തിരക്കഥക്ക് പുറത്ത് കതകില്‍ മുട്ടുന്നവര്‍
ഡോ. സി എം സാബിര്‍ നവാസ്
ഇവര്‍ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയായിരുന്നു. സിനിമയില്‍ നടീനടന്മാര്‍ സ്‌ക്രീനില്‍ അഭിനയിക്കുകയായിരുന്നു എന്നാണ് ഇത്രയും കാലം നാം വിചാരിച്ചിരുന്നത്. ബലാല്‍സംഗം, സ്ത്രീപീഡനം, തട്ടിക്കൊണ്ടു പോകല്‍, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഇവന്മാര്‍ അരങ്ങു വാണിരുന്നത് അഭിനയമായിരുന്നില്ല എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. പക്ഷേ ഇവന്മാരെല്ലാം സിനിമയിലും പുറത്തും ഇത്തരം കൊള്ളരുതായ്മകളില്‍ അഭിരമിച്ച് പലരുടെയും ജീവിതം നിര്‍ദയം തുലക്കുകയായിരുന്നു എന്ന തിരിച്ചറിവാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍. ക്രിമിനലുകള്‍ പോലും ചെയ്യാനറക്കുന്ന സകല തോന്നിവാസങ്ങളുടെയും കൂത്തരങ്ങായി മലയാള സിനിമ കുലംകുത്തി ഒഴുകുകയാണ്. സഭ്യതയുടെയും ശ്ലീലതയുടെയും സീമകള്‍ തട്ടിത്തകര്‍ത്ത് ഫിലിം ഇന്‍ഡസ്ട്രി അതിന്റെ തനിനിറം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. നാം പെരുമ്പറയടിച്ച് പ്രഘോഷണം ചെയ്യുന്ന കേരളത്തിന്റെ തനിമയും പെരുമയും പാരമ്പര്യവുമെല്ലാം കേവലം സ്‌ക്രിപ്റ്റിലെഴുതിയ ഡയലോഗ് മാത്രമാണ്. ധാര്‍മികതയും മൂല്യബോധവുമൊന്നും ഇവരുടെ നിഘണ്ടുവില്‍ അബദ്ധത്തില്‍ പോലും കയറിക്കൂടിയിട്ടില്ല.
അമ്മയെയും സഹോദരിയെയും തിരിച്ചറിയാന്‍ കഴിയാത്ത ഇക്കൂട്ടരുടെ സംഘടനയ്ക്ക് ‘അമ്മ’ എന്ന പേര് നിര്‍ദ്ദേശിച്ചയാളെ കണ്ടെത്താന്‍ സാധിച്ചാല്‍ നൂറ് ചാട്ടവാറടി നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഉയരുന്ന ആവശ്യം. കൊള്ളരുതായ്മകളാണ് കഴിഞ്ഞ കുറെ കാലങ്ങളായി ഇവന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പടം പിടുത്തം എന്ന പേരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പെണ്ണ് പിടുത്തം പൂര്‍ണമായി തുടച്ചു നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം.
ന: സ്ത്രീ
സ്വാതന്ത്ര്യമര്‍ഹതി
മണിക്കൂറില്‍ മുന്നൂറ് വട്ടവും ഇസ്ലാമിന്റെ പുരപ്പുറത്ത് കയറി വേണം ഇവര്‍ക്കൊക്കെ പുരോഗമന പുരാണങ്ങള്‍ ഉച്ചത്തില്‍ ഓരിയിടുവാന്‍. സ്ത്രീ സംരക്ഷകരും സ്ത്രീത്വത്തിന്റെ പ്രവാചകരുമായി വേഷം കെട്ടി നടന്നവരൊക്കെ എത്രമേല്‍ വികൃത വ്യക്തിത്വവും ചുമന്നാണ് നടക്കുന്നത് എന്ന് വര്‍ത്തമാനകാല വിവാദങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ചീഞ്ഞുനാറിയ നാറ്റക്കേസുകളുടെ വിളപ്പില്‍ശാലയാണ് മലയാള സിനിമ എന്ന അടുക്കള രഹസ്യം ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടായിരിക്കുകയാണ്. സ്ത്രീ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും ഒരു തരിമ്പ് പോലും വില കല്‍പ്പിക്കാത്ത അങ്ങേയറ്റം സ്ത്രീവിരോധികളായ പുരുഷ മാടമ്പികളുടെ നിലപാട് തറയാണ് മലയാള സിനിമ.
ലൈം ലൈറ്റില്‍ പുരോഗമനം പറയുന്ന സാംസ്‌കാരിക നായകന്മാര്‍ ഡിം ലൈറ്റില്‍ സഹപ്രവര്‍ത്തകയുടെ തുണിയുരിയുന്ന തിരക്കിലാണ്. മലയാള നാടിന്റെ നന്മയും മേന്മയും ഉയര്‍ത്തിപ്പിടിക്കുമെന്നും കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്നും പലരും വിശ്വസിച്ചു എഴുന്നള്ളിച്ച ഇത്തരം കോമരങ്ങള്‍ സിനിമയില്‍ മാത്രമല്ല, ജീവിതത്തിലുടനീളം അഭിനയിക്കുകയായിരുന്നു എന്ന തിരിച്ചറിവ് എത്രമേല്‍ ഭയാനകമാണ്. ഇത്തരം പോഴന്‍മാരുടെ നെറികെട്ട ജീവിതം അനുകരിക്കാനും അനുധാവനം ചെയ്യാനുമായിരുന്നല്ലോ നമ്മുടെ പുകള്‍പെറ്റ മാധ്യമങ്ങളും പരസ്യപ്പലകകളും ഇക്കാലമത്രയും ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നത്.
പവര്‍ ഗ്രൂപ്പെന്ന
അധോലോകം
യഥാര്‍ഥ അധോലോകത്തെ കവച്ചുവെക്കുന്ന രൂപത്തിലുള്ള മാഫിയ സംഘമാണ് ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ക്കമ്പനങ്ങളും വെളിപ്പെടുത്തുന്നത്. മാനഭംഗം മുതല്‍ ചിത്രവധം വരെ ക്വട്ടേഷന്‍ കൊടുക്കാനും എടുക്കാനും പലവിധ ടീമുകള്‍ റെഡി. പവര്‍ ഗ്രൂപ്പിലെ മൂന്നോ നാലോ പേര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ല. വഴങ്ങുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങളും ചെറുത്തു നില്‍ക്കുന്നവര്‍ക്ക് പാരവെപ്പും ഭീഷണിയും.
ആദ്യം കണ്‍സെന്റ്
പിന്നെ പീഡന പരാതി
ഫിലിമില്‍ ഒരു ചാന്‍സ് കിട്ടാന്‍ ഏതുതരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായി ഒരുമ്പെട്ടിറങ്ങിയ യുവതികളുടെ ഒരു നീണ്ട നിര ഫിലിം ഇന്‍ഡസ്ട്രിയില്‍ കാണാം. സിനിമയില്‍ ഒരു ടേക്ക് കിട്ടുമെങ്കില്‍ എന്തും ചെയ്യാന്‍ സന്നദ്ധരായി മുട്ടിലിഴയുകയാണ് യുവനടിമാരില്‍ പലരുമെന്നാണ് വാര്‍ത്തകള്‍. സിനിമയിലും ജീവിതത്തിലും നായികമാരാക്കാമെന്ന വ്യാജ വാഗ്ദാനങ്ങളില്‍ മനപ്പൂര്‍വം നിന്ന് കൊടുക്കുന്നവരാണ് ഭൂരിഭാഗവും. പിന്നീട് ചാന്‍സ് കുറഞ്ഞ് വരുമ്പോള്‍ അല്ലെങ്കില്‍ പ്രതീക്ഷിച്ച റോളില്‍ അഭിനയിക്കാന്‍ ഇടം നഷ്ടപ്പെടുമ്പോള്‍ പുറത്തെടുക്കുന്ന അവസാനത്തെ കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ് പീഢന പരാതികള്‍ പലതും.
സിനിമയെ
പ്രണയിക്കുന്ന
പെണ്‍കുട്ടികള്‍
സിനിമയില്‍ അഭിനയിക്കുക എന്ന ജീവിത സ്വപ്‌നം അടങ്ങാത്ത അഭിനിവേശത്തോടെ കൊണ്ടു നടക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഉള്ളില്‍ ഭീതിയുണര്‍ത്തുന്നു. ആരാച്ചാര്‍ക്ക് മുന്നില്‍ ഒരുളുപ്പുമില്ലാതെ കഴുത്തു നീട്ടി കൊടുക്കുന്ന ഒരു തലമുറയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജിച്ചു ശിരസ്സ് താഴുന്നു. ഏതെങ്കിലും ഒരു സിനിമയില്‍ – ഹോം സിനിമയാണെങ്കില്‍ പോലും- മുഖം കാണിക്കാന്‍ അവസരം കിട്ടുന്നത് ലോകം മുഴുവന്‍ ജയിച്ചടക്കുന്നതിന് തുല്യമാണെന്ന് കരുതിയാണ് പല കുട്ടികളും ഇതിനുവേണ്ടി പെടാപ്പാട് പെടുന്നത്. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും അര്‍ധനഗ്‌നരായും പൂര്‍ണ നഗ്‌നരായും അഭിനയിച്ചു തിമിര്‍ക്കുകയാണ് ന്യൂ ജനറേഷന്‍. ചെറിയ പ്രായത്തില്‍ തന്നെ മക്കളുടെ ഇത്തരം അപഥ സഞ്ചാരത്തിന് ചൂട്ടുപിടിക്കുകയാണ് പല രക്ഷിതാക്കളും. പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സിനിമ മോഹം അസ്ഥിക്ക് പിടിച്ച നമ്മുടെ കുട്ടികള്‍ ഇനിയെങ്കിലും മാറി ചിന്തിച്ചാല്‍ അവര്‍ക്കും കുടുംബത്തിനും മാനം പോകാതെ രക്ഷപ്പെടാം. റീല്‍ ലൈഫിനും എത്രയോ അപ്പുറത്താണ് റിയല്‍ ലൈഫ് എന്ന ബോധ്യം നമ്മുടെ കുട്ടികളില്‍ അങ്കുരിപ്പിക്കാന്‍ നമുക്ക് സാധിക്കണം.
നടിമാര്‍ എവിടെ
പോകുന്നു?
സിനിമയിലെത്തുന്ന സ്ത്രീകള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന വിഷയത്തില്‍ ഒരു അക്കാദമി ഗവേഷണത്തിന് സാധ്യതയുണ്ട്. നായികാ റോളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പ്രമുഖ നടികള്‍ പോലും ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ എവിടെയോ അപ്രത്യക്ഷമാകുന്നതായാണ് സാധാരണ കണ്ടുവരുന്നത്. അതിനിടയില്‍ നാലോ അഞ്ചോ പടങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തന്നെ വലിയ കാര്യം.
നടികള്‍ക്കിടയിലെ ആത്മഹത്യാ നിരക്ക് അപകടകരമായ നിലയില്‍ മുകളിലോട്ട് കുതിക്കുകയാണ്. ഡിപ്രഷനും നിരാശയും അമിതമായ മാനസിക സമ്മര്‍ദവും മൂലം പലരും ഉറക്ക ഗുളികകളില്‍ അഭയം തേടിയ ആജീവനാന്ത വിഷാദ രോഗികളാണ്. തൊഴില്‍ മേഖലയിലെ ചൂഷണവും മാനേജര്‍മാരുടെ സാമ്പത്തിക തിരിമറിയും കുടുംബത്തിന്റെ ധൂര്‍ത്തും ദുര്‍വിനിയോഗവും മൂലം ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജീവിതം ഹനിക്കുകയോ ജീവച്ഛവങ്ങളായി ശിഷ്ട ജീവിതം തള്ളി നീക്കുകയോ മാത്രമാണ് നിര്‍വാഹം. ഇതൊന്നും മനസ്സിലാക്കാതെയാണ് ന്യൂജനറേഷന്‍ പെണ്‍കുട്ടികള്‍ സിനിമാ ലഹരിയുമായി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്നത്.
മതം പഴഞ്ചനല്ല,
സുരക്ഷിതത്വമാണ്
പഴഞ്ചനാണെന്നും പുതിയ കാലത്തിന് പറ്റിയതല്ലെന്നും പറഞ്ഞു പല തവണ പുറങ്കാല് കൊണ്ട് ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാം എന്ന സമ്പൂര്‍ണ ദര്‍ശനം തന്നെയാണ് ജീവിതത്തിന്റെ സുരക്ഷിതമായ വഴി എന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയാണ്. സ്ത്രീകളെ ആദരിക്കുകയും അവരുടെ സുരക്ഷിതത്വം പൂര്‍ണമായി ഉറപ്പുവരുത്തുകയും ചെയ്യുന്ന മത നിയമങ്ങളെ പുരോഗമനത്തിന്റെ പേരില്‍ കാറ്റില്‍ പറത്തിയവരൊക്കെ ഇപ്പോള്‍ വിതച്ചത് കൊയ്യുകയാണ്.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യരുടെ ജൈവപരവും മാനസികവും ആത്മീയവുമായ ചോദനകള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി നിയമങ്ങളെ നിരുപാധികം ആശ്ലേഷിക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. പരിമിത ബുദ്ധികളുടെ അളവുകോലുകളില്‍ അവ അംഗീകാര വിധേയമായിക്കൊള്ളണമെന്നില്ല. യുക്തിവാനായ അല്ലാഹുവിന്റെ നിയമങ്ങള്‍ യുക്തിഭദ്രമാണ് എന്ന പൂര്‍ണ ബോധ്യത്തോടെ അനുധാവനം ചെയ്യാനുള്ള ആര്‍ജവമാണ് കാലം ആവശ്യപ്പെടുന്നത്. കുയുക്തികളും കുതന്ത്രങ്ങളും മാത്രം ഉപജീവിച്ച് കാലം കഴിക്കുന്നവര്‍ക്ക് നേരം വെളുക്കാന്‍ നേരമേറെയെടുക്കും.
അല്ലാഹു പറയുന്നു: ‘അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു’. (വി.ഖു 61:8)