അപ്പോള്‍ പിന്നെ ഏതാണ് ശിര്‍ക്ക്?
എം ഖാലിദ്, നിലമ്പൂര്‍
കഴിഞ്ഞ ദിവസം കണ്ട ഒരു മുസ്‌ല്യാരുടെ വീഡിയോയില്‍, ‘സുന്നികളു’ടെ ഇബാദത്ത് സംബന്ധിച്ച വിശ്വാസമനുസരിച്ച്, പടച്ചവനോട് നേരിട്ട് ഒന്നും ചോദിക്കല്‍ ഇസ്‌ലാമിലില്ല എന്നും, അവന്റെ ഔലിയാക്കള്‍ മുഖേന മാത്രമേ അതാകാവൂ എന്നും അതാണ് സമസ്തയുടെ വിശ്വാസം എന്നും കാന്തപുരത്തിന്റേത് അടക്കമുളള സമസ്തയുടെ ഉദ്ധരണികള്‍ ആവര്‍ത്തിച്ചുകൊണ്ട് കാണിച്ചത് മുഴുവന്‍ ഞാന്‍ കേട്ടു. രോഗശയ്യയിലുള്ള ശൈഖിന്റെ മരണശേഷം ജനങ്ങള്‍ക്ക് ആ പുണ്യാത്മാവിനോട് പ്രാര്‍ഥനയും മറ്റും നടത്താനും വരുമാന ആവശ്യത്തിനും വേണ്ടി ഒരു വന്‍ മഖ്ബറ നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് മുസ്‌ല്യാരുടെ വീഡിയോ അവസാനിക്കുന്നത്. മുജാഹിദുകള്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചു പറയുന്നത് പ്രസ്തുത വിശ്വാസങ്ങളും പ്രാര്‍ഥനകളും അല്ലാഹു പൊറുത്തുകൊടുക്കാത്ത കൊടിയ ശിര്‍ക്കാണെന്നും അവനോട് മാത്രമേ നേര്‍ച്ച-വഴിപാടുകള്‍ ആകാവൂ എന്നുമാണെന്ന് എല്ലാവര്‍ക്കും അറിയാം.
പടച്ചവനോടുള്ള ആരാധനയില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കല്‍ ശിര്‍ക്ക് എന്ന മഹാ പാപം ആണെന്നും അത് അവന്‍ പൊറുക്കാത്ത തെറ്റാണെന്നും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് എന്നത് സമസ്തക്കാരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, പ്രാര്‍ഥന നേരിട്ട് അല്ലാഹുവിനോട് പാടില്ല, ഔലിയാക്കളുടെ ഹഖും ബര്‍കത്തും മുഖേന മാത്രമേ പറ്റൂ എന്നവര്‍ പറയുന്നത് ശിര്‍ക്കല്ല, ഇസ്‌ലാം പഠിപ്പിക്കുന്നതാണത് എന്ന് ആവര്‍ത്തിച്ച് വിശദീകരിച്ച പ്രസ്തുത സമസ്ത പണ്ഡിതന്‍, അതിലൊന്നും പിന്നെ ഏതാണ് ഖുര്‍ആന്‍ പറഞ്ഞ ശിര്‍ക്ക് എന്നു പറയുന്നില്ല. ശിര്‍ക്ക് എന്ന ഒരു മഹാപാപം ഉള്ളതായി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ? എങ്ങനെ ഒരാള്‍ ചെയ്യുമ്പോഴാണ് അത് ശിര്‍ക്കാവുക? സ്രഷ്ടാവായ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ സൃഷ്ടികളെ പങ്കുചേര്‍ക്കല്‍ ശിര്‍ക്കല്ലെങ്കില്‍ പിന്നെ, ചുരുങ്ങിയത് രണ്ടു അല്ലാഹുമാരെങ്കിലും ഉണ്ട് എന്നു വിശ്വസിച്ചാല്‍ മാത്രമേ ശിര്‍ക്കാവൂ എന്നാണോ സമസ്ത കരുതുന്നത്? തങ്ങള്‍ ചെയ്യുന്നതാണ് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസമെന്നു പറയുമ്പോള്‍, എങ്കില്‍ പിന്നെ ഏതാണ് തൗഹീദിന് എതിരായ ശിര്‍ക്ക് എന്നൊന്ന് വ്യക്തമാക്കിത്തരേണ്ടതെങ്കിലുമില്ലേ?