23 Monday
December 2024
2024 December 23
1446 Joumada II 21

തറാവീഹ് നമസ്‌കാരം റക്്അത്തുകളും ജമാഅത്തും

പി കെ മൊയ്തീന്‍ സുല്ലമി


ഇശാ നമസ്‌കാരത്തിനു ശേഷം സുബ്ഹിയുടെ മുമ്പ് നിര്‍വഹിക്കുന്ന നമസ്‌കാരത്തിന് ഖിയാമുല്ലൈല്‍ എന്നാണ് പറയുന്നത്. പ്രസ്തുത നമസ്‌കാരം ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുമ്പോള്‍ അതിന് തഹജ്ജുദ് എന്നാണ് പറയുക. അതേ നമസ്‌കാരം തന്നെ ഈ രണ്ടു റക്്അത്തുകള്‍ക്കു ശേഷം റമദാനില്‍ അല്‍പം വിശ്രമമെടുത്ത് നമസ്‌കരിക്കുമ്പോള്‍ അതിന് തറാവീഹ് എന്നും പറയും.
നബി(സ)യുടെ കാലത്ത് റമദാനിലെ രാത്രി നമസ്‌കാരത്തിന് പറഞ്ഞു വന്നിരുന്ന പേര് ഖിയാമു റമദാന്‍ എന്നായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. നബി(സ) പറയുന്നു: ”വല്ലവനും റമദാന്‍ മാസത്തില്‍ സത്യവിശ്വാസത്തോടു കൂടിയും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ടും നമസ്‌കരിക്കുന്ന പക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി)
റമദാനില്‍ ഈ നമസ്‌കാരത്തിന് തറാവീഹ് എന്ന് പറയാനുള്ള കാരണം ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”തറാവീഹെന്ന് ഈ നമസ്‌കാരത്തിന് പേരു പറയപ്പെടാന്‍ കാരണം അവര്‍ എല്ലാ ഈ രണ്ടു റക്അത്തുകള്‍ക്കു ശേഷവും വിശ്രമമെടുത്ത് നമസ്‌കരിക്കുന്നതു കൊണ്ടായിരുന്നു” (ഫത്ഹുല്‍ബാരി 6:5)
ഖിയാമുറമദാന്‍ കൊണ്ട് നബി(സ) ഉദ്ദേശിച്ചിരുന്നത് തറാവീഹ് നമസ്‌കാരമായിരുന്നു എന്ന് ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”ഖിയാമു റമദാന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ‘തറാവീഹ്’ നമസ്‌കാരമാകുന്നു.” (ശറഹു മുസ്ലിം: 3:298)
കേരളത്തിലെ സമസ്തക്കാര്‍ മുന്‍കാലം തൊട്ട് ഇന്നേവരെ നമസ്‌കരിച്ചു പോരുന്നത് 20 റക്അത്തും വിത്‌റുമാണ്. ഗള്‍ഫ് നാടുകളിലും ചിലയിടങ്ങളില്‍ ഈ ശൈലയില്‍ തന്നെയാണ് തറാവീഹ്. തറാവീഹ് 20 റക്അത്താണെന്ന് മുസ്‌ലിം ലോകത്ത് ഇജ്മാഅ് (ഏകോപനം) ഉണ്ട് എന്നാണ് ഇതിന്ന് പ്രമാണമായി പറയുന്നത്. അത് ശരിയല്ലെന്ന് താഴെ വരുന്ന തെളിവുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇമാം തിര്‍മിദി പറയുന്നു: ഖിയാമു റമദാനിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. പണ്ഡിതന്മാരില്‍ ചിലര്‍ അത് 41 റക്്അത്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. മദീനക്കാരുടെ പ്രസ്താവന അപ്രകാരമാണ്. (ജാമിഉത്തിര്‍മിദി 1:99)
ഇമാം ഐനി(റ) പറയുന്നു: ”ഖിയാമു റമദാനിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഒരുപാട് പ്രസ്താവനകളാല്‍ ഭിന്നിച്ചിരിക്കുന്നു. ഇമാം തിര്‍മിദി പ്രസ്താവിച്ചത് വിത്റോടുകൂടി 41 റക്അത്ത് എന്നാണ്. തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകള്‍ 38, 36, 34, 28, 24 എന്നിങ്ങനെ വ്യത്യസ്തങ്ങളായി പറയപ്പെട്ടിട്ടുണ്ട്. 20 റക്അത്ത് തറാവീഹും 3 റക്്അത്ത് വിത്‌റും നമസ്‌കരിച്ചിരുന്നതായി അഅ്മശില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം 16, 13 എന്നിങ്ങനെയും പറയപ്പെട്ടിട്ടുണ്ട്. അതിന്റെ റക്അത്തുകളുടെ എണ്ണം 11 ആണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇമാം മാലിക്(റ) സ്വയം തിരഞ്ഞെടുത്തതും അബൂബക്കറുബ്നുല്‍ അറബി അനുഷ്ഠിച്ചതും അപ്രകാരമായിരുന്നു.” (ഉംദത്തുല്‍ഖാരി 5:356)
ഒരു വിഷയത്തില്‍ നസ്സ്വായ തെളിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇജ്തിഹാദ് (ഗവേഷണം) നടത്തി വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയെന്നത് പല പണ്ഡിതന്മാരും ശീലമാക്കിയതാണ്. അത് ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവിടെ നാം മനസ്സിലാക്കേണ്ടത് നമുക്ക് ലഭിച്ചേടത്തോളം തെളിവുകള്‍ പരിശോധിച്ചാല്‍ തറാവീഹു നമസ്‌കാരം 11 റക്അത്ത് മാത്രമാകുന്നു എന്നതാണ്. മറ്റൊരു കാരണം നബി(സ) ഒരു വിഷയത്തില്‍ ഒന്നിലധികം അഭിപ്രായങ്ങളുണ്ടെങ്കില്‍ അവയില്‍ ഏറ്റവും എളുപ്പമുള്ള കര്‍മം തെരഞ്ഞെടുക്കുമെന്നതാണ്. ”ആയിശ(റ) പറയുന്നു: ഒരു വിഷയത്തില്‍ രണ്ടിലൊന്ന് സ്വീകരിക്കാം എന്ന തലത്തിലുള്ള കാര്യങ്ങളില്‍ നബി(സ) അതില്‍ ഏറ്റവും എളുപ്പമുള്ള കര്‍മം തെരഞ്ഞെടുക്കുമായിരുന്നു. ”(ബുഖാരി). ഈ നിലയിലും തറാവീഹ് 11 റക്അത്തുകള്‍ക്കാണ് സാധ്യത.
സമസ്തക്കാരുടെ വാദപ്രകാരം നബി(സ) 11 റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന ഹദീസ് വിത്ര്‍ നമസ്‌കാരത്തെക്കുറിച്ചാണ് എന്നതാണ്. അങ്ങനെയെങ്കില്‍ സമസ്തക്കാര്‍ 20 തറാവീഹും 11 വിത്‌റും അടക്കം 31 റക്അത്ത് നമസ്‌കരിക്കണം. അതവര്‍ ചെയ്യാറുമില്ല. അതിനാല്‍ പ്രസ്തുത വാദത്തിന് കഴമ്പില്ല. സ്വഹാബികളില്‍ പ്രമുഖനായിരുന്ന അബൂസലമ (റ) പറയുന്നു: അദ്ദേഹം ആയിശ(റ)യോട് ചോദിച്ചു: റമദാനില്‍ നബി(സ)യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു: അവര്‍ പറഞ്ഞു: നബി(സ) റമദാനിലും അല്ലാത്ത കാലത്തും 11 റക്അത്തില്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല.” (ബുഖാരി)
മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”അബ്ദുല്ല(റ) പറയുന്നു: അബൂസലമ(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ഞാന്‍ ആയിശാ(റ)യുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം ആരായുകയുണ്ടായി: പ്രിയപ്പെട്ട ഉമ്മാ, നബി(സ)യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു എന്ന് പറഞ്ഞു തന്നാലും. അവര്‍ പറഞ്ഞു: നബി(സ)യുടെ റമദാനിലെയും അല്ലാത്ത കാലത്തേയും നമസ്‌കാരം 13 റക്അത്തായിരുന്നു. അതില്‍ സ്വുബ്ഹിക്ക് (മുമ്പുള്ള) സുന്നത്തു നമസ്‌കാരവും ഉള്‍പ്പെടും.” (സ്വഹീഹു മുസ്‌ലിം 3:271)
നബി(സ) തറാവീഹു നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിച്ചത് രണ്ടോ മൂന്നോ ദിവസം മാത്രമാണ്. നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താല്‍ നബി(സ) ജമാഅത്ത് ഒഴിവാക്കുകയാണുണ്ടായത്. ഉര്‍വ(റ) ആയിശാ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ചു നമസ്‌കരിക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു നമസ്‌കരിക്കുകയും ചെയ്തു. പിന്നീട് പിറ്റെ ദിവസവും അപ്രകാരം നമസ്‌കരിക്കുകയുണ്ടായി. അങ്ങനെ ജനങ്ങള്‍ അധികരിച്ചു. അനന്തരം മൂന്നാമത്തെയോ നാലാമത്തേയോ ദിവസം ജനങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടി. പക്ഷെ നബി(സ) അവരിലേക്ക് വന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ ചെയ്തത് (ഒരുമിച്ചു കൂടിയത്) ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളിലേക്ക് വരാതിരുന്നത് തറാവീഹ് നമസ്‌കാരം നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം കാരണത്താലാണ്. ഈ സംഭവം റമദാനിലാണ് സംഭവിച്ചത്. (സ്വഹീഹു മുസ്‌ലിം 3:296)
നബി(സ)യോടൊപ്പം പള്ളിയില്‍ ജമാഅത്തിന് പങ്കെടുത്ത വ്യക്തിയായിരുന്നു ജാബിര്‍(റ). അദ്ദേഹം പറയുന്നു: ”നബി(സ) റമദാനില്‍ ഞങ്ങളെയും കൂട്ടി 8 റക്അത്തും വിത്‌റും നമസ്‌കരിക്കുകയുണ്ടായി.” (അബൂയഅ്്ലാ, ത്വബ്‌റാനി)
അതേ റമദാനില്‍ നടന്ന മറ്റൊരു സംഭവം ജാബിര്‍(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: ”ഉബയ്യുബ്നു കഅ്ബ്(റ) നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇന്നലെ രാത്രി അഥവാ റമദാനില്‍ എന്നില്‍ നിന്ന് ഒരു സംഭവം ഉണ്ടായി. നബി(സ) ചോദിച്ചു: ഉബയ്യേ എന്താണത്: അദ്ദേഹം പറഞ്ഞു: എന്റെ വീട്ടിലെ സ്ത്രീകള്‍ ഇപ്രകാരം പറഞ്ഞു: ഞങ്ങള്‍ക്ക് ഖുര്‍ആന്‍ (മനപ്പാഠമായി) പാരായണം ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ ഞങ്ങള്‍ താങ്കളെ തുടര്‍ന്ന് നമസ്‌കരിക്കാം. അങ്ങനെ ഞാന്‍ അവരേയും കൂട്ടി 8 റക്അത്തും വിത്റും നമസ്‌കരിച്ചു. അത് നബി(സ) ഇഷ്ടപ്പെട്ട ചര്യയായിരുന്നു. നബി(സ) അതിനെ (എതിര്‍ത്ത്) ഒന്നും തന്നെ പറഞ്ഞില്ല.” (അബൂയഅ്ലാ, ത്വബ്‌റാനി)
ഉമര്‍(റ) തന്റെ ഭരണകാലത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചതും 11 റക്അത്തായിരുന്നു. ഇമാം മാലിക് (റ) പറയുന്നു: ”ഉമര്‍(റ) ഉബയ്യുബ്നു കഅ്ബിനോടും തമീമുദ്ദാരിയോടും 11 റക്അത്ത് നമസ്‌കരിക്കാന്‍ കല്‍പിച്ചു. ഇമാം നൂറുകണക്കില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഓതാറുണ്ടായിരുന്നു. നിര്‍ത്തത്തിന്റെ ദൈര്‍ഘ്യം കാരണം ഞങ്ങള്‍ വടികളിന്മേല്‍ ചാരി നില്‍ക്കാറുണ്ടായിരുന്നു.” (മുവത്വ 1:115)
ഇബ്നു ഹജര്‍(റ) പറയുന്നു: ജാബിര്‍(റ) പ്രസ്താവിച്ചു: നബി(സ) ഞങ്ങളെയും കൂട്ടി 8 റക്അത്തും വിത്റും നമസ്‌കരിച്ചു.” (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍, ഫത്ഹുല്‍ ബാരി 4:21)
പ്രസിദ്ധ പണ്ഡിതന്‍ ഹൈതമി പറയുന്നു: നബി(സ) 8 റക്അത്ത് തറാവീഹും വിത്‌റും നമസ്‌കരിച്ചിരുന്നു. (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍, ഫതാവല്‍കുബ്‌റാ 1:194) ജലാലുദ്ദീന്‍ സുയൂഥി പറയുന്നതും ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ”നബി(സ) റമദാനിലും അല്ലാത്ത കാലത്തും 11 റക്അത്തില്‍ കൂടുതല്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്ന ആയിശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് നബി(സ) തറാവീഹ് 8 റക്അത്തും വിത്റ് നമസ്‌കാരം 3 ഉം നിര്‍വ്വഹിച്ചിരുന്നു എന്നതിനുള്ള തെളിവാണ്.” (അല്‍ഹാവീലില്‍ ഫതാവാ 2:75)
തറാവീഹ് നമസ്‌കാരം 20 റക്അത്താണ് എന്ന എല്ലാ റിപ്പോര്‍ട്ടുകളും അങ്ങേയറ്റം ദുര്‍ബലങ്ങളാണ്. ഹൈതമി പറയുന്നു: ”നബി(സ) റമദാനില്‍ 20 റക്അത്ത് തറാവീഹും വിത്റും നമസ്‌കരിച്ചിരുന്നു എന്ന വ്യത്യസ്ത പരമ്പരകളിലൂടെ വന്നിട്ടുള്ള എല്ലാ ഹദീസുകളും അങ്ങേയറ്റം ദുര്‍ബലങ്ങളാണ്.” (ഫതാവല്‍കുബ്‌റാ 1:194, 195)
ഇമാം സുയൂഥി പറയുന്നു: ”നബി(സ) തറാവീഹ് 20 റക്അത്ത് നമസ്‌കരിച്ചിരുന്നതായി സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല.” (അല്‍ഹാഫിലില്‍ ഫതാവാ 2:72, 73) ഇബ്‌നുഹജര്‍(റ) പറയുന്നു: ”നബി(സ) റമദാനില്‍ 20 റക്അത്തും വിത്റും നമസ്‌കരിച്ചിരുന്നു എന്ന ഹദീസിന്റെ പരമ്പര ദുര്‍ബലവും ബുഖാരിയുടെ ഹദീസിന് വിരുദ്ധവുമാണ്.” (ഫത്ഹുല്‍ ബാരി 4:205)
ഉമറിന്റെ(റ) കാലത്ത് ജനങ്ങള്‍ തറാവീഹ് 23 റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന ഹദീസിനെക്കുറിച്ച് ഇമാം നവവി പറയുന്നു: യസീദുബ്നു റുമാന്‍ ഉമറിനെ കണ്ടിട്ടില്ല. (ഹദീസ് പരമ്പര മുറിഞ്ഞതാണ്) ഇത്തരം ഹദീസിന് ‘മുന്‍ഖത്വിഅ്’ എന്നാണ് പറയുക (ശറഹുല്‍മുഹദ്ദബ് 4:33)
തറാവീഹ് ഒറ്റക്കും ജമാഅത്തായും നിര്‍വഹിക്കാവുന്നതാണ്. ജമാഅത്തിന് പ്രത്യേകം പുണ്യമുണ്ട്. ഉമര്‍(റ) നബി(സ)യുടെ സുന്നത്തിനെ ജീവിപ്പിച്ചതാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു: ഇമാം ത്വഹാവി തറാവീഹ് നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ ഫര്‍ദുകിഫായ ആണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇബ്നു ബത്ത്വാസ് (റ) പറയുന്നു: ഉമര്‍(റ) ജമാഅത്തായി നിര്‍വഹിച്ചത് നബിചര്യ പ്രകാരമാണ്. നബി(സ) ജമാഅത്ത് ഒഴിവാക്കിയത് നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം കാരണവുമാണ്. (ഫത്ഹുല്‍ ബാരി 6: 9,10)
ഇമാം നവവി(റ) പറയുന്നു: നബി(സ) ഖിയാമു റമദാന്‍ കൊണ്ട് കല്‍പിക്കുകയും അത് പള്ളിയില്‍ വെച്ചു നിര്‍വഹിക്കുകയും ഒരു രാവിന് പിറകെ മറ്റൊരു രാവ് എന്നോണം ചില സ്വഹാബികള്‍ നബി(സ)യെ പിന്‍തുടരുകയും ചെയ്തു. പിന്നീട് നിര്‍ബന്ധമാക്കപ്പെടും എന്ന കാരണത്താലാണ് പള്ളിയില്‍ വെച്ചു നിര്‍വഹിക്കല്‍ ഉപേക്ഷിച്ചത്. നബി(സ)യുടെ മരണത്തോടു കൂടി നിര്‍ബന്ധമാകുന്നതില്‍ നിന്ന് സുരക്ഷ ലഭിക്കുകയും നബി(സ)യുടെ സുന്നത്തിനെ ജീവിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ സ്വഹാബത്ത് ഏകോപിച്ച് ആ ചര്യ പള്ളിയില്‍ നിലനിര്‍ത്തുകയും ചെയ്തു. (കിതാബുല്‍ ബാഇസ്, പേജ്; 94-95)
ഇമാം ശാത്വബി(റ) പറയുന്നു: തറാവീഹ് നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്താണ്. നബി(സ) പള്ളിയില്‍ ജമാഅത്ത് ഉപേക്ഷിച്ചത് നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം കാരണമാണ്. എന്നാല്‍ വഹ്‌യ് മുറിഞ്ഞതോടെ (മരണത്തോടെ) ജമാഅത്തായി നിര്‍വഹിക്കുകയെന്ന അതിന്റെ അടിസ്ഥാനത്തിലേക്ക് മടങ്ങാവുന്നതാണ്. (ഇഅ്തിസ്വാം 1:375)
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: തറാവീഹു നമസ്‌കാരത്തില്‍ ജമാഅത്ത് സുന്നത്താണ്. നബി(സ) ഏതാനും ചില രാവുകളില്‍ അപ്രകാരം ചെയ്തിട്ടുണ്ട്. (അല്‍ഗുന്‍യ 1:15)

Back to Top