തെരുവ് കച്ചവടത്തിന്റെ പറുദീസ
എന്‍ജി. പി മമ്മദ് കോയ
മസ്ജിദുന്നബവിയുടെ നാലു ഭാഗത്തും തെരുവ് കച്ചവടം തകൃതിയായി നടക്കുന്നത് കാണാം. ഫൂട്ട്പാത്തില്‍ ബെഡ്ഷീറ്റോ ടാര്‍ പോളിന്‍ ഷീറ്റോ വിരിച്ച് കച്ചവട സാധനങ്ങള്‍ നിരത്തി വെച്ചിരിക്കുകയാണ്. കൗതുകകരമായ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഷാളുകള്‍, വിവിധ നിറങ്ങളിലുളള മഫ്തകള്‍, വ്യത്യസ്ത ഡിസൈനിലുളള പര്‍ദകള്‍ തുടങ്ങി സോപ്പ്, ചീര്‍പ്പ്, കണ്ണാടി, പഴവര്‍ഗങ്ങള്‍, കാരക്ക വരെ മൊത്തമായും ചില്ലറയായും കിട്ടും.
പോലീസും മുനിസിപ്പാലിറ്റി അധികാരികളും വരുന്നത് കാണുമ്പോള്‍ തന്നെ ഇവയെല്ലാം വാരിക്കൂട്ടി കച്ചവടം ചെയ്യുന്ന പാവങ്ങള്‍ ഓടിപ്പോകുന്നത് നിത്യക്കാഴ്ചയാണ്. ഫൂട്ട്പാത്ത് കച്ചവടം അനധികൃതമാണ്. അതുകൊണ്ട് തന്നെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അവ കണ്ടുകെട്ടുകയും ഭാരിച്ച പിഴ ചുമത്തുകയും ചെയ്യും. കച്ചവടക്കാര്‍ മിക്കവാറും യമന്‍കാരും നൈജീരിയക്കാരും പാവങ്ങളായ മദീനക്കാരുമാണ്. ഹജ്ജ് സീസണില്‍ കിട്ടുന്ന കച്ചവട ലാഭം കൊണ്ട് കഷ്ടിച്ച് ഒരു വര്‍ഷം ജീവിക്കുന്നവര്‍! സാധനങ്ങളുടെ പേരും വിലയും വിളിച്ചു പറയുന്ന ശബ്ദം കൊണ്ട് മുഖരിതമാണ് നമസ്‌കാര ശേഷമുള്ള മദീനയുടെ തെരുവീഥികള്‍.
ഹാജിമാരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സൗകര്യമാണ്. അത്യാവശ്യ സാധനങ്ങളുടെ വില പറഞ്ഞും വില പേശിയും അവിടെ നിന്ന് വാങ്ങാന്‍ കഴിയും. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കാണുന്ന സമയത്ത് തന്നെ വാങ്ങണം. പിന്നീട് അന്വേഷിച്ചു നടക്കേണ്ടി വരും! കിട്ടിയെന്ന് വരില്ല. സാധനങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ല സ്ഥലം മദീന തന്നെയാണ്. ഹജ്ജിന് വരുന്നവര്‍ ആദ്യം മദീനയിലാണ് വരുന്നതെങ്കില്‍ ഇവിടെ നിന്ന് ആദ്യമേ ആവശ്യ സാധനങ്ങള്‍ വാങ്ങി ബാഗുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇനി മക്കയിലാണ് ആദ്യം എത്തുന്നതെങ്കില്‍ മക്കയില്‍ നിന്ന് വാങ്ങാതെ മദീന സന്ദര്‍ശന സമയത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം. മക്കയില്‍ വലിയ വിലയാണ്, കച്ചവടക്കാര്‍ ബഹുഭൂരിപക്ഷവും മദീനക്കാരെ പോലെ സൗമ്യരുമല്ല.
ഓരോ ജമാഅത്ത് നമസ്‌കാരത്തിനും ഒരു മണിക്കൂര്‍ മുമ്പ് ഹറമിലെത്താന്‍ ശ്രദ്ധിക്കണം. പലപ്പോഴും പത്തൊ പതിനഞ്ചൊ മിനുട്ട് നടന്നാലാണ് പള്ളിയിലെത്തുക. നമസ്‌കാരത്തിന് മുമ്പ് പുണ്യ റസൂലിന് ഒരു സലാം പറയാനും അഭിവാദ്യം ചെയ്യാനും അവസരം ലഭിച്ചേക്കും.
സന്ധ്യാ പ്രാര്‍ഥനക്ക് ശേഷം മസ്ജിദില്‍ അങ്ങിങ്ങായി ക്ലാസുകള്‍ നടക്കുന്നത് കാണാം. ഉയരമുളള കസേരയിലിരുന്ന് ഒരു പണ്ഡിതന്‍ ക്ലാസ്സെടുക്കുകയും കുറെ ആളുകള്‍ അതിന് ചുറ്റും ഇരുന്നു സശ്രദ്ധം കേള്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ക്ലാസ്. ഭാഷ അറബിയിലായതുകൊണ്ട് കേരളത്തില്‍ നിന്ന് വരുന്ന ഭൂരിപക്ഷം ആളുകള്‍ക്കും അത് ഉപകാരപ്പെടാറില്ല.
മസ്ജിദ് കോമ്പൗണ്ടിനകത്ത് പല സ്ഥലങ്ങളിലും ടോയ്‌ലറ്റുകളുണ്ട്. എല്ലാം ബഹുനില കുളിമുറി സമുച്ചയങ്ങളാണ്. മുറ്റത്തിന് സമമായി ഒരു നിലയും ബാക്കി നിലകള്‍ നിലവറകളുമാണ് (ആമലൊലി േളഹീീൃ) എല്ലാറ്റിന്നും സാധാരണ കോണിപ്പടികളും യന്ത്രക്കോണിയും (ഋരെമഹമീേൃ) ഉണ്ട്. എല്ലായിടത്തും ഭിന്നശേഷിക്കാരെ പരിഗണിച്ചിട്ടുണ്ട്. പ്രത്യേകം എടുത്ത് പറയേണ്ടത് ടോയ്‌ലറ്റുകളിലെ വൃത്തിയും വെടിപ്പുമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒരു തരത്തിലുളള വൃത്തികേടോ, ദുര്‍ഗന്ധമോ ഇല്ല! പൊതു ഇടങ്ങളിലുളള കുളിമുറികളുടെ ദയനീയ സ്ഥിതി അനുഭവിച്ചവര്‍ക്ക് വലിയ അത്ഭുതമാണിത്. കൃത്യമായ ഇടവേളകളില്‍ അടിച്ചു തളിക്കുകയും സുഗന്ധ പൂരിതമായ രാസലായനികളുപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുന്ന സംവിധാനവും, അവ ചെയ്യുന്ന തൊഴിലാളികളുടെ ആത്മാര്‍ഥതയുമാണ് ഇതിന് കാരണം.
ഓരോ ജമാഅത്ത് നമസ്‌കാരാനന്തരവും റൗദാ ശരീഫില്‍ കയറി ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കാന്‍ ശ്രമിച്ചു നോക്കും! നല്ല തിരക്കായിരിക്കും! എങ്കിലും ഭാഗ്യത്തിന് വല്ലപ്പോഴും അവസരം ലഭിക്കും. ഇല്ലെങ്കില്‍ നിരാശപ്പെടാതെ പരിസരത്തെവിടെയെങ്കിലും ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യും. മിക്ക ഹാജിമാരും മദീന താമസ കാലയളവില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി പാരായണം ചെയ്യാന്‍ ശ്രമിക്കും.
ഇശാ നമസ്‌കാരാനന്തരം മസ്ജിദിന്നു ചുറ്റും നല്ല തിരക്കായിരിക്കും. സഹയാത്രികരെ കണ്ടുകിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ഭാര്യ സലീന സ്ത്രീകളുടെ ഭാഗത്ത് നിന്ന് വന്നാല്‍ 25-ാം നമ്പര്‍ ഗേറ്റിനടുത്ത് കാത്തു നില്ക്കും. ആദ്യം വരുന്നവര്‍ അവിടെ കാത്തു നില്ക്കണമെന്നാണ് ഞങ്ങള്‍ തമ്മിലുളള മുന്‍ നിശ്ചയം. ഇങ്ങനെ ആദ്യ ദിവസം തന്നെ തീരുമാനമെടുക്കുന്നത് നല്ലതാണ്. മൊബൈല്‍ ഫോണ്‍ ഇക്കാര്യത്തില്‍ വലിയ സൗകര്യമാണ്. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ മൊബൈല്‍ ഫോണാണ് ശരണം. ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ശ്രദ്ധിച്ചു കൊണ്ടിരിക്കണം. ഒരു പവര്‍ ബാങ്ക് യാത്രയില്‍ കരുതുന്നത് വളരെ ഉപകാരപ്പെടും. അത്‌പോലെ ഫോണ്‍ നമ്പറുകള്‍ ഒരു കടലാസില്‍ എഴുതി പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു മുന്‍ കരുതല്‍! മൊബൈല്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫ് ആയി പോയാല്‍ വേണ്ടപ്പെട്ടവരുടെ നമ്പറുകള്‍ ഓര്‍മ്മയിലുണ്ടാകണമെന്നില്ലല്ലോ. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ വലിയ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇല്ലാതെ ഹജ്ജ് യാത്ര സുഗമമാക്കാന്‍ കഴിയും.
ഇശാ നമസ്‌കാരം കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ രാത്രി ഭക്ഷണം കഴിക്കുകയോ, പാര്‍സല്‍ വാങ്ങി കൊണ്ടുപോകുകയോ ചെയ്യാവുന്നതാണ്. ഭക്ഷണം പാകം ചെയ്യേണ്ട ജോലിയില്ലാത്തതുകൊണ്ട് എല്ലാ നമസ്‌കാര സമയത്തിന് മുമ്പും കൃത്യമായി ഹറം ശരീഫില്‍ എത്താന്‍ കഴിയുമായിരുന്നു. ആ കാലയളവില്‍ മസ്ജിദുന്നബവിയിലെ ഒരു ജമാഅത്ത് പോലും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണല്ലോ പ്രധാന ലക്ഷ്യമാവേണ്ടത്.
മദീന താമസ ദിവസങ്ങള്‍ തീരാറാകുന്നു. പുണ്യനഗരിയിലെ ചരിത്ര സ്മാരകങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. വായിച്ചറിഞ്ഞ ഇസ്ലാമിക ചരിത്ര സംഭവങ്ങള്‍ അരങ്ങേറിയ എത്രയെത്ര സ്ഥലങ്ങളാണ് പരിശുദ്ധ മദീനയിലുള്ളത്. റസൂലിന്റെ മദീനാ പ്രവേശന സ്ഥലം, ഖുബാ, മനസ്സ് തരളിതമാകുന്ന ഉഹ്ദിന്റെ രണാങ്കണം, ഖന്ദഖ്… അങ്ങനെ എത്രയെത്ര ചരിത്രാങ്കിത സ്ഥലനാമങ്ങള്‍!