തേരവട്ടത്തില്‍ മുഹമ്മദ്
വി സി സക്കീര്‍ ഹുസൈന്‍, കുണ്ടുതോട്
എടവണ്ണ: കുണ്ടുതോട് പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയായിരുന്ന തേരവട്ടത്തില്‍ മുഹമ്മദ് നിര്യാതനായി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും സധൈര്യം ആ പാതയില്‍ മുന്നേറുകയും ചെയ്ത അദ്ദേഹം പ്രായാധിക്യത്തിന്റെ അവശതയിലും അസുഖ ബാധിതനായിരിക്കുമ്പോഴും പതിവ് ശീലമായിരുന്ന ഖുര്‍ആന്‍ പാരായണവും പുസ്തകവായനയും കൃത്യമായി നിര്‍വഹിച്ച് പോന്നിരുന്നു. ഇസ്‌ലാഹി പ്രസിദ്ധീകരണങ്ങളായ ശബാബ്, അല്‍മനാര്‍ തുടങ്ങിയവ മുടങ്ങാതെ വായിക്കുമായിരുന്നു.
എ അലവി മൗലവി, സെയ്ദ് മൗലവി രണ്ടത്താണി, വെട്ടം അബ്ദുല്ല ഹാജി, അലി അക്ബര്‍ മൗലവി, കെ സി അബൂബക്കര്‍ മൗലവി, ഡോ. ഉസ്മാന്‍ സാഹിബ്, എ പി അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഇവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്ര ത്യാഗം സഹിച്ചും കാല്‍നടയായി ഒട്ടേറെ സ്ഥലങ്ങളിലേക്ക് പോയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുന്‍ഗാമികളായ പണ്ഡിതന്മാരും പ്രവര്‍ത്തകരും സഹിച്ച ത്യാഗത്തിന്റെ കഥകള്‍ പുതുതലമുറയ്ക്ക് അദ്ദേഹം പകര്‍ന്നുകൊടുത്തിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും പരലോകജീവിതം സന്തോഷ പ്രദമാക്കി തീര്‍ക്കുകയും ചെയ്യട്ടെ (ആമീന്‍)