അബ്ദു റഷീദ്
ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി ജെ പിക്കെതിരായി ശക്തമായ ഒരു പ്രതിപക്ഷമുണ്ടെന്ന തോന്നല്‍ ജനത്തിനുണ്ടായിട്ടുണ്ട്. അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അതിന്റെ പ്രകടമായ തെളിവുകള്‍ ഉപതിരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്‍പിലേക്ക് വെച്ചുനീട്ടുന്നുണ്ട്. ഏഴു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിളങ്ങുകയാണ് ഇന്ത്യ സഖ്യം. 11 ഇടത്ത് ജയിച്ച ഇന്ത്യ സഖ്യവും 2 സീറ്റ് നേടിയ ബിജെപിയെയുമാണ് കാണാന്‍ സാധിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തില്‍ ജനം വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞതിന്റെ സൂചനയായി തന്നെ ഇതിനെ കാണാവുന്നതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായി എന്നത് ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തു പകരുന്നതാണെന്നു വിലയിരുത്തപ്പെടുന്നു. അതിശക്തമായ ഒരു രാഷ്ട്രീയ പാഠം ഈ ജനവിധി മുന്നില്‍ വെക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് നീക്കങ്ങള്‍ നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്പെടുകയും സമാധാനം പുലരുകയും ചെയ്യും.
