താമരപ്പൂവിന്റെ തിളക്കം
അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ

പാട്ടുകാരന്/
കുട്ടികളുടെ നോവല്‍/
അഷ്റഫ് കാവില്‍/
വില 110 രൂപ/
യുവത ബുക് ഹൗസ്
ചെളിക്കളത്തില്‍ വളരുന്ന താമരപ്പൂ ശലഭങ്ങള്‍ക്കു മാത്രമല്ല മനുഷ്യരുടെ കണ്ണിനും കുളിര്മയേകുന്ന കാഴ്ചയാണ്. വെള്ളം എത്ര ഉയര്‍ന്നാലും താമരപ്പൂ വെള്ളത്തിനു മുകളില്‍ തന്നെ കാണാം. പ്രതിസന്ധികളുടെ തീച്ചൂളയില്‍ വളര്‍ന്ന ഒരു ബാലന്റെ പ്രതിഭാസിദ്ധി അവനെ ലോകരുടെ പ്രിയങ്കരനാക്കുന്ന മനോഹരമായ ചിത്രം വായനക്കാരന്റെ മനസ്സില്‍ കൊത്തിവെക്കുകയാണ് ‘പാട്ടുകാരന്’ എന്ന നോവലിലൂടെ അഷ്റഫ് കാവില്‍.
ഭ്രാന്തിയായ ഉമ്മയെ ചങ്ങലയില്‍ തളച്ചിരിക്കുന്നത് നോവലിന്റെ ആദ്യഭാഗത്ത് കാണാം. എന്നാല്‍ നോവല്‍ വായിച്ചു തീരുമ്പോള്‍ സകലമാന തിന്മകളേയും ചങ്ങലയില്‍ തളക്കണമെന്ന് നോവലിസ്റ്റ് പറയാതെ പറയുന്ന അനുഭൂതിയാണ് വായനക്കാരനിലുളവാകുന്നത്. അനാഥനായ ബാലന്, ബാപ്പ മരിച്ച ദു:ഖത്തില്‍ മാനസിക നില തെറ്റിയ ഉമ്മ, വാര്‍ധക്യത്തിന്റെ സകലമാന പീഢകളും അനുഭവിക്കുന്ന ഉമ്മാമ. അടുപ്പെരിയാന് കഴിയാത്ത ദാരിദ്ര്യം, ഈ തീച്ചൂളയില്‍ നിന്ന് സമീര്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയരുന്ന മനോഹരമായ അവതരണമാണ് നോവലിന്റെ ആകര്‍ഷണീയത. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് ഭാവനയുടെ ചിറകു നല്കി കുട്ടികളുടെ മനോവീര്യമുയര്ത്തുന്നതില് എഴുത്തുകാരന്റെ രചനാ വൈഭവം അത്ഭുതകരമാണ്. കടല വിറ്റു നടക്കുന്ന ബാലനെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ മാധവന് നായര്‍ കാണിക്കുന്ന താല്പര്യം മതത്തിനപ്പുറം മനുഷ്യത്വം വളര്‍ന്ന പഴയ കാലത്തിന്റെ ഓര്‍മയോ അതോ മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും മതവും ജാതിയും തടസ്സമല്ലെന്നു ഉറക്കെ വിളിച്ചു പറയുന്നതോ ആയി അനുഭവപ്പെടും.
സംഗീത അധ്യാപകനായ രാഘവന് മാസ്റ്റര്‍ നല്കുന്ന പ്രോത്സാഹനങ്ങള്‍ക്ക് ഏറെ വിശാലമായ അര്‍ഥമുണ്ട്. അധ്യാപകന് ശിഷ്യന്റെ പുരോഗതിയില്‍ വഹിക്കാവുന്ന വലിയ പങ്കിനെ പറ്റിയുള്ള സൂചന മാത്രമല്ല; ഗുരു ശിഷ്യ ബന്ധം സ്നേഹത്തിലും അത്മാര്ഥതയിലും മികച്ചതാകണമെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാട് കൂടി ഇതിലൂടെ പുറത്തുവരുന്നുണ്ട്. ഇത് തീര്‍ത്തും ഭാവനയില്‍ രൂപം കൊണ്ട ഒരു നോവലല്ല. മറിച്ച് ജീവിത യാഥാര്‍ഥ്യത്തില്‍ നിന്ന് കീറിയെടുത്ത ഒരു ഏടാണ്.
‘ആരുമില്ലാത്തവര്‍ക്കായി അല്ലാഹുവുണ്ടാകുമല്ലോ’ എന്ന സമീറിന്റെ ആത്മഗതം ഒരു നോവലിലെ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരന് സമൂഹത്തിനു നല്കുന്ന സന്ദേശങ്ങളാണ്. കഴിവുകളുടെ അധിപന് ദൈവമാണ്. നിറയാത്ത പാത്രമാണ് തുളുമ്പുക. നിറഞ്ഞ പാത്രം ശാന്ത സ്വഭാവം കാണിക്കും. ‘തന് പ്രാമാണിത്തം കാണിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ഏറെ ഡയലോഗുകള്‍ കേള്‍ക്കുന്ന ഈ കാലത്ത് നോവലിസ്റ്റിന്റെ സാമൂഹിക നീതി ബോധം ഈ നോവലില്‍ തെളിഞ്ഞു കാണുന്നുണ്ട്.
ഭ്രാന്തിയായിട്ടും സമീറിന്റെ കൈ കടിച്ചു മുറിച്ചിട്ടും ഉമ്മയോട് കയര്‍ത്തൊരു വാക്ക് പറയാത്ത മകന് മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്നു വിശ്വസിച്ചിരിക്കണം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് രാഘവന് മാസ്റ്ററെന്ന കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. ലളിതവും ആകര്‍ഷകവുമായ സര്‍ഗ സിദ്ധി ഉപയോഗപ്പെടുത്തുന്നതില്‍ എഴുത്തുകാരന് വിജയിച്ചിട്ടുണ്ട്.
കുട്ടിച്ചാത്തന്മാരുടെയും ഭൂതങ്ങളുടെയും മൂല്യമില്ലാക്കഥകള് കേട്ടു മൂല്യബോധമില്ലാതാകുന്ന തലമുറക്ക് മൂല്യബോധത്തിന്റെ വിളക്കുമരമാണ് ‘പാട്ടുകാരന്’ എന്ന ബാലസാഹിത്യം. അശ്രാന്ത പരിശ്രമവും നിതാന്ത ജാഗ്രതയും ഉയരത്തിലേക്കുള്ള കല്പടവുകളാണെന്നു വായനക്കാരന് ബോധ്യപ്പെടും. മന്ത്രവാദം പോലെയുള്ള ആത്മീയ തട്ടിപ്പുകളെ തുറന്നു കാട്ടാനുള്ള ശ്രമവും ഈ രചനയില്‍ നമുക്ക് കാണാന്‍ കഴിയും. തൂലിക ധര്‍മത്തിന്റെ കാവല്‍ ഭടനായി മാറുന്നതാണ് നമുക്കിതില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. യുവത ബുക് ഹൗസാണ് ഈ പുസ്തകം കുട്ടികളുടെ കരങ്ങളിലെത്തിക്കുന്നത്.