29 Friday
November 2024
2024 November 29
1446 Joumada I 27

നന്ദി പറയുന്ന മനോഭാവത്തിലാണ് ജീവിത വിജയം

ഡോ. മന്‍സൂര്‍ ഒതായി


വീടിന്റെ ചുവരിലും കടയുടെ മുന്‍വശത്തും വാഹനത്തിനകത്തുമെല്ലാം ഫ്രെയിം ചെയ്തു തൂക്കാറുള്ള ഒരു അറബി വാചകമുണ്ട്: ‘ഹാദാ മിന്‍ ഫദ്‌ലി റബ്ബീ.’ ഇത് എന്റെ രക്ഷിതാവിന്റെ ഔദാര്യമാകുന്നു എന്നാണ് അതിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആനിലെ 27ാം അധ്യായത്തില്‍ സുലൈമാന്‍ നബി(അ)യുടെ ചരിത്രം വിശദീകരിക്കുന്ന ഭാഗത്തുനിന്നുള്ള ഒരു ശകലമാണിത്. ഈ വാചകത്തെ തുടര്‍ന്നു പറയുന്ന ഒരു കാര്യമാണ് ഏറ്റവും പ്രധാനം. വിശിഷ്ടമായ അനുഗ്രഹങ്ങള്‍ നല്‍കപ്പെടുമ്പോള്‍ അദ്ദേഹം വിനയപൂര്‍വം പറയുകയാണ്: ”ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്” (27:40).
ജീവിതത്തിലെ ചെറുതും വലുതുമായ നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനുള്ള മനസ്സുണ്ടാവുക എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ശ്രേഷ്ഠതയാണ്. അഹങ്കാരവും ദുരഭിമാനവും ഉള്ളവരുടെ മനസ്സ് നന്ദി പറയാനും പ്രകടിപ്പിക്കാനും പാകമാവില്ല. കൂടെ ലഭ്യമായ ചെറുതും വലുതുമായ നേട്ടങ്ങളം കഴിവുകളും അനുഗ്രഹങ്ങളും കണ്ടെത്താനുള്ള മനോഭാവവും ഉണ്ടാകണം. നമുക്കില്ലാത്തത് എന്ത് എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍ നമുക്കുള്ളത് എന്ത് എന്നതിലായിരിക്കും നന്ദി പ്രകടിപ്പിക്കുന്ന മനോഭാവമുള്ളവര്‍. പ്രയാസങ്ങളും പ്രതിസന്ധികളും ഉള്ളതോടൊപ്പം നമുക്കുള്ള നല്ല കാര്യങ്ങള്‍ തിരിച്ചറിയാനും അംഗീകരിക്കാനും സാധിക്കുക എന്നതാണ് നന്ദി പറയുന്ന മനോഭാവം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഓരോ ദിവസവും ലഭിക്കുന്ന കൊച്ചുകൊച്ചു നന്മകളെ അംഗീകരിക്കാനും അതിനു വഴിയൊരുക്കുന്നവരോട് സംതൃപ്തിയോടെ നന്ദി പറയാനുമുള്ള ഒരു മനോനില ഉണ്ടാവുക എന്നു സാരം. ആളുകള്‍ നമ്മോട് ചെയ്യുന്ന നന്മകള്‍ക്ക്, കരുതലിന്, അവര്‍ സമ്മാനിക്കുന്ന സന്തോഷകരമായ അനുഭവങ്ങള്‍ക്ക് നന്ദി പറയലും അഭിനന്ദിക്കലും നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്ന കാര്യമാണ്.
നന്ദിയുള്ള മനസ്സും നന്ദി പ്രകടിപ്പിക്കുന്ന മനോഭാവവും വ്യക്തിത്വവികാസവും തമ്മിലെന്ത് ബന്ധം എന്നു ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിത്വ രൂപീകരണവും നന്ദി പറയുന്ന മനോഭാവവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കാരണം വ്യക്തിത്വവികാസത്തിന്റെ വിവിധ തലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നന്ദി പ്രകടിപ്പിക്കുന്ന മനോനിലയ്ക്ക് കാര്യമായ പങ്കുണ്ട്. വ്യക്തിത്വവികാസത്തിനും ജീവിതവിജയത്തിനും അനിവാര്യമായ നിരവധി സ്വഭാവഗുണങ്ങളെ ശാക്തീകരിക്കുന്നതില്‍ നന്ദി പറയുന്ന മനോഭാവത്തിന് (attitude of gratitude) വലിയ പങ്കുണ്ട്. വ്യക്തിയില്‍ താഴെ പറയുന്ന ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ മനോഭാവത്തിന് സാധിക്കും:
(1) ശുഭാപ്തി വിശ്വാസവും നല്ല വീക്ഷണവും (optimism and positive outlook) (2) പ്രശ്നങ്ങളെ നേരിടാനും ഉള്‍ക്കൊള്ളാനുമുള്ള കഴിവ്. (resilience and coping skill) (3) സഹാനുഭൂതിയും അനുകമ്പയും (empathy and compassion) (4) ആത്മാഭിമാനവും സ്വയം മതിപ്പും (self esteem and self worth) (5) സാമൂഹിക ബന്ധങ്ങളും സംതൃപ്തിയും (social connection and satisfaction)
ജീവിതവിജയത്തിന്റെ അടിത്തറ
നന്ദി എന്ന വികാരം നല്ല പെരുമാറ്റവും വ്യക്തിത്വവും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമുക്ക് ലഭിക്കുന്ന ചെറുതും വലുതുമായ അനുഗ്രഹങ്ങളില്‍, നേട്ടങ്ങളില്‍, അനുഭവങ്ങളില്‍, സഹായത്തില്‍, കൃതജ്ഞതയുള്ളവരാവുമ്പോള്‍ ജീവിതവിജയത്തിന് ആവശ്യമായ കുറേ കാര്യങ്ങള്‍ അതിലൂടെ ലഭിക്കും.
സന്തോഷവും സംതൃപ്തിയും: നാം സ്ഥിരമായി നന്ദി പ്രകടിപ്പിക്കുന്നവരാകുമ്പോള്‍ അതുവഴി നമ്മുടെ ശ്രദ്ധാകേന്ദ്രം പരിമിതികള്‍ക്കു പകരം നേട്ടങ്ങളായി മാറും. കാഴ്ചപ്പാടിലെ ഈ മാറ്റം സംതൃപ്തി പകരാനും നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും സഹായിക്കും.
മാനസികാരോഗ്യം മെച്ചപ്പെടും: നന്ദി പ്രകാശിപ്പിക്കുന്ന കാര്യം മാനസികാരോഗ്യത്തിന്റെ പോസിറ്റീവ് വശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജീവിതത്തോടുള്ള പോസിറ്റീവ് സമീപനം ശുഭാപ്തിവിശ്വാസവും ശുഭപ്രതീക്ഷയും വര്‍ധിപ്പിക്കും. ആധിയും വിഷാദവും ഇല്ലാതാകുന്നു. നന്ദി പറയുന്ന മനോഭാവം സ്വയം മതിപ്പ് വര്‍ധിപ്പിക്കാനും ആത്മവിശ്വാസത്തോടെ കര്‍മമേഖലയില്‍ സജീവമാകാനും സഹായിക്കും. ഇതുവഴി വ്യക്തിക്ക് ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് സജീവമായി ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു.
മാനസിക സമ്മര്‍ദം കുറയുന്നു: മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള പ്രകൃതിദത്തമായ മരുന്നാണ് നന്ദി പറയുന്ന മനോഭാവം. കാരണം, അത് വ്യക്തിയെ തന്റെ നെഗറ്റീവ് ചിന്തകളില്‍ നിന്ന് വഴിമാറ്റിവിട്ട് പുനഃസംഘടിപ്പിക്കുകയാണ്. എന്താണ് എനിക്ക് നന്ദി പറയാനുള്ളതെന്ന് വ്യക്തി ചിന്തിച്ചുതുടങ്ങുമ്പോള്‍ തലച്ചോറിലെ പ്രതിഫല സംവിധാനം (reward system) സജീവമാകാന്‍ തുടങ്ങും. അതുവഴി സമ്മര്‍ദം കുറയ്ക്കാനുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും.
ബന്ധങ്ങള്‍ ശക്തിപ്പെടുന്നു: മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ബന്ധങ്ങളെ വളര്‍ത്തുകയും ചെയ്യുക എന്നത് ജീവിതവിജയത്തിന് അത്യാവശ്യമാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നവനും തുറന്ന മനസ്സോടെ അവരുടെ നന്മകളെ അംഗീകരിക്കുന്നവര്‍ക്കും മാത്രമേ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാകാന്‍ സാധിക്കൂ. മറ്റുള്ളവരുമായി നന്മയില്‍ വര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് മാത്രമല്ല നമ്മുടെ ഉള്ളിലും ശാന്തതയും സന്തോഷവും നിറയും. നന്ദി പറയുകയും പ്രശംസിക്കുകയും ചെയ്യുന്നവരുമായി അടുക്കാന്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യും.
ക്ഷമയും സഹിഷ്ണുതയും: ക്ഷമാലുക്കള്‍ക്കാണ് ആത്യന്തിക വിജയം. പ്രയാസങ്ങളിലും പരീക്ഷണഘട്ടങ്ങിലും പോലും നന്മ കാണാനും നന്ദി പ്രകടിപ്പിക്കാനും സാധിക്കുന്നവര്‍ക്ക് ജീവിതയാഥാര്‍ഥ്യങ്ങളെ പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളാനാവും. സ്വന്തം പ്രശ്‌നങ്ങള്‍ക്കുപരി മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങളെ കൂടി അവധാനതയോടെ നേരിടാന്‍ ഇവര്‍ക്കു സാധിക്കും. പരിമിതികളും പോരായ്മകളും കണ്ടെത്തുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന മാനസികാവസ്ഥയാണ് നന്മകള്‍ സ്മരിക്കുന്നവര്‍ക്കുണ്ടാവുക.
താങ്ക്യൂ ഗ്രാം
നന്ദി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതിയിലും ശൈലിയിലും സാംസ്‌കാരികമായ നിരവധി അന്തരങ്ങളുണ്ട്. നോക്കിലും വാക്കിലും ശരീരഭാഷ കൊണ്ടുമെല്ലാം വ്യക്തമായി നന്ദി പ്രകടിപ്പിക്കുന്നവരാണ് പൊതുവേ ഇംഗ്ലീഷുകാര്‍. നന്ദി പ്രകടനത്തിന്റെ വിവിധ വാചകങ്ങള്‍ക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് താങ്ക്‌യൂ ഗ്രാം. അമേരിക്കക്കാരനായ ബിസിനസ്മാന്‍ എഡ്വേഡ് എല്‍ ക്രോമറാണത്രേ ഇങ്ങനെയൊരു ആശയം ആദ്യമായി സമ്മാനിച്ചത്. ആളുകളുടെ നന്മകള്‍ കാണാനും അവ അംഗീകരിച്ച് അവരെ ആദരിക്കാനും അവര്‍ക്ക് നന്ദി പറയാനുമുള്ള ഒരു സംസ്‌കാരം പഠിപ്പിക്കാനാണ് 1948ല്‍ അദ്ദേഹം ഇങ്ങനെയൊരു രീതി തുടങ്ങിവെച്ചത്. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നന്ദി പ്രകാശിപ്പിക്കാനായി നിരവധി മാതൃകാ വചനങ്ങള്‍ പ്രിന്റ് ചെയ്ത് അദ്ദേഹം ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ദിവസവും മറ്റുള്ളവരുടെ നന്മകള്‍ കാര്‍ഡിലെഴുതി അയക്കാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നന്മകള്‍ നിറഞ്ഞ സന്ദേശങ്ങള്‍ കൈമാറിയപ്പോള്‍ ആളുകള്‍ക്ക് മധുരം കഴിച്ച സന്തോഷമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. നന്മകള്‍ നേര്‍ന്നവരില്‍ നിന്ന് തിരിച്ചുകിട്ടിയ മറുപടികള്‍ തനിക്ക് ഏറെ ആനന്ദവും ഉന്മേഷവും നല്‍കി എന്നും ക്രോമര്‍ വിശദീകരിക്കുന്നു.
നന്ദി പറയാന്‍
ശീലിക്കണം


മറ്റുള്ളവരെ അഭിനന്ദിക്കുന്ന കാര്യത്തിലും നന്ദി പ്രകടിപ്പിക്കുന്നതിലും നമ്മള്‍ മലയാളികള്‍ പിശുക്കന്മാരാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും നന്ദിയും സന്തോഷവും പ്രകടിപ്പിക്കുന്നതില്‍ ഉത്സാഹികളാണ് അറബികളും യൂറോപ്യന്മാരും. ഇതൊക്കെ ഇത്ര പറയേണ്ട കാര്യമുണ്ടോ എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. വ്യക്തിത്വത്തിന്റെ ഭാഗമായ നന്ദി പറയാനുള്ള ശീലം ചെറുപ്പം മുതല്‍ തന്നെ പരിശീലിപ്പിക്കേണ്ടതാണ്. ആരോഗ്യശീലങ്ങളും ഭക്ഷണമര്യാദകളുമൊക്കെ പഠിപ്പിക്കുംപോലെ പെരുമാറ്റം മനോഹരമാക്കുന്ന കാര്യങ്ങളും നാം പഠിപ്പിക്കണം. സദാ പരാതികളും പരിഭവങ്ങളും മാത്രം പറയുന്നതിനു പകരം കാരുണ്യവാനായ റബ്ബ് നമുക്ക് കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ കുടുംബാഗങ്ങളുമായി പങ്കുവെക്കണം.
നന്ദി പറയുന്ന ശീലം വീട്ടില്‍ നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. ഓരോ കൊച്ചുസഹായങ്ങള്‍, സേവനങ്ങള്‍, കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ പരസ്പരം അഭിനന്ദിക്കാനും നന്ദി പറയാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കേവലം വാക്കുകള്‍ കൊണ്ട് മാത്രം കര്‍ത്തവ്യം നിര്‍വഹിക്കുന്നതല്ല ഈ മനോഭാവം. വാക്കും നോക്കും ഭാവവും, കൈപിടിച്ചും തോളില്‍ തട്ടിയും ശരീരഭാഷകള്‍ ഉപയോഗിച്ചുമെല്ലാം നന്ദിയും കടപ്പാടും പ്രകടമാക്കാം. ഉപകാരം ചെയ്യുന്നവര്‍ക്ക് നന്ദി പറയുന്നതിനു പുറമേ അവര്‍ക്കു വേണ്ടി ‘അല്ലാഹു താങ്കള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കട്ടെ’ എന്നു പ്രാര്‍ഥിക്കുകയും വേണമെന്നന്നാണ് മുഹമ്മദ് നബി(സ)യുടെ അധ്യാപനം.
നന്ദി കാണിക്കലും
വിശ്വാസവും

സത്യവിശ്വാസി തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുന്നവനും വിനയപൂര്‍വം തന്റെ സ്രഷ്ടാവിനോട് നന്ദി കാണിക്കുന്നവനുമായിരിക്കും. ഉപകാരസ്മരണയും കൃതജ്ഞതാബോധവും ഉത്കൃഷ്ടവും മാന്യതയുമാണ്. നന്ദികേട് കാണിക്കുന്നവന്‍ അധമനും നിന്ദ്യനുമാണ്. വിശുദ്ധ ഖുര്‍ആനില്‍ നൂറുകണക്കിന് വചനങ്ങളില്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചിട്ടുണ്ട്. നന്ദിയോടെ വര്‍ത്തിക്കുക എന്നത് വിനയത്തിന്റെയും നന്മയുടെയും അടയാളമാണ്. നന്ദികേടില്‍ നിന്നാണ് നിഷേധം ഉദ്ഭവിക്കുക. അതിനാല്‍ സത്യനിഷേധത്തിനും നന്ദികേടിനും ഖുര്‍ആന്‍ ഉപയോഗിച്ചത് ഒരേ പദമാണ്, ‘കുഫ്‌റ്.’ സത്യനിഷേധിക്കും നന്ദികെട്ടവനും ‘കാഫിര്‍’ എന്നും പ്രയോഗിക്കും.
മനുഷ്യന്‍ നന്ദി കാണിച്ചു ജീവിക്കുമ്പോള്‍ അതിന്റെ ഗുണവും നന്മയും അവനു തന്നെയാണ്. സ്രഷ്ടാവിനോട് നന്ദി കാണിക്കുമ്പോള്‍ കാരുണ്യവാനായ രക്ഷിതാവ് ആ വ്യക്തിയോട് ഏറെ നന്മ ചെയ്യുന്നവനാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക; നിങ്ങളെ ഞാനും ഓര്‍ക്കും. എന്നോട് നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്” (ഖുര്‍ആന്‍ 2:152).
നന്ദി കാണിക്കുന്ന മനോഭാവം വളര്‍ത്തിയെടുക്കാന്‍ മനശ്ശാസ്ത്രം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ഇസ്‌ലാമിക ആശയങ്ങളുമായി ബന്ധമുള്ളവയാണ്. ഉദാ: നിങ്ങളുടെ അനുഗ്രഹങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുക, പരിമിതികള്‍ക്കു പകരം ലഭിച്ച നേട്ടങ്ങള്‍ കണ്ടെത്തുക, ഓരോ ദിനത്തിലും കിട്ടുന്ന നന്മകള്‍ സന്തോഷപൂര്‍വം അനുഭവിച്ച് നന്ദി കാണിക്കുക, മറ്റുള്ളവരോട് നന്ദി പറയുന്ന ശീലം വളര്‍ത്തിയെടുക്കുക, പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുക.
ഒരു വ്യക്തിക്ക് മഹത്വവും സംതൃപ്തിയും ജീവിതവിജയവും നല്‍കുന്നതില്‍ നന്ദി കാണിക്കുന്ന സ്വഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെയാവാം വിശുദ്ധ ഗ്രന്ഥവും പ്രവാചകചര്യയും അതിനു പരിഗണന നല്‍കിയത്: ”ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മയാണ് അതിലൂടെ അവന്‍ നേടുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു നിരാശ്രയനും സ്തുത്യര്‍ഹനുമത്രേ” (വി.ഖു31:14).

Back to Top