വിടവാങ്ങലിന്റെ വേദന
എന്‍ജി. പി മമ്മദ് കോയ
അസീസിയയില്‍ നിന്ന് ഹറം ശരീഫിലേക്കുള്ള ബസ് സര്‍വീസ് ദുല്‍ഹിജ്ജ 15-ന് മാത്രമേ ആരംഭിക്കൂ. അതുകൊണ്ട് ഹറമിലേക്ക് പോകാന്‍ കഴിഞ്ഞില്ല. മൂന്നു ദിവസങ്ങള്‍ പരിപൂര്‍ണ വിശ്രമമായിരുന്നു. ജമാഅത്ത് നമസ്കാരത്തിന് താമസ സ്ഥലത്തിനടുത്തുള്ള മസ്ജിദിലേക്ക് പോകും. തിരിച്ചുവരുമ്പോള്‍ ആവശ്യമായ സാധനങ്ങളും ഭക്ഷണവുമൊക്കെ വാങ്ങിവരാറാണ് പതിവ്.
മസ്ജിദിന് ചുറ്റുഭാഗത്തുമുള്ള മാര്‍ക്കറ്റുകള്‍ ആ സമയത്ത് സജീവമാകും. ഹര് മാല്‍ക്കൊ ദൊ റിയാലും സത്തു റിയാലുമൊക്കെ മദീനയിലെ പോലെ ഇവിടെയും കേള്‍ക്കാം! പീടികകളിലും തട്ട് കടകളെപോലെ മുച്ചക്രവണ്ടികളിലും പിന്‍ഭാഗം തുറന്ന കാറുകളിലുമൊക്കെ കച്ചവടം നടക്കുന്നുണ്ട്. മുസല്ല, കാരക്കകള്‍, പഴങ്ങള്‍ തുടങ്ങി എല്ലാതരങ്ങളും വില്പനക്കുണ്ട്.
നൈജീരിയക്കാരും യമനികളുമായ സ്ത്രീകള്‍ മൈലാഞ്ചിപ്പൊടി, മറിയംപൂവ് തുടങ്ങി വേദനാസംഹാരികള്‍, തൈലങ്ങള്‍, ദസ്വി മാല തുടങ്ങിയവയുടെ സ്പെഷലിസ്റ്റുകളാണ്. മറിയംപൂവ് ഈസാനബി(അ)യുടെ മാതാവായ മര്‍യമിന്റെ പേരില്‍ അറിയപ്പെടുന്നതാണ്. പ്രസവരക്ഷക്ക് ഉപയോഗിക്കാവുന്നതാണെന്നാണ് പറയുന്നത്. സുഖപ്രസവത്തിന് പാരമ്പര്യ വയറ്റാട്ടികള്‍ ഇത് ഉപയോഗിക്കാറുണ്ടെന്ന് ചില ഹാജിമാര്‍ പറഞ്ഞു.
കാരക്ക വിലക്കുറവും വിശ്വസിച്ച് വാങ്ങാവുന്നതും മദീനയിലാണെന്നാണ് പൊതു സംസാരം. മക്കയില്‍ വില കുറവായി തോന്നിയത് കാര്‍പ്പറ്റിനാണ്. ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും മറ്റും വരുന്ന നല്ല ആകര്‍ഷകമായ പരവതാനികള്‍ വളരെ കുറഞ്ഞ വിലയില്‍ മക്കയില്‍ ലഭിക്കും.
ബസ് സര്‍വീസ് ആരംഭിച്ചതു മുതല്‍ ഹറമിലേക്ക് പോകാന്‍ തുടങ്ങി. പ്രഭാത പ്രാര്‍ഥനക്ക് മുമ്പ് ഹറമിലെത്തുന്ന രീതിയില്‍ ദിനചര്യ ക്രമീകരിച്ചു. സുബഹിയും ഒരു ത്വവാഫും കഴിഞ്ഞു തിരിച്ചു വരും. പിന്നീട് ഭക്ഷണവും വിശ്രമവും. മഗ്രിബിന് മുമ്പാണ് പീന്നീട് ഹറമിലെത്തുന്നത്. കഴിയുന്നിടത്തോളം ത്വവാഫ് ചെയ്യാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും ശ്രമിച്ചു. ഹജ്ജ് കഴിഞ്ഞതിനു ശേഷമുള്ള ഹറമിലെ ജമാഅത്ത് നമസ്കാരവും ത്വവാഫും ഖുര്‍ആന്‍ പാരായണവുമൊക്കെ വളരെയധികം ഏകാഗ്രതയോടും ഭക്തിപൂര്വവും ചെയ്യാന്‍ കഴിയുന്നുണ്ട്. മുമ്പുള്ളത് പോലെയല്ല, നമസ്കരിക്കുമ്പോള്‍ അല്ലാഹുവിന്റെ തിരുസാന്നിധ്യത്തിലേക്ക് മാനസികമായി കൂടുതല്‍ അടുത്തതുപോലെ!
മെല്ലെ മെല്ലെ നാട്ടിലെ ചിന്തകള്‍ വരാന്‍ തുടങ്ങി. ദിവസവും വീട്ടിലേക്ക് വീഡിയോ ഫോണ്‍ ചെയ്യുന്നത് കൊണ്ട് ഒരു അകല്‍ച്ച തോന്നുന്നില്ല. ഹാജിമാര്‍ പലരും മക്കയിലെ പ്രധാന സന്ദര്‍ശക പ്രാധാന്യമുളള സ്ഥലങ്ങള്‍ കാണാന്‍ പോകുന്നുണ്ട്. പലരും തന്‍ഈം എന്ന സ്ഥലത്തുള്ള മസ്ജിദില്‍ പോയി ഇഹ്റാം ചെയ്ത് വീണ്ടും ഉംറ ചെയ്യുന്നുണ്ട്.
ഇത് എത്രമാത്രം സ്വീകാര്യമാണ് എന്നത് വിചിന്തനം ചെയ്യേണ്ടതാണ്. റസൂലിന്റെ(സ) ഹജ്ജ് വേളയില്‍ കൂടെയുണ്ടായിരുന്നു. ആയിശ(റ) ആര്ത്തവകാരിയാകുകയും അവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കഴിയാതെ വരികയും ചെയ്തു. മറ്റുള്ളവരെല്ലാം ഹജ്ജും ഉംറയും ചെയ്തപ്പോള്‍ തനിക്ക് ഉംറ ചെയ്യാന്‍ സാധിക്കാതെ വന്ന ആയിശ(റ) റസൂലിനോട് തന്റെ നിരാശയും സങ്കടവും പ്രകടിപ്പിച്ചു. ആ പ്രത്യേക സാഹചര്യത്തിലാണ് റസൂല്‍ ആയിശയെ ഹറമിന്റെ പരിധിയിലുള്ള തന്‍ഈമില്‍ കൊണ്ടുപോയി ഇഹ്റാം ചെയ്യാന്‍ സഹായിക്കാന്‍ അവരുടെ സഹോദരനോട് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഈ സംഭവത്തിന് ശേഷം സഹാബിമാരാരെങ്കിലും ഇത് അനുകരിച്ചതായി അറിവില്ല. എന്തായാലും പല തവണ തന്‍ഈം എന്ന സ്ഥലത്തേക്ക് പോയി ഇഹ്റാം ചെയ്തു വന്നു നാലും അഞ്ചും ഉംറ ചെയ്യുന്നത് ശരിയായ രീതിയോ പ്രമാണങ്ങളോട് യോജിച്ചതോ അല്ല.
ഞങ്ങള്‍ക്ക് തിരിച്ചു പോകാനുള്ള ദിവസം അടുത്തു വന്നു. പുണ്യ നഗരിയോട് വിടപറയാനുള്ള ദിവസം സമാഗതമായി. വീട്ടിലെത്തുവാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു! ലഗേജുകളൊക്കെ അനുവദിച്ച തൂക്കത്തിനനുസരിച്ച് തയ്യാറാക്കി. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഹാജിമാര്‍ക്ക് ഒരു കര്‍മ്മം കൂടി ചെയ്യേണ്ടതുണ്ട്. തവാഫുല്‍ വിദാഅ് (വിടവാങ്ങലിന്റെ തവാഫ്)
ഞങ്ങള്‍ കഅ്ബാലയത്തോട് വിടപറയാന്‍ ഹറം ശരീഫിലേക്ക് യാത്രയായി! ചകിതമായ മനസ്സോടെയാണ് ത്വവാഫ് ആരംഭിച്ചത്. എല്ലാ അര്‍ഥത്തിലും വിടവാങ്ങലിന്റെ വേദനയാണ് മനസ്സില്‍. അസര്‍ നമസ്കാരാനന്തരം മടക്കയാത്രയാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. മക്കാ നഗരത്തോട് വിട പറയുമ്പോള്‍ അവസാനം ചെയ്യുന്ന കര്‍മ്മമാണ് ഈ വിടവാങ്ങല്‍! ഇനി ജീവിതത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വിശുദ്ധ ഗേഹം കാണാന്‍ കഴിയുമോ? ഇനിയും ഒരിക്കല്‍ കൂടി ഈ പവിത്രമന്ദിരത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാന്‍ കഴിയുമോ?
ത്വവാഫ് ചെയ്യുമ്പോഴും ഇബ്റാഹീം മഖാമിന് പിന്നില്‍ നിന്ന് ഹറമിലെ അവസാന നമസ്കാരം നിര്‍വഹിക്കുമ്പോഴും നിറഞ്ഞ കണ്ണുകളോടെ പ്രാര്ഥിക്കുകയായിരുന്നു: അല്ലാഹുവേ ഇത് അവസാന സന്ദര്‍ശനമാക്കരുതേ!
മുതവ്വഫിന്റെ ബസ്സില്‍ ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് യാത്രയായി. ട്രെയിനര്‍മാരും വളണ്ടിയര്‍മാരും അധികാരികളുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ കാര്യമാണ് ലഗേജുകളില്‍ സംസം കുപ്പികളോ ക്യാനുകളോ വെക്കരുത് എന്ന്. പക്ഷെ പല ഹാജിമാരുടെയും ലഗേജുകളില്‍ മൂന്നും നാലും ലിറ്റര്‍ കുപ്പികളുണ്ടായിരുന്നു. പലതും പരിശോധനയില്‍ ചവറ്റുകൊട്ടയിലെറിയപ്പെട്ടു. ഭദ്രമായി കെട്ടിയ ലഗേജുകള്‍ ആ തിരക്കിന്നിടയില്‍ വീണ്ടും കെട്ടേണ്ടി വന്നു.
എയര്‍പോര്‍ട്ട് അധികൃതര്‍ നടപടിക്രമങ്ങള്‍ ഹാജിമാര്‍ക്ക് വേണ്ടി പരമാവധി ലളിതമാക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചില ഹാജിമാരുടെ അതി സാമര്‍ഥ്യവും വിവരക്കേടും കാരണം മറ്റുള്ളവര്‍ക്ക് പോലും വലിയ പ്രയാസങ്ങളുണ്ടാക്കുകയാണ്.
രാജ്യാതിര്‍ത്തികളും നഗരങ്ങളും താണ്ടി ഞങ്ങളുടെ വിമാനം കരിപ്പൂരില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. സ്വീകരിക്കാന്‍ കാത്തുനില്ക്കുന്ന മക്കളുടെയും ബന്ധുക്കളുടെയും അടുത്തേക്ക് കേവലം ഹാന്റ് ബാഗ് മാത്രമായാണ് ഞങ്ങളുടെ വരവ്. ലഗേജുകളെല്ലാം എയര്‍പോര്‍ട്ടിന്റെ പുറത്തേക്കു എത്തിക്കുന്നത് വളണ്ടിയര്‍മാര്‍ തന്നെയാണ്. നിസ്വാര്‍ഥ സേവകരായ ഹജ്ജ് വളണ്ടിയര്‍മാര്‍! അവര്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുകയാണ്. പ്രതിഫലേഛയില്ലാത്ത ഈ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ! ഹൃദയപൂര്‍വ്വമായ നന്ദിയറിയിച്ചു കൊണ്ട് ഞങ്ങളുടെ വാഹനത്തില്‍ സ്വഭവനത്തിലേക്കുള്ള യാത്ര! ആയിരം മൈലുകള്‍ക്കപ്പുറത്തുള്ള അല്ലാഹുവിന്റെ ഭവനത്തില്‍ നിന്ന് പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്തു പരിപൂര്‍ണ തൃപ്തിയോടെ സ്വന്തം വീട്ടിലേക്ക്! അല്‍ഹംദുലില്ലാഹ്…