തെറിച്ചുവീഴുന്ന രേതസ്‌കണങ്ങളുടെ ബലതന്ത്രം
ടി പി എം റാഫി
മനുഷ്യന്‍ ചിന്തിച്ചു മനസ്സിലാക്കട്ടെ, താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നാണ് അവന്റെ സൃഷ്ടി. നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് ആവിര്‍ഭവിക്കുന്നു. (86: 5-7). വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ത്വാരിഖില്‍ മനുഷ്യപ്പിറവിയുടെ പ്രാരംഭ ഘട്ടങ്ങള്‍ ഹ്രസ്വവും എന്നാല്‍ അര്‍ഥഗര്‍ഭവുമായ വാക്കുകളില്‍ അനാവരണം ചെയ്യുകയാണ്. വചനത്തില്‍ ഒന്നാമത് പറയുന്നത്, ശക്തമായി ഉല്‍സര്‍ജിക്കുന്ന ശുക്ലത്തില്‍ നിന്നാണ് മനുഷ്യന്‍ ജന്മമെടുക്കുന്നത് എന്നാണ്. രണ്ടാമത് വ്യക്തമാക്കുന്നത്, നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും സന്ധിയില്‍ നിന്നാണ് അതിന്റെ ആവിര്‍ഭാവമെന്നും.
ശരീരശാസ്ത്രം വളര്‍ന്നതുകൊണ്ട് സ്ത്രീ-പുരുഷ പ്രത്യുല്‍പാദന അവയവങ്ങള്‍ എവിടെയാണെന്നും അവ ഓരോന്നിന്റെയും ധര്‍മങ്ങള്‍ എന്തൊക്കെയാണെന്നും ആധുനിക മനുഷ്യന് സാമാന്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഖുര്‍ആനിലെ ‘നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഇടയ്ക്ക്’ എന്ന പ്രയോഗം സ്വാഭാവികമായും യുക്തിവാദികളുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
വിമര്‍ശനത്തിലെ പൊള്ളത്തരം വ്യക്തമാക്കുന്ന രസകരമായ വസ്തുത ഇതാണ്: നാടോടികളായ അറബികള്‍ക്കു പോലും വൃഷണത്തില്‍ നിന്നാണ് കുഞ്ഞുണ്ടാകാന്‍ കാരണമായ ബീജമുണ്ടാകുന്നതെന്ന് നന്നായി അറിയാം. കന്നുകാലികളെയും കുതിരകളെയും ‘കൂടുതല്‍ കരുത്തുള്ളവരാ’ക്കാന്‍ വരിയുടയ്ക്കല്‍ (ഷണ്ഡീകരണം) സമ്പ്രദായം അന്നു നിലനിന്നിരുന്നതായി ചരിത്രത്തില്‍ കാണാം. നബി(സ) ആ ക്രൂരതയെ അരുതെന്നു വിലക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനും അക്കാര്യം വ്യക്തമായി അറിയാമെന്നതിന് വേറെ തെളിവ് അന്വേഷിക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ യുക്തിവാദികളുടെ വിമര്‍ശനം ചരിത്രബോധമില്ലാത്തതും യുക്തിദീക്ഷയില്ലാത്തതുമായിപ്പോയി. എങ്കില്‍, ‘നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും സന്ധി’ എന്ന ഖുര്‍ആനിലെ പ്രയോഗത്തിന്റെ പൊരുള്‍ എന്താണ്? അതിന് ആദ്യം വേണ്ടത് സ്‌പൈനല്‍ കോഡിന്റെയും വെര്‍ട്ടിബ്രല്‍ കോളത്തിന്റെയും ഘടനയും പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി മനസ്സിലാക്കുകയാണ്.
രതിവേഴ്ചയുടെ
ഘട്ടങ്ങള്‍
ആധുനിക ഗവേഷകരായ മാസ്റ്റേഴ്‌സും ജോണ്‍സണും രതിവേഴ്ചയ്ക്ക് നാലു ഘട്ടങ്ങളുണ്ടെന്നു സമര്‍ഥിക്കുന്നു: 1. അഭിനിവേശത്തിന്റെ ഘട്ടം, 2. തൃഷ്ണയുടെ സമതലഘട്ടം, 3. നിര്‍വൃതിഘട്ടം, 4. നിര്‍വൃതിയാനന്തര ഉദാസീനഘട്ടം. ഇണകള്‍ക്ക് അഭിനിവേശം തോന്നുന്നത് മാനസിക ഉത്തേജനങ്ങളില്‍ നിന്നോ സ്മൃതികളില്‍ നിന്നോ ദൃശ്യസംവേദനങ്ങളില്‍ നിന്നോ സാഹചര്യത്തിന്റെ സ്വകാര്യതയില്‍ നിന്നോ ഒക്കെയാകാം. പുരുഷന്മാരില്‍ മസ്തിഷ്‌കത്തിലെ പ്രത്യേക തരം ക്രാനിയല്‍ ന്യൂക്ലിയസുകളില്‍ നിന്നു തുടങ്ങി സുഷുമ്‌നാ നാഡികളിലൂടെ ഉത്തേജന ഇംപള്‍സുകള്‍ നട്ടെല്ലിലെ ഒരു പ്രത്യേക മേഖലയിലൂടെ ജനനേന്ദ്രിയത്തിലേക്ക് പ്രവഹിക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.
പ്രായപൂര്‍ത്തിയായ മനുഷ്യന്റെ നട്ടെല്ലില്‍ സാധാരണയായി 33 കശേരുക്കള്‍ കാണും. ഇവയെ അഞ്ചു മേഖലകളായി തിരിച്ചിരിക്കുന്നു. സെര്‍വിക്കല്‍ (7 കശേരുക്കള്‍), തൊറാസിക് (12 കശേരുക്കള്‍), ലംബര്‍ (5 കശേരുക്കള്‍), സാക്രല്‍ (5 സംയോജിത കശേരുക്കള്‍), കോസിജിയന്‍ (4 സംയോജിത കശേരുക്കള്‍).
നട്ടെല്ലിന്റെ കാവിറ്റിയിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം ഞരമ്പുകളുടെ സിലിന്‍ഡ്രിക്കല്‍ കോളമാണ് സുഷുമ്‌നാ നാഡി (Spinal cord). ഇത് കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ്. മസ്തിഷ്‌കവും പെരിഫറല്‍ നാഡീവ്യവസ്ഥയും തമ്മിലുള്ള ആശയവിനിമയം നിര്‍വഹിക്കപ്പെടുന്നത് ഇതിലൂടെയാണ്. നട്ടെല്ല് ശരീരത്തിന്റെ അസ്ഥിഘടനയാണെങ്കില്‍, സുഷുമ്‌നാ നാഡി അതിനുള്ളിലെ സങ്കീര്‍ണമായ ന്യൂറല്‍ ടിഷ്യൂകളാണ്. വെര്‍ട്ടിബ്രല്‍ കോളം എന്നും അറിയപ്പെടുന്ന നട്ടെല്ല് സുഷുമ്‌നാനാഡിക്ക് താങ്ങും പരിരക്ഷയും നല്‍കുന്നു.
ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍, പാരാസിംപതറ്റിക് ഇംപള്‍സുകള്‍ സുഷുമ്‌നാ നാഡിയുടെ സാക്രല്‍ സിഗ്‌മെന്റില്‍ നിന്നാണ് നെര്‍വി എരിജന്റുകള്‍ വഴി ലിംഗത്തിലേക്ക് കടന്നുപോകുന്നത്. ഇത് ലിംഗത്തിലെ സൂക്ഷ്മ ധമനികളുടെ വികാസത്തിനും അതുവഴി കൂടുതല്‍ രക്തയോട്ടത്തിനും നിമിത്തമാകുന്നു. അതോടെ ലിംഗോദ്ധാരണമുണ്ടാകുന്നു. സ്ത്രീകളിലാണെങ്കില്‍ ഭഗശിശ്‌നികയിലെയും(clitoris) യോനിയിലെയും സൂക്ഷ്മ ധമനികള്‍ വികസിക്കുകയും (vasodilation) അതു പുറമേക്കു തള്ളി രക്തവര്‍ണമാവുകയും ചെയ്യും. ഇതിനുള്ള ഇംപള്‍സുകള്‍ കിട്ടുന്നതും പുരുഷന്മാരെപ്പോലെ, സുഷുമ്‌നാ നാഡിയുടെ സാക്രല്‍ സിഗ്‌മെന്റില്‍ നിന്നുതന്നെ. ഈ ‘ഫിസിയോളജിക്കല്‍ സ്റ്റാറ്റസ്’ ഇണകള്‍ തൃഷ്ണയുടെ സമതല ഘട്ടത്തിലും കാത്തുസൂക്ഷിക്കുന്നു. ലൈംഗികതയുടെ ഏറ്റവും ഉയര്‍ന്ന നിര്‍വൃതിഘട്ടത്തില്‍ രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്: ഉദ്വമനവും സ്ഖലനവും (emission and ejaculation). നിര്‍വൃതിഘട്ടത്തില്‍ സുഷുമ്‌നാ നാഡി പ്രത്യേക തരം സിഗ്‌നലുകള്‍ അയക്കാന്‍ തുടങ്ങുന്നു. ഈ താളാത്മകമായ സിംപതറ്റിക് അന്തഃചോദന നട്ടെല്ലിലെ ലംബര്‍ എല്‍1, എല്‍2കളിലൂടെ ജനനേന്ദ്രത്തില്‍ എത്തുന്നതോടെ ഉദ്വമനത്തിന് ഒരുക്കംകൂട്ടുന്നു.
ഉദ്വമനം തുടങ്ങുന്നത് ഇങ്ങനെയാണ്: വൃഷ്ണസഞ്ചിയിലെയും എഡിഡിഡൈമിസ്, വാസ് ഡിഫെറന്‍സ്, സ്ഖലനനാളി എന്നിവയിലെയും തരംഗരൂപത്തിലുള്ള സങ്കോചങ്ങള്‍ യുറേത്രയുടെ മൂന്നു ഭാഗങ്ങളിലൊന്നായ പ്രോസ്റ്ററ്റിക് മേഖലയിലേക്ക് ബീജത്തെ വിക്ഷേപിക്കുന്നു. അതേസമയം തന്നെ സെമിനല്‍ വെസിക്കിള്‍, പ്രോസ്റ്റേറ്റ്, ബള്‍ബോ യുറേത്ര എന്നീ ഗ്രന്ഥികളില്‍ നിന്നുള്ള സ്രവങ്ങളും കൂടിക്കലര്‍ന്ന് സങ്കലിത ബീജമായാണ് ബഹിര്‍ഗമിക്കുന്നത്.
വെര്‍ട്ടിബ്രല്‍ കോളം മുഴുവന്‍ സുഷുമ്‌നാ നാഡിയില്ല. ആദ്യത്തെയും രണ്ടാമത്തെയും ലംബര്‍ കശേരുക്കള്‍ക്കിടയിലാണ് അത് അവസാനിക്കുന്നത്. എല്‍1, എല്‍2, എസ്1, എസ്2 എന്നീ സുഷുമ്‌നാ സിഗ്‌മെന്റുകള്‍ നട്ടെല്ലിലെ ഒന്നും രണ്ടും ലംബര്‍ കശേരുക്കള്‍ക്കുള്ളിലാണ് സന്ധിക്കുന്നത്. അവ വാരിയെല്ലുകള്‍ നട്ടെല്ലുമായി ചേരുന്ന തൊറാസിക് കശേരുക്കള്‍ക്ക് തൊട്ടു താഴെയുമാണ്. (ചിത്രങ്ങള്‍ കാണുക).
പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയിലെ പേശികളുടെ താളാത്മകമായ സങ്കോചങ്ങളാല്‍, പ്രത്യേകിച്ച് വാസ് ഡിഫെറന്‍സ്, പെല്‍വിക് ഫ്‌ളോര്‍ എന്നിവയുടെ മൃദുലതയാര്‍ന്ന, ഇലാസ്റ്റിക് സ്വഭാവമുള്ള പേശികളാണ് സെമിനല്‍ ദ്രവത്തിന്റെ കുത്തൊഴുക്കിന് സഹായകമാകുന്നത്. ഈ പേശീപ്രവര്‍ത്തനത്തോടൊപ്പം ചുറ്റുമുള്ള ഘടനയിലെ സമ്മര്‍ദം കൂടി സമ്മേളിക്കുമ്പോള്‍ മൂത്രനാളിയിലൂടെ സങ്കലിത ബീജത്തെ ദ്രുതഗതിയില്‍ ഉല്‍സര്‍ജിക്കാന്‍ കാരണമാകുന്നു. സ്ഖലനസമയത്ത് ശുക്ലം ശക്തിയോടെ തെറിച്ചുവീഴാനുള്ള ഊര്‍ജം പകരുന്നത് വിവിധ പേശികളുടെ താളാത്മകമായ സങ്കോചമാണെന്നു പറഞ്ഞുവല്ലോ. അതിന്റെ ബലതന്ത്രം ഇങ്ങനെ സംഗ്രഹിക്കാം:
പേശീസങ്കോചങ്ങള്‍: വൃഷണങ്ങളില്‍ നിന്നു മൂത്രനാളിയിലേക്ക് ബീജം കൊണ്ടുപോകുന്ന കുഴലാണ് വാസ് ഡിഫെറന്‍സ്. ഇതിന്റെ പേശികള്‍ സങ്കോചിച്ച് ബീജത്തെ വൃഷണത്തില്‍ നിന്ന് മൂത്രനാളിയില്‍ എത്തിക്കുന്നു. സെമിനല്‍ വെസിക്കിള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ബള്‍ബോ യുറേത്രല്‍ ഗ്രന്ഥി എന്നിവയുടെ ഇന്ദ്രജാലമാണ് അടുത്തത്.
ശുക്ലം വെറും ബീജമല്ല, ശുക്ലത്തിന്റെ 5 ശതമാനത്തില്‍ താഴെയേ ബീജമുള്ളൂ. സെമിനല്‍ വെസിക്കിളില്‍ നിന്നും പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നും ബള്‍ബോ യുറേത്രല്‍ ഗ്രന്ഥിയില്‍ നിന്നും പുറപ്പെടുന്ന ദ്രവങ്ങളും ശുക്ലത്തില്‍ ഉണ്ടെന്നു പറഞ്ഞല്ലോ. ഈ ഗ്രന്ഥികളുടെ പേശീസങ്കോചവും സ്ഖലനത്തിന് ശക്തി പകരുന്നുണ്ട്. അവസാനമായി ഏകോപിത പ്രവര്‍ത്തനമാണ്. പെല്‍വിക് ഫ്‌ളോര്‍, പെരിനിയം എന്നിവയുടെ പേശികള്‍ ചേര്‍ന്ന് ഏകോപിത പ്രവര്‍ത്തനം നിര്‍വഹിക്കുന്നതോടെ ശുക്ലത്തിന്റെ ഒഴുക്കിന് ദ്രുതതാളം കൈവരുന്നു.
സ്ഖലന സമയത്ത് ശുക്ലം യോനിയിലേക്ക് തെറിച്ചുവീഴുന്നതിലെ ആവേഗം ബീജസങ്കലനത്തെ സുഗമമാക്കുന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവത്തിലേക്ക് ബീജം കുതിച്ചുചാട്ടം നടത്തേണ്ടത് പ്രകൃതിപരമായ ആവശ്യമാണ്. ഫാലോപ്യന്‍ ട്യൂബില്‍ നിന്നു വിക്ഷേപിക്കപ്പെടുന്ന അണ്ഡത്തെ പ്രാപിക്കാന്‍ ‘തെറിച്ചുവീഴല്‍’ ആക്കംകൂട്ടുന്നു. ഗര്‍ഭാശയത്തിനും യോനിക്കുമിടയിലുള്ള ഇടുങ്ങിയ വഴിയായ സെര്‍വിക്‌സിലൂടെ ബീജത്തെ തള്ളിവിടുന്നത് ഈ ഗതികോര്‍ജമാണ്. ബീജം അണ്ഡത്തെ പ്രാപിക്കുന്നതിന് ഒരു വൈതരണിയായി നില്‍ക്കുന്ന സെര്‍വിക്കല്‍ മ്യൂക്കസിനെ വകഞ്ഞുമാറ്റാന്‍ ഈ കുതിപ്പ് ഒരുവേള സഹായിക്കുന്നുണ്ട്.
അവസാന ഘട്ടത്തില്‍, താളാത്മകമായ പാരാസിംപതറ്റിക് ഇംപള്‍സുകള്‍ എസ്1, എസ് 2 എന്നീ സാക്രല്‍ സിഗ്‌മെന്റുകള്‍ വഴി പുഡെന്റല്‍ ഞരമ്പിലൂടെ ജനനേന്ദ്രത്തിന്റെ ആന്തരികമേഖലയില്‍ തേരോട്ടം നടത്തുന്നു. ഇത് ഉദ്ധൃത കലകളെ സങ്കോചിപ്പിക്കാന്‍ നിമിത്തമാകുന്നു. ലിംഗത്തിന്റെ താഴ്ഭാഗം ഉള്‍വലിയുകയും ശുക്ലം പ്രോസ്റ്ററ്റിക് യുറേത്രയില്‍ നിന്ന് ഉയര്‍ന്ന മര്‍ദത്തില്‍ വജിനയുടെ ആഴങ്ങളിലേക്ക് ശക്തിയില്‍ പമ്പു ചെയ്യാന്‍ ഹേതുവാകുകയും ചെയ്യുന്നു. ശുക്ലം തെറിച്ചുവീഴുന്നതിലെ ഉന്നത മര്‍ദം കാരണം 12 മുതല്‍ 24 സെ.മീ. ദൂരത്തേക്ക് രേതസ്‌കണങ്ങള്‍ ചീറ്റുന്നു.
ഇവിടെയാണ് ഖുര്‍ആനിലെ ‘തെറിച്ചുവീഴുന്ന രേതസ്‌കണത്തില്‍ നിന്ന്’ എന്ന പ്രയോഗവും ‘നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും സന്ധിയില്‍ നിന്ന്’ എന്ന പ്രയോഗവും ഗവേഷണവിധേയമാക്കേണ്ടത്. സുഷുമ്‌നാ നാഡി അവസാനിക്കുന്നത് നട്ടെല്ലിലെ ഒന്നാമത്തെയും രണ്ടാമത്തെയും ലംബര്‍ വെര്‍ട്ടിബ്രയില്‍ വെച്ചാണല്ലോ. സ്‌പൈനല്‍ സിഗ്‌മെന്റുകളായ എല്‍1, എല്‍2, എസ്1, എസ്2 എന്നിവ സന്ധിക്കുന്നതാകട്ടെ തൊറാസികിന് താഴെയുള്ള ഒന്നാമത്തെയും രണ്ടാമത്തെയും ലംബര്‍ വെര്‍ട്ടിബ്രയിലും. അവിടെയാണ് വാരിയെല്ലുകളും നട്ടെല്ലും ചേരുന്നത്.
ശുക്ലദ്രാവകത്തിന് ശക്തിയില്‍ പ്രവഹിക്കാന്‍ കാരണമായ ന്യൂറല്‍ സന്ദേശങ്ങള്‍ കൈമാറുന്നതാകട്ടെ സുഷുമ്‌നാ നാഡിയുടെ സാക്രല്‍ സിഗ്‌മെന്റുകളില്‍ നിന്നാണ്. അതാണെങ്കില്‍ ഇരുവശങ്ങളിലെയും പന്ത്രണ്ടാം വാരിയെല്ലിന്റെ തൊട്ടുതാഴെയും നട്ടെല്ലിലെ എല്‍3 കശേരുവിന്റെ തൊട്ടുമുകളിലുമാണ്. അതായത് ഖുര്‍ആന്‍ വിശേഷിപ്പിച്ചതുപോലെ, ‘നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും സന്ധിയില്‍ നിന്ന്.’