9 Friday
May 2025
2025 May 9
1446 Dhoul-Qida 11

തിരുനബിയുടെ സവിധത്തിലേക്ക്‌

എന്‍ജി. പി മമ്മദ് കോയ


റൗദാ ശരീഫില്‍ നിന്ന് പുറത്തുകടന്ന് ഇടത് ഭാഗത്ത് ഓരം ചേര്‍ന്നു നടന്നാല്‍ പുണ്യ റസൂല്‍ അന്ത്യവിശ്രമം കൊള്ളുന്ന കെട്ടിടത്തിലേക്കെത്താം. റൗദാ എന്നാല്‍ റസൂലിന്റെ ഖബറിടമാണെന്നാണ് ഞാനുള്‍പ്പെടെയുള്ളവര്‍ ധരിച്ചിരുന്നത്. ആയിശ(റ)യുടെ വീട്ടിലാണ് റസൂലിന്റെ ഖബ്‌റിടമുളളത്. മുമ്പ് മസ്ജിദുന്നബവിയോട് ചേര്‍ന്നു തന്നെയായിരുന്നു റസൂലിന്റെ പത്‌നിമാരുടെ വീടുകള്‍. ഈന്തപ്പന കൊണ്ടും മറ്റുമുണ്ടാക്കിയ ഒറ്റമുറി കുടിലുകളായിരുന്നു അവ. കാലാന്തരങ്ങളിലൂടെയുള്ള നവീകരണ പ്രക്രിയയുടെ ഫലമായി ഈ വീടുകളെല്ലാം മസ്ജിദുന്നബവിയുടെ ഭാഗമാകുകയായിരുന്നു. ആഇശ(റ)യുടെ ഭവനം തന്നെയാണ് റസൂലിന്റെ വീടായും അറിയപ്പെട്ടിരുന്നത്. ഈ വീടിനും മസ്ജിദില്‍ റസൂല്‍ പതിവായി പ്രസംഗിക്കാനുപയോഗിച്ചിരുന്ന മിന്‍ബറിനും ഇടയിലുള്ള ഭാഗമാണ് പവിത്രമായ റൗദാ ശരീഫ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
നിറയെ പുരുഷാരമാണ്! ഉച്ചത്തില്‍ സ്വലാത്ത് ചൊല്ലിക്കൊണ്ട് കൂട്ടം കൂട്ടമായി ഹാജിമാര്‍ നീങ്ങുകയാണ്. റൗദയില്‍ നിന്ന് പുറത്തേക്കുള്ള വിശാലമായ പാസ്സേജ്, മധ്യത്തില്‍ ബാരിക്കേഡുകള്‍ വെച്ച് രണ്ട് വഴിയാക്കിയിരിക്കുകയാണ്. ഒന്ന് റസൂലിന് അഭിവാദ്യം ചെയ്യാന്‍ പോകുന്നവര്‍ക്കും മറുഭാഗം മസ്ജിദുന്നബവിക്ക് പുറത്തേക്ക് നേരിട്ട് പോകാനുള്ളതും.
ഓരോ നമസ്‌കാരാനന്തരവും ബഹുഭൂരിപക്ഷം ഹാജിമാരും റസൂലിനെ അഭിവാദ്യം ചെയ്യാന്‍ വന്നുകൊണ്ടിരിക്കും. പലരും ഖബറിന് നേരെ തിരിഞ്ഞു സലാം പറയുകയും അതോടൊന്നിച്ച് കൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങുകയും ചെയ്യും. അവരെ കഅബക്ക് നേരെ തിരിഞ്ഞു പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
പുരുഷന്‍മാര്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട ഭാഗത്ത് മൂന്ന് പിത്തള വാതായനങ്ങളുണ്ട്. ഓരോ വാതിലിനും മൂന്ന് ദ്വാരങ്ങളുണ്ട്. പീപ്പ് ഹോള്‍സ്! ആദ്യത്തെ വാതിലിന് മുന്നില്‍ നിന്നാണ് പുണ്യ റസൂലിന് സലാം പറയേണ്ടത്. അടുത്തത് അബൂബക്കര്‍ സിദ്ദിഖിനും(റ) അവസാനത്തേത് ഉമറുബുനുല്‍ ഖത്താബിനും(റ).
റസൂലിന്റെ സന്തത സഹചാരികളും പ്രാധാനപ്പെട്ട സ്വഹാബികളും ഇസ്‌ലാമിക ചരിത്രത്തിലെ പ്രഗത്ഭരായ ഖലീഫമാരുമാണ് അബൂബക്കറും ഉമറും. രണ്ടു പേരുടേയും അന്ത്യാഭിലാഷമായിരുന്നു തിരുദൂതരുടെ ഖബറിനടുത്ത് തന്നെ വിശ്രമ സ്ഥാനമൊരുക്കണമെന്നത്. വളരെ സ്‌നേഹനിധികളായ വേണ്ടപ്പെട്ടവരുടെ ഖബറിനടുത്ത് തങ്ങളെയും മറമാടണമെന്ന് ചിലര്‍ വസ്വിയ്യത്ത് പറയുന്നത് ഈ മാതൃക പിന്‍പറ്റി കൊണ്ടാവാം! അതിലെന്തെങ്കിലും പ്രത്യേകതയോ അധ്യാത്മീക- ഭൗതിക ഗുണമോ ഉണ്ടോ എന്ന് അല്ലാഹുവിന് മാത്രമറിയാം!
ജനസഞ്ചയത്തിന്റെ കൂടെ ഒഴുകിയൊഴുകി ഒന്നാമത്തെ വാതായനത്തിനടുത്തെത്താറായി. പുണ്യ റസൂലിന്റെ തിരു സന്നിധിയില്‍! എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. ആരുടെ സവിധത്തിലാണ് ഞാനുള്ളത്? ആര്‍ക്കാണ് ഞാന്‍ നേരിട്ട് സലാം പറയുന്നത്. കാലാകാലങ്ങളായി മാറിവരുന്ന തലമുറകള്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ റസൂല്‍ എത്രമാത്രം കഷ്ടതകളും യാതനകളും അനുഭവിച്ചു. 1400 വര്‍ഷങ്ങള്‍ക്കപ്പുറത്ത് പുണ്യ റസൂലിന്റെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നി മറയുന്നു. കണ്ണുകള്‍ സജലങ്ങളാകുന്നു.
അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ്
അസ്സലാമു അലൈക്ക യാ അബൂബക്കര്‍
അസ്സലാമു അലൈക്ക യാ ഉമര്‍
ശേഷം തിരക്കില്‍ നിന്ന് അല്പം മാറി കഅ്ബക്ക് നേരെ തിരിഞ്ഞു ഇഹപര വിജയങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴും റസൂലും അനുചരന്‍മാരും അനുഭവിച്ച ബുദ്ധിമുട്ടുകളും പീഡനങ്ങളും മനസ്സിന്റെ തിരശ്ശീലയിലൂടെ മറഞ്ഞുകൊണ്ടിരിക്കുന്നു. ചത്ത ഒട്ടകത്തിന്റെ കുടല്‍മാല ആ കഴുത്തിലിട്ടത് കാരണം സുജൂദില്‍ നിന്ന് ഉയരാന്‍ കഴിയാത്ത അവസ്ഥ! ഉപരോധം കാരണം പച്ചില ഭക്ഷണമാക്കി ജീവന്‍ നിലനിര്‍ത്തിയത്! ജന്മ നാട്ടില്‍ നിന്ന് സ്വന്തവും ബന്ധവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ദുരവസ്ഥ! യുദ്ധങ്ങള്‍, ബദര്‍, ഉഹ്ദ്, ഖന്‍ദ.
പരിമിതമായ ആള്‍ബലവും ആയുധവുമായി പടവെട്ടിയ ബദ്‌റില്‍ വിശ്വാസ ദാര്‍ഢ്യത്തിന്റെ മഹോന്നത വിജയം! അനുയായികളുടെ അനുസരണക്കേട് വരുത്തിയ ഉഹ്ദിലെ സങ്കടകരമായ പരാജയം. വിശപ്പും ദാഹവും സഹിച്ച് അധ്വാനിച്ച് അവസാനം അര്‍പ്പണ മനോഭാവത്തിന്റെ പരമോന്നത വിജയം കൊയ്ത ഖന്‍ദഖ് യുദ്ധം!
മദീനയുടെ അതിരില്‍ ശത്രുക്കള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ള സ്ഥലത്ത് വലിയ കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാമെന്ന സല്‍മാനുല്‍ ഫാരിസി(റ)യുടെ ആശയം തിരുനബി അംഗീകരിക്കുന്നു. ഒരു കുതിരക്കു ചാടി മറുഭാഗത്തെത്താന്‍ കഴിയാത്ത വീതിയില്‍ കിടങ്ങു കുഴിക്കാന്‍ ധാരണയായി. ഏതാണ്ട് നാലു മീറ്റര്‍ വീതി രണ്ടര കിലോമീറ്റര്‍ നീളം. ഓരോ സ്വഹാബിക്കും ഒരു നിശ്ചിത അകലം വീതിച്ചു നല്കുന്നു. എല്ലാവരെയും പോലെ ഒരു ഭാഗം കുഴിക്കാന്‍ റസൂലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മരുഭൂമിയിലെ അതിതീക്ഷ്ണമായ വെയില്‍! പരിമിതമായ ദാഹജലം. ആവശ്യത്തിന് ഭക്ഷണം പോലുമില്ലാത്ത അവസ്ഥ! വിയര്‍ത്ത് കുളിച്ച് അധ്വാനിച്ചു കൊണ്ടിരിക്കുന്ന പ്രവാചകന്റെ അടുത്ത് ആവലാതിയുമായി ഒരു സ്വഹാബി വരുന്നു.
തന്റെ വസ്ത്രമുയര്‍ത്തി വയറില്‍ കല്ല് കെട്ടിവെച്ചത് കാണിച്ചു കൊണ്ട് പറയുന്നു: അല്ലാഹുവിന്റെ ദൂതരേ, വിശപ്പ് സഹിക്കാന്‍ കഴിയുന്നില്ല! മിക്ക സഹാബികളും ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പും ദാഹവും സഹിച്ചുകൊണ്ട് എല്ലാവരും അധ്വാനിക്കുകയാണ്. പ്രവാചകന്‍ അയാളെ സമാധാനിപ്പിച്ചു. അല്ലാഹു എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല!
എന്നിട്ട് പ്രവാചകന്‍ തന്റെ മേല്‍വസ്ത്രം ഉയര്‍ത്തി ആ സ്വഹാബിയെ കാണിക്കുന്നു. പുണ്യ റസൂല്‍ രണ്ട് കല്ല് വയറില്‍ മുറുക്കിക്കെട്ടിയാണ് അധ്വാനിക്കുന്നത്. ലോകത്തിന് തന്നെ അനുഗ്രഹമായി വന്ന തിരുദൂതര്‍, വിശന്നിട്ട് വയറില്‍ കല്ല് മുറുക്കി കെട്ടിയിരിക്കുന്നു! ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത നേതാവ്! കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
മാനവകുലത്തിന്റെ ആ നിസ്തുല്യനായ മാര്‍ഗ ദര്‍ശിക്ക് ഹൃദയത്തിന്റെ അഗാധതതയില്‍ നിന്ന് ഒരായിരം അഭിവാദ്യങ്ങള്‍!
അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ്
പിച്ചള ജനലിനുള്ളിലൂടെ അകത്തേക്ക് നോക്കിയാല്‍ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. നിലവിളക്ക് തിരി തെളിയിക്കുകയോ ഖബറുകള്‍ കെട്ടിപ്പൊക്കി തുണിയിട്ടു മൂടുകയോ ചെയ്തിട്ടില്ല. പച്ചക്കൊടിയോ തബ്‌റുക്കിന്റെ വെളിച്ചെണ്ണയോ ഇല്ല.
‘എന്റെ അന്ത്യവിശ്രമ സ്ഥലം നിങ്ങള്‍ ആരാധനാലയമാക്കരുത്’ -തിരുദൂതരുടെ വസ്വിയ്യത്താണ്! അത് കൃത്യമായി ഭരണാധികാരികള്‍ പാലിക്കുന്നുണ്ട്.
ഖബറിന് നേരെ തിരിഞ്ഞു പ്രാര്‍ഥിക്കുന്നവര്‍! വാതിലിലും മതിലിലും ശിരോവസ്ത്രവും ഷാളും ഉരസുന്നവര്‍, അവിടെയൊക്കെ ചുംബിക്കുന്നവര്‍! പല രാജ്യങ്ങളില്‍ നിന്ന് വരുന്ന പലതരം ആചാരങ്ങളനുഷ്ഠിക്കുന്ന ജനങ്ങള്‍!
ആരാധനയുടെ തലങ്ങളിലേക്കെത്തുന്ന ചേഷ്ടകള്‍ കാണിക്കുന്നവരെ പിന്തിരിപ്പിക്കുന്ന കര്‍മ്മോത്സുകരായ ഉദ്യോഗസ്ഥര്‍! അതിരുവിടാന്‍ അവര്‍ ആരെയും അനുവദിക്കുന്നില്ല.
‘ബഖീഅ്’ എന്ന വാതിലിലൂടെ മനമില്ലാ മനസ്സോടെ ആ അദൃശ്യ സാന്നിധ്യത്തില്‍ നിന്ന് പുറത്തു കടന്നു. ബഖീഅ് വാതിലിന്റെ ഇടത്തു ഭാഗത്താണ് ജന്നത്തുല്‍ ബഖീഅ്. ചരിത്രമുറങ്ങുന്ന സ്മാരക ശിലകളും ഖബറുകളും! ആ ഭാഗത്തേക്ക് മെല്ലെ നടന്നു.

Back to Top