തണലായി മാറാന്‍ യൗവനം
നിഅ്മത്തുല്ല സഹല്‍
ഏതൊരു പ്രസ്ഥാനത്തിന്റെയും കര്‍മകാണ്ഡം യുവത്വമാണ്. സംഘടനകളുടെ സജീവത വിളിച്ചറിയിക്കുന്നതില്‍ അതിന്റെ യുവഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ശരിയായ നിലപാടും ശക്തമായ കാഴ്ചപ്പാടുകളും ആണ് ഏതൊരു സംഘത്തിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം. ഉറച്ച നിലപാടുകള്‍ ഇല്ലാതെ കേവല താല്പര്യങ്ങളാണ് ഒരു സംഘത്തെ നയിക്കുന്നതെങ്കില്‍ അതിന് നിലനില്‍പ്പ് വളരെ കുറവായിരിക്കും. മാത്രവുമല്ല ചരിത്രത്തില്‍ അവര്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ല.
നിലപാടുകള്‍ക്ക് ചില അടിത്തറകള്‍ ഉണ്ടാകേണ്ടതുണ്ട്. അത് മനുഷ്യന്റെ കേവല ബുദ്ധിയില്‍ അധിഷ്ഠിതം ആണെങ്കില്‍ നിലപാടുകള്‍ക്ക് ആയുസ്സ് കുറയും. ഇവിടെയാണ് ഒരു ഇസ്ലാമിക യുവജന പ്രസ്ഥാനം എന്ന നിലയില്‍ ഐ എസ് എം വ്യതിരിക്തമാകുന്നത്. നമ്മുടെ നിലപാട് നമ്മുടെ ആദര്‍ശമാണ്. ആദര്‍ശമാകട്ടെ ലോകരക്ഷിതാവിന്റെ അധ്യാപനങ്ങളും ആണ്. ഈ അധ്യാപനങ്ങള്‍ക്ക് എവിടെയും തോല്‍വി സംഭവിക്കുകയില്ല. അത് മനസ്സിലാക്കുന്നിടത്തും പ്രയോഗിക്കുന്നയിടത്തും ആണ് തെറ്റുകളും തോല്‍വികളും സംഭവിക്കുന്നത്.
സര്‍വവും ലോകരക്ഷിതാവില്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഏകദൈവാധിഷ്ഠിതമായ ആദര്‍ശ ബോധം നമ്മുടെ ഉറപ്പുള്ള ആദര്‍ശ അടിത്തറയാണ്. ഈ അടിത്തറ കൂടുതല്‍ ശക്തവും ഭദ്രവും ആണ് എന്നതാണ് ഐ എസ് എമ്മിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നത്. ആദര്‍ശ യുവജന പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം ഈ ആദര്‍ശ പ്രചാരണമാണ്. ലോകത്ത് കടന്നു വന്ന ദൈവദൂതന്മാര്‍ നിര്‍വഹിച്ച ഉത്തരവാദിത്തമാണത്. ദൈവവിശ്വാസത്തില്‍ മനുഷ്യര്‍ക്ക് വൈകല്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ കൃത്യമായി തിരുത്തുക എന്നതാണ് ആദര്‍ശ പ്രചാരണത്തിന്റെ മര്‍മം.
അന്ധവിശ്വാസ – അനാചാരങ്ങളോട് സമരസപ്പെടാതെ എളിമയാര്‍ന്ന വിശ്വാസവും കൂട്ടിക്കുറക്കലുകള്‍ ഇല്ലാത്ത അനുഷ്ഠാനങ്ങളും ജനങ്ങളെ പഠിപ്പിക്കുക എന്നത് പുണ്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളതും ഏറെ ശ്രമകരവുമായതാണ്. പ്രവാചകന്മാര്‍ക്ക് പോലും അക്രമങ്ങളെ നേരിടേണ്ടിവന്നത് ഈ വിഷയത്തില്‍ ആണല്ലോ. വ്യക്തിജീവിത വിശുദ്ധി നിലനിര്‍ത്തി അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അനിഷേധ്യ ബോധ്യത്തില്‍ (ഈമാനില്‍) ഉറച്ചു നില്‍ക്കുക എന്നതാണ് എക്കാലത്തും ഉണ്ടാകുന്ന ഈ രംഗത്തെ വെല്ലുവിളികളെ നേരിടുവാനുള്ള രക്ഷാമാര്‍ഗം. അങ്ങനെ നിലനില്‍ക്കുന്നവര്‍ക്ക് അല്ലാഹു സ്ഥായിയായ വിജയം നല്‍കുമെന്നാണ് പ്രവാചകന്മാരുടെയും മുന്‍ഗാമികളുടെയും ചരിത്രം നമുക്ക് നല്‍കുന്ന പാഠം.
അതി തീക്ഷ്ണ പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിടാന്‍ സന്നദ്ധമാണ് എന്നതാണ് യുവത്വത്തിന്റെ പ്രത്യേകത. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ നവോത്ഥാന നായകരും സംഘങ്ങളും യുവാക്കള്‍ ആയിരുന്നു. ഇബ്‌റാഹീം നബി, മൂസാ നബി, അസ്ഹാബുല്‍ കഹ്ഫ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നേടത്ത് ഖുര്‍ആന്‍ നടത്തിയ ഫിത്ത്‌യത്ത്, ഫത്താ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇസ്ലാം ജീവിതഗന്ധിയായ ദര്‍ശനമാണ്. ജീവന്‍ എന്നത് അതിപ്രധാനമാണ്. മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിച്ചു കൊണ്ടുള്ള ഒരു ആത്മീയ ജീവിതശൈലി അല്ല മതം പഠിപ്പിക്കുന്നത്.
ഒരു വ്യക്തിയുടെ ആത്മീയതലം പൂര്‍ണതയിലേക്ക് എത്തണമെങ്കില്‍ അവന്റെ ജീവിത ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സഹജീവികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിച്ച്, പ്രകൃതിയുടെ വ്യവസ്ഥയോട് ചേര്‍ന്നുനിന്ന് ജീവിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ഇസ്ലാം പൂര്‍ണമാകുന്നത്. ഈ വിശാല മായ സമീപനമാണ് വൃദ്ധയായ സ്ത്രീയുടെ വിറക് ചുമന്ന് വീട്ടില്‍ എത്തിച്ച മുഹമ്മദ് നബിയിലൂടെയും കുടിവെള്ളം കോരി കൊടുത്ത് സഹോദരിമാരെ സഹായിച്ച മൂസാ നബിയിലൂടെയും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിയിരുന്ന കേരള മുസ്ലിം സമൂഹത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞത് മുകളില്‍ സൂചിപ്പിച്ച ജീവിതഗന്ധിയായ ഇസ്ലാമിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ ആയിരുന്നു. വിശ്വാസ – അനുഷ്ഠാനങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുന്നതോടൊപ്പം തന്നെ അവരുടെ ജീവിതാവശ്യങ്ങളില്‍ കൂടി ഇടപ്പെട്ടപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്.
പൂര്‍വസൂരികളായ നമ്മുടെ പണ്ഡിതന്മാരും പ്രവര്‍ത്തകരും ഈ രംഗത്തെ വിയര്‍പ്പു തുള്ളികളുമായാണ് നാഥനിലേക്ക് തിരിച്ചത്. നമുക്കു മുമ്പിലുള്ളതും ഈ ഒരു പ്രവര്‍ത്തനമാര്‍ഗം തന്നെയാണ്. ഞാന്‍, എന്റേത്, എനിക്ക് എന്ന് ചിന്തിച്ച് നമ്മളിലേക്ക് മാത്രം ചുരുങ്ങി ജീവിക്കേണ്ടവരല്ല ഐ എസ് എമ്മുകാര്‍. നമുക്കു മുമ്പേ നടന്നവര്‍ ചെയ്തുവെച്ച നന്മകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍. നമ്മുടെ നാട്ടിലെ അനേകായിരങ്ങള്‍ക്ക് നന്മയുടെ തണല്‍ ഒരുക്കിയാണ് അവര്‍ കടന്നുപോയത്. നമുക്കും ഉണ്ടാകണം ഇതുപോലെ ധാരാളം അടയാളപ്പെടുത്തലുകള്‍. ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്നത് നമ്മുടെ പല പദ്ധതികളുമാണ്. ഈ തണലുകളെ നിലനിര്‍ത്തി ഇവയുടെ പച്ചപ്പ് കൂടുതല്‍ വിശാലപ്പെടുത്തി കര്‍മരംഗത്ത് സജീവമാകുവാനാണ് ഐ എസ് എം വിളിക്കുന്നത്.
ആദര്‍ശം, ഖുര്‍ആന്‍ പഠന-പ്രചാരണങ്ങള്‍, തെളിമയാര്‍ന്ന തിരുചര്യകളുടെ സ്വയം സാക്ഷ്യം ആകല്‍, സഹജീവികളോടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി താളങ്ങളെ നിലനിര്‍ത്തല്‍, മതത്തെ വികൃതമാക്കുന്ന യാഥാസ്ഥിതിക -നവ യാഥാസ്ഥിതികതയോടുള്ള ആശയ സംഘട്ടനം, മൂല്യവത്തായ മനുഷ്യ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുന്ന ലിബറല്‍ – നാസ്തിക ധാരകളോടുള്ള ചിന്താ സമരം, ന്യൂനപക്ഷ സമുദായങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെയുള്ള ശബ്ദം ഉയര്‍ത്തല്‍, നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം… തുടങ്ങി വിശാലമാണ് നമ്മുടെ പ്രവര്‍ത്തന മേഖല.
പടച്ചവന്‍ നല്‍കിയ യൗവനം അവന്റെ മാര്‍ഗത്തില്‍ തന്നെ ചെലവഴിക്കാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച മറ്റുള്ളവര്‍ക്ക് തണലായി തീരാന്‍ ആയുസ്സിലെ ഏറ്റവും സുന്ദരമായ യൗവനത്തെ നാം മാറ്റിവെക്കുക. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങളുമായി, ഒരുപാട് മനുഷ്യരുടെ നിലക്കാത്ത പ്രാര്‍ഥനകളുമായി നാഥനെ കണ്ടുമുട്ടുവാനുള്ള ഈ പ്രവര്‍ത്തന ഗോദയില്‍ നമുക്ക് ഒറ്റക്കെട്ടായിഅണിചേരാം.
(ഐ എസ് എം സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)