തൗബ: മനസ്സിന്റെ ഖേദപ്രകടനം
എം ടി അബ്ദുല്‍ഗഫൂര്‍
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി(സ) പറഞ്ഞിരിക്കുന്നു. വിജനമായ ഒരു മരുഭൂമിയിലൂടെ തന്റെ ഒട്ടകപ്പുറത്ത് ഭക്ഷണപാനീയങ്ങളുമായി യാത്ര ചെയ്യുന്ന ഒരു മനുഷ്യന്‍, യാത്രക്കിടയില്‍ വിശ്രമിക്കാനായി ഒരിടത്തിറങ്ങി. അവിടെ ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും യാത്രാവാഹനവും പാഥേയവും കാണാനില്ല. അതിനെ അന്വേഷിച്ചുകൊണ്ട് ആ മരുഭൂമിയില്‍ അവന്‍ നടന്നു. ദാഹം അവനെ പിടികൂടി. അവന്‍ സ്വയം പറഞ്ഞു: ‘നേരത്തെ വിശ്രമിച്ച സ്ഥലത്ത് പോയിരിക്കാം. അവിടെക്കിടന്ന് മരിക്കാം’. അങ്ങനെ തന്റെ കൈത്തണ്ടയില്‍ തലവെച്ച് മരണം പ്രതീക്ഷിച്ചുകൊണ്ടവന്‍ കിടന്നുറങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ അവന്റെ അരികില്‍ ഭക്ഷണ പാനീയങ്ങളുമായി അവന്റെ യാത്രാവാഹനം നില്‍ക്കുന്നു. അപ്പോള്‍ ആ യാത്രക്കാരനുണ്ടാവുന്ന സന്തോഷത്തേക്കാള്‍ അതിശക്തമായി അടിമ അല്ലാഹുവിനോട് പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹു സന്തോഷിക്കുന്നു”. (മുസ്‌ലിം)
തൗബ എന്നത് മടക്കത്തെയാണ് സൂചിപ്പിക്കുന്നത്. പാപപങ്കിലമായ ജീവിതത്തില്‍ നിന്നുള്ള ഒരു തിരിഞ്ഞുനടത്തത്തെ. ചെയ്തുപോയ തെറ്റുകളില്‍ കണ്ണീരൊഴുക്കി ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനവുമായി സ്രഷ്ടാവിന്റെ വഴിയിലേക്ക് നടക്കുന്ന മനസ്സിന്റെ ഖേദപ്രകടനമാണ് തൗബ. പാപങ്ങളുടെ പാഴ്‌ച്ചേറില്‍ നിന്ന് പരിശുദ്ധിയുടെ പരിമളത്തിലേക്ക് മനസ്സിനെ പരിവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണത്.
വിശ്വാസി പാപങ്ങളെ ഗൗരവമായി കാണുന്നു. ഇടിഞ്ഞുവീഴാറായ ഒരു മലയുടെ താഴ്ഭാഗത്തുകൂടി നടന്നുപോകുന്നവന്റെ ശ്രദ്ധയും ഗൗരവവുമാണ് വിശ്വാസിയുടെ പാപങ്ങളോടുള്ള സമീപനം. അധര്‍മകാരിയാവട്ടെ, തന്റെ മൂക്കിന്‍തുമ്പില്‍ ഒരു ഈച്ച വന്നിരുന്നാല്‍ അതിനെ തട്ടിക്കളയുന്നത്ര നിസ്സാരമായാണ് പാപങ്ങളെ കാണുന്നത്. അത് അവന്റെ മനസ്സില്‍ യാതൊരു സ്വാധീനവും വരുത്തുന്നില്ല. പാപങ്ങളുടെ നിസ്സാരതകൊണ്ടല്ല, മറിച്ച് മനസ്സിലുള്ള വിശ്വാസത്തിന്റെ ദുര്‍ബലതയാണതിന് കാരണം. എന്നാല്‍ വിശ്വാസി പാപങ്ങളെ അതീവ ഗൗരവമായി കാണുകയും അതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
അടുത്ത നിമിഷം ഒരു മലയിടിച്ചിലിനടിയില്‍ താന്‍ പെട്ടുപോകുമോ എന്നോര്‍ത്താല്‍ ആരാണ് പേടിക്കാത്തത്? അത്രമേല്‍ ഗൗരവമേറിയതത്രേ വിശ്വാസിക്ക് പാപങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ ഏക രക്ഷാമാര്‍ഗം അല്ലാഹു മാത്രമാണ്. അതുപോലെ പാപങ്ങള്‍ ചെയ്ത മനുഷ്യന് അല്ലാഹുവിലേക്കുള്ള രക്ഷാമാര്‍ഗമാണ് പശ്ചാത്താപം. ഇനി ആവര്‍ത്തിക്കില്ല എന്ന തീരുമാനത്താല്‍ ആത്മാര്‍ഥമായി അല്ലാഹുവിനോട് ഖേദിച്ചു മടങ്ങുന്നത് അവന്‍ ഏറെ ഇഷ്ടപ്പെടുന്നു.
മനുഷ്യസഹജമായ തിന്മകളില്‍ അകപ്പെട്ട് നിരാശനായി കഴിയുന്നവനു മുന്നില്‍ കാരുണ്യവാനായ അല്ലാഹു നല്‍കുന്ന മനസ്സമാധാനത്തിന്റ മാര്‍ഗമാണ് തൗബ. പൈശാചിക പ്രേരണയാല്‍ തെറ്റുചെയ്യുന്ന മനുഷ്യന്‍ ഉടന്‍ ഖേദിച്ചുമടങ്ങുന്നത് അല്ലാഹു ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്നു. മരണം മുന്നില്‍കണ്ട് കഴിയുന്ന വേളയില്‍ നഷ്ടപ്പെട്ട വാഹനവും ഭക്ഷണ പാനീയങ്ങളും മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടുന്ന യാത്രക്കാരനുണ്ടാവുന്ന സന്തോഷത്തിന്റെ എത്രയോ ഇരട്ടി സന്തോഷമാണ് അല്ലാഹുവിനുണ്ടാവുന്നത് എന്ന ഈ വചനം തൗബയുടെ ആവശ്യകതയും സ്വീകാര്യതയും നമ്മെ ബോധ്യപ്പെടുത്തുന്നു.