22 Sunday
December 2024
2024 December 22
1446 Joumada II 20

ത്വരീഖത്തും ഇസ്‌ലാമിക ശരീഅത്തും

പി കെ മൊയ്തീന്‍ സുല്ലമി


ത്വരീഖത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥങ്ങള്‍ വഴി, മാര്‍ഗം, ചര്യ എന്നൊക്കെയാണ്. സാങ്കേതികമായി അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഏതെങ്കിലും മുറബ്ബിയായ (സമ്പൂര്‍ണനായ) ശൈഖിലൂടെ പരലോകത്ത് സ്വര്‍ഗം കരസ്ഥമാക്കാനുള്ള വഴി എന്നതാണ്.
നഖ്ശബന്ദീ ത്വരീഖത്തിന്റെ ശൈഖായ അഹ്മദുല്‍ ഖശ്മഖാനി ലോകത്ത് നിലവിലുള്ള നാല്‍പതോളം ത്വരീഖത്തുകളെ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: നശ്ഖബന്ദിയ്യ, ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ, അഹ്മദിയ്യ, ദസൂഖിയ്യ, അക്ബരിയ്യ, മൗലവിയ്യ, കുബ്‌റവിയ്യ, സുഹ്‌റവര്‍ദിയ്യ, ഖലൂനിയ്യ, ജലൂനിയ്യ, ഖുദാശിയ്യ, ഗസ്സാലിയ്യ, റൂമിയ്യ, സഅ്ദിയ്യ, ചിശ്തിയ്യ, ഖഅ്ബാനിയ്യ, കാശനിയ്യ, ഹംസവിയ്യ, ബൈറാമിയ്യ, അശ്ശാഖിയ്യ, ബകരിയ്യ, ഉമരിയ്യ, ഉസ്മാനിയ്യ, അലവിയ്യ, അബ്ബാസിയ്യ, സൈനബിയ്യ, ഈസവിയ്യ, മഗ്‌രിബിയ്യ, ബഹൂരിയ്യ, ഹദ്ദാദിയ്യ, ഗൈബിയ്യ, ഖിസ്‌രിയ്യ, ശത്താരിയ്യ, ബയൂമിയ്യ, മലാമിയ്യ, ഹൈദറൂസിയ്യ, മത്ബൂനിയ്യ, സുബൂലിയ്യ” (ജാമിഉല്‍ ഉസ്വൂല്‍, പേജ് 1-2). ഇതിനു പുറമെ കേരളത്തില്‍ സജീവമായ രണ്ടു ത്വരീഖത്തുകളാണ് നൂരിഷാ ത്വരീഖത്തും ശംസിയ്യാ ത്വരീഖത്തും. ഇതുള്‍പ്പെടെ ത്വരീഖത്തുകള്‍ ആകെ 42 ആയി. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി ജീവിക്കുന്ന മുരീദന്മാര്‍ക്കെല്ലാം മേല്‍പറഞ്ഞ ത്വരീഖത്തുകളിലെ ശൈഖുമാര്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നുണ്ട്.
ത്വരീഖത്ത് പ്രസ്ഥാനം എന്നത് സ്വതന്ത്രമായ ഒരു സംഘടനയല്ല; സൂഫിസത്തിന്റെ ഒരു പോഷക സംഘടനയാണ്. അഥവാ സൂഫിസം നടപ്പില്‍ വരുത്താന്‍ വേണ്ടി രൂപീകരിച്ച ഒരു പ്രസ്ഥാനമാണത്. ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ ആദ്യ നിര്‍മാതാവ് ഹിജ്‌റ 357ല്‍ ജനിച്ച സൂഫിസത്തിന്റെ നേതാവും വക്താവുമായ ഇറാനിലെ മുഹമ്മദുബ്‌നു അഹ്മദ് ആണ്.
സൂഫിസം ശീഇസത്തിന്റെ മറ്റൊരു പതിപ്പാണ്. ശീഇസം, സൂഫിസം, ത്വരീഖത്ത് ഇവരെല്ലാം ഒരേ ആദര്‍ശക്കാര്‍ തന്നെയാണ്. കേരളത്തിലെ സമസ്ത-സംസ്ഥാന സുന്നികള്‍ അനുകരിച്ചുപോരുന്നതും മേല്‍പറഞ്ഞ ശീഈ-സൂഫി വിശ്വാസങ്ങളും കര്‍മങ്ങളും തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സി എം മടവൂര്‍ എന്ന വ്യക്തി പലയിടങ്ങളിലും അല്ലാഹുവിന്റെ മീതെയായിത്തീരുന്നതും.
ത്വരീഖത്ത് പ്രസ്ഥാനങ്ങളിലെ പല കര്‍മങ്ങളും അസംഭവ്യങ്ങളും ഊഹാപോഹാധിഷ്ഠിതവുമാണ്. കാരണം ത്വരീഖത്തിന്റെ ശൈഖുമാര്‍ അല്ലാഹുവില്‍ ലയിച്ച് മറ്റൊരു അല്ലാഹുവായി രൂപാന്തരപ്പെടും എന്നാണ് അവരുടെ അവകാശവാദം. ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”നാം ചൂണ്ടിക്കാണിച്ചതുപോലെ അവരില്‍ ബഹുഭൂരിപക്ഷവും വാദിക്കുന്നത് അല്ലാഹുവിന്റെ ഇറക്കവും ലയനവും അദ്വൈതവുമാണ്” (മദാരിജുസ്സാലികീന്‍ 1:166).
അല്ലാഹുവിനു മറ്റൊരു വസ്തുവില്‍ ഇറങ്ങാനോ ലയിക്കാനോ സാധ്യമല്ല. അല്ലാഹു അരുളി: ”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (ശൂറാ 11). ”അവനു തുല്യനായി ആരുമില്ലതാനും” (ഇഖ്‌ലാസ് 4).
ത്വരീഖത്ത് പ്രസ്ഥാനത്തില്‍ അംഗമാവുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അഹ്മദുല്‍ ഖശ്മഖാനി പറയുന്നു: ”ത്വരീഖത്തില്‍ മെമ്പറാകാന്‍ പോകുന്ന മുരീദ് തന്റെ എല്ലാ വിചാരവികാരങ്ങളും ശൈഖിനു മുന്നില്‍ അടിയറവെക്കണം. മരണപ്പെട്ടുപോയ മയ്യിത്തിനെപ്പോലെ ആയിത്തീരണം. പൊക്കിളിലൂടെ ശ്വാസം വലിച്ച് എല്ലാ ദുഷിച്ച വിചാരവികാരങ്ങളും പുറത്തേക്കു വിടണം. കണ്ണുകള്‍ ചിമ്മി ‘ലാ’ എന്നും പിന്നെ ‘ഇലാഹ’ എന്നും ശേഷം ‘ഇല്ലല്ലാഹ്’ എന്നും മൊഴിയണം. ഇങ്ങനെ ഒരു ശ്വാസത്തില്‍ ആയിരം പ്രാവശ്യം പറയാന്‍ ശീലിച്ചാല്‍ അവന്‍ ത്വരീഖത്തില്‍ മെമ്പറായി. അതോടെ നമസ്‌കാരത്തിന്റെ ബാഹ്യരൂപങ്ങളൊന്നും അവന് ആവശ്യമില്ല. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: ‘തീര്‍ച്ചയായും നമസ്‌കാരം എന്നെ സ്മരിക്കാനുള്ളതാണ്.’ അവന്‍ എപ്പോഴും നമസ്‌കാരത്തില്‍ തന്നെയാണ്. അനന്തരം ‘അല്ലാഹു’ എന്ന ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കണം. ഒരു ശ്വാസത്തില്‍ രണ്ടായിരം പ്രാവശ്യം ‘അല്ലാഹു’ എന്നു പറയാന്‍ ശീലിച്ചാല്‍ അയാള്‍ ‘ഹഖീഖത്ത്’ എന്ന മര്‍തബയില്‍ എത്തിക്കഴിഞ്ഞു. അതോടെ അല്ലാഹു അവനില്‍ വ്യാപിച്ചുകഴിഞ്ഞു. പിന്നെ അയാള്‍ ചൊല്ലേണ്ട ദിക്ര്‍ ‘യാഹൂ’ എന്നാണ്. പ്രസ്തുത ദിക്ര്‍ അയ്യായിരം പ്രാവശ്യം ഒരു ശ്വാസത്തിനിടയില്‍ ചൊല്ലാന്‍ ശീലിച്ചാല്‍ അയാള്‍ ‘മഅ്‌രിഫത്’ എന്ന മര്‍തബയിലെത്തി. അതോടെ അല്ലാഹുവും അയാളും തുല്യന്മാരായി” (ജാമിഉല്‍ ഉസൂല്‍, പേജ് 1-5).
ഇപ്പറഞ്ഞതിലെല്ലാം വിശ്വസിക്കുന്നവരാണ് കേരളത്തിലെ യാഥാസ്ഥിതികര്‍. അതുകൊണ്ടുതന്നെയാണ് അവര്‍ ഔലിയാക്കളെ അല്ലാഹുവിനു തുല്യരാക്കുന്നതും ഔലിയാക്കള്‍ക്ക് നമസ്‌കാരം നിര്‍ബന്ധമില്ല എന്ന് ജല്‍പിക്കുന്നതും. അല്ലാഹു പറയുന്നു: ”യഖീന്‍ (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുക” (ഹിജ്ര്‍ 99). സൂഫികളും ശീഅകളും ത്വരീഖത്തുകാരും മേല്‍ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഔലിയാക്കള്‍ക്ക് നമസ്‌കാരം നിര്‍ബന്ധമില്ല എന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ശൈഖ് മുഹമ്മദ് ഹിശാം പറയുന്നു: ”ഒരു വ്യക്തി (യഖീനില്‍) എത്തിക്കഴിഞ്ഞാല്‍ അയാള്‍ മതപരമായ കല്‍പനകള്‍ക്ക് വിധേയനല്ലെന്ന് വാദിക്കുന്നവര്‍ സൂഫികളിലുണ്ട്. മരണം വരെ അല്ലാഹുവിനെ ആരാധിക്കണം എന്ന സൂറഃ ഹിജ്‌റിലെ 99-ാം വചനം അവരുടെ അടുക്കല്‍ അതിന്റെ അര്‍ഥമായ മനസ്സുറപ്പ് എന്നാണ്. അത് വ്യക്തമായ സത്യനിഷേധമാണ്” (അല്‍ഖുര്‍ആനുല്‍ കരീം, വമന്‍സിലതഹു ബൈനസ്സലഫി 2:923).
സൂഫികളിലും ത്വരീഖത്തുകാരിലും അവരുടെ ഔലിയാക്കള്‍ക്ക് ശറഇന്റെ വിധിവിലക്കുകള്‍ ബാധകമല്ലെന്നാണ് അവരുടെ വാദം; എല്ലാ ഹറാമുകളും അവര്‍ക്ക് ഹലാലുകളുമാണത്രേ! ഇബ്‌നുഹസം(റ) പറയുന്നു: ”അവര്‍ (സൂഫികള്‍) പ്രസ്താവിച്ചു: ദൈവസാമീപ്യം കൊണ്ട് അങ്ങേയറ്റം വരെ എത്തിയ (ഔലിയാക്കള്‍ക്ക്) നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയില്‍ വിടുതിയുണ്ട്. വ്യഭിചാരം, ലഹരി ഉപഭോഗം തുടങ്ങിയ ഹറാമായ കാര്യങ്ങള്‍ അവര്‍ക്ക് അനുവദനീയവുമാണ്” (അല്‍ഫസ്‌ലു ഫില്‍ മിലലി വല്‍അഹ്വാഇ വന്നഹ്‌ലി 4:226).
ത്വരീഖത്തുകാര്‍ പ്രവാചകന്മാരേക്കാള്‍ ഉന്നതന്മാരാണെന്നാണ് അവരുടെ വാദം. ഇബ്‌നുഹസം(റ) പറയുന്നു: ”ഒരു വിഭാഗം സൂഫികളുടെ വാദം അല്ലാഹുവിന്റെ ഔലിയാക്കള്‍ എല്ലാ നബിമാരെക്കാളും മുര്‍സലുകളെക്കാളും ശ്രേഷ്ഠരാകുന്നു എന്നാണ്” (അല്‍ഫസ്‌ലു ഫില്‍ മിലലി വല്‍അഹ്വാഇ വന്നഹ്‌ലി 4:226)
ത്വരീഖത്തുകാരുടെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമല്ല; സൂഫികളുടെ പ്രമാണങ്ങള്‍ തന്നെയാണ്. അവ ആറെണ്ണമാണ്. ഇമാം സുഹ്‌റവര്‍ദി രേഖപ്പെടുത്തിയത് അപ്രകാരമാണ്: ”(1). ഇല്‍ഹാം (അല്ലാഹു മനസ്സില്‍ വരുത്തുന്ന തോന്നലുകള്‍), (2). കശ്ഫ് (മനസ്സില്‍ ഉണ്ടാക്കുന്ന വെളിപാടുകള്‍), (3). വഹ്‌യുമായി മലക്കുകളുടെ ഇറക്കം, (4). ഉറക്കത്തില്‍ നല്‍കുന്ന ദിവ്യബോധനം, (5). ആകാശാരോഹണം, (6). പ്രവാചകന്മാരുമായുള്ള സംഭാഷണം” (അവാരിഫുല്‍ മആരിഫ് 3:364).
ജുനൈദിയുടെ അവകാശവാദം ഇമാം ശഅ്‌റാനി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഞാന്‍ മുപ്പതു വര്‍ഷത്തോളം അല്ലാഹുവോടൊപ്പം സംസാരിക്കുകയുണ്ടായി” (ത്വബഖാത്തുശ്ശഅ്‌റാനി 1:200).
ദസൂഖി എന്നു പേരുള്ള സൂഫി പണ്ഡിതന്റെ അവകാശവാദത്തെയും ഇമാം ശഅ്‌റാനി രേഖപ്പെടുത്തിയിട്ടുണ്ട്: ”ഞാന്‍ ആകാശത്തു വെച്ച് എന്റെ രക്ഷിതാവായ അല്ലാഹുവിനെ ദര്‍ശിക്കുകയുണ്ടായി. അല്ലാഹു കസേരയില്‍ ഇരിക്കെ ഞാന്‍ അവനുമായി സംസാരിക്കുകയുണ്ടായി. ഞാന്‍ എന്റെ കൈ കൊണ്ട് നരകത്തിന്റെ വാതിലുകള്‍ അടയ്ക്കുകയുണ്ടായി. ഫിര്‍ദൗസ് എന്നു പറയപ്പെടുന്ന സ്വര്‍ഗം ഞാന്‍ എന്റെ കൈകൊണ്ട് തുറക്കുകയുണ്ടായി. വല്ലവനും എന്നെ സന്ദര്‍ശിക്കുന്നപക്ഷം ഞാന്‍ അവനെ ഫിര്‍ദൗസ് എന്ന സ്വര്‍ഗത്തില്‍ താമസിപ്പിക്കുന്നതാണ്” (ത്വബഖാത്തുല്‍ കുബ്‌റാ 1:180).
മേല്‍പറഞ്ഞവയില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യം ഔലിയാക്കന്മാര്‍ അല്ലാഹുവിനേക്കാള്‍ മീതെയാണ് എന്നതാണ്. നരകം അടയ്ക്കാനും സ്വര്‍ഗം തുറക്കാനും അല്ലാഹുവിന്റെ അനുവാദം കൂടാതെത്തന്നെ ഔലിയാക്കള്‍ക്ക് സാധിക്കും എന്നാണല്ലോ അവരുടെ അവകാശവാദങ്ങളില്‍ നിന്നു ലഭിക്കുന്നത്.
ത്വരീഖത്ത് വാദികള്‍ ദീനിനെ പരിഹാസ്യമാക്കുകയാണ്. ശീഇകള്‍, സൂഫികള്‍, ത്വരീഖത്തുകാര്‍ ഇവരുടെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമല്ല. മറിച്ച്, അവരുടെ ശൈഖുമാര്‍ നിര്‍മിച്ചുണ്ടാക്കുന്ന ചില ദിക്‌റുകളും ദുആകളും ഔറാദുകളുമാണ്. അത് അല്ലാഹുവോ റസൂലോ പഠിപ്പിച്ചതല്ല. സൂറഃ ആലുഇംറാനിലെ 64ാം വചനം ഇമാം അഹ്മദ് സ്വാവി വിശദീകരിക്കുന്നു:
”അവര്‍ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്യുന്നു. അതോടൊപ്പം വമ്പിച്ച അനാചാരങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. അതിനൊന്നും യാതൊരു രേഖയും അല്ലാഹു ഇറക്കിയിട്ടില്ല. ഇത്തരം അനാചാരങ്ങള്‍ ഈ ഔലിയാക്കളുടെ ത്വരീഖത്തുകളായി അവര്‍ നിര്‍മിക്കുന്നു. അത് മതത്തിനു വിരുദ്ധമാണെങ്കിലും അത് അവരെ രക്ഷിക്കുമെന്ന് അവര്‍ ജല്‍പിക്കുന്നു. അവര്‍ നല്ല കാര്യത്തിലാണെന്ന് അവര്‍ കരുതുന്നു. അറിയുക: അവര്‍ നുണയന്മാരാണ്” (സ്വാവി 1:191).
ത്വരീഖത്തുകാര്‍ പള്ളികളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ദര്‍ഗകള്‍ക്കും അല്ലാഹുവേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ദര്‍ഗകളില്‍ മറമാടപ്പെട്ടവര്‍ക്കുമാണ്. ഇബ്‌നു തൈമിയ്യ പറയുന്നു:
”തീര്‍ച്ചയായും പള്ളിയില്‍ വെച്ച് അല്ലാഹുവോട് നേരിട്ട് പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ഉത്തരം ലഭിക്കാവുന്ന പ്രാര്‍ഥന ഖബ്‌റിനരികത്തുനിന്നു ഖബറാളിയോട് പ്രാര്‍ഥിക്കുന്നതാണ് എന്നതാണ് അവരുടെ വാദം. ഹജ്ജ് ചെയ്യുന്നതിനേക്കാള്‍ പുണ്യം അവരുടെ ശൈഖന്മാരുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കലാണെന്നും വാദിക്കുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്” (മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ 1:301).
ഇവര്‍ നബി(സ)യെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല, നബി(സ)യെ അംഗീകരിക്കുന്നവരെ പരിഹസിക്കുന്നവരുമാണ്. അവരുടെ വാദം ഇപ്രകാരമാണ്: ”നിങ്ങള്‍ നിങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കുന്നത് മരണപ്പെട്ടുപോയ നബി(സ)യില്‍ നിന്നാണ്. ഞങ്ങള്‍ സ്വീകരിക്കുന്നത് ഒരിക്കലും മരിക്കാത്ത അല്ലാഹുവില്‍ നിന്നാണ്” (ശഅ്‌റാനി, ജവാഹിറു വദ്ദുററു, പേജ് 286).
ഇസ്‌ലാം അംഗീകരിക്കുന്ന ഏക ത്വരീഖത്ത് അല്ലാഹുവിന്റെ റസൂലിന്റെ ത്വരീഖത്ത് മാത്രമാണ്. അത് ഖുര്‍ആനും സുന്നത്തുമാണ്. അല്ലാഹു അരുളി: ”ഇതത്രേ എന്റെ നേരായ വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ഭിന്നിപ്പിച്ചുകളയും” (അന്‍ആം 153). ഖുര്‍ആന്‍ കൈവെടിഞ്ഞ് ജീവിച്ചാല്‍ അല്ലാഹുവിന്റെ റസൂല്‍ നമുക്കെതിരില്‍ മഹ്ശറയില്‍ സാക്ഷി പറയും. ”റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമായി തള്ളിക്കളഞ്ഞിരിക്കുന്നു” (ഫുര്‍ഖാന്‍ 30).

Back to Top