8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

തട്ടം വേണ്ടെന്ന് പറയിക്കുന്നത് ആരാണ്?

ഡോ. ജാബിര്‍ അമാനി


അടിസ്ഥാനപരമായി, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം എന്നാല്‍ ദൈവ- മതനിഷേധത്തില്‍ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണവും തദനുസൃതമായ ആശയാവിഷ്‌ക്കാരങ്ങളുമാണ്. അതുകൊണ്ട് തന്നെ പ്രായോഗിക തലങ്ങളില്‍ കാലദേശവൈവിധ്യങ്ങള്‍ കാണാമെങ്കിലും രാഷ്ട്രീയസാമൂഹ്യ ജീവിതകാഴ്ചപ്പാടുകളും മൂല്യം, ധാര്‍മികത, മതം, ദൈവം എന്നീ അടിസ്ഥാനങ്ങളെയും പൊളിച്ചും പൊള്ളിച്ചുമാണ് മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പ്രവര്‍ത്തിക്കുക. അതിന് യോജ്യമായ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമായിരിക്കും സ്വീകരിക്കുക. അത് സ്വാഭാവികവുമാണ്. മതേതര ജനാധിപത്യ സമൂഹമെന്ന നിലയില്‍ എല്ലാവര്‍ക്കും ആശയാഭിപ്രായസ്വാതന്ത്ര്യം മൗലികമായി ലഭിക്കേണ്ടതുണ്ട്.
1957 മുതല്‍ വിവിധ ഘട്ടങ്ങളില്‍ രംഗത്ത് വന്ന മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന സര്‍ക്കാറുകളോ പാര്‍ട്ടിയോ മതവിരുദ്ധരാവുകയോ വിശ്വാസ- ദൈവനിരാസം അജണ്ടയായി സ്വീകരിച്ച് ഔദ്യോഗിക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലായിരിക്കാം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊണ്ടും സമദൂരം സ്വീകരിച്ചും ഇതപര്യന്തം മുന്നോട്ട് പോയിട്ടുണ്ടെന്ന അവകാശവാദവും ഒരു ഭാഗത്തുണ്ട്. എന്നാല്‍ ദേശരാഷ്ട്ര ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളായി മുന്നോട്ടുപോവുന്ന ഘട്ടത്തില്‍ ഭരണഘടനാപരമായ മതേതര ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമായി അത്തരമൊരു സമീപനമേ കരണീയമാവുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. വോട്ടുബാങ്ക് രാഷ്ട്രീയരംഗത്ത് സ്വീകരിക്കുന്ന സ്ട്രാറ്റജി മാത്രമല്ല, നിയമപരിരക്ഷയും ഉറപ്പുവരുത്താന്‍ പ്രസ്തുത ‘മെത്തഡോളജി’ കൊണ്ട് മാത്രമേ സാധിക്കൂ. എന്നാല്‍ മൂല്യങ്ങള്‍, ധാര്‍മികത, കുടുംബജീവിതം, മതചിഹ്നങ്ങളോടുള്ള സമീപനരീതിശാസ്ത്രം, ആനന്ദം, മദ്യം, ലഹരി തുടങ്ങിയ രംഗങ്ങളില്‍ ഇതപര്യന്തം സ്വീകരിച്ച് വരുന്ന സ്വതന്ത്രചിന്ത ലിബറല്‍ കാഴ്ചപ്പാടുകള്‍ പ്രത്യയശാസ്ത്രാടിത്തറയോട് ചേര്‍ന്നുനിന്നുള്ള ആവിഷ്‌ക്കാരങ്ങളായിട്ടാണ് വിലയിരുത്താനാവുക.
ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദങ്ങളിലും സ്വതന്ത്ര ലൈംഗികത, ലിവിംഗ് ടുഗതര്‍, സ്വവര്‍ഗവിവാഹം, മിശ്രവിവാഹം തുടങ്ങിയ രംഗങ്ങളിലും സ്വീകരിച്ച പ്രോത്സാഹനങ്ങളും പ്രത്യേകമായ താല്‍പ്പര്യങ്ങളും പറയാതെ പറയുന്നത് എന്താണെന്ന് യുക്തിബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കാംപസ് വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം സമീപകാലത്ത് പുറത്തിറക്കിയ പോസ്റ്ററുകളില്‍ പലതിന്റെയും ഇതിവൃത്തം എന്തായിരുന്നു?
സമൂഹത്തില്‍ നിലനില്‍ക്കുന്ന എതിര്‍വര്‍ഗ ലൈംഗികപൊതുബോധം (Hteronormative) മാറ്റിയെടുത്ത് സ്വതന്ത്രമായ അന്തരീക്ഷത്തില്‍ പഠനം നടത്താനുള്ള കവാടം തുറക്കുകയായിരുന്നല്ലോ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വഴി ലക്ഷ്യമിട്ടത് എന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചല്ലോ. പുതിയ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് രേഖയിലും സമാനമായ കാര്യങ്ങളിലേക്കുള്ള സൂചനകള്‍ കാണാം. ഇത്തരം സമീപനങ്ങളോട് ശക്തമായ എതിര്‍പ്പ് കക്ഷിഭേദമെന്യേ ഉയര്‍ന്നിട്ടും അവയെ മുഖവിലക്കെടുക്കാതെയാണ് 2023 ലെ കരട് രേഖയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജെന്‍ഡര്‍ സ്‌പെക്ട്രത്തെക്കുറിച്ച ധാരണ കേരളത്തില്‍ വികസിക്കുന്നില്ലെന്ന പരാതി അവിടെയും (പേജ് 38) കാണാം. ജെന്‍ഡറിലധിഷ്ഠിതമായ വസ്ത്രധാരണം, വിശ്രമം, വിനോദം എന്നിവയില്‍ പുരോഗമനവീക്ഷണം ഉണ്ടാവണം (പേജ് 87), ജെന്‍ഡറുമായി ബന്ധപ്പെട്ട നിലവിലുള്ള അശാസ്ത്രീയ പൊതുബോധം തിരുത്തണം (86), വേര്‍തിരിവില്ലാത്ത പൊതുയിടങ്ങള്‍ കലാലയങ്ങളില്‍ ഉണ്ടാവണം (86), ലിംഗഭേദം ഒരു വര്‍ണരാജിയായി ഉള്‍ക്കൊള്ളണം തുടങ്ങിയ ഒട്ടേറെ പരാമര്‍ശങ്ങളെ നമുക്ക് വായിക്കാനാവും. കരട് രേഖയാണെങ്കിലും എന്തുകൊണ്ട് നാം പരമ്പരാഗതവും പവിത്രവുമായി പരിരക്ഷിച്ച് വരുന്ന സാമൂഹ്യ കുടുംബജീവിത മൂല്യങ്ങള്‍ക്കുമേല്‍ ‘തിരുത്തലുകള്‍’ വരുത്താന്‍ വ്യഗ്രത കാണിക്കുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം അത്രമേല്‍ സത്യസന്ധമായി വിലയിരുത്താനാവില്ല. ധാര്‍മിക മൂല്യചിഹ്നങ്ങളെയും പൈതൃകത്തേയും തിരുത്തുകയും സ്വതന്ത്രചിന്തയുടെ അരാജകലോകം സൃഷ്ടിക്കുകയും ചെയ്യാനുള്ള ആഗോള നീക്കങ്ങളുടെ കേരള മോഡല്‍ എന്നേ വിലയിരുത്താനാവൂ. ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ ഫാസിസം മുന്നോട്ട് നീങ്ങുമ്പോള്‍ ഭൗതികശാസ്ത്രം അതിന്റെ സൈദ്ധാന്തിക കരുക്കള്‍ നീക്കുന്നുവെന്ന് മാത്രം. ലിബറലിസത്തെ ഒളിച്ച് കടത്തുന്ന കാണാച്ചരടുകളായി വിപ്ലവ പുരോഗമന ഭൗതിക പ്രസ്ഥാനങ്ങള്‍ മാറുകയാണ്.
കുടുംബത്തെ ബൂര്‍ഷ്വാ വ്യവസ്ഥയുടെ ഭാഗമായി വ്യാഖ്യാനിക്കുന്നു. ‘ലൈംഗികത ഒരു പ്രകൃതി താല്‍പര്യമാണെങ്കിലും അത് ഒരു സ്ത്രീയില്‍ മാത്രം ചുരുക്കപ്പെടുന്നത് ശരിയല്ല. ചരിത്രത്തിന്റെയും നാഗരികതയുടെയും ഭാഗമായി വ്യത്യസ്ത ഘട്ടങ്ങളില്‍ രൂപപ്പെട്ടതാണ് സ്ത്രീപുരുഷ ബന്ധവും അതിന്നടിസ്ഥാനമായ കുടുംബവും കുടുംബകേന്ദ്രീകൃതമായ ലൈംഗികതയും. അതാകട്ടെ പുരുഷമേധാവിത്വത്തെ സ്ഥാപിക്കുന്നതുമാണ്’ (Origins of the family Private Propetry and taste, The momogamous family- federik Engel).

എന്തുകൊണ്ട് ‘തട്ടം’?
സമീപകാലത്ത് ചര്‍ച്ചയായ ‘തട്ടം വിവാദം’ ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നാണ് വിലയിരുത്തപ്പെടേണ്ടത്. സദ്‌വിചാരത്തോടെയുള്ള തിരുത്തലുകളും തിരിച്ചറിവുകളും വ്യക്തി മുതല്‍ രാജ്യങ്ങള്‍ വരെ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്. എന്നാല്‍ ഈ വിഷയത്തിലെ ‘തിരുത്തലുകള്‍’ ആശയപരമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് പ്രത്യയശാസ്ത്രപരിസരം വിലയിരുത്തേണ്ടത് പ്രധാനമാകുന്നത്. വ്യക്തികളുടെ പ്രസ്താവന അവരുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക അഭിപ്രായമല്ലെന്ന പ്രഖ്യാപനം മുഖവിലക്കെടുക്കുന്നു. എന്നാല്‍ ആ പ്രസ്താവനയിലെ ആശയതലം പ്രതിനിധീകരിക്കുന്നുണ്ടോ എന്നതാണ് മര്‍മം. മുസ്‌ലിം സ്ത്രീകളെക്കൊണ്ട് തട്ടം വേണ്ടെന്ന് പറയിക്കുന്ന ആശയപരിസരം ഏതാണ്?
പാഠ്യപദ്ധതി വിദ്യാഭ്യാസ കരട് രേഖയിലെ ‘ലിബറല്‍ പരാമര്‍ശങ്ങള്‍’ കരടായും ചര്‍ച്ചക്കായും സമര്‍പ്പിക്കുന്നുവെന്നതിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അത്തരമൊരു നിലപാട് എങ്ങനെയാണ് കരട് രേഖയില്‍ പോലും ഇടം പിടിക്കുന്നത്? ഒരു മുസ്‌ലിം പെണ്‍കുട്ടിയെയല്ല പ്രശ്‌നവത്കരിക്കുന്നത്, മറിച്ച് കേരളത്തിലെ ഒരു ജില്ലയിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ്. എന്തുകൊണ്ടാണ് മറ്റൊരു ജില്ലയിലെ പ്രോഗ്രാമില്‍ നിന്നുള്ള സംസാരമധ്യേ ഒരു ജില്ല മാത്രം ഫോക്കസ് ചെയ്യപ്പെടുന്നത്? അതിലെല്ലാം ഉപരി, തട്ടത്തിന്റെ വലുപ്പച്ചെറുപ്പത്തിനും ധരിക്കുന്നതിനും ധരിക്കാതിരിക്കുന്നതിനും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ആദര്‍ശപരിസരം, ‘സ്വതന്ത്രചിന്ത’യുടെ ഗ്രാഫ് ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധ്യമായി എന്നതാണ് പ്രത്യയശാസ്ത്രദര്‍ശനത്തിന്റെ പ്രതിഫലനം. ഒരു മതേതര കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന ഒരാള്‍ക്കും സ്വതന്ത്രചിന്തയെന്ന് മാത്രമല്ല, പ്രത്യേകമായ ഒരു മതചിന്തപോലും കൂടുതലായി പ്രമോട്ട് ചെയ്യപ്പെടാന്‍ തങ്ങളുടെ സാന്നിധ്യം സഹായകമായി എന്ന പ്രസ്താവന പ്രതിലോമകരമാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് കൂടുതല്‍ സൗകര്യമൊരുങ്ങിയത് തങ്ങളുടെ ഭരണകാലത്താണ് എന്ന് പ്രസ്താവിക്കുന്നത്, ഇതരമതവിഭാഗങ്ങളുടെ നേര്‍ക്കുള്ള വെല്ലുവിളിയും അവകാശനിഷേധവുമാണ്. പൂര്‍ണമോ ഭാഗികമോ ആയ ഒരു ആദര്‍ശപ്രസ്ഥാനം തങ്ങളുടെ കാലത്ത്, തങ്ങള്‍ പ്രതിനിധീകരിക്കുന്ന ആശയധാര ശക്തമായി വളര്‍ന്നു എന്ന് പൊതുവായി വിലയിരുത്തുന്നത് അത്രമേല്‍ അപകടകരമല്ല, ഒരുവേള അവരുടെ ദൗത്യ നിര്‍വഹണത്തിന്റെ സാഫല്യവുമായി കാണാം.
മതമില്ലാത്ത ജീവന്‍, വിദ്യാര്‍ഥികളില്‍ യുക്തി ശാസ്ത്ര ചിന്ത വളര്‍ത്തിയെടുക്കാനായി പരിശ്രമിക്കുന്ന ‘പരിഷത്ത് ദര്‍ശനം’ വഴിയുള്ള നാസ്തിക വാദങ്ങള്‍ എന്നിവ പ്രഖ്യാപിച്ച് തിരുത്തുന്നതും പൂര്‍ണമായി ഒഴിവാക്കുന്നതും വിലയിരുത്തുമ്പോള്‍ മതേതരമായി സത്യസന്ധമാവുക എന്നാല്‍ വിഭാഗീയസങ്കുചിത ആശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നതു തന്നെയാണ്.
തട്ടം എന്നത് ഒരു വസ്ത്രത്തിന്റെ പേര് മാത്രമല്ല, ഒരു മതചിഹ്നം കൂടിയാണ്. മതചിഹ്നങ്ങളോടുള്ള അവജ്ഞയും അവഗണനയും ചില താല്‍പര്യങ്ങളുടെ ഒളിച്ചുകടത്തല്‍ കൂടിയാണ് എന്ന് ചരിത്രവും പ്രസ്താവന യുദ്ധങ്ങളും ബോധ്യപ്പെടുത്തുന്നു.
ധാര്‍മിക ലോകത്തെയും ചരിത്രത്തെയും ദേശങ്ങള്‍ക്കിടയിലുള്ള അന്തരത്തെയും അതിജയിക്കുന്ന സുസ്ഥിരമായ സിദ്ധാന്തങ്ങളുണ്ടെന്ന ഭാവേന, ശാശ്വതവും അന്തിമവും ഒരിക്കലും മാറ്റമില്ലാത്തതുമായ നിഗമനങ്ങളെന്ന നിലക്ക് സദാചാര നിയമങ്ങള്‍, അവയേതായാലും തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഏതൊരു ശ്രമത്തേയും ഞങ്ങള്‍ തള്ളിക്കളയുന്നതാണ്(ഏംഗല്‍സ് അന്റി ഡ്യൂറിംഗില്‍ അഭിപ്രായപ്പെട്ടത്)
ഒരു പ്രസ്ഥാനവും പ്രസ്ഥാന പ്രവര്‍ത്തകരും ഏതൊരു നയവും സമീപനവും സ്വീകരിക്കണം എന്നത് ഇന്ത്യന്‍ ഭരണഘടനപ്രകാരം വ്യക്തിസ്വാതന്ത്ര്യം ഉള്ള കാര്യമാണ്. മതത്തിനും അത്തരമൊരു സ്വാതന്ത്ര്യം ഉണ്ട്. സ്വതന്ത്രചിന്തയും നിലപാടുകളും ഭൂമിയില്‍ ആര്‍ക്കും സ്വീകരിക്കാനുള്ള അവകാശം മനുഷ്യര്‍ക്ക് ഒരു മതദര്‍ശനം എന്ന നിലക്ക് ഇസ്‌ലാം വകവെച്ച് കൊടുക്കുന്നുണ്ട്. തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് മറ്റൊരാളുടെ അവകാശം ഹനിക്കുന്നതോ, ശരിയെന്ന് ബോധ്യപ്പെട്ട ഒരാശയത്തിലേക്ക് മറ്റൊരാളെ ബലാല്‍ക്കാരം ചെയ്തുകൊണ്ട് വരുന്നതോ മതം അംഗീകരിക്കുന്നില്ല. (76:3, 2:256) ദൈവവിശ്വാസവും നിരാസവും ഒരു മനുഷ്യന്റെ ചോയ്‌സില്‍ പെട്ടതാണെന്നര്‍ഥം.

എന്നാല്‍ മതത്തിന്റെ അനുയായിയായി മാറുന്നതോടെ ഒരാള്‍ക്ക് സ്വതന്ത്ര ചിന്ത അനുവദിക്കപ്പെടുന്നില്ല. ചിന്താസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുമില്ല. തങ്ങള്‍ സ്വീകരിക്കുന്ന ആചാര അനുഷ്ഠാനവൈകൃതങ്ങള്‍ക്കും സദാചാരവിരുദ്ധസമീപനങ്ങള്‍ക്കും മതത്തിന്റെ മേല്‍ക്കുപ്പായം ചാര്‍ത്തി, അതിനുള്ള അവകാശവും മതം വകവെച്ച് നല്‍കുന്നുവെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ല. വൃത്തത്തിന്റെ പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് എവിടേക്കും സഞ്ചരിക്കാം. വൃത്തത്തിനകത്ത് എത്തിയാല്‍ വൃത്തപരിധിയില്‍ മാത്രമേ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയുള്ളൂ. മതരഹിതരായി ജീവിച്ച് ഇതാണ് മതം എന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ അറിവില്ലായ്മയാണ്. മതം പ്രാക്ടീസ് ചെയ്യുന്നയാള്‍ മതത്തില്‍ പൂര്‍ണമായി പ്രവേശിക്കണം (വി. ഖു 2:208). മതനിഷ്ഠ സ്വീകരിക്കുമ്പോള്‍ മാനസിക അസ്വസ്ഥതയും ദാര്‍ശനിക വിയോജിപ്പും പാടില്ല. സ്വന്തം തീരുമാനങ്ങള്‍ക്ക് പ്രസക്തിയും ഇല്ല (വി.ഖു 33: 36).
മതചിഹ്നങ്ങളെയും നിര്‍ദ്ദേശങ്ങളെയും തട്ടിത്തെറിപ്പിച്ച് ‘മതേതരനാവാന്‍’ ശ്രമിച്ച് സ്വതന്ത്ര മുസ്‌ലിമാവുന്നതും മതചിഹ്നങ്ങളെ അവഗണിച്ചും അവഹേളിച്ചും മതവിമര്‍ശനം നടത്തുന്നതും തമ്മില്‍ വലിയ അന്തരമൊന്നും കാണുന്നില്ല.
ദൈവികമായ ആശയാദര്‍ശങ്ങളുടെ അടിത്തറയില്‍ രൂപപ്പെടാത്ത ഒരു ദര്‍ശനത്തിനും എല്ലാ കാലത്തുമുള്ള മനുഷ്യന്റെ ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളാനാവില്ല. ദൈവീക വെളിപാടുകളുടെ (വഹ്‌യ്) അടിത്തറയില്ലാത്ത ആശയങ്ങള്‍ കാലഹരണപ്പെടുക തന്നെ ചെയ്യും. കാരണം നിമിഷാര്‍ധങ്ങളില്‍ ഭാവനാതീതമായി മാറുകയും വികസിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തെ ‘വര്‍ത്തമാന കാലത്തിരുന്ന്’ കൊണ്ട് ഒരാള്‍ക്ക് വിശകലനം ചെയ്യുവാനോ ആശയനിര്‍മിതി നടത്തുവാനോ സാധ്യമല്ല. ശരീരവും ആത്മാവും ചേര്‍ന്ന മനുഷ്യനിലെ ചില പ്രതിഭാസങ്ങളെയെങ്കിലും (ഉദാ: മനസ്സ്, മരണം) ഒരര്‍ഥത്തിലും പൂര്‍ണ വിശകലനത്തിനും തന്റെ കൈപ്പിടിയിലൊതുക്കുവാനും മനുഷ്യന്‍ അശക്തനാണ്.
ഭൗതിക പ്രത്യയ
ശാസ്ത്രങ്ങളുടെ
പരിമിതി

ഭൗതിക ജീവിതത്തിലെ, രാഷ്ട്രീയം, വികസനം, സാമ്പത്തിക വ്യവഹാരങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശാസ്ത്രീയവും പരിഷ്‌കൃതവുമായ ആശയങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്താന്‍ മനുഷ്യന് സാധ്യമായിട്ടുണ്ട്. അവ പ്രയോഗതലത്തില്‍ വിജയിപ്പിച്ചെടുക്കുവാനും കഴിഞ്ഞേക്കാം. എന്നിരുന്നാലും സമഗ്രവും സര്‍വതല സ്പര്‍ശിയുമായ ഒരു ദര്‍ശനമോ ആശയമോ ആയി എല്ലാ കാലത്തും അത് പ്രസക്തമാവണമെന്നില്ല. പ്രത്യയശാസ്ത്രങ്ങളുടെ ഈ അടിസ്ഥാന പരിമിതിയെ തിരിച്ചറിയാതെ വരുമ്പോള്‍, അവയുടെ അനുയായികള്‍ക്കും പ്രയോക്താക്കള്‍ക്കും തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നുവെന്ന വൈകാരികത ശക്തമാവും. അമരവും മൂര്‍ത്തവുമായ ഒരാശയമായി ഭൗതിക പ്രത്യയശാസ്ത്രങ്ങളെ വിലയിരുത്തി വക്താക്കളായവര്‍ക്ക് ആശയപരമായ വിമര്‍ശനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരാം. ആശയപരമായ പരിമിതികള്‍ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ ‘അസ്വസ്ഥതകള്‍’ അവസാനിക്കുകയുള്ളൂ.

18,19 നൂറ്റാണ്ടുകളിലാണ് ലോകം പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും ധാരാളമായി കണ്ടത്. മുകളില്‍ സൂചിപ്പിച്ച അടിസ്ഥാനത്തെ സത്യസന്ധമായി വിലയിരുത്തിയാല്‍, ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ച്ചയും ആശയചോര്‍ച്ചയും സ്വാഭാവികവും നിര്‍ബന്ധിതവുമായ ഒരു പരിണിതി മാത്രമാണെന്ന് ഉള്‍ക്കൊള്ളാനാവും.
മനുഷ്യാത്മാവിന്റെ തേട്ടമായ ‘വിമോചന’ത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നത് ദൈവികമായ മതദര്‍ശനങ്ങള്‍ മാത്രമാണ്. സര്‍വ കാലത്തേയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുവാനും പ്രായോഗികമായി മതദര്‍ശനത്തിനേ സാധ്യമാവുകയുള്ളൂ. സര്‍വകാല സ്വീകാര്യമായ ധര്‍മവും മൂല്യവും ജീവിതനിഷ്ഠയും സമര്‍പ്പിക്കുവാനും ദൈവിക മതത്തിനേ കഴിയൂ. നൂറ്റാണ്ടുകള്‍ ഇളകിമറിഞ്ഞിട്ടും ശബളിമ മായാതെ ഉജ്ജ്വലമായി നില്‍ക്കുവാന്‍ ദൈവീകമതദര്‍ശനത്തിന് കഴിയുന്നത്, സൃഷ്ടിയായ മനുഷ്യന്റെ വിമോചനത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നത് സ്രഷ്ടാവാണ് എന്നതത്രെ! മതം പഠിപ്പിക്കുന്ന മൂല്യങ്ങളും ധര്‍മങ്ങളും മനുഷ്യനെ മലിനപ്പെടുത്തുവാനോ അപരിഷ്‌കൃതനാക്കുവാനോ ഇതുവരെ കാരണമായിട്ടില്ല.
മാര്‍ക്‌സിസം ഒരു ഭൗതിക നിര്‍മിത പ്രത്യയശാസ്ത്രം എന്ന നിലക്ക് പരാജയപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും മതത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളോട് ആത്യന്തികമായി വിയോജിക്കുമ്പോഴാണ്. വ്യക്തി, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന നിലക്ക് ഏത് ആശയത്തിനും നിലനില്‍ക്കാനും പ്രചരിപ്പിക്കുവാനും വിമര്‍ശിക്കുവാനും വിയോജിക്കുവാനും അവകാശമുണ്ട്. എന്നാല്‍ മനുഷ്യത്വവും മാനവികതയും ധര്‍മബോധവും ജീവിതവ്യവസ്ഥാപിതത്വവും ഒരു മതത്തിന്റെ മാത്രം ഉല്‍പ്പന്നമായിട്ടല്ല പരിചയപ്പെടേണ്ടത്.
സനാതനസദാചാര മൂല്യങ്ങളോട് പ്രത്യയശാസ്ത്രവിയോജിപ്പല്ല. ദൈവവിശ്വാസമെന്നത് എല്ലാവരും സ്വീകരിച്ചേ പറ്റൂവെന്ന ശാഠ്യം ദൈവിക മതങ്ങള്‍ പഠിപ്പിക്കുന്നില്ല. എന്നാല്‍ ലോകാരംഭം മുതല്‍ നിലനില്‍ക്കുന്ന വസ്തുതാപരമായ ഒരു പ്രകൃതി യാഥാര്‍ഥ്യമാണ് ദൈവവിശ്വാസവും മൂല്യബോധവും. ഒരു പ്രത്യയശാസ്ത്രത്തിന്റെ ആശയാടിത്തറ തന്നെ ഈ പ്രകൃതി യാഥാര്‍ഥ്യങ്ങളോടുള്ള നിഷേധവും വിയോജിപ്പുമാവുമ്പോള്‍, അനുബന്ധ ആശയങ്ങളിലും അഭിപ്രായങ്ങളിലും സ്വാഭാവികമായും അവ നിഴലിക്കുക തന്നെ ചെയ്യും.
വര്‍ത്തമാനകാല മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പ്രത്യയശാസ്ത്രാടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനുമാവില്ല. ആശയാടിത്തറകള്‍ മതനിരാസബന്ധിതമാവുമ്പോള്‍ തന്നെ, മതത്തേയും മതവിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന പ്രായോഗിക രാഷ്ട്രീയവും പരസ്യമായി കാണാവുന്നതാണ്. ഒരാളെ വിലയിരുത്തേണ്ടത് ആശയവാദിയായിട്ടാണോ പ്രായോഗികവാദിയായിട്ടാണോ എന്നത് സംവാദപരമാണ്. അവ ഏതര്‍ഥത്തില്‍ പരിഗണിച്ചാലും ശരി, എല്ലാ കാലത്തും ദേശത്തും അപ്രായോഗികമായ ഒരു ആശയപരിസരമാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്നതിന്റെ സുവ്യക്തമായ സാക്ഷ്യം കൂടി ഈ ‘ദ്വിമുഖ’ ആവിഷ്‌ക്കാരത്തിലുണ്ട് എന്ന് വിലയിരുത്താം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറ വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ്. സ്വാഭാവികമായും പദാര്‍ഥ ലോകത്തിന് അപ്പുറത്തേക്ക് ഈ പ്രത്യയശാസ്ത്രങ്ങളുടെ നിലപാടുകള്‍ നീണ്ടുപോവില്ല. അഥവാ പദാര്‍ഥാതീതമായതിനെ ഉള്‍ക്കൊള്ളാനാവില്ല. മതം എന്നത് മൗലികമായി തന്നെ അഭൗതികമായ കാര്യങ്ങളിലും വിശ്വാസങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നത്. മാര്‍ക്‌സും ഏംഗല്‍സും ലെനിനും ഒരുമിച്ച് പ്രഖ്യാപിക്കുന്നത് ‘മാര്‍ക്‌സിസം ഭൗതികവാദമാണ്. അത്‌കൊണ്ട് തന്നെ അത് തീവ്രമായി തന്നെ മതത്തിനെതിരായിരിക്കും. മതത്തിനെതിരെ പോരാടണം. അതിന് വേണ്ടി വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രഭവകേന്ദ്രത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭൗതിക ശാസ്ത്രരീതിയില്‍ വിശദീകരിക്കണം….’ (On Religion, മതത്തെപ്പറ്റി (വിവര്‍ത്തനം) പ്രോഗ്രസ് പബ്ലിക്കേഷന്‍സ്, പേജ് 136).
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക ആചാര്യനായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് ഇതേ ആശയം തന്നെ കൂടുതല്‍ വ്യക്തതയോടെ എഴുതിയിട്ടുണ്ട്. ‘മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.’ ‘നാം മതത്തോട് ഏറ്റുമുട്ടണം. അതാണ് ഭൗതികവാദത്തിന്റെയും തദ്ഫലമായി മാര്‍ക്‌സിസത്തിന്റെയും ഹരിശ്രീ. മതത്തിന്റെ സാമൂഹ്യവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശം’ (ഇ എം എസ്, സാംസ്‌കാരിക വിപ്ലവം, മതം. മാര്‍ക്‌സിസം; ചിന്ത പബ്ലിക്കേഷന്‍സ്, പുറം 59)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x