തിരുമുല്‍ക്കാഴ്ച
അബ്ദുല്‍ സമീഹ് ആലൂര്‍

ഇനി ഈ കബന്ധങ്ങള്‍ നീ എടുക്ക
ഈ ഉടയാടകള്‍ നീ ഉടുക്ക…
പൊട്ടിത്തകര്‍ന്നിളം തലയോട്ടിയുള്ളിലെ
ചോറ് മണല്‍ പുരളാതെ
കാത്തുവെക്ക
ഉപ്പു കൂട്ടാതെ
ഉലത്തി വെക്ക…..
ചെറിയൊരിടവേള
നല്‍കീടുക
പോരാളികള്‍ക്കതില്‍ വിശ്രമിക്കാം
പോരായുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാം
പുതിയ വേട്ടനായ് ബറ്റാലിയനുകള്‍ക്ക്
ചുടുനിണം നല്‍കുവാന്‍ കാത്തു വെക്കാം ….
ഇനി ഈ കബന്ധങ്ങള്‍ നീ എടുത്തണിയുക
കണ്ഠാഭരണമായ് ഹാരമാക്ക…
ലോകമറിയട്ടെ ലോകത്തെ എങ്ങിനെ മാറുന്ന ലോകമായ് മാറ്റുമെന്ന് ……
വെള്ളരിപ്രാവ്, ഒലിവു കൊമ്പ്,
മനുഷ്യാവകാശങ്ങള്‍ – മണ്ണാങ്കട്ട…
എല്ലാമീ വാഗ്ദത്ത നാടു വരുന്നതില്‍
തടയിടാനുള്ളതാം നിര്‍മിതികള്‍ ….
പൗരസ്ത്യ ഭീകര വാഗ്വിലാസം..!
‘ജസ്സാറു ഗസ്സ’ *
‘ജല്ലാദു ഇസ്സ’ **
ഉന്മാദ വാഴ്ത്തുകള്‍ കയ്യൊഴിക്ക…
സകല ലോകൈക്യരാം
രാഷ്ട്ര മേലാളരുടെ
‘വീഴ്ത്തുപാട്ടാ’യുള്ള വായ്ത്താരികള്‍ …..
