തഖ്‌വ ബോധവും നോമ്പിന്റെ വിധിവിലക്കുകളും
പി മുസ്തഫ നിലമ്പൂര്‍
മാനവതയ്ക്ക് മാര്‍ഗദര്‍ശകമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണ്. അതുകൊണ്ട് ആ മാസത്തില്‍ വ്രതമനുഷ്ഠിച്ചുകൊണ്ട് രക്ഷിതാവിനു നന്ദി കാണിക്കണമെന്ന് അവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാഹ്യമായി കാണുന്ന ഭൗതിക ശരീരവും ആന്തരികമായ ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഭൗതികവും ശാരീരികവുമായ താല്‍പര്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് മനുഷ്യനെ ആത്മീയമായ ഉല്‍ക്കര്‍ഷത്തിലേക്കും ഔന്നത്യത്തിലേക്കും വഴി കാണിക്കുന്നതിനു വേണ്ടിയാണ് ആരാധനകള്‍ നിയമമാക്കിയത്. എല്ലാ സമൂഹങ്ങളിലും രൂപഭേദങ്ങളോടെയാണെങ്കിലും ആരാധന-അനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു. ആത്യന്തികമായി അവയെല്ലാം സൃഷ്ടിച്ചു സംരക്ഷിച്ച രക്ഷിതാവിനെ സ്മരിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും അവന്റെ മഹത്വത്തെ വാഴ്ത്തുന്നതിനും വേണ്ടിയായിരുന്നു. അതിലൂടെ കേവല ശാരീരിക താല്‍പര്യങ്ങള്‍ക്ക് കടിഞ്ഞാണിടുകയും സ്രഷ്ടാവിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതം ആത്മീയമായ ചൈതന്യം കൈവരിക്കുകയും ചെയ്യുക എന്നതാണ് ആരാധനയുടെ കാതല്‍. ഇപ്രകാരം മാനവിക മഹത്വത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതില്‍ നോമ്പിന്റെ പങ്ക് നിസ്തുലമാണ്. അതുകൊണ്ടാണ് സ്വര്‍ഗപ്രവേശം സാധ്യമാകുന്ന കാര്യം ഉപദേശം തേടിയ അനുചരനോട് ”നീ നോമ്പനുഷ്ഠിക്കുക, അതിനു തുല്യമായ ഒന്നുമില്ലെ”ന്ന് നബി(സ) പറഞ്ഞത്. ധാര്‍മിക-സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നോമ്പിന് സമാനമായി ഒന്നുമില്ല.
മറ്റ് ആരാധനകള്‍ പോലെ നോമ്പിന്റെ പ്രഥമ ഉദ്ദേശ്യം സൂക്ഷ്മതാബോധമാണ്. ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രേ അത്” (ഖുര്‍ആന്‍ 2:183). ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (ഖുര്‍ആന്‍ 5:27). സത്യത്തെയും അസത്യത്തെയും വിവേചിച്ച് അറിയുന്നതിനും തിന്മകള്‍ മായ്ക്കപ്പെട്ട് പാപങ്ങള്‍ പൊറുത്തു തരാനും തഖ്‌വ ബോധം കാരണമാകുന്നു (ഖുര്‍ആന്‍ 8:29). ജീവിതമാര്‍ഗം തുറന്നു കിട്ടാനും ഉപജീവനത്തില്‍ വിശാലത ലഭിക്കാനും കാര്യങ്ങള്‍ എളുപ്പത്തിലാകാനും തഖ്‌വ ബോധം നമ്മെ സഹായിക്കുന്നു (ഖുര്‍ആന്‍ 65:25). ശത്രുക്കളുടെ സര്‍വ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി ദൈവികമായ സംരക്ഷണത്തിന് തഖ്‌വ പ്രാപ്തമാക്കുന്നു (ഖുര്‍ആന്‍ 3:120).
തഖ്‌വയുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച് ഉമര്‍(റ) ഉബയ്യി(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, മുള്ളുകളും തടസ്സങ്ങളും ധാരാളമുള്ള വഴിയിലൂടെ സഞ്ചരിക്കുന്നതുപോലെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വ എന്നാണ്. അലി(റ) പറയുന്നു: ”അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും അല്ലാഹു അവതരിപ്പിച്ചത് പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും തുച്ഛമായതില്‍ സംതൃപ്തമാകലും യാത്രയാകുന്ന ദിവസത്തേക്കുള്ള തയ്യാറെടുപ്പുമാണ് തഖ്‌വ.”
തഖ്‌വക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്: പ്രമാണനിബദ്ധമായി സ്ഥാപിതമായ സത്പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് നിഷ്‌കളങ്കമായി നിര്‍വഹിക്കുക. രണ്ട്: പ്രമാണനിബദ്ധമായി സ്ഥാപിതമാകാത്തവയും അല്ലാഹുവിന്റെ കല്‍പനക്ക് എതിരായതുമായ കാര്യങ്ങളില്‍ നിന്ന് അവന്റെ ശിക്ഷ ഭയപ്പെട്ടുകൊണ്ട് അകന്നുനില്‍ക്കുക. ഇസ്‌ലാമില്‍ ഏതു കാര്യവും സ്വീകാര്യമാവാന്‍ അത് നിഷ്‌കളങ്കവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ളതുമാകണം. പ്രതിഫലം ലഭിക്കണമെങ്കില്‍ അല്ലാഹുവും റസൂലും പഠിപ്പിച്ച നിയമനിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍വഹിക്കുകയും വേണം.
നോമ്പിന്റെ ഘടകങ്ങള്‍
ഏത് കര്‍മവും നിയ്യത്തോടെയും നിഷ്‌കളങ്കമായും നിര്‍വഹിക്കുമ്പോള്‍ മാത്രമേ അത് പുണ്യകരമാവൂ. അല്ലാഹു പറയുന്നു: ”കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കി ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രേ വക്രതയില്ലാത്ത മതം” (ഖുര്‍ആന്‍ 98:5).
നബി(സ) പറയുന്നു: ”തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യം അനുസരിച്ച് മാത്രമാണ്. എല്ലാ മനുഷ്യര്‍ക്കും അവന്‍ ഉദ്ദേശിച്ചത് മാത്രമായിരിക്കും ഉണ്ടാവുക” (ബുഖാരി, മുസ്‌ലിം). റമദാന്‍ നോമ്പിന് പ്രഭാതത്തിനു മുമ്പ് നോമ്പിനുള്ള നിയ്യത്ത് വേണം. നബി(സ) പറയുന്നു: ”പ്രഭാതോദയത്തിനു മുമ്പ് നോമ്പിന് തീരുമാനിക്കാത്തവനു നോമ്പില്ല” (തിര്‍മിദി, അബൂദാവൂദ്).
നാളെയും നോമ്പുള്ള ദിവസമാെണന്ന് അറിയുന്ന വ്യക്തി നോമ്പെടുക്കാന്‍ തീരുമാനിച്ചാല്‍ അത് നിയ്യത്തായി. ഓരോ ദിവസവും ആവര്‍ത്തിക്കണമെന്നില്ല. നിയ്യത്ത് മനസ്സിന്റെ സാന്നിധ്യമാണ്. നാവുകൊണ്ട് ഉരുവിടേണ്ടതില്ല. നിയ്യത്ത് ചൊല്ലുന്നതും ചൊല്ലിക്കൊടുക്കുന്നതും ഏറ്റുചൊല്ലുന്നതും നബിചര്യയില്‍ പെട്ടതല്ല. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഇതിനാണ് ഇംസാഖ് എന്നു പറയുന്നത്.
നോമ്പ് നഷ്ടപ്പെടുന്ന
കാര്യങ്ങള്‍
പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ തിന്നുകയോ കുടിക്കുകയോ സംസര്‍ഗത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാവതല്ല. ഭക്ഷണമോ അതിന്റെ പ്രയോജനം ലഭിക്കുന്നതോ ആയ യാതൊന്നും സ്വാഭാവികമായി ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കരുത്. ”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്നു തെളിഞ്ഞുകാണുമാറാകുന്നതുവരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക” (ഖുര്‍ആന്‍ 2:187).
മറന്നുകൊണ്ട് ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ ഓര്‍മ വന്ന ഉടനെ തുപ്പിക്കളയണം. നോമ്പ് നഷ്ടപ്പെടില്ല. നബി(സ) പറയുന്നു: ”നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ. തീര്‍ച്ചയായും അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും അല്ലാഹുവാണ്” (ബുഖാരി, മുസ്‌ലിം). നോമ്പുകാരന് പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ലൈംഗികബന്ധം നിഷിദ്ധമാണ്. ഇഅ്തികാഫില്‍ അല്ലാത്തപ്പോള്‍ രാത്രിസമയങ്ങളില്‍ ലൈംഗികബന്ധത്തിന് വിരോധമില്ല. ”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു” (ഖുര്‍ആന്‍ 2:187).
വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നതിനു മുമ്പ് പ്രഭാതോദയം ഉണ്ടാകുന്നതുകൊണ്ട് വിരോധമില്ല. പ്രഭാത നമസ്‌കാരത്തിനായി ശുദ്ധിയായാല്‍ മതിയാകുന്നതാണ്. ആയിശ(റ), ഉമ്മുസലമ(റ) എന്നിവര്‍ പറയുന്നു: ”സ്വപ്‌നസ്ഖലനമല്ലാതെ സംയോഗം കൊണ്ടുതന്നെ കുളി നിര്‍ബന്ധമാകുന്ന അവസ്ഥയോടെ നബി(സ) പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. എന്നിട്ട് നോമ്പ് തുടരുകയും ചെയ്യും (ബുഖാരി, മുസ്‌ലിം).
മനഃപൂര്‍വം ഛര്‍ദിപ്പിച്ചാല്‍ നോമ്പ് നഷ്ടപ്പെടും. ശരീരത്തിലെ ജൈവപ്രക്രിയകളുടെ ഭാഗമായുള്ള ഛര്‍ദിയാണെങ്കില്‍ നോമ്പ് നഷ്ടപ്പെടില്ല. ആരോഗ്യത്തിന് കുഴപ്പമില്ലെങ്കില്‍ നോമ്പ് തുടരാവുന്നതാണ്. ‘ഛര്‍ദി, സ്വപ്‌നസ്ഖലനം, കൊമ്പ് വെക്കല്‍’ എന്നിവ കാരണം നോമ്പ് നഷ്ടമാകില്ല (അബൂദാവൂദ്).
സുന്നത്തുകള്‍
അത്താഴം കഴിക്കല്‍ സുന്നത്താണ്. വേദക്കാരുടെയും നമ്മുടെയും വ്രതത്തിലെ പ്രധാന വ്യത്യാസം അത്താഴമാണ്. അത്താഴം കഴിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാര്‍ഥനയും ഉണ്ടായിരിക്കും. അത് ബര്‍കത്തുള്ള ഭക്ഷണമാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അത്താഴം ഒരു ഇറക്ക് കൊണ്ടാണെങ്കിലും നഷ്ടപ്പെടുത്തരുതെന്ന് നബി(സ) ഓര്‍മപ്പെടുത്തി. അത്താഴത്തിന് പ്രഭാതത്തിനു മുമ്പുള്ള അവസാന സമയമാണ് ഏറ്റവും നല്ലത്. നമസ്‌കാര നിര്‍വഹണത്തിനും അത്താഴത്തിനും ഇടയില്‍ അമ്പത് ആയത്തുകള്‍ ഓതുന്ന സമയമാണ് ഉണ്ടായിരുന്നത്.
ഇഫ്താര്‍
നോമ്പ് തുറക്കാന്‍ സമയമായാല്‍ അതിനായി ധൃതി കാണിക്കണം. അവരെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം. നോമ്പുകാരനെ നോമ്പു തുറപ്പിക്കുന്നതും പുണ്യകരമാണ്. നോമ്പുകാരന്റെ പ്രാര്‍ഥനയ്ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കും. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അല്ലാഹുവിനോട് തേടാം. നോമ്പ് തുറക്കുമ്പോള്‍ നബി(സ) പ്രാര്‍ഥിച്ചത് ഇപ്രകാരമാണ്:
(ദാഹം നിലച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി.)
പുണ്യകര്‍മങ്ങള്‍
അല്ലാഹുവും അവന്റെ അടിമയും തമ്മില്‍ അടുക്കുന്ന ഏറ്റവും സുപ്രധാനമായ ആരാധനയാണ് നോമ്പ്. ഒരു ദാസന്‍ അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്നത് നിര്‍ബന്ധമായ കാര്യങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചുകൊണ്ടാണ്. പിന്നീട് സ്ഥിരപ്പെട്ട സുന്നത്തുകളും. റമദാനില്‍ സുന്നത്തുകളും പുണ്യകര്‍മങ്ങളുമായി മല്‍സരിക്കേണ്ടതാണ്. ഖുര്‍ആന്‍ പാരായണം, ദിക്‌റ്, ദുആ, പശ്ചാത്താപം, രാത്രി നമസ്‌കാരം, സ്വലാത്ത്, സദഖ, ഇഅ്തികാഫ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പുണ്യകര്‍മങ്ങള്‍ സസൂക്ഷ്മം നിര്‍വഹിക്കേണ്ടതാണ്.
ഇളവ് അനുവദിക്കപ്പെട്ടവര്‍
പ്രായമായവര്‍ക്കും രോഗികള്‍ക്കും നോമ്പില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ”നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍ മറ്റു ദിവസങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം). അതിന് (ഞെരുങ്ങി) സാധിക്കുന്നവരുടെ മേല്‍ (അവര്‍ നോമ്പു നോല്‍ക്കാതിരുന്നാല്‍) (പകരം) ഒരു സാധുവിന്റെ ഭക്ഷണം (കടമ) ഉണ്ടായിരിക്കും. എന്നാല്‍, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാല്‍ അതവന് ഉത്തമമത്രേ. നിങ്ങള്‍ നോമ്പു നോല്‍ക്കുന്നതാകട്ടെ, നിങ്ങള്‍ക്ക് (കൂടുതല്‍) ഉത്തമമാകുന്നു, നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍” (ഖുര്‍ആന്‍ 2:184). രോഗികള്‍ അവരുടെ രോഗം ഭേദമായതിനു ശേഷം നഷ്ടമായ നോമ്പുകള്‍ നോറ്റു വീട്ടേണ്ടതാണ്. ഭേദമാകാത്ത രോഗികള്‍ പകരം പ്രായശ്ചിത്തം (ഫിദ്‌യ) നല്‍കുകയാണ് വേണ്ടത്. ഒരു സാധുവിന്റെ ഭക്ഷണമാണ് ഫിദ്‌യ.
യാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്നതാണ്. യാത്രയുടെ ദൂരം, കാലം എന്നിവ നിര്‍ണയിച്ചിട്ടില്ല. ആനുകൂല്യം സ്വീകരിക്കലാണ് ഉത്തമം. എന്നാല്‍ ക്ലേശകരമല്ലാത്ത യാത്രയാണെങ്കില്‍ നോമ്പ് എടുക്കുന്നതിനും വിരോധമില്ല. ക്ഷീണിച്ചും തളര്‍ന്നും നിര്‍വഹിക്കേണ്ടിവരുന്ന വിധം യാത്രയില്‍ നോമ്പെടുക്കുന്നത് പുണ്യകരമല്ല.
ഗര്‍ഭിണികളും മുലയൂട്ടുന്നവരും തന്റെയോ ശിശുവിന്റെയോ കാര്യത്തില്‍ ഭയപ്പെടുന്നപക്ഷം അവര്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ്. നബി(സ) പറയുന്നു: അല്ലാഹു യാത്രക്കാരന് നോമ്പും പകുതി നമസ്‌കാരവും ഇളവ് ചെയ്തിരിക്കുന്നു. ഗര്‍ഭിണിക്കും മുലയൂട്ടുന്ന മാതാവിനും നോമ്പ് ഇളവ് ചെയ്തിരിക്കുന്നു (അബൂദാവൂദ്). ഇവര്‍ പ്രയാസം മാറിയാല്‍ നോറ്റു വീട്ടണം. അതിനു സാധ്യമായില്ലെങ്കില്‍ പ്രായശ്ചിത്തം നല്‍കണം.
നിഷിദ്ധമായവര്‍
ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ള സന്ദര്‍ഭങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. അവര്‍ പിന്നീട് നോറ്റുവീട്ടണം. അവര്‍ ശുദ്ധിയായാല്‍ നോമ്പ് അനുഷ്ഠിക്കണം. പകല്‍സമയത്താണ് ശുദ്ധിയാകുന്നതെങ്കില്‍ ബാക്കി സമയം നോമ്പുകാരെപ്പോലെ കഴിച്ചുകൂട്ടുകയും പിന്നീട് അത് നോറ്റു വീട്ടുകയും വേണം. പകല്‍സമയത്ത് അശുദ്ധിയായാല്‍ ആ സമയം അവര്‍ക്ക് നോമ്പ് നഷ്ടമാകും. അത് പിന്നീട് നോറ്റു വീട്ടേണ്ടതാണ്.
അനുവദനീയമായ കാര്യങ്ങള്‍
ഉമിനീര്‍ ഇറക്കല്‍, പുക ശ്വസിക്കല്‍, എണ്ണ തേക്കല്‍, മുങ്ങിക്കുളിക്കല്‍, പല്ല് തേക്കല്‍, സുഗന്ധം പൂശല്‍, കണ്ണില്‍ മരുന്ന് തേക്കല്‍, ലാബ് ടെസ്റ്റിനായി രക്തമെടുക്കല്‍, ഭക്ഷണത്തിന്റെ ഗുണം ചെയ്യാത്ത ഇഞ്ചക്ഷന്‍, നെബുലൈസ് ചെയ്യല്‍, സുറുമ എഴുതല്‍, വായില്‍ നിന്ന് കീഴ്‌പോട്ട് പോകാത്തവിധം രുചി നോക്കുകയോ കുഞ്ഞുങ്ങള്‍ക്ക് ചവച്ചുകൊടുക്കുകയോ ചെയ്യല്‍.