28 Saturday
June 2025
2025 June 28
1447 Mouharrem 2

തിന്മകളുടെ വിപാടനം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂജുന്‍ദൂബിബ്‌നു ജൂനാദ അബൂ അബ്ദുര്‍റഹ്മാനിബ്‌നു മുആദിബ്‌നു ജബല്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ തുടര്‍ന്ന് നന്മ ചെയ്യുക. കാരണം നന്മ തിന്മയെ മായ്ച്ചുകളയുന്നു. സല്‍സ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുകയും ചെയ്യുക (തിര്‍മിദി)

ഇസ്‌ലാമികമായ എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നതും വിശാലമായ അര്‍ഥതലങ്ങളിലേക്ക് സൂചന നല്‍കുന്നതുമായ ഒരു തിരുവചനമാണിത്. അല്ലാഹുവിന്റെ കല്‍പനകള്‍ പരമാവധി പാലിക്കുകയും നിരോധങ്ങളെ പാടെ വര്‍ജിക്കുകയും ചെയ്യുകയാണ് സൂക്ഷ്മത. അത് വിശ്വാസിക്ക് അല്ലാഹുവോടുള്ള ബാധ്യതയത്രെ. അല്ലാഹുവിന്റെ ആദരവ് അനുഭവിക്കാന്‍ പര്യാപ്തമായ ചിന്തയും പ്രവര്‍ത്തനവുമായിട്ടാണ് വിശ്വാസി ഇതിനെ കാണുന്നത്. ഏത് സാഹചര്യത്തിലും മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് അല്ലാഹു വരച്ച അതിര്‍വരമ്പുകള്‍ തെറ്റിക്കാതെ ജീവിക്കുകയെന്നതത്രെ മുത്തഖികളുടെ ലക്ഷണം. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് തിന്മയിലകപ്പെട്ടു പോകുന്നവര്‍ക്ക് സമാശ്വാസമേകുന്നതാണ് ഈ തിരുവചനത്തിന്റെ മധ്യഭാഗം. ഇതുവരെ തിന്മയില്‍ മുഴുകി ജീവിച്ച തനിക്ക് ഇനിയൊരു രക്ഷയുമില്ല എന്ന നിരാശാബോധത്തെ മാറ്റി, മനസ്സിന് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമാണ് ഈ വചനം. തെറ്റുകളെ ബോധ്യപ്പെട്ട ഒരാള്‍ അതില്‍ കുറ്റബോധമുണ്ടാവുകയും ആത്മാര്‍ഥമായി പശ്ചാത്തപിച്ചുകൊണ്ട് നന്മകളെ അധികരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഓരോ തിന്മകളെയും മായ്ച്ച് കളയാനുതകുന്ന നമസ്‌കാരമോ നോമ്പോ, ദാനധര്‍മങ്ങളോ മറ്റ് പുണ്യകര്‍മങ്ങളോ അധികരിപ്പിക്കുമ്പോള്‍ അത് മനസ്സിന് പുതിയ ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ‘പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍ക്കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഉല്‍ബോധനമാകുന്നു”(11:114) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം വിശ്വാസിയുടെ മുന്നില്‍ പ്രതീക്ഷയുടെ ജാലകം തുറന്നുവെക്കുന്നു.
ജനങ്ങളോടുള്ള ഇടപഴകലില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട മുഴുവന്‍ കാര്യങ്ങളെയും ഒറ്റവാചകത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ തിരുവചനം അവസാനിക്കുന്നത്. മുഖപ്രസന്നതയില്‍ തുടങ്ങി മറ്റുള്ളവര്‍ക്കുണ്ടായേക്കാവുന്ന ഉപദ്രവങ്ങളെ തടുക്കുന്നതുമുതല്‍ പുണ്യം ചെയ്തും ബന്ധങ്ങള്‍ ചേര്‍ത്തും ജനങ്ങളോട് പെരുമാറുന്നവനായിരിക്കണം വിശ്വാസിയെന്ന് ഈ തിരുവചനം പാഠം നല്‍കുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റൊരാള്‍ക്ക് വേദനയനുഭവിക്കേണ്ടി വരാത്ത വിധം സംസാരത്തെയും പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ സമാധാനപൂര്‍ണമായ ഒരു ജീവിതത്തെയാണ് അത് സമ്മാനിക്കുക.

Back to Top