തവക്കുല്‍ നല്‍കുന്ന കരുത്ത്
അലി മദനി മൊറയൂര്‍
മനുഷ്യന്‍ നിസ്സഹായനാണ്. അവന്റെ കഴിവുകള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്. ഈ വസ്തുത എല്ലാവരും അംഗീകരിക്കുന്നതാണ്. കൊറോണ അടക്കമുള്ള മഹാമാരികളിലൂടെ സ്രഷ്ടാവ് ഇത് മനുഷ്യനെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യ കഴിവിന്നപ്പുറത്ത് അവന്റെ ഭാരം ഇറക്കിവെക്കാന്‍ ഒരു അത്താണി ആവശ്യമാണ്. ഈ ആവശ്യത്തിന് സൃഷ്ടികളെ സമീപിക്കുന്നവരെ മനുഷ്യരില്‍ കാണാം. അമ്പിയാക്കള്‍, ഔലിയാക്കള്‍, മഹാന്മാര്‍, മുനിമാര്‍, മഹര്‍ഷിമാര്‍, വ്യക്തികള്‍, ശക്തികള്‍, ബാവമാര്‍, ബീവിമാര്‍, ജിന്നുകള്‍, മലക്കുകള്‍, ദിവ്യന്മാര്‍, സിദ്ധന്മാര്‍ എന്നിവരോട് പ്രസ്തുത ആവശ്യാര്‍ഥം പ്രാര്‍ഥിക്കുകയും നേര്‍ച്ച വഴിപാടുകള്‍ അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥ ധാരാളമായി കാണാം.
എന്നാല്‍ ഇത്തരത്തിലുള്ള പ്രാര്‍ഥനകളും മറ്റും തീര്‍ത്തും നിരര്‍ഥകവും ബാലിശവുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ”തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇട തരേണ്ടതില്ല.” (7:194,195)
”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (13:14)
അപ്പോള്‍ മനുഷ്യ കഴിവിന്നപ്പുറത്തുള്ള കാര്യങ്ങളിലെല്ലാം അവന്‍ ഭരമേല്പിക്കേണ്ടത് അഥവാ തവക്കുലാക്കേണ്ടത് ഏകനായ പ്രപഞ്ച നാഥനിലായിരിക്കണം. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച് മനുഷ്യനടക്കമുള്ള സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടതെല്ലാം ഒരുക്കിക്കൊടുത്ത നാഥന് മാത്രമേ അവനെ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ശാശ്വതമായി മോചിപ്പിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.
”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.” (39:38)
അല്ലാഹു അവനെ സഹായിക്കുകയാണെങ്കില്‍ അവനെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല. മറിച്ച്, അല്ലാഹു അവനെ കൈവിട്ടാല്‍ അവനെ രക്ഷപ്പെടുത്തിയെടുക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ”നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടു കളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.” (3:160)
അതുകൊണ്ടുതന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്മാരഖിലവും ഏകനായ നാഥനിലേക്ക് മാത്രം അവരുടെ തേട്ടങ്ങളെ തിരിച്ചുവിട്ടത്. അന്തിമ പ്രവാചകന്‍ ബദ്ര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ മനുഷ്യ കഴിവില്‍ പെട്ടതെല്ലാം ഒരുക്കി. മുന്നൂറിലധികം പട്ടാളം, അല്പം വാഹനം, ചെറിയ ആയുധങ്ങള്‍, കുറച്ച് ഭക്ഷണം. ഇനി ആരോട് പറയും? സൃഷ്ടികളില്‍ പെട്ട ജിന്നുകള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് വിശുദ്ധ ഖുര്‍ആന്‍ കേട്ടുപോയിട്ടുണ്ട്. വഹ്‌യുമായി വരുന്ന ജിബ്‌രീല്‍(അ) എന്ന ശക്തനായ മലക്കുണ്ട്. മണ്‍മറഞ്ഞുപോയ പ്രവാചകന്മാര്‍ ധാരാളമുണ്ട്. ഇവരിലേക്കൊന്നും പ്രവാചകന്‍ തന്റെ പ്രാര്‍ഥനയെ തിരിച്ചുവിട്ടില്ല. അവരിലാരിലും ഭരമേല്പിച്ചില്ല. മറിച്ച്, തന്റെ സ്രഷ്ടാവായ ഏകനായ അല്ലാഹുവിനോട് തന്റെയും അനുയായികളുടെയും കാര്യങ്ങള്‍ കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു:
”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.” (8:9)
ഇതവര്‍ക്ക് ശാന്തിയും സമാധാനവും നല്‍കി. മലക്കുകളിലൂടെ അല്ലാഹു അവരെ സഹായിച്ചു. ആയിരത്തിലധികം വരുന്ന സര്‍വായുധ സജ്ജരായ പടയെ അവര്‍ക്ക് പരാജയപ്പെടുത്താന്‍ സാധിച്ചു. കടലിന്റെ മുമ്പില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായം ചെന്നവരുമടക്കമുള്ള സമൂഹം ‘ഞങ്ങള്‍ പിടിക്കപ്പെട്ടു’, ക്രൂരനായ ഫിര്‍ഔനും ഗുണ്ടപ്പടയും ഞങ്ങളെ കൊന്നുതള്ളും എന്ന് ആര്‍ത്ത് അട്ടഹസിച്ചപ്പോള്‍ മൂസാ(അ) അവര്‍ക്ക് ആശ്വാസമേകിയത് അല്ലാഹുവിലുള്ള തവക്കുല്‍ ഒന്നുകൊണ്ടു മാത്രമാണ്. ”അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചു തരും.” (26:61,62)
സൗര്‍ ഗുഹക്കകത്ത് ഒളിച്ചിരിക്കുന്ന പ്രവാചകനെത്തേടി ശത്രുക്കള്‍ ഗുഹാമുഖത്ത് എത്തിയപ്പോള്‍ കൂട്ടുകാരന്‍ അബൂബക്‌റിനെ(റ) പ്രവാചകന്‍ ആശ്വസിപ്പിച്ചത് അല്ലാഹുവില്‍ തവക്കുലാക്കിക്കൊണ്ടു തന്നെയായിരുന്നു. അതിലൂടെ അവര്‍ക്ക് ശാന്തിയും സമാധാനവും അല്ലാഹു ഇറക്കിക്കൊടുത്തു. നമുക്ക് കാണാന്‍ കഴിയാത്ത സൈന്യത്തെക്കൊണ്ട് അല്ലാഹു അവരെ ശക്തിപ്പെടുത്തി. ”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” (9:40)
ഈ സമാധാനവും ശാന്തിയും സന്നാഹങ്ങളെക്കൊണ്ടോ സൈനികശേഷി കൊണ്ടോ സാമ്പത്തിക മികവ് കൊണ്ടോ സാങ്കേതികവിദ്യ കൊണ്ടോ ലഭിക്കുകയില്ലെന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാല്‍ മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ് തരുന്ന അജണ്ടകളുടെ പിന്നാലെ പോവാതെ സ്വന്തം ആദര്‍ശവും വിശ്വാസവും വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി ധീരമായി മുന്നോട്ടുപോകാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. കാരണം അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധ്യമല്ലെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ”അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.” (35:2)
ചരിത്രം അതിന് സാക്ഷിയാണ്. മൂസാ നബി(അ)യെ കൊല്ലണമെന്ന് തീരുമാനിച്ച നാട്ടിലെ രാജാവിന്റെ കൊട്ടാരത്തിലാണ് മൂസാ നബിയെ അല്ലാഹു വളര്‍ത്തിയത്. യൂസുഫിനെ നശിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത പത്ത് സഹോദരങ്ങള്‍ അവസാനം കൈനീട്ടി വന്നത് അതേ യൂസുഫിന്റെ മുന്നിലാണ്. ”അല്ലാഹു അവന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.” (12:21)
അല്ലാഹുവിങ്കല്‍ തവക്കുലാക്കേണ്ട വിധത്തില്‍ തവക്കുലാക്കുന്നവന്റെ അവസ്ഥയെ പ്രവാചകന്‍(സ) ഉപമിച്ചത് രാവിലെ വയറൊട്ടിയ നിലയില്‍ കൂട്ടില്‍ നിന്ന് പറന്നുപോവുന്ന പറവയോടാണ്. വൈകിട്ട് അത് കൂട്ടിലേക്ക് തിരിച്ചെത്തുന്നത് നിറഞ്ഞ വയറുമായാണ്. ഇതുപോലെ അല്ലാഹുവില്‍ തവക്കുലാക്കുന്നവന്നും വിഭവങ്ങള്‍ നല്‍കപ്പെടും. ”ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയാണെങ്കില്‍ അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിലും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്.” (65:3)