അവര്‍ അല്ലാഹുവിന്റെ അതിഥികളാണ്
ഡോ. ഐ പി അബ്ദുസ്സലാം (മെമ്പര്‍, കേരള ഹജ്ജ് കമ്മിറ്റി)
ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനാകര്‍മങ്ങളില്‍ ഒന്നാണ് ഹജ്ജ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഹജ്ജ് നിര്‍വഹിക്കുക എന്നത് ലോകത്തുള്ള മുഴുവന്‍ സത്യവിശ്വാസികളുടെയും ആഗ്രഹമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ വര്‍ണ-വംശ-വര്‍ഗ-ദേശ-ഭാഷാഭേദമെന്യേ സമത്വത്തിന്റെ ഉല്‍കൃഷ്ട മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശവുമായാണ് ഹജ്ജില്‍ എത്തിച്ചേരുന്നത്. ആത്മസംസ്‌കരണമാണ് ഹജ്ജിന്റെ ആത്മാവ്. തങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സര്‍വതും ത്യജിച്ച് സ്രഷ്ടാവായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തല്‍ബിയത് മുഴക്കിക്കൊണ്ട് പ്രയാണം ചെയ്യുന്ന വിശ്വാസിയുടെ ജീവിതത്തില്‍ ഹജ്ജ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ വര്‍ണനകള്‍ക്ക് അതീതമാണ്.
ഹജ്ജിന്റെ ആന്തരിക ചൈതന്യവും ഭക്തിയും പൂര്‍ണമായി ഗ്രഹിച്ച് നിര്‍വഹിക്കുന്ന കര്‍മം മാത്രമേ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയുള്ളൂ. ഹജ്ജ് ത്യാഗമാണ്. പൂര്‍ണമനസ്സോടെയും കളങ്കമുക്തമായ ജീവിതത്തിലൂടെയും ആത്മാര്‍ഥതയോടെയും അനുഷ്ഠിക്കേണ്ട കര്‍മമാണ് ഹജ്ജ്. കഷ്ടപ്പെടാനും വിഷമം സഹിക്കാനും പ്രയാസങ്ങളെ തരണം ചെയ്യാനും ഹജ്ജ് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലം മക്കയാണ്. നഗരങ്ങളുടെ മാതാവ് എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.
ഇബ്‌റാഹീം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മാഈല്‍ നബിയുടെയും ചരിത്രം ഉറങ്ങുന്ന നഗരമാണ് മക്ക. മനുഷ്യര്‍ക്കായി അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ ലോകത്ത് ആദ്യം നിര്‍മിക്കപ്പെട്ട ആരാധനാലയമാണ് കഅ്ബ.
ഹജ്ജിലെ കര്‍മങ്ങളെല്ലാം മനുഷ്യ സാഹോദര്യത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്നു, ദൈവബോധവും ത്യാഗസന്നദ്ധതയും വളര്‍ത്തുന്നു. ദുല്‍ഹിജ്ജ 8 മുതല്‍ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ 13-ാം തിയ്യതിയോടെ അവസാനിക്കുന്നു. ഒരു തീര്‍ഥാടകന്റെ ഹജ്ജ് കര്‍മം തുടങ്ങുന്നത് അദ്ദേഹം ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടു കൂടിയാണ്. ഇസ്‌ലാം മനുഷ്യസമൂഹത്തെ പഠിപ്പിക്കുന്ന സാഹോദര്യത്തിന്റെ പ്രകടരൂപം ഹജ്ജില്‍ ദൃശ്യമാകും. എല്ലാ മനുഷ്യരും ഒരുമിച്ചുകൂടുന്ന പരലോകത്തെ വിചാരണനാളിനെ കുറിച്ചുള്ള ബോധം എല്ലാവരിലും ഉണ്ടാകുന്നു.
ഹജ്ജിലൂടെ നേടിയെടുക്കുന്ന ആത്മവിശുദ്ധി അതിമഹത്തരമാണ്. ഖുര്‍ആന്‍ പറയുന്നു: ”ഹജ്ജ് കാലം അറിയപ്പെട്ട മാസമാകുന്നു. ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീപുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നതും അല്ലാഹു അറിയുന്നവനാണ്. നിങ്ങള്‍ യാത്രയ്ക്കുള്ള വിഭവങ്ങളൊരുക്കി പോവുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക.”
ഹജ്ജ് കൊണ്ട് മനുഷ്യര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ നിരവധിയാണ്. വിശുദ്ധ ഖുര്‍ആന്‍ മനാഫിഅ എന്ന പദമാണ് ഹജ്ജുമായി ബന്ധപ്പെടുത്തി സൂചിപ്പിച്ചത്. ഏറ്റവും മഹത്തരവും പരമവുമായ നേട്ടം ഹജ്ജ് മുഖേന ലഭിക്കുന്നത് പാപസുരക്ഷിതത്വമാണ്. കളങ്കമുക്തമായ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തിക്ക് ജനിച്ചുവീഴുന്ന കുഞ്ഞിന്റെ പരിശുദ്ധി നേടാന്‍ കഴിയുമെന്ന് പ്രവാചക വചനം സൂചിപ്പിക്കുന്നു. ഹജ്ജ് കര്‍മത്തിലൂടെ വിശ്വാസികള്‍ കൈവരിക്കുന്ന മറ്റൊരു നേട്ടം പരസ്പരമുള്ള ഐക്യബോധമാണ്. ലോകത്തുള്ള മുസ്‌ലിംകള്‍ എല്ലാവരും ഒറ്റ ആദര്‍ശ കുടുംബമാണെന്നും ദേശ-ഭാഷാവ്യത്യാസങ്ങള്‍ക്ക് അതീതമായി ഒരുമയോടും സമഭാവനയോടും കൂടി കഴിയേണ്ടവരാണെന്നും ഉദ്‌ബോധിപ്പിക്കുന്നു. മുസ്‌ലിംകളെല്ലാം വ്യത്യസ്ത ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് എങ്കിലും ഹജ്ജിലെ ഓരോ കര്‍മങ്ങളിലും ഒരു വ്യത്യാസവും ഇല്ലാതെ ഒരേ രൂപമാണ് അനുവര്‍ത്തിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് വിശ്വാസികള്‍ക്ക് മോചനം നല്‍കാന്‍ ഹജ്ജിലൂടെ സാധിക്കും. ഹജ്ജ് വിശ്വാസിയെ കര്‍മോത്സുകനാക്കുന്നു.
ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുക എന്നാണ് റസൂല്‍ പഠിപ്പിച്ചത്. ഹജ്ജ് തൗഹീദിന്റെ വിളംബരമാണ്. തല്‍ബിയത്ത് ചൊല്ലുന്ന വിശ്വാസികള്‍ അല്ലാഹുവിന് യാതൊരു പങ്കുകാരുമില്ല എന്നു പ്രഖ്യാപിക്കുന്നു. ഖലീലുല്ലാഹി ഇബ്‌റാഹീം നബി വിഗ്രഹാരാധനയ്‌ക്കെതിരെ സ്വീകരിച്ച വിശ്വാസപരമായ നിലപാടുകള്‍ ഹജ്ജ് കര്‍മങ്ങളില്‍ പ്രകടമാണ്. ഹജ്ജ് കര്‍മങ്ങളില്‍ ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും സമര്‍പ്പണത്തിന്റെ ഉദാത്തമാതൃകകള്‍ ഓര്‍ക്കാനും സാധിക്കുന്നു. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന ഏതൊരു വിശ്വാസിയും തന്റെ ഹജ്ജ് കുറ്റമറ്റതായിത്തീരാനും അല്ലാഹുവിങ്കല്‍ സ്വീകാര്യമായിത്തീരാനും പ്രവാചകന്‍(സ) പഠിപ്പിച്ച രീതിയിലുള്ള ഹജ്ജ് കര്‍മമാണ് നിര്‍വഹിക്കേണ്ടത്.
ഹജ്ജ് പൂര്‍വപാപങ്ങളെ ഇല്ലാതാക്കുന്നു
അംറിബ്‌നുല്‍ ആസ്വ്(റ) പറയുന്നു: ”എന്റെ മനസ്സില്‍ ഇസ്‌ലാമിനോട് താല്‍പര്യം ഉണ്ടായപ്പോള്‍ നബി(സ)യുടെ അടുത്തുചെന്ന് ഞാന്‍ പറഞ്ഞു: അങ്ങയുടെ കൈ നീട്ടിത്തരൂ, ഞാന്‍ കരാര്‍ ചെയ്യട്ടെ. അപ്പോള്‍ നബി കൈ നീട്ടിത്തന്നു. ഞാന്‍ എന്റെ കൈ പിന്‍വലിച്ചു. നബി ചോദിച്ചു: എന്തു പറ്റി? ഞാന്‍ പറഞ്ഞു: ചില നിബന്ധനകള്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നബി ചോദിച്ചു: എന്ത് നിബന്ധനയാണ് ആവശ്യപ്പെടുന്നത്? ഞാന്‍ പറഞ്ഞു: എന്റെ മുന്‍കാല പാപങ്ങള്‍ മുഴുവന്‍ പൊറുക്കണം. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ, ഇസ്‌ലാം സ്വീകരിച്ചാല്‍ അതിനു മുമ്പുള്ള പാപങ്ങളെ ഇല്ലാതാക്കുമെന്നും ഹിജ്‌റ അതിനു മുമ്പുള്ള പാപങ്ങളെ ഇല്ലാതാക്കുമെന്നും ഹജ്ജ് അതിനു മുമ്പുള്ള പാപങ്ങളെ ഇല്ലാതാക്കുമെന്നും.” (മുസ്‌ലിം)
ഹജ്ജ് ശ്രേഷ്ഠമായ പുണ്യകര്‍മം
അബൂഹുറയ്‌റ പറയുന്നു: ”ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠകരമെന്ന് നബിയോട് ചോദിക്കപ്പെട്ടു. അല്ലാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസം എന്നായിരുന്നു മറുപടി. പിന്നീട് ഏതെന്നു ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യല്‍ എന്നായിരുന്നു മറുപടി. പിന്നീട് ഏതാണ്? അവിടുന്ന് പറഞ്ഞു: സ്വീകാര്യമായ ഹജ്ജ്.”
ഹജ്ജ് ദാരിദ്ര്യത്തെയും
പാപങ്ങളെയും അകറ്റുന്നു
ഇബ്‌നു മസ്ഊദ് പറയുന്നു: ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരിക്കുന്നു. ഒന്നു മുതല്‍ ഹജ്ജും ഉംറയും മാറിമാറി ചെയ്യുക. അവ രണ്ടും ദാരിദ്ര്യത്തെയും പാപങ്ങളെയും ദൂരീകരിക്കുന്നു. വെള്ളി, സ്വര്‍ണം, ഇരുമ്പ് എന്നിവയിലെ കീടങ്ങളെ ഉല ഒഴിവാക്കുന്നതുപോലെ സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗം അല്ലാതെ പ്രതിഫലം ഇല്ല” (നസാഇ).
ഹജ്ജ് ധര്‍മസമരം
ആയിശ(റ) പറയുന്നു: ”ഞാന്‍ നബിയോട് ചോദിച്ചു: തിരുദൂതരേ, ധര്‍മസമരത്തെ ശ്രേഷ്ഠമായ പ്രവൃത്തിയായി ഞങ്ങള്‍ കാണുന്നു, അതിനാല്‍ ഞങ്ങളും ധര്‍മസമരം ചെയ്യട്ടെയോ? നബി പറഞ്ഞു: നിങ്ങള്‍ക്ക് സ്വീകാര്യമായ ഹജ്ജാണ് ശ്രേഷ്ഠമായ ധര്‍മസമരം. ആയിശ(റ) പറഞ്ഞു: നബിയുടെ ഈ മറുപടിക്ക് ശേഷം ഞാന്‍ ഹജ്ജ് ഉപേക്ഷിച്ചിട്ടില്ല” (ബുഖാരി).
പ്രാര്‍ഥന സ്വീകരിക്കും
അബൂഹുറയ്‌റ പറയുന്നു: ”നബി പറഞ്ഞു: ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവനോട് തൗബ ചെയ്താല്‍ അവന്‍ തൗബ സ്വീകരിക്കും” (ഇബ്‌നുമാജ).
പ്രത്യേക സംരക്ഷണം
അബൂഹുറയ്‌റ പറയുന്നു: ”മൂന്ന് വിഭാഗം ആളുകള്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അല്ലാഹുവിന്റെ മസ്ജിദിലേക്ക് പുറപ്പെട്ടവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പുറപ്പെട്ടവര്‍, ഹജ്ജിന് പുറപ്പെട്ടവര്‍.”
ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍
ഇഹ്‌റാം
ഇഹ്‌റാമിന് നിശ്ചയിക്കപ്പെട്ട സ്ഥലത്തുനിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കുക. കുളി, സുഗന്ധം പൂശല്‍, ഇഹ്‌റാമിന്റെ വേഷം ധരിക്കല്‍, നിയ്യത്ത്, തല്‍ബിയത്ത് എന്നിവ ഇഹ്‌റാം ചെയ്യുമ്പോള്‍ അനുവര്‍ത്തിക്കേണ്ടതാണ്.
* ഇഹ്‌റാം ചെയ്ത ശേഷം മാത്രമേ മീഖാത്ത് കടന്നുപോകാന്‍ പാടുള്ളൂ.
* വെള്ളം കിട്ടാതെവരികയോ ഉപയോഗിക്കാന്‍ കഴിയാതെവരികയോ ചെയ്താല്‍ തയമ്മും ചെയ്യാം.
* സുഗന്ധം പൂശേണ്ടത് ശരീരത്തില്‍ മാത്രമാണ്.
* നഖം മുറിക്കാനോ മുടി നീക്കാനോ ഉദ്ദേശിക്കുന്നവര്‍ ഇഹ്‌റാമിനു മുമ്പ് ചെയ്യേണ്ടതാണ്.
* പുരുഷന്മാര്‍ക്ക് ഇഹ്‌റാമിനു വേഷം വെള്ള മുണ്ടും രണ്ട് ചുമലും മറയും വിധമുള്ള മേല്‍മുണ്ടുമാണ്. സ്ത്രീകള്‍ക്ക് പ്രത്യേക നിറവും വേഷവും നിശ്ചയിക്കപ്പെട്ടിട്ടില്ല.
* ഇഹ്‌റാം ഏതെങ്കിലുമൊരു നമസ്‌കാരത്തിനു ശേഷമായിരിക്കണം. ഇഹ്‌റാമിന് പ്രത്യേകം നമസ്‌കാരമില്ല.
* കുളി, സുഗന്ധം പൂശല്‍, ഉംറയുടെ വേഷം ധരിക്കല്‍, നമസ്‌കാരം എന്നിവയ്ക്ക് ശേഷം ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നു എന്നു മനസ്സില്‍ കരുതുക. നിയ്യത്ത് വായ കൊണ്ട് പറയേണ്ടതില്ല (ഉംറ യാണെങ്കില്‍ ലബ്ബൈക്കല്ലാഹുമ്മ ഉംറതന്‍ എന്നും ഹജ്ജ് ആണെങ്കില്‍ ലബ്ബൈക്കല്ലാഹുമ്മ ഹജ്ജന്‍ എന്നും ചൊല്ലണം.
* മീഖാത്തില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ നിയ്യത്ത് വെക്കണം. പിന്നീട് കഅ്ബയില്‍ എത്തുന്നതുവരെ തല്‍ബിയത് ചൊല്ലിക്കൊണ്ടിരിക്കണം.
* ആര്‍ത്തവകാരികളും മീഖാത്തില്‍ വെച്ചുതന്നെ ഇഹ്‌റാം ചെയ്യണം. കുളി, നിയ്യത്ത്, തല്‍ബിയത്ത് ആരംഭിക്കല്‍ എന്നിവ നിര്‍വഹിക്കുക. അവര്‍ നമസ്‌കരിക്കാന്‍ പാടില്ല.
* ഇഹ്‌റാമിനു ശേഷം പാടില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്.
* മക്കയില്‍ എത്തുമ്പോഴോ കഅ്ബ കാണുമ്പോഴോ പ്രത്യേക പ്രാര്‍ഥനകള്‍ ഒന്നുമില്ല. മക്കയിലെത്തുന്ന ഏത് നേരത്തും കഅ്ബ ത്വവാഫ് തുടങ്ങാവുന്നതാണ്. ആവശ്യമെങ്കില്‍ ഇത് പിന്തിക്കാവുന്നതുമാണ്.
ത്വവാഫിന്റെ രൂപം
* ഹജറുല്‍ അസ്‌വദിനു നേരെ നിന്ന് കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞുതുടങ്ങുക.
* ആകെ ഏഴ് തവണയാണ് കഅ്ബ ത്വവാഫ് ചെയ്യേണ്ടത്.
* ത്വവാഫ് കഴിഞ്ഞ ശേഷം മഖാമു ഇബ്‌റാഹീമിനു പിന്നില്‍ നിന്ന് രണ്ടു റക്അത്ത് നമസ്‌കരിക്കുക.
സഫയും മര്‍വയും (സഅ്‌യ്)
സഫയില്‍ നിന്ന് മര്‍വയിലേക്കും മര്‍വയില്‍ നിന്ന് സഫയിലേക്കുമുള്ള നടത്തത്തിനാണ് സഅ്‌യ് എന്നു പറയുന്നത്. ഏഴു പ്രാവശ്യം ഹാജിമാര്‍ സഫ-മര്‍വക്കിടയില്‍ നടക്കണം. ഇബ്‌റാഹീം നബി മകനെയും തന്റെ ഇണ ഹാജറിനെയും വിജനമായ മക്കയില്‍ വിട്ടേച്ചുപോകുമ്പോള്‍ വെള്ളം അന്വേഷിച്ചു ഹാജര്‍ നടന്ന ചരിത്രത്തെ അനുസ്മരിച്ചുകൊണ്ടാണ് ഹജ്ജിലെ പ്രധാന കര്‍മമായ സഅ്‌യ് നടക്കുന്നത്.
മുടിയെടുക്കല്‍
പുരുഷന്മാര്‍ മുടി മുഴുവനായും എടുത്തുമാറ്റുകയും സ്ത്രീകള്‍ ഒരു വിരല്‍ത്തുമ്പിനോളം വലുപ്പത്തില്‍ വെട്ടിമാറ്റുകയുമാണ് വേണ്ടത്. മേല്‍ സൂചിപ്പിച്ച കാര്യങ്ങ ളാണ് ഉംറയുടെ രൂപമായി നബി(സ) പഠിപ്പിച്ചത്.
ദുല്‍ഹിജ്ജ എട്ട് (യൗമുത്തര്‍വിയ)
ഈ ദിവസങ്ങളിലെ പ്രധാന കര്‍മങ്ങള്‍
* താമസസ്ഥലത്തു വെച്ച് ഹജ്ജിനു വേണ്ടി ഇഹ്‌റാം ചെയ്യുക.
* ദുഹ്‌റിനു മുമ്പോ ശേഷമോ മിനായിലേക്ക് പുറപ്പെടുക.
* പകല്‍ ബാക്കി സമയവും രാത്രിയും അവിടെ കഴിയുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉംറക്ക് ഇഹ്‌റാം ചെയ്ത വിധത്തില്‍ തന്നെയാണ് ഹജ്ജിനും ഇഹ്‌റാം ചെയ്യേണ്ടത്. നിയ്യത്ത് ഹജ്ജിനു വേണ്ടിയാണെന്നും ആദ്യത്തെ തല്‍ബിയത്ത് ലബ്ബൈക്കല്ലാഹുമ്മ ഹജ്ജന്‍ എന്നുമായിരിക്കണം. തല്‍ബിയത്ത് ചൊല്ലിക്കൊണ്ടാണ് മിനായിലേക്ക് പോകേണ്ടത്. മിനയില്‍ വെച്ച് തല്‍ബിയത്ത് അധികരിപ്പിക്കണമെന്ന് നബി(സ) പഠിപ്പിച്ചു. പുറപ്പെടുമ്പോള്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഒന്നുമില്ല. എന്നാല്‍ പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും അധികമായി ചെയ്തുകൊണ്ടിരിക്കണം. ളുഹ്ര്‍, അസ്ര്‍, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ചുരുക്കിയാണ് നബി(സ) നിര്‍വഹിച്ചത്.
ദുല്‍ഹിജ്ജ ഒമ്പത് (യൗമു അറഫ)
ദുല്‍ഹിജ്ജ ഒമ്പതിന് മുഴുവന്‍ ഹാജിമാരും മിനായില്‍ നിന്ന് അറഫയിലേക്ക് പുറപ്പെടുകയും അസ്തമയം വരെ അറഫയില്‍ നിലകൊള്ളുകയും വേണം. അറഫ നഷ്ടപ്പെട്ടവര്‍ക്ക് ഹജ്ജ് നഷ്ടപ്പെട്ടു, ഹജ്ജ് പൂര്‍ണമാകില്ല എന്ന് നബി(സ) സൂചിപ്പിച്ചിട്ടുണ്ട്. അല്‍ ഹജ്ജു അറഫ (അറഫ എന്നതാണ് ഹജ്ജ്). പകല്‍ അല്‍പസമയമെങ്കിലും അറഫയില്‍ ഉണ്ടായില്ലെങ്കില്‍ ഹജ്ജ് നഷ്ടപ്പെടും. അറഫയിലേക്ക് പോകുമ്പോള്‍ തല്‍ബിയത്ത് ചൊല്ലണം. സൂര്യോദയത്തിനു ശേഷമാണ് മുസ്ദലിഫയിലേക്ക് പുറപ്പെടേണ്ടത്. അറഫയിലെ എല്ലാ സ്ഥലങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത്. അറഫയില്‍ എത്തുമ്പോഴും അറഫയില്‍ നിന്ന് പുറപ്പെടുമ്പോഴും പ്രത്യേക പ്രാര്‍ഥനകളോ ദിക്‌റുകളോ ഇല്ല. സമയത്ത് ചുരുക്കി നമസ്‌കരിക്കാനാണ് നബി പഠിപ്പിച്ചത്. അറഫയില്‍ ചെലവഴിക്കുന്ന സമയമത്രയും ദിക്‌റുകളിലും പ്രാര്‍ഥനകളിലും മുഴുകണം. മുസ്ദലിഫയില്‍ എത്തുന്ന നേരത്ത് മഗ്‌രിബും ഇശാഉം ഒരുമിച്ച് നമസ്‌കരിക്കുക. ചുരുക്കി നമസ്‌കരിക്കുന്നതാണ് നബിയുടെ മാതൃക. മുസ്ദലിഫയില്‍ തല്‍ബിയത്തുകളും ദിക്‌റുകളും പ്രാര്‍ഥനകളും അധികരിപ്പിക്കുക. സുബ്ഹ് നമസ്‌കാരത്തിനു ശേഷം ദീര്‍ഘമായി പ്രാര്‍ഥിച്ചു സൂര്യോദയത്തിനു മുമ്പായി മിനായിലേക്ക് പുറപ്പെടുക.
ദുല്‍ഹിജ്ജ പത്ത്
(യൗമുന്നഹ്ര്‍)
ഈ ദിവസം മിനായിലെ ജംറത്തുല്‍ അഖബയില്‍ ഏഴ് കല്ലുകള്‍ എറിയുക. ബലികര്‍മം നിര്‍വഹിക്കുക. മുടി കളയുകയോ വെട്ടുകയോ ചെയ്യുക. ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുക. തിരിച്ച് മിനയിലേക്ക് വന്നു താമസിക്കുക.
ദുല്‍ഹിജ്ജ 11, 12, 13
(അയ്യാമുത്തശ്‌രീഖ്)
ഈ ദിവസങ്ങളില്‍ രണ്ടു കാര്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്. ഒന്ന്, മിനായില്‍ താമസിക്കുക. രണ്ട്, മൂന്ന് ജംറകളിലും ഏഴ് കല്ലുകള്‍ വീതം എറിയുക. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനു മുമ്പ് ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കുന്നത് പുണ്യകരമായി നബി പഠിപ്പിച്ചിട്ടുണ്ട്. ഇതോടുകൂടി ഹജ്ജ് കര്‍മത്തിന് പരിസമാപ്തി കുറിക്കുന്നു. ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍ മുഴുവനും മക്കയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും മാത്രം പരിമിതമാണ്; മിനാ, അറഫ, മുസ്ദലിഫ, ഹറം, സഫ-മര്‍വ. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ അറിവില്ലായ്മയുടെ പേരില്‍ ഹാജിമാര്‍ക്ക് സംഭവിക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ് മസ്ജിദുന്നബവി അഥവാ മദീനാ പള്ളി സന്ദര്‍ശിക്കുന്നത് ഹജ്ജില്‍ പെട്ടതാണ് എന്ന ധാരണ. ഇത് നബി പഠിപ്പിച്ചതല്ല.