8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

തൗബ: പാപത്തിന്റെ പാഴ്‌ച്ചേറില്‍ നിന്നു പരിശുദ്ധിയുടെ ഏടുകള്‍

ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി


തൗബ അഥവാ പശ്ചാത്താപം ധാര്‍മിക ജീവിതത്തിന്റെ മുഖ്യ സ്തംഭമാണ്. ചെയ്ത തെറ്റില്‍ ദുഃഖിക്കാത്ത മനസ്സ് മനുഷ്യ വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നു. പശ്ചാത്താപത്തില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ശുഷ്‌കാന്തിയും വ്യക്തിയുടെ നന്മയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും തിന്മയുടെ തിരോധാനത്തിനും വഴിയൊരുക്കുന്നു.
‘തൗബ’ എന്ന അറബി വാക്കിന്റെ അര്‍ഥം ‘മടക്കം’ എന്നാണ്. പാപിയായ മനുഷ്യന്‍ പാപരഹിതമായ തുടര്‍ക്കാല ജീവിതത്തിനു ശരീരവും മനസ്സും ദൃഢമാക്കി സ്രഷ്ടാവിലേക്ക് തിരിഞ്ഞുനടക്കുന്ന ഖേദപ്രകടന പ്രക്രിയയാണ് തൗബ. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ട് അവന്റെ കല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മടങ്ങിയവന് ‘താഇബ്’ എന്നും ലജ്ജ കാരണം അരുതായ്മകളില്‍ നിന്ന് മടങ്ങിയവന് ‘മുനീബ്’ എന്നും അല്ലാഹുവിന്റെ പ്രതാപത്തെ പ്രകീര്‍ത്തിച്ച് മടങ്ങിയവന് ‘അവ്വാബ്’ എന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജമാണ്. അതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗമായാണ് പശ്ചാത്താപത്തെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പശ്ചാത്താപത്തിന് ഖുര്‍ആന്‍ വലിയ പ്രാധാന്യം നല്‍കുകയും പല സൂക്തങ്ങളിലും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ”എന്നാല്‍ ആരെങ്കിലും തന്റെ അതിക്രമത്തിനു ശേഷം പശ്ചാത്തപിച്ചു മടങ്ങുകയും ജീവിതം നന്നാക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു പൊറുക്കുന്നവനും ദയാനിധിയുമത്രേ” (മാഇദ 39).
”നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ മേല്‍ വിധിയെഴുതി. അതായത് നിങ്ങളില്‍ ആരെങ്കിലും അജ്ഞത മൂലം തിന്മ ചെയ്താല്‍ അനന്തരം പശ്ചാത്തപിച്ചു മടങ്ങുകയും ജീവിതം നന്നാക്കുകയും ചെയ്യുന്നപക്ഷം താന്‍ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു എന്ന് അവന്‍ നിശ്ചയിച്ചു” (അന്‍ആം 54). ”നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക” എന്നിങ്ങനെ പലയിടത്തും മാപ്പപേക്ഷയെ ഖുര്‍ആന്‍ പശ്ചാത്താപത്തോട് ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. കാരണം മാപ്പപേക്ഷയാണ് പശ്ചാത്താപത്തിന്റെ പ്രേരണ. പശ്ചാത്തപിക്കാതെ അല്ലാഹുവോട് മാപ്പപേക്ഷ നടത്തിക്കൂടാ എന്ന് ഇത് സൂചിപ്പിക്കുന്നു. പാപി സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവനാണ്. തെറ്റുകളില്‍ നിന്ന് വിരമിക്കാത്ത കാലത്തോളം മാപ്പപേക്ഷിക്കാന്‍ അവന് അര്‍ഹതയില്ല. അപ്പോള്‍ മാപ്പപേക്ഷ ലക്ഷ്യവും പശ്ചാത്താപം അതിന്റെ മാര്‍ഗവുമാണ്.
പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. കുറ്റബോധത്തോടെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ക്ഷമായാചന നടത്തുകയും തെറ്റുകളിലേക്ക് പോകാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പാപങ്ങളെല്ലാം പൊറുത്തുകൊടുക്കാന്‍ പരമകാരുണികന്‍ സന്നദ്ധനാണ്. അതിനു ശുപാര്‍ശയുടെയോ മാധ്യസ്ഥത്തിന്റെയോ ആവശ്യമില്ല. പാപിയായ ഒരാള്‍ പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ അല്ലാഹുവിന് ഉണ്ടാകുന്ന സന്തോഷാധിക്യം എത്രമാത്രമാണെന്ന് പ്രവാചകന്‍(സ) ഒരു ഉപമയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതിന്റെ സംക്ഷിപ്തം ഇപ്രകാരമാണ്: ”മരുഭൂമിയിലെ മരത്തണലില്‍ വിശ്രമിക്കുന്ന ഒരാള്‍ ഉറങ്ങിപ്പോകുന്നു. ഉണര്‍ന്നപ്പോള്‍ തന്റെ ഭക്ഷണപാനീയങ്ങളും മറ്റു വസ്തുക്കളുമെല്ലാം വഹിക്കുന്ന ഒട്ടകത്തെ കാണുന്നില്ല. ഒട്ടകത്തെ തിരഞ്ഞ് ദാഹവിവശനായി അറ്റമില്ലാത്ത മരുഭൂമിയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ അയാളുടെ മുമ്പില്‍ തന്റെ കാണാതെപോയ ഒട്ടകം പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ അയാള്‍ക്ക് ഉണ്ടാകുന്ന സന്തോഷം എത്രയായിരിക്കും! അതിന്റെ എത്രയോ മടങ്ങാണ് പാപിയായ ദാസന്‍ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിന് ഉണ്ടാകുന്ന സന്തോഷം.”
പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്നും തെറ്റുകുറ്റങ്ങളില്‍ നിന്നുമുള്ള പ്രതിരോധ കവചമത്രേ പശ്ചാത്താപം. പാപത്തിന്റെ പാഴ്‌ച്ചേറില്‍ നിന്നു പരിശുദ്ധിയുടെ ഏടുകളാണ് ‘തൗബ’യിലൂടെ തുറക്കുന്നത്. തന്മൂലം, മനുഷ്യന്‍ അല്ലാഹുവിലേക്ക് അടുക്കുന്നു.
അക്കാര്യം അല്ലാഹു വ്യക്തമാക്കുന്നുണ്ട്: ”തീര്‍ച്ചയായും അല്ലാഹു ശുദ്ധിയുള്ളവരെയും പശ്ചാത്തപിക്കുന്നവരെയും ഇഷ്ടപ്പെടുന്നു” (അല്‍ബഖറ 222). തെറ്റ് ചെയ്യുക എന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. തെറ്റു ചെയ്യാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ തെറ്റില്‍ ഉറച്ചുനില്‍ക്കാതെ പശ്ചാത്തപിച്ചു മടങ്ങലാണ് ബുദ്ധിമാനായ വിശ്വാസി സ്വീകരിക്കുന്ന വഴി. ഒരു ഖുദ്‌സിയായ ഹദീസ്: ”എന്റെ അടിമകളേ, നിങ്ങള്‍ രാപകലുകളില്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനാകട്ടെ പാപങ്ങളെല്ലാം പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും” (സ്വഹീഹ് മുസ്‌ലിം). ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി(സ) ഒറ്റയിരിപ്പില്‍ ‘നാഥാ, നീ എനിക്ക് പൊറുത്തുതരേണമേ, എന്നില്‍ പശ്ചാത്താപം ചൊരിയേണമേ, നീയാണല്ലോ ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനും’ എന്ന് നൂറു തവണയെങ്കിലും ചൊല്ലുന്നത് ഞങ്ങള്‍ എണ്ണാറുണ്ടായിരുന്നു” (അബൂദാവൂദ്, നസാഈ).
തൗബ നിഷ്‌കളങ്കവും ആത്മാര്‍ഥവും സ്വീകാര്യവുമായിത്തീരാന്‍ ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പശ്ചാത്താപ ഉപാധികളെ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
1. പശ്ചാത്താപം ആത്മാര്‍ഥതയോടെ അല്ലാഹുവിനോടായിരിക്കണം. ”ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ഥമായി പശ്ചാത്തപിക്കുവിന്‍. നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മാപ്പാക്കിത്തരുകയും, താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം” (തഹ്‌രീം 8).
2. പശ്ചാത്താപം ചെയ്യുന്നത് സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതിനു മുമ്പായിരിക്കണം. സഫ്‌വാനുബ്‌നു അസാല്‍(റ) ഉദ്ധരിക്കുന്നു: ”റസൂലുല്ല(സ) പറഞ്ഞു: സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതുവരെ പശ്ചാത്താപ കവാടങ്ങള്‍ അടയ്ക്കപ്പെടുകയില്ല.”
3. പശ്ചാത്താപം ചെയ്യുന്നത് മരണം ആസന്നമായ സമയത്തോ അവിശ്വാസിയായി മരിക്കുന്ന അവസ്ഥയിലോ ആവരുത്. തെറ്റില്‍ നിരന്തരമായി ജീവിക്കുകയും മരിക്കാന്‍ നേരത്ത് കണ്ണുതുറക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകാര്യമല്ല. ‘പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ മരണം അടുക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചു എന്നു പറയുകയും ചെയ്യുന്നവര്‍ക്കും അവിശ്വാസികളായി മരിച്ചുപോകുന്നവര്‍ക്കും പാപമോചനമില്ല. വേദനിപ്പിക്കുന്ന ശിക്ഷ അവര്‍ക്ക് നാം ഒരുക്കിവെച്ചിട്ടുണ്ട്” (നിസാഅ് 18).
4. അറിവില്ലാതെ തെറ്റു ചെയ്തുപോയതാവണം. കാലതാമസം കൂടാതെ പശ്ചാത്തപിച്ചു മടങ്ങുകയും വേണം. ”അല്ലാഹു അംഗീകരിക്കുന്ന പശ്ചാത്താപം അജ്ഞത മൂലം തിന്മ പ്രവര്‍ത്തിക്കുകയും ഉടനെത്തന്നെ പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടേത് മാത്രമാണ്. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു സര്‍വജ്ഞനും യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്നവനുമാകുന്നു” (നിസാഅ് 17).
5. പശ്ചാത്താപം ചെയ്യുന്നത് തെറ്റ് തെറ്റാണെന്ന് അംഗീകരിച്ചുകൊണ്ടായിരിക്കണം.
6. ആ തെറ്റില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനില്‍ക്കണം.
7. ചെയ്തുപോയ തെറ്റിനെ സംബന്ധിച്ച് ഖേദവും പശ്ചാത്താപബോധവും ഉണ്ടാവണം.
8. ആ തെറ്റിലേക്ക് ഇനി മടങ്ങുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.
9. ആ തെറ്റ് മറ്റുള്ളവരുടെ അവകാശങ്ങള്‍ അവിഹിതമായി കൈക്കലാക്കിക്കൊണ്ടുള്ളതാണെങ്കില്‍ അവ തിരിച്ചുനല്‍കണം.
10. പാപമോചനം ലഭിക്കാന്‍ പശ്ചാത്താപത്തോടെ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുകൂടി ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്: ”പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും അനന്തരം സന്മാര്‍ഗിയാവുകയും ചെയ്തവന് ഞാന്‍ വളരെയേറെ പൊറുക്കുന്നവന്‍ തന്നെയാണ്” (ത്വാഹാ 82).
”പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴിച്ച്. എന്നാല്‍ അവരുടെ തിന്മകള്‍ക്ക് അല്ലാഹു നന്മ പകരമാക്കും. അല്ലാഹു പൊറുക്കുന്നവനും ദയാനിധിയുമാകുന്നു” (ഫുര്‍ഖാന്‍ 70).
മാപ്പപേക്ഷയെ ഒരു മാനസിക ചികിത്സയാണ്. തന്റെ ചലനങ്ങള്‍ അല്ലാഹു കാണുന്നുണ്ടെന്നു ബോധമുള്ള വിശ്വാസിക്ക് തെറ്റുകള്‍ കുറയും എന്നതില്‍ സംശയമില്ല. എങ്കിലും ചുവടുപിഴച്ച് അരുതാത്തത് ചെയ്‌തെന്നുവരാം. അപ്പോള്‍ അവന്‍ അല്ലാഹുവെ ഓര്‍ക്കുകയും തെറ്റിന്റെ ഗൗരവത്തെക്കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കുകയും തെറ്റില്‍ നിന്ന് വിരമിച്ച് മാപ്പിരക്കുകയും ചെയ്യുന്നു.
വിശ്വാസിക്ക് തെറ്റു പറ്റാം. എന്നാല്‍ വിവേകത്തിലേക്ക് അവന്‍ തിരിച്ചുവരേണ്ടതുണ്ട്. വഴുതിവീണാല്‍ വീണേടത്തു കിടക്കാതെ എഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് യാത്ര തുടരുകയാണ് വേണ്ടത്. ഇതുകൊണ്ടാണ് തെറ്റ് ചെയ്തവന് മോചനമാര്‍ഗം അല്ലാഹു നിര്‍ദേശിക്കുന്നതും ആത്മപരിശോധനയ്ക്ക് സഹായിക്കുന്ന മാപ്പപേക്ഷ നടത്താനും മങ്ങിയ മനഃസാക്ഷിക്ക് ചൈതന്യം പകരുന്ന ദൈവബോധം ഉള്‍ക്കൊള്ളാനും അവനോട് ഉപദേശിക്കുന്നത്.
ഇസ്‌ലാമില്‍ ഏതു മനുഷ്യനും അല്ലാഹുവോട് നേരിട്ട് പാപമുക്തിയുടെയും ദയാദാക്ഷിണ്യത്തിന്റെയും കവാടം തുറന്നുതരാന്‍ പ്രാര്‍ഥിക്കാവുന്നതാണ്: ”വല്ലവനും വല്ല തിന്മയും പ്രവര്‍ത്തിക്കുകയോ ആത്മദ്രോഹം ചെയ്യുകയോ ചെയ്താല്‍ അനന്തരം മാപ്പിരക്കുന്നപക്ഷം അല്ലാഹു പൊറുക്കുന്നവനും ദയാനിധിയുമാണെന്ന് അവന് അനുഭവപ്പെടും” (നിസാഅ് 110).
മാപ്പിന് അര്‍ഹരായ വിശ്വാസികളെ അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: ”വല്ല നീചവൃത്തിയും ചെയ്യുകയോ സ്വന്തം ആത്മാക്കളോടു തന്നെ അന്യായം പ്രവര്‍ത്തിക്കുകയോ ചെയ്തുപോയാല്‍ അല്ലാഹുവെ സ്മരിക്കുകയും അങ്ങനെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവരത്രേ അവര്‍. പാപങ്ങള്‍ പൊറുക്കുന്നവന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവര്‍ ചെയ്തുപോയതില്‍ അവര്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല. തങ്ങളുടെ നാഥനില്‍ നിന്നുള്ള മാപ്പാണ് അവര്‍ക്ക് പ്രതിഫലം” (ആലുഇംറാന്‍ 135, 136).
എത്ര പാപം ചെയ്താലും പശ്ചാത്താപനിരതരായി തിരിച്ചുവരുന്നവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കും: ”പറയുക: സ്വന്തം ആത്മാക്കളോട് അധര്‍മം പ്രവര്‍ത്തിച്ച എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. അല്ലാഹു സകല പാപങ്ങളും പൊറുക്കും. അവന്‍ അധികം പൊറുക്കുന്നവനും ദയാനിധിയും തന്നെയാണ്” (സുമര്‍ 53). വിശ്വാസികളുടെ മനസ്സിന് ആശയും ആശ്വാസവും നല്‍കുന്ന സൂക്തമാണിത്.
സദ്‌വൃത്തികള്‍ പാപമോചനത്തിന് സഹായിക്കുന്നു. ”തങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചു പറയുന്ന വേറെ ചിലരുണ്ട്. സത്പ്രവൃത്തിയും ദുഷ്പ്രവൃത്തിയും അവര്‍ കൂട്ടിക്കുഴച്ചു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു വളരെ പൊറുക്കുന്നവനും ദയാനിധിയുമാകുന്നു” (തൗബ 102). ”തിന്മയെ നന്മ കൊണ്ട് നീ തുടര്‍ത്തുക. ഇത് അതിനെ മായ്ച്ചുകളയും” (അഹ്മദ്, തിര്‍മിദി) എന്ന നബിവചനത്തിന്റെ താല്‍പര്യവും ഇതുതന്നെയാണ്.
ഖേദിച്ചു മടങ്ങാനും പശ്ചാത്തപിക്കാനും അല്ലാഹു നല്‍കിയ മഹത്തായ അവസരമാണ് പരിശുദ്ധ റമദാന്‍. ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ഭാവിജീവിതത്തെ എത്രയും പെട്ടെന്ന് സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇനി അവസരം ലഭിച്ചേക്കില്ല എന്ന ചിന്ത വിശ്വാസിയെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയുംവേണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x