തനിക്കാക്കി വെടക്കാക്കുന്ന സംഘി തന്ത്രം
അബ്ദുല്‍ഹമീദ്
പൊതുസമൂഹത്തില്‍ അല്പം സ്വാധീനമുള്ളവരെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നതാണ് അടുത്തിടെയായി സംഘപരിവാറിന്റെ രീതി. പല സെലിബ്രിറ്റികളെയും അവര്‍ തങ്ങളുടെ വരുതിയിലാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ സംഘപരിവാര്‍ ആശയങ്ങളെ സധൈര്യം നേരിട്ട അംബേദ്കര്‍ തങ്ങളുടെ ആളായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആവതും ശ്രമിക്കുകയാണ്. ജാതി നിര്‍മാര്‍ജനത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ അംബേദ്കറിനെ ജാതിവ്യവസ്ഥക്കയി അവിശ്രമം പോരാടുന്ന സംഘം നേതാവായി ഉയര്‍ത്തിക്കാട്ടുന്നത് ഏറ്റവും ചുരുക്കത്തില്‍ അശ്ലീലമാണ്. അംബേദ്കറിന്റെ പ്രസംഗം കേള്‍ക്കണമെന്നും മറ്റുമുള്ള മോഹന്‍ഭാഗവതിന്റെ ആഹ്വാനം വലിയ തമാശയാണ് സൃഷ്ടിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ അത്താണിയായിരുന്നു അംബേദ്കര്‍. അവരുടെ അവകാശ സംരക്ഷണത്തിനായി അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൂര്‍ണ്ണാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒരിക്കലും നിറവേറ്റപ്പെട്ടിരുന്നില്ല. ചെറിയ രീതിയില്‍ അവര്‍ക്ക് പരിഗണന ലഭിച്ചപ്പോഴെല്ലാം, അതിനെ ന്യൂനപക്ഷ പ്രീണനമെന്ന് മുദ്രകുത്തി വലതുപക്ഷ നേതാക്കള്‍. യഥാര്‍ഥത്തില്‍ സാഹോദര്യത്തിനു വേണ്ടിയായിരുന്നു അംബേദ്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. നേര്‍വിപരീതമായി സംഘപരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷവും വെറുപ്പും വിളമ്പുകയായിരുന്നു. തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്ക് വേണ്ട വിധം വളം ലഭിക്കാതായപ്പോള്‍ അംബേദ്കറിനെ തങ്ങളുടേതാക്കി തെരെഞ്ഞെടുപ്പുകളെ നേരിടാം എന്നാണ് സംഘപരിവാര്‍ കരുതുന്നത്.