26 Friday
July 2024
2024 July 26
1446 Mouharrem 19

തിന്മയെ പ്രതിരോധിക്കുക

എം ടി അബ്ദുല്‍ഗഫൂര്‍


അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളിലാരെങ്കിലും ഒരു ദുരാചാരത്തെ കണ്ടാല്‍ അവനതിനെ തന്റെ കൈകൊണ്ട് തിരുത്തട്ടെ. അതിനവന് സാധിക്കുന്നില്ലെങ്കില്‍ അവന്റെ നാവുകൊണ്ട്. അതിനും അവന് സാധിക്കുന്നില്ലെങ്കില്‍ അപ്പോള്‍ തന്റെ ഹൃദയംകൊണ്ട് (മാറ്റം വരുത്തട്ടെ). അതാണ് ഈമാനില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥ. (മുസ്‌ലിം)

സദാചാരം കല്പിക്കുകയും ദുരാചാരത്തെ തടയുകയും ചെയ്യുക എന്നത് ഓരോ സത്യവിശ്വാസിയുടെയും വ്യക്തിപരമായ ബാധ്യതയാകുന്നു. സത്യവിശ്വാസികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുമ്പോള്‍ ഈ ദൗത്യനിര്‍വഹണം പ്രയാസരഹിതമായി സാധ്യമാവുന്നു.
ബുദ്ധി മുഖേനയോ മതം മുഖേനയോ വെറുക്കപ്പെട്ട കാര്യങ്ങളെല്ലാം മുന്‍കര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നു എന്നത്രെ ഇമാം റാഗിബ്(റ) നല്‍കിയ വിവക്ഷ. അല്ലാഹു വെറുത്തതും സത്യവിശ്വാസികള്‍ ചീത്തയായി കണക്കാക്കുന്നതുമായ എല്ലാ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടതും തന്റെ കൂടെയുള്ളവരെ അതില്‍ നിന്നും മാറ്റിയെടുക്കാന്‍ ത്യാഗപരിശ്രമം ചെയ്യേണ്ടതും അനിവാര്യമാകുന്നു.
അധികാരമോ സ്വാധീനമോ ഉപയോഗിച്ചും കഴിവോ കായികശേഷിയോ ഉപയോഗപ്പെടുത്തിയും തിന്മകള്‍ തടയാന്‍ കഴിയുന്നവര്‍ സമൂഹത്തിലുണ്ടാവും. അത്തരമാളുകള്‍ തങ്ങള്‍ക്ക് നല്കപ്പെട്ട അനുഗ്രഹം തിന്മകള്‍ തടയുന്നതിന് വിനിയോഗിക്കണമെന്നത്രെ ഈ തിരുവചനത്തിന്റെ സന്ദേശം.
ചിലപ്പോള്‍ ചില ആളുകള്‍ക്ക് അത്തരത്തിലുള്ള കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. എന്നാല്‍ തനിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹമായ നാവ് ഉപയോഗപ്പെടുത്തിക്കൊണ്ട് തിന്മകള്‍ തടയുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതാണ്.
കൈ കൊണ്ടോ നാവുകൊണ്ടോ ദുരാചാരത്തെ തടയാന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായി അതിനോട് വെറുപ്പ് പ്രകടിപ്പിക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് മാറിനില്ക്കുകയും ചെയ്യേണ്ടത് അനിവാര്യമെന്നത്രെ ഈ ഹദീസിന്റെ പാഠം. സത്യവിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണതെന്ന വിശദീകരണത്തിലൂടെ സമൂഹത്തില്‍ തിന്മകള്‍ തടയുന്നതിനുവേണ്ടി രംഗത്തിറങ്ങേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം.
തിന്മയോടുള്ള വിശ്വാസിയുടെ സമീപനം എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു നബിവചനമത്രെ ഇത്. കൈ കൊണ്ടോ നാവുകൊണ്ടോ അതിനെ മാറ്റിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിനെ ഹൃദയംകൊണ്ട് വെറുക്കുകയും സ്വയം മാറിനില്ക്കുകയും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, സത്യവിശ്വാസത്തിന്റെ ഒരു കണികപോലും മനസ്സില്‍ അവശേഷിക്കുന്നില്ല എന്ന നബിവചനം എത്രമേല്‍ ഗൗരവമര്‍ഹിക്കുന്നു!
വിശ്വാസരംഗത്തും ആചാരാനുഷ്ഠാനങ്ങളിലും സാമൂഹിക ജീവിതത്തിലും അല്ലാഹു വെറുത്തിട്ടുള്ള ധാരാളം തിന്മകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയും അക്രമങ്ങളും അരാചകത്വങ്ങളും നിറഞ്ഞുനില്ക്കുകയും ചെയ്യുന്ന സമകാലിക സമൂഹത്തില്‍ സത്യവിശ്വാസിയുടെ ബാധ്യത വര്‍ധിച്ചുവരുന്നു എന്നത്രെ ഈ നബിവചനത്തിന്റെ സന്ദേശം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x