചെയ്ത ഉടനെത്തന്നെയാണ് പശ്ചാത്തപിക്കേണ്ടത്. എങ്കില്‍ അത് മലക്കുകള്‍ പാപമായി രേഖപ്പെടുത്തുന്നതല്ല എന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ യാഥാസ്ഥിതികരായ ആളുകള്‍ തങ്ങള്‍ പശ്ചാത്തപിക്കാതെ റമദാനിലെ 27-ാം രാവില്‍ പുരോഹിതന്മാര്‍ക്ക് കാശ് കൊടുത്ത് പശ്ചാത്തപിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ട്. അതുകൊണ്ടൊന്നും പാപങ്ങള്‍ പൊറുക്കപ്പെടുന്നതല്ല. കാരണം, തൗബയെന്നു പറയുന്നത് തെറ്റു ചെയ്ത വ്യക്തിയുടെ മാനസിക വ്യഥയാണ്. യാഥാസ്ഥിതികര്‍ ചെയ്തുപോരുന്നത് ക്രിസ്ത്യാനികളുടെ സമ്പ്രദായമാണ്. അവരെ മുഴത്തിനു മുഴമായും ചാണിനു ചാണായും നിങ്ങള്‍ അനുകരിക്കുമെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
മനുഷ്യരായ നാം ചെയ്തുപോരുന്ന പാപങ്ങള്‍ രണ്ടു നിലയിലാണ്. ഒന്ന്: അല്ലാഹുവുമായി ബന്ധപ്പെടുന്ന പാപങ്ങള്‍. രണ്ട്: സൃഷ്ടികളുമായി ബന്ധപ്പെടുന്ന പാപങ്ങള്‍. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ”പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു: എല്ലാ പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കല്‍ നിര്‍ബന്ധമാണ്. തെറ്റുകള്‍ അല്ലാഹുവിനും അവന്റെ അടിമക്കും ഇടയിലുള്ളതാണെങ്കില്‍ മൂന്നു നിബന്ധനകളുണ്ട്. ഒന്ന്: അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന പാപം പാടെ വെടിയുക. രണ്ട്: അവന്‍ ചെയ്തുപോയ തെറ്റില്‍ അഗാധമായി ഖേദിക്കുക. മൂന്ന്: മേല്‍ പ്രസ്തുത പാപത്തിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക” (രിയാളുസ്സ്വാലിഹീന്‍, പേജ് 46, 47).
അതേ കാര്യം ഇബ്‌നുല്‍ഖയ്യിം(റ) വിശദീകരിക്കുന്നുണ്ട്. ”തൗബ എന്നത് ഖേദമാണ്. അഥവാ മുമ്പ് ചെയ്തുപോയ പാപത്തിന്റെ പേരില്‍ അഗാധമായി ദുഃഖിക്കേണ്ടതാണ്. രണ്ടാമത്തേതായി അത്തരം തെറ്റില്‍ നിന്ന് ഉടനെ ഒഴിവാകേണ്ടതാണ്. മൂന്നാമത്തേതായി ഭാവിയില്‍ പ്രസ്തുത തെറ്റിലേക്ക് മടങ്ങില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്യേണ്ടതുമാണ്” (മദാരിജുസ്സാലികീന്‍ 1:261).
ഇനി തെറ്റു ചെയ്തത് സൃഷ്ടികളോടാണെങ്കില്‍ മേല്‍പറഞ്ഞ മൂന്നു നിബന്ധനകള്‍ക്കു പുറമേ നാലാമതൊരു നിബന്ധനയും കൂടിയുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”പാപം മനുഷ്യനുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന്റെ നിബന്ധനകള്‍ നാലാകുന്നു. ഈ മൂന്നു നിബന്ധനകള്‍ അതില്‍ ഉള്‍പ്പെടും. തെറ്റ് സമ്പത്തു പോലുള്ള കാരണത്താലാണെങ്കില്‍ അത് അതിന്റെ അവകാശിക്ക് തിരിച്ചുകൊടുക്കേണ്ടതാണ്. അപവാദ പ്രചാരണം പോലുള്ള തെറ്റാണെങ്കില്‍ അവനോട് മാപ്പ് ചോദിക്കേണ്ടതാണ്. പരദൂഷണം പോലുള്ള കുറ്റമാണെങ്കില്‍ അവനോട് മാപ്പു ചോദിക്കുകയും അതിനു വിധേയനായവനെക്കൊണ്ട് പരദൂഷണം നടത്തിയവന്റെ പാപം പൊറുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കേണ്ടതുമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കാത്തപക്ഷം അവന്റെ പശ്ചാത്താപം സാധുവായിത്തീരുന്നതല്ല” (രിയാളുസ്സ്വാലിഹീന്‍, പേജ് 47)
സമസൃഷ്ടികളോട് നാം ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ അല്ലാഹുവോട് നാം ചെയ്യുന്ന തെറ്റുകുറ്റങ്ങളേക്കാള്‍ ഗൗരവം ഏറിയതാണ്. അല്ലാഹുവോട് ചെയ്ത കുറ്റങ്ങള്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ പൊറുക്കപ്പെടും. എന്നാല്‍ സൃഷ്ടികളോട് ചെയ്ത തെറ്റുകള്‍ പൊറുക്കപ്പെടണമെങ്കില്‍ അവരും കൂടി തെറ്റു ചെയ്തവര്‍ക്കു വേണ്ടി പൊറുക്കലിനെ തേടേണ്ടതുണ്ട്. ഈ വിഷയത്തില്‍ രണ്ടു സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നു നമുക്ക് മനസ്സിലാക്കാം.
ഒന്ന്: ഒരു യഹൂദിയും കപടവിശ്വാസിയും തമ്മില്‍ ഒരു കുഴപ്പമുണ്ടായി. നബി(സ) മുസ്‌ലിംകളുടെ പ്രവാചകനും ഭരണാധികാരിയുമാണ്. നബി നീതിപൂര്‍വം മാത്രമേ വിധി പ്രസ്താവിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയ കപടവിശ്വാസിയും അവന്റെ സംഘവും യഹൂദി നേതാവിന്റെ അടുക്കല്‍ പോയി കേസ് കൊടുത്തു. ഇത് നബി(സ)ക്ക് മാനസികമായി വിഷമം സൃഷ്ടിച്ചു. അതിനെ സംബന്ധിച്ചാണ് താഴെ വരുന്ന വചനം അവതരിപ്പിക്കപ്പെട്ടത്: ”അവര്‍ അവരോടു തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ താങ്കളുടെ അടുക്കല്‍ വരുകയും എന്നിട്ട് അവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു” (നിസാഅ് 64).
ഇവിടെ നബി(സ)യോട് അവര്‍ ചെയ്ത തെറ്റ് പൊറുക്കണമെങ്കില്‍ നബി(സ)യും കൂടി അവര്‍ക്കു വേണ്ടി പൊറുക്കലിനെ തേടേണ്ടതുണ്ട്. അതുപോലെ തന്നെയാണ് യഅ്ഖൂബ് നബി(അ)യുടെ ചരിത്രവും. യൂസുഫ് നബി(അ)യുടെ തിരോധാനത്തില്‍ കരഞ്ഞ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ മക്കള്‍ തന്നെയായിരുന്നു. ആ മക്കളുടെ പാപം അല്ലാഹു പൊറുക്കണമെങ്കില്‍ യഅ്ഖൂബ് നബി(അ) അല്ലാഹുവോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. അത് ഇപ്രകാരമാണ്: ”അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു” (യൂസുഫ് 97)