18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

രാത്രിയിലെ സംഘനമസ്‌കാരം രണ്ടാം ഖലീഫയുടെ പരിഷ്‌കരണമാണെന്നോ?

കെ എം ജാബിര്‍


നമസ്‌കാരത്തെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ സ്വലാത്ത്, ഖിയാം, റുകൂഅ്, സുജൂദ്, ഹംദ്, തസ്ബീഹ്, ഇസ്തിഗ്ഫാര്‍, ദുആഅ്… എന്നിങ്ങനെയുള്ള പദങ്ങളോ ഈ പദങ്ങളില്‍ നിന്നുള്ള ക്രിയാ രൂപങ്ങളോ ആണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നത് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റമദാനിലെ രാത്രിനമസ്‌കാരം ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും റമദാനുള്‍പ്പെടെയുള്ള എല്ലാ മാസങ്ങളിലെയും രാത്രിസമയങ്ങളിലെ നമസ്‌കാരത്തെ മഹത്വപ്പെടുത്തിയും പ്രോല്‍സാഹിപ്പിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ 73-ാം അധ്യായത്തിലെ 2-ാം സൂക്തവും, 17-ാം അധ്യായത്തിലെ 79-ാം സൂക്തവും നിദ്രയില്‍ നിന്നെഴുന്നേറ്റ് നമസ്‌കരിക്കുന്നതിന് പ്രവാചകനോട് (സ) പ്രത്യേകം കല്‍പിക്കുന്ന വചനങ്ങളാണ്.
സത്യവിശ്വാസികളുടെ സവിശേഷാനുഷ്ഠാനം
പരമകാരുണ്യവാന്റെ അടിമകള്‍ എങ്ങനെയായിരിക്കുമെന്ന് വിവരിക്കുന്ന വചനങ്ങളില്‍, നിശാവേളകളിലുള്ള അവരുടെ നമസ്‌കാരത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ”പരമകാരുണികന്റെ ദാസന്‍മാര്‍ പ്രണാമം ചെയ്യുന്നവരും നിന്നു പ്രാര്‍ഥിക്കുന്നവരുമായി തങ്ങളുടെ രക്ഷിതാവിനു വേണ്ടി രാത്രി കഴിച്ചു കൂട്ടുന്നു.”(25:64). ”അവരുടെ പാര്‍ശ്വങ്ങള്‍ അവരുടെ കിടപ്പു സ്ഥാനങ്ങളില്‍ നിന്ന് വിട്ടകലുന്നു. തങ്ങളുടെ രക്ഷിതാവിനോട് ഭയന്നും പ്രതീക്ഷയര്‍പ്പിച്ചും പ്രാര്‍ഥിക്കുന്നതിനായി.”(32:16). സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ധര്‍മനിഷ്ഠരെക്കുറിച്ച് പറയുന്നു: ”അവര്‍ രാത്രിയില്‍ കുറച്ചു മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പാപമോചനത്തിനായി പ്രാര്‍ഥിച്ചു കഴിയുമായിരുന്നു.” (51:1718). ”നിശാവേളകളില്‍ പരലോകത്തെ ഭയപ്പെട്ടും തന്റെ രക്ഷിതാവിന്റെ കാരുണ്യം പ്രതീക്ഷിച്ചും നിന്നും പ്രണാമം ചെയ്തും രക്ഷിതാവിനെ വണങ്ങുന്നവന്റെ പ്രതിഫലം ബഹുദൈവ വിശ്വാസിയുടേതു പോലെയാവുമോ?!”(39: 9)
വര്‍ഷത്തിലെ 365 ദിനങ്ങളിലും രാത്രികളില്‍ സത്യവിശ്വാസികള്‍ക്ക് പ്രത്യേക നമസ്‌കാരമുള്ളതായി ഖുര്‍ആന്‍ കൊണ്ടു തെളിയുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. അപ്പോള്‍ പിന്നെ, റമദാനില്‍ മാത്രമായി ആ നമസ്‌കാരം ദുര്‍ബലപ്പെട്ടു പോകുന്ന പ്രശ്‌നമില്ല. അങ്ങനെ വിധിയുണ്ടെങ്കില്‍, ഖുര്‍ആനിലോ നബി വചനങ്ങളിലോ അതുണ്ടാവണം. റസൂല്‍(സ) ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരമേതാണ്? റസൂല്‍ (സ) പറഞ്ഞു: പാതിരാത്രിയിലെ നമസ്‌കാരം.(മുസ്ലിം.)
സംഘമായി
നമസ്‌കരിക്കുന്നത്
അനാചാരമോ?

റമദാനിലെ രാത്രി നമസ്‌കാരം പള്ളിയില്‍ ഇന്നു കാണുന്ന രീതിയില്‍ ഇശാ നമസ്‌കാരത്തിനു ശേഷം അനുബന്ധമായി നമസ്‌കരിക്കുന്നത് പുതു നിര്‍മിതമായ അനാചാരമാണെന്ന് ഇന്നു ചിലര്‍ വാദിക്കുന്നുണ്ട്. ഇശാഅ്‌നോടനുബന്ധിച്ചാകുന്നതും പള്ളിയില്‍ വെച്ചാകുന്നതുമാണ് അവര്‍ എതിര്‍ക്കുന്നതും നബിചര്യയില്‍ ഇല്ലാത്തതെന്ന് കട്ടായമായി പറഞ്ഞു കൊണ്ടിരിക്കുന്നതും. നബി(സ) രാത്രി നമസ്‌കരിച്ചതും ജനങ്ങള്‍ പിന്നില്‍ വന്നു പിന്തുടര്‍ന്നതും അറിഞ്ഞു കൊണ്ട് വ്യവസ്ഥാപിതമായി നടപ്പില്‍ വരുത്തിയ കാര്യമല്ലെന്നും അതു പള്ളിയിലായിരുന്നില്ലെന്നും അതുതന്നെയും റസൂല്‍(സ) നിര്‍ത്തലാക്കുകയും ചെയ്‌തെന്നും പിന്നീട് രണ്ടാം ഖലീഫയാണ് ഇത്തരമൊരു സമ്പ്രദായം തുടങ്ങി വെച്ചതെന്നുമാണ് ഇക്കൂട്ടര്‍ ഇവരുടെ വാദത്തിനു തെളിവായി പറയുന്നത്. വാസ്തവത്തില്‍, സത്യത്തില്‍ നിന്നു പുറം തിരിഞ്ഞു നില്‍ക്കുന്ന തനി പിന്തിരിപ്പന്‍ വാദമാണിത്.
സൂറത്തുല്‍ മുസ്സമ്മിലിലെ അവസാനത്തെ ആയത്തില്‍ അല്ലാഹു പറയുന്നു: നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്‌കരിച്ചു) വരുന്നുണ്ടെന്ന്. അല്ലാഹുവത്രെ, രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ഖുര്‍ആനില്‍ നിന്നു സൗകര്യപ്പെട്ടത് ഓതി (നമസ്‌കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് ഓതി, (നമസ്‌കരിച്ചു) കൊള്ളുക. നമസ്‌കാരം നിലനിര്‍ത്തുകയും, സകാത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
മലയാളികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍, ഈ ആയത്തിനു അമാനി തഫ്‌സീറില്‍ നല്‍കിയ അര്‍ഥവും വ്യാഖ്യാനവും ഉപകാരപ്പെടും. അമാനിയുടെ വ്യാഖ്യാനത്തില്‍ നിന്ന് : ‘റസൂല്‍ (സ) തിരുമേനിയുടെ (രാത്രി) നമസ്‌കാരത്തെ കുറിച്ച് തനിക്ക് പറഞ്ഞു തരണം എന്ന് സഅ്ദുബ്‌നു ഹിശാം(റ) ആഇശ (റ)യോട് ആവശ്യപ്പെട്ടപ്പോള്‍ ആഇശ (റ) അദ്ദേഹത്തോട് ചോദിച്ചു: താന്‍ ഈ സൂറത്ത് മുസ്സമ്മില്‍ ഓതാറില്ലേ? അദ്ദേഹം മറുപടി പറഞ്ഞു : ഇല്ലാതെ!, അപ്പോള്‍ ആഇശ(റ) പറഞ്ഞു: എന്നാല്‍, ഈ സൂറത്തിന്റെ ആദ്യത്തില്‍ അല്ലാഹു രാത്രി നമസ്‌കാരം നിര്‍ബന്ധമാക്കി. അങ്ങനെ, റസൂല്‍(സ) തിരുമേനിയും സ്വഹാബികളും ഒരു കൊല്ലത്തോളം അവരുടെ പാദങ്ങളില്‍ നീരുകെട്ടുമാറ് നമസ്‌കാരം നിര്‍വഹിച്ചുവന്നു. പന്ത്രണ്ടു മാസക്കാലം ഈ സൂറത്തിന്റെ അവസാനഭാഗം അല്ലാഹു ആകാശത്ത് സൂക്ഷിച്ചുവെച്ചു. (അവതരിപ്പിച്ചില്ല). പിന്നീട് സൂറത്തിന്റെ അവസാനത്തില്‍ ലഘൂകരണം അവതരിപ്പിച്ചു. അങ്ങനെ, രാത്രി നമസ്‌കാരം നിര്‍ബന്ധം ആയിരുന്നതിനു ശേഷം അത് ഒരു ഐച്ഛിക കര്‍മം ആയിത്തീര്‍ന്നു.’ (അ.മു. ദാ.ന).
ഒരു കൊല്ലകാലമായിരുന്നു നബി(സ)യും സ്വഹാബികളും രാത്രി നമസ്‌കാരം നിര്‍ബന്ധകര്‍മമായി ആചരിച്ചു വന്നത് എന്നാണല്ലോ ഈ ഹദീസില്‍ ആഇശ(റ) പ്രസ്താവിച്ചിരിക്കുന്നത്. വേറെ ചില സ്വഹാബികളില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളില്‍ കൂടുതല്‍ കൊല്ലങ്ങളോളം അത് നിര്‍ബന്ധമായിരുന്നുവെന്നും വന്നിരിക്കുന്നു. അതിനാല്‍, രാത്രി നമസ്‌കാരത്തിന്റെ നിര്‍ബന്ധനിയമം എത്ര കാലം നിലനില്‍ക്കുക ഉണ്ടായെന്നു തീര്‍ത്തു പറയുവാന്‍ നമുക്ക് പ്രയാസമുണ്ട്. സൂറത്തിന്റെ ആദ്യഭാഗം അവതരിച്ച കാലത്ത് ഒരു പക്ഷേ ആഇശ(റ) ജനിച്ചിരുന്നുവോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിന്നറിയാം. ഏതായാലും ഈ ആയത്തില്‍ നിന്ന് നമുക്ക് താഴെ കാണുന്ന സംഗതികള്‍ മനസ്സിലാക്കാവുന്നതാണ്.
ഇസ്ലാമിന്റെ ആരംഭത്തില്‍ ഈ സൂറത്തിലെ ആദ്യഭാഗങ്ങളില്‍ കാണുന്നത് പോലെ രാത്രി നമസ്‌കാരം മുസ്ലിംകള്‍ക്ക് നിര്‍ബന്ധം ആയിരുന്നു. നബി(സ)യും സ്വഹാബികളും കുറേ കാലത്തോളം ഒരു നിര്‍ബന്ധകടമയെന്ന നിലക്ക് അത് ആചരിച്ചു വന്ന ശേഷമാണ് ഈ വചനം മുഖേന പ്രസ്തുത നിര്‍ബന്ധം ഇളവ് ചെയ്യപ്പെട്ടത്. ചിലപ്പോള്‍ രാത്രി ഏതാണ്ടു മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും അവര്‍ നമസ്‌കരിച്ചിരുന്നു. സമയം ക്ലിപ്തമായി അറിയത്തക്ക ഘടികാരം മുതലായ ഉപകരണങ്ങളില്ലാത്ത കാലത്ത് സമയം കൃത്യമായി കണക്കാക്കുവാന്‍ പ്രയാസം ആണല്ലോ. മാത്രമല്ല, നിര്‍ബന്ധകല്‍പന വന്നപ്പോള്‍ തന്നെ രാത്രിയുടെ പകുതിയോ, അല്ലെങ്കില്‍ കൂടുതലോ അല്പം കുറച്ചോ സമയം എടുക്കാവുന്നതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. (2,3,4 വചനങ്ങള്‍ നോക്കുക). ഏതായാലും ഇത്രയും സമയം രാത്രി ഉറക്കമൊഴിച്ച് കാലില്‍ നീരുപോലും കെട്ടുമാറ് ആ കൃത്യം നബി(സ)യും സ്വഹാബികളും തെറ്റാതെ അനുഷ്ഠിച്ചു വരുന്നതും, അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നതില്‍ അവര്‍ക്കുള്ള താല്‍പര്യവും അല്ലാഹു കണ്ടറിയുന്നുണ്ട്.
രാപ്പകലുകളുടെ ഏറ്റകുറവുകളും, ഓരോന്നിന്റെ കൃത്യ അളവുകളും, അവയില്‍ എന്തെല്ലാം നടമാടി കൊണ്ടിരിക്കുന്നുവെന്ന സൂക്ഷ്മവിവരവും അല്ലാഹുവിങ്കല്‍ ഉണ്ട്. അവയുടെ നിയന്ത്രണം അവന്റെ പക്കലാണുള്ളത്. സൃഷ്ടികള്‍ക്ക് അതൊന്നും ശരിക്കറിഞ്ഞു കൂടാ. എന്നൊക്കെ ചൂണ്ടിക്കാട്ടി കൊണ്ട് പ്രസ്തുത നിര്‍ബന്ധത്തെ നിങ്ങളുടെ പേരില്‍ അവന്‍ മടക്കം സ്വീകരിച്ചിരിക്കുന്നു. ‘ഫതാബ അലൈക്കും’ എന്ന വാക്യം മുഖേന അല്ലാഹു ഇളവ് ചെയ്തിരിക്കുന്നു.
ഇനി മേലില്‍, രാത്രി നമസ്‌കാരം അത്ര കര്‍ശനമായി ആചരിക്കേണ്ടത് ഇല്ല. ഒരോരുത്തന്റെയും കഴിവും സൗകര്യവും അനുസരിച്ച് അനുഷ്ഠിച്ചാല്‍ മതിയാകും എന്നത്രെ ‘ഖുര്‍ആനില്‍ നിന്നും സൗകര്യമായത് ഓതി കൊള്ളുക’ എന്ന വാക്യത്തിന്റെ താല്‍പര്യം. നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം സ്ഥിതി ചെയ്യുന്നത് പ്രധാനമായും അതിലെ ഖുര്‍ആന്‍ പാരായണത്തിന്റെ തോതനുസരിച്ച് ആയിരിക്കുമല്ലോ.
ഈ ആയത്തുകളില്‍ നിശാനമസ്‌കാരവും അതിന്റെ സംഘടിത നിര്‍വഹണ രീതിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ ആരും ഇനി തര്‍ക്കിച്ചിട്ടു കാര്യമില്ല. ഈ സംഘനമസ്‌കാരം എവിടെ വെച്ചായിരുന്നിരിക്കും നിര്‍വഹിക്കപ്പെട്ടിരിക്കുക? വല്ല പറമ്പിലും നമസ്‌കരിച്ചു വന്നിരുന്നതിനെപ്പറ്റിയാണോ പരാമര്‍ശം? ബുഖാരി, ആഇശ(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന 1129ാം നമ്പര്‍ ഹദീസില്‍ റസൂല്‍(സ)യുടെ രാത്രി നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ ആരംഭത്തില്‍ ഇങ്ങനെയാണ്. (അന്ന റസൂലല്ലാഹി (സ) സ്വല്ലാ ദാത്ത ലൈലത്തിന്‍ ഫില്‍ മസ്ജിദി …..)
ഒരു രാത്രിയില്‍ റസൂല്‍ (സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു…… അത് റമദാനിലായിരുന്നു. ബുഖാരിയിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ് അത് പള്ളിയിലായിരുന്നു എന്നത്. ഇനി രണ്ടാമത്തെ കാര്യം, നബി (സ) തന്റെ പിറകില്‍ ജനങ്ങള്‍ തന്നെ നമസ്‌കരിച്ചു കൊണ്ട് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞിരുന്നുവെന്നും ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ട്. ഉദാഹരണത്തിന് ബുഖാരി 1908ാം നമ്പര്‍ ഹദീസില്‍, അവസാന ഭാഗത്ത്: ‘നിങ്ങളുടെ സാന്നിധ്യം ഞാനറിയാതെ പോയിട്ടില്ല. നിങ്ങള്‍ക്ക് ഈ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുന്നതും അത് നിര്‍വഹിച്ചു പോരാന്‍ നിങ്ങള്‍ അശക്തരായിത്തീരുന്നതും ഞാന്‍ ഭയപ്പെട്ടു.’ എന്നു കാണാം….
രാത്രി നമസ്‌കാരം പള്ളിയില്‍ ഔദ്യോഗിക സംഘാടനം ഇല്ലാത്ത ആ അവസ്ഥയിലാണ് റസൂല്‍(സ) മരിച്ചു പോയത്. ഇത് സംബന്ധമായി വന്ന ഒറ്റ റിപ്പോര്‍ട്ടിലും മേലില്‍ പള്ളിയില്‍ രാത്രി നമസ്‌കാരത്തിന്റെ ജമാഅത്ത് പാടില്ലെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊരു പരാമര്‍ശവും നബി(സ)യില്‍ നിന്ന് ഉണ്ടായതായികാണുന്നില്ല.
റമദാനില്‍ പള്ളികളില്‍ വെച്ച് ഇശാ നമസ്‌കാര ശേഷം ഇന്ന് നടന്നു വരുന്ന തറാവീഹ് ജമാഅത്ത് രണ്ടാം ഖലീഫ ഉമര്‍ (റ) പുതുതായി കൊണ്ടുവന്ന പരിഷ്‌കാരമാണെന്ന ധാരണയും ശരിയല്ല. ഇതു സംബന്ധമായി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ ഇങ്ങനെയാണുള്ളത്. അബ്ദുര്‍റഹ്മാനുബ്‌നു അബ്ദില്‍ഖാരീയില്‍ നിന്ന്: ‘ഖത്താബിന്റെ മകന്‍ ഉമറിന്റെ കൂടെ റമദാനിലെ ഒരു രാത്രിയില്‍ ഞാന്‍ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ അവിടെ ഭിന്നിച്ച സംഘങ്ങള്‍! ചിലര്‍ ഒറ്റയ്ക്ക് നമസ്‌കരിക്കുന്നു. ചിലര്‍ സംഘമായി ഒരാളുടെ പിന്നില്‍ നമസ്‌കരിക്കുന്നു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഇവരെയെല്ലാം ഒരു ഇമാമിന്റെ പിന്നില്‍ ഒരുമിപ്പിച്ചാല്‍ അത് ഏറ്റവും മാതൃകാപരമായേനെ. പിന്നിടദ്ദേഹം തീരുമാനമെടുത്തു.
റസൂല്‍(സ) തിരുമേനി മൂ ന്ന് ദിവസങ്ങളില്‍ പള്ളിയില്‍ വെച്ച് റമദാനില്‍ ജനങ്ങള്‍ക്ക് ഇമാമായി നിന്നു നമസ്‌കരിച്ചതിന്റെ വ്യക്തമായ തെളിവ് നാം കണ്ടു. മാതൃകയില്ല എന്ന് നിഷേധിക്കുന്ന എല്ലാ കാര്യങ്ങളും ആ ഹദീസില്‍ പദപ്രയോഗങ്ങളില്‍ തന്നെ വളരെ വ്യക്തമാണ്. ഇവിടെ, ഉമര്‍(റ)ന്റെ ഈ നടപടി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലും ജനങ്ങള്‍ പള്ളിയില്‍ സംഘമായും അല്ലാതെയും നമസ്‌കരിച്ചിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട്. ഉമര്‍(റ) പുതുതായി യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യുകയുണ്ടായില്ല എന്നത് എത്രയും വ്യക്തമാണ്. പുതിയ നമസ്‌കാരമുണ്ടാക്കിയിട്ടില്ല. പുതിയ നിര്‍വഹണരീതിയും കൊണ്ടുവന്നിട്ടില്ല. പുതിയ സമയവും ക്ലിപ്തപ്പെടുത്തിയിട്ടില്ല. ജനങ്ങള്‍ പള്ളിയില്‍ സ്വമേധയാ ചെയ്തുപോന്ന നമസ്‌കാര നിര്‍വഹണത്തിന്ന് ഭരണാധികാരി എന്ന നിലയില്‍ ഔദ്യോഗികമായി രണ്ടു ഇമാമുമാരെ നിശ്ചയിച്ചു കൊടുത്തു എന്ന പുതുമ മാത്രമേ അദ്ദേഹത്തിന്റെ നടപടിയിലുള്ളൂ. അദ്ദേഹം അക്കാര്യത്തില്‍ പറഞ്ഞു വെച്ചതും അതു തന്നെയാണ്. ഈ സംഘത്തോടൊപ്പം നമസ്‌കരിക്കാതെ ഉറങ്ങുന്നവര്‍ (ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുന്നവര്‍) ഇവരേക്കാള്‍ ശ്രേഷ്ഠരാണ് എന്നദ്ദേഹം ഉണര്‍ത്തിയതും പ്രവാചകന്‍(സ)യുടെ സുന്നത്തിനെ അക്ഷരംപ്രതി അനുസരിച്ചു കൊണ്ടു തന്നെയാണ്. കാരണം, നിര്‍ബന്ധ നമസ്‌കാരങ്ങളല്ലാത്ത ഐഛിക നമസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ചു നമസ്‌കരിക്കുന്നതാണ് ശ്രേഷ്ഠം എന്നു റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്. രാത്രി നമസ്‌കാരത്തിന്റെ വിഷയത്തില്‍ നിയമ വ്യത്യാസമൊന്നുമില്ല.
നിശാ നമസ്‌കാരത്തിന്റെ
സമയമെപ്പോള്‍?

ഫര്‍ള് നമസ്‌കാരങ്ങളുടെ സമയം ക്ലിപ്തമായി പറഞ്ഞു തന്നിട്ടുള്ളത് പോലെ ഒരു നിര്‍ണിത സമയം രാത്രി നമസ്‌കാരത്തിന്റെ കാര്യത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇശാ നമസ്‌കാര ശേഷം മുതല്‍ സുബ്ഹ് നമസ്‌കാരസമയം വരെയുള്ള ദീര്‍ഘമായ വേളയാണ് രാത്രി നമസ്‌കാരത്തിനു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഏറ്റവും ശ്രേഷ്ഠം അല്‍പം ഉറങ്ങിയതിനു ശേഷം പാതിരാത്രിയിലോ അന്ത്യയാമത്തിലോ നമസ്‌കരിക്കുന്നതാണെന്ന് ഖുര്‍ആനിലും നബി വചനങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നബി(സ) രാത്രിയുടെ ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലും രാത്രി നമസ്‌കാരം നിര്‍വഹിച്ചിരുന്നുവെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍ തറാവീഹ് എന്ന രാത്രി നമസ്‌കാരം രണ്ടാം ഖലീഫയുടെ പരിഷ്‌കാരമാണെന്ന വാദം വസ്തുതാവിരുദ്ധമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x