19 Tuesday
November 2024
2024 November 19
1446 Joumada I 17

തലശ്ശേരിയിലെ പെരുന്നാള്‍ ഓര്‍മകള്‍

എ എന്‍ ഷംസീര്‍/ വി കെ ജാബിര്‍


ക്രിക്കറ്റിലും കേക്കിലും സര്‍ക്കസിലും പിന്നെ ദം ബിരിയാണിയിലും ഒതുങ്ങുന്നതല്ല തലശ്ശേരി പെരുമ. കലയും സാഹിത്യവും രാഷ്ട്രീയവും ഭക്ഷണവും ആതിഥ്യവും വാണിജ്യവും എല്ലാം ചേര്‍ന്ന, ഒരു കള്ളിയില്‍ ഒതുക്കാനാകാത്ത മഹാ പാരമ്പര്യമുള്ള സംസ്‌കാരത്തിന്റെ പെരും ദേശമാണ് ഈ കടലോര പട്ടണം.
മലയാളത്തിലെ പ്രഥമ വാര്‍ത്താ പത്രിക രാജ്യസമാചാരം 1847 ജൂണില്‍ പ്രസിദ്ധപ്പെടുത്തിയതും ആദ്യ ലക്ഷണമൊത്ത മലയാള നോവല്‍ ഇന്ദുലേഖ പുറത്തിറങ്ങിയതും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആദ്യ മലയാളം ഇംഗ്ലീഷ് നിഘണ്ടു പുറത്തിറക്കിയതും തലശ്ശേരിയില്‍ നിന്നാണ്. കേരളത്തിലെ ആദ്യ ഈദ്ഗാഹ് സംഘടിപ്പിക്കപ്പെട്ടത് തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള സ്റ്റേഡിയം മസ്ജിദിനു കീഴിലാണ് പെരുന്നാള്‍ നമസ്‌കാരം കേരളത്തില്‍ ആദ്യമായി ഈദ്ഗാഹില്‍ നടത്തിയത്.
1952ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തലശ്ശേരി മണ്ഡലത്തില്‍ നിന്നു സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച മലബാറില്‍ നിന്നുള്ള ആദ്യ മുസ്ലിം വനിത ഡോ. ആമിന ഹാഷിം, ആദ്യ മുസ്ലിം വനിതാ എന്‍ജിനീയര്‍ അലീക്കസ്ഥാനത്ത് നഫീസ, മാളിയേക്കല്‍ മറിയുമ്മ എന്ന ഇംഗ്ലീഷ മറിയുമ്മ തുടങ്ങി നിരവധി പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നും മുന്നേ നടന്നത് തലശ്ശേരിയുടെ പാരമ്പര്യത്തിന്റെ ബലത്തിലാണ്.
ബ്രിട്ടീഷ് അധിനിവേശത്തെ തുടര്‍ന്ന് കടല്‍ വഴിയുള്ള വ്യാപാരം ശക്തിപ്പെട്ടതോടെ തലശ്ശേരി മലബാറിലെ ശ്രദ്ധിക്കപ്പെട്ട വാണിജ്യ കേന്ദ്രമായി. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നതിനാല്‍, മുകളിലെ അറ്റം എന്ന് അര്‍ഥം വരുന്ന ‘തലക്കത്തെ ചേരി’ ലോപിച്ച് തലശ്ശേരിയായി എന്നാണ് പ്രബലാഭിപ്രായം. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ കയറ്റി അയക്കാനായാണ് ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ തുറമുഖം സ്ഥാപിച്ചത്. തലശ്ശേരി കുരുമുളക് ലോകപ്രശസ്തമാണ്.
ഭക്ഷണവും സത്കാരവും തലശ്ശേരിയുടെ വീക്ക്നെസ്സാണെന്നു പറയാം. പലഹാരങ്ങളിലും ബിരിയാണിയിലും തലശ്ശേരി ടച്ച് ഒന്നു വേറെയാണ്. ആഘോഷിക്കാനുള്ള ഒരവസരവും തലശ്ശേരിക്കാര്‍ ഒഴിവാക്കില്ലെന്നാണ് കണ്ടാല്‍ തോന്നുക. മരുമക്കത്തായ രീതി തുടരുന്നതിനാല്‍ സത്കാരങ്ങള്‍ക്കും അറകള്‍ക്കും കുടുംബങ്ങളില്‍ വലിയ സ്ഥാനമുണ്ട്.
പെരുന്നാളുകള്‍ക്കുമുണ്ട് തലശ്ശേരിയുടെ പ്രത്യേക രീതിയും പൈതൃകവും. ചെറിയ പെരുന്നാളിന് ഭക്ഷണം കഴിച്ചാണല്ലോ പള്ളിയിലേക്കു പോവുക. തലശ്ശേരിക്കാര്‍ തലേന്ന് രാത്രി കുറച്ചു കൂടുതല്‍ ഭക്ഷണവും ഉന്നക്കായ, ഇറച്ചി പത്തിരി, പെട്ടിപ്പത്തിരി അങ്ങനെ പലഹാരവും ഉണ്ടാക്കി വെക്കും. പെരുന്നാള്‍ ദിനത്തെക്കാള്‍ തലേന്നാണ് തലശ്ശേരിയിലെ വീടുകളില്‍ കൂടുതല്‍ ആഘോഷപ്പൊലിമ. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുന്നത് തലേന്നാളാണ്. ആളും ബഹളവും ഒരുക്കങ്ങളുമായി ഉത്സവ പ്രതീതിയായിരിക്കും. പിറ്റേന്നാള്‍ ഓരോരുത്തര്‍ക്കും ഓരോ വഴിക്കു പോകാനുണ്ടാകും.
രാവിലെ ചായയും കുടിച്ച് പലഹാരവും കഴിച്ചാണ് ആളുകള്‍ ഈദ്ഗാഹിലേക്കും പള്ളികളിലേക്കും പോവുക. ദോശ പോലെ മൈദ കലക്കിച്ചുട്ടതും ബീഫിന്റെ ലിവര്‍ പൊരിച്ചതും ചിലപ്പോള്‍ തലച്ചോറ് വരട്ടിയതുമാണ് സാധാരണ പ്രാതലിനുണ്ടാവുക.
ജ്യൂസോ നാരങ്ങാ വെള്ളമോ ഉണ്ടാക്കി വയ്ക്കും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തുന്ന അതിഥികള്‍ക്കായാണിത്. വീട്ടമ്മമാരൊഴികെയുള്ളവര്‍ മറ്റു വീടുകളില്‍ സന്ദര്‍ശനത്തിനു പോകും. ഉച്ചവരെ ജ്യൂസ് കുടിച്ച് കുടിച്ച് ഒരു പരുവത്തിലാകുമത്രേ.
ഉച്ചയ്ക്ക് മട്ടനോ ചിക്കനോ ബീഫോ ചേര്‍ത്ത ബിരിയാണിയാകും. ഫിഷ് ബിരിയാണി ഉണ്ടാവുക കൂടുതലും ബലി പെരുന്നാളിനാണ്. ഉച്ച ഭക്ഷണത്തിനൊപ്പം അലിസയും മുട്ടമാലയും പുഡിംഗോ ഫ്രൂട്ട് സലാഡോ പതിവാണ്. ചിക്കന്‍ ഫ്രൈ ബിരിയാണിക്കൊപ്പം നിര്‍ബന്ധമാണ്.
വൈകുന്നേരം യുവതികള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടിലായിരിക്കും. രാത്രി ഉച്ചയ്ക്കുള്ള ഭക്ഷണം തന്നെയാണു പൊതുവെ ഉണ്ടാവുക. ആണ്‍കുട്ടികള്‍ ഭാര്യാ വീട്ടിലാകും ഭക്ഷണം കഴിക്കാനുണ്ടാവുക. പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍ (പുതിയാപ്പിളമാര്‍) വീട്ടിലുണ്ടെങ്കില്‍ സത്കാരം ഒന്നുകൂടി കളറാകും. ആഘോഷങ്ങളെ ശരിക്കും ആഘോഷിക്കുന്നവരാണ് തലശ്ശേരിക്കാര്‍. ‘അപ്പങ്ങളെമ്പാടുമുണ്ടാക്കി കാത്തിരിക്കുന്ന അമ്മായിമാര്‍’ ഇവിടെ വീടകങ്ങളില്‍ പതിവാണ്.
2016 മുതല്‍ തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എ എന്‍ ഷംസീറാണ്. 2022 സെപ്തംബര്‍ 12ന് അദ്ദേഹം കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരിയുടെ പെരുമയും പാരമ്പര്യവും പെരുന്നാള്‍ ഓര്‍മകളും പങ്കുവെക്കുകയാണദ്ദേഹം. സ്പീക്കറുടെ പദവി തേടിയെത്തിയപ്പോള്‍ വാക്കുകള്‍ക്ക് കുറെക്കൂടി സൂക്ഷ്മത വന്നുവെന്നു പലരും പറയുമ്പോഴും പതിവു ചിട്ടകളിലും രീതികളിലും മാറ്റമില്ല. തലശ്ശേരിയിലെ എം എല്‍ എ ഓഫീസില്‍ നടത്തിയ അഭിമുഖത്തില്‍നിന്ന്.

ആഘോഷങ്ങളും സൗഹൃദവും
ആഘോഷങ്ങള്‍ ആഘോഷങ്ങളായി തന്നെ സംഘടിപ്പിക്കുന്ന സ്ഥലമാണ് എന്നും തലശ്ശേരി. ആഘോഷങ്ങളില്‍ വലിയ രീതിയില്‍ ആളുകളെ ക്ഷണിക്കുക, സത്കരിക്കുക എന്നിവ നേരത്തെ തന്നെ തുടര്‍ന്നുവരുന്ന സ്ഥലമാണ് തലശ്ശേരി.
ഓണം വരുമ്പോള്‍ മുസ്ലിം കുടുംബങ്ങളെ ഹിന്ദു സുഹൃത്തുക്കള്‍ ക്ഷണിക്കും, നോമ്പും പെരുന്നാളും വരുമ്പോള്‍ തിരിച്ചും ക്ഷണിക്കും. അത്തരമൊരു സംസ്‌കാരം പണ്ടേ വേരൂന്നിയൊരു സ്ഥലമാണിവിടെ.
ഞങ്ങളൊക്കെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം, സിപിഎം പാര്‍ട്ടി ഓഫിസില്‍ നോമ്പു തുറക്കാനും പെരുന്നാളുകള്‍ക്കും ഇഷ്ടം പോലെ ഭക്ഷണം സമീപത്തുള്ള ആളുകള്‍ കൊണ്ടുവരാറുണ്ടായിരുന്നു. അത്തരമൊരു കള്‍ച്ചര്‍ ശക്തമായി നിലനില്‍ക്കുന്ന ഇടമാണ് തലശ്ശേരി. പ്രത്യേകിച്ച് ആഘോഷ വേളകള്‍. പരസ്പര സ്നേഹവും സൗഹാര്‍ദവും ഉള്ള അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് തലശ്ശേരി എന്നാണ് എന്റെ ഉറച്ച അഭിപ്രായം.

പാര്‍ട്ടിക്കപ്പുറത്തെ സൗഹൃദങ്ങള്‍
രാഷ്ട്രീയം രാഷ്ട്രീയമായി മാത്രം കാണുന്നൊരാളാണ് ഞാന്‍. അത് വ്യക്തിപരമായ ബന്ധങ്ങളെ ബാധിക്കുന്നതല്ല. വ്യക്തിപരമായി പലരുമായും അടുപ്പവും സൗഹൃദവും രാഷ്ട്രീയത്തിനതീതമായി ഉണ്ട്. എന്നോട് എല്ലാവരും വളരെ സൗഹാര്‍ദപൂര്‍ണമായാണ് പെരുമാറുന്നത്. തിരിച്ച് ഞാന്‍ അവരോടും നല്ല രീതിയില്‍ തന്നെ പെരുമാറുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴും വ്യക്തിപരമായ സൗഹൃദത്തെ അതൊരു തരത്തിലും ബാധിക്കാറില്ല. കൃത്യമായി രാഷ്ട്രീയം പറയുമ്പോഴും നല്ല നിലയില്‍ എല്ലാവരുമായും സൗഹൃദ ബന്ധം നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്.

വിദ്യാര്‍ഥിക്കാലത്തെ പെരുന്നാള്‍
പെരുന്നാളിന് എപ്പോഴും വീട്ടില്‍ തന്നെയായിരുന്നു. കല്യാണം കഴിയുന്നതു വരെ എന്റെ വീട്ടില്‍ തന്നെയായിരുന്നു പെരുന്നാളുകള്‍. കല്യാണം കഴിഞ്ഞ ശേഷം രാവിലെ വീട്ടില്‍ നിന്ന് ഭാര്യാ വീട്ടിലേക്കു പോകും. ഇവിടെ അത്തരമൊരു സിസ്റ്റമാണുള്ളത്. വീട്ടിലാകുമ്പോള്‍ സുഹൃത്തുക്കള്‍ വരുമായിരുന്നു. അവരെ ക്ഷണിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് അതിനു മാറ്റമുണ്ടായത്.
കേരളത്തിലെ ആദ്യ ഈദ്ഗാഹ് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. ആ ഈദ്ഗാഹ് ഇപ്പോഴും തുടരുന്നുണ്ട്. പെരുന്നാളുകള്‍ നാട്ടിലായതിനാല്‍ അവിടെയുള്ള പള്ളിയിലാണ് ഈദ് നമസ്‌കാരത്തിന് പങ്കെടുക്കാറുള്ളത്. പെരുന്നാള്‍ നമസ്‌കാരത്തിന് ടൗണിലേക്കു വരാറില്ല.

തിരക്കുകള്‍ക്കിടയിലെ
പെരുന്നാള്‍

ഔദ്യോഗികമായ തിരക്കുകള്‍ പെരുന്നാളിനെ ബാധിക്കാറില്ല. പെരുന്നാള്‍ ദിവസവും ഞാന്‍ രാവിലെ ഓഫിസില്‍ വരും. ഉച്ച വരെ ഓഫിസിലുണ്ടാകും. ഉച്ച ഭക്ഷണം വീട്ടില്‍ നിന്ന് കഴിച്ച് വീണ്ടും ഓഫീ സില്‍ വരുന്നതായിരുന്നു കല്യാണം കഴിക്കുന്നതു വരെയുള്ള പതിവ്. കല്യാണം കഴിഞ്ഞതിനു ശേഷം ചെറിയ മാറ്റമുണ്ടായി. രാവിലെ ഓഫിസില്‍ വരും. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം കുടുംബസമേതം സ്വന്തം വീട്ടിലേക്ക് ഉമ്മായുടെ അടുത്തേക്ക് പോകും. അതാണ് രീതി.
സ്പീക്കറായ ശേഷമുള്ള ആദ്യ പെരുന്നാളാണിത്. അപ്പോഴും പഴയ രീതികള്‍ക്ക് കാര്യമായ മാറ്റമൊന്നുമില്ല. രാവിലെ ഉമ്മായുടെ അടുത്തു നിന്ന് ഓഫിസില്‍ വരും. പിന്നീട് ഭാര്യ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് ഭാര്യയെയും കൂട്ടി ഇങ്ങോട്ടേക്ക് വരും.
നേരത്തെ ഏറ്റ രണ്ടു പരിപാടികളുണ്ട്. പെരുന്നാള്‍ ദിവസം എന്നാണെന്ന് ഉറപ്പില്ലാത്തതു കൊണ്ട് നേരത്തെ ഡേറ്റ് കൊടുത്ത പരിപാടികളാണ്. മറ്റു കാര്യങ്ങളെല്ലാം പതിവുപോലെ തന്നെ.

തലശ്ശേരിയുടെ മുസ്ലിം
പൈതൃകം

തലശ്ശേരിയിലെ മുസ്ലിംകള്‍ വളരെ പുരോഗമന നിലപാടുള്ളവരാണ്. വിദ്യാഭ്യാസപരമായി നേരത്തെ മുന്നില്‍ നടന്നവരാണ്. ഏറ്റവും നന്നാ യി ഡ്രസ് ധരിക്കുന്നവരാണ്. ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരാണ്. നന്നായി സത്കരിക്കുന്നവരാണ്. മനസ്സു തുറന്ന് ക്ഷണിക്കുന്നവരാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ സത്കാരത്തിലും ആഘോഷത്തിലും ഒരുകാലത്തും ഒരു കുറവും വരുത്താത്തവരാണവര്‍.
തലശ്ശേരി വളരെ നേരത്തെ വിദ്യാഭ്യാസത്തിന് പ്രാധാന്യവും പ്രാമുഖ്യവും കൊടുത്തുപോന്നിട്ടുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലുള്‍പ്പെടെ. പ്രധാനപ്പെട്ട സ്‌കൂളുകള്‍ ഉണ്ടിവിടെ. ബ്രണ്ണന്‍ കോളെജും എസ് എന്‍ കോളെജുമുണ്ട്. ഇവിടത്തെ കുട്ടികള്‍ പണ്ടേ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തവരാണ്.
ആണ്‍കുട്ടികള്‍ തന്നെ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്ന സമയത്തും ഇവിടെ പെണ്‍കുട്ടികള്‍, വിശേഷിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ആവേശത്തോടെ മുന്നേറിയിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്ത നാടാണിത്. മാളിയേക്കല്‍ മറിയുമ്മ പോലെ പ്രായമായ നിരവധി സ്ത്രീകള്‍ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവരായുണ്ട്.

പൈതൃകമുള്ള തലശ്ശേരി
കടല്‍പ്പാലം

തലശ്ശേരി പീര്‍ അഥവാ കടല്‍പ്പാലം വളരെ പൈതൃകമുള്ള സ്ഥലമാണ്. കുട്ടിക്കാലത്ത് ഞങ്ങളൊക്കെ കൗതുകത്തോടെ പോകുന്ന സ്ഥലമാണ് കടല്‍പ്പാലം. ആ പീര്‍ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കയാണ്. പാലം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പഴയ പാണ്ടികശാലകളും മറ്റു കെട്ടിടങ്ങളുമുള്ള ആ ഏരിയ നമ്മള്‍ വികസിപ്പിക്കുകയും മനോഹരമായ ഇടമായി സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുകയായിരുന്നു.
വളരെ വലിയ പാരമ്പര്യവും ചരിത്രവുമുള്ള പ്രദേശമാണിത്. യൂറോപ്പിനെ കേരളത്തിലേക്ക് ആകര്‍ഷിച്ച പാലം കൂടിയായിരുന്നു. തലശ്ശേരിയെ വാണിജ്യകേന്ദ്രമാക്കിയതില്‍ 1910ല്‍ നിര്‍മിക്കപ്പെട്ട ഈ കടല്‍പ്പാലം വലിയ പങ്കാണു വഹിച്ചിട്ടുളളത്. മലയോര മേഖലയില്‍ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങള്‍ പുറംകടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്കും പത്തേമാരികളിലേക്കും അതുവഴി പുറം രാജ്യങ്ങളിലേക്കും എത്തിച്ചത് ഈ കടല്‍പ്പാലം വഴിയാണ്. സംസ്‌കാരത്തിന്റെ കൈമാറ്റം കൂടി അവിടെ നടന്നു.
അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ ഫയര്‍ ടാങ്ക് നവീകരിച്ച് സംരക്ഷിച്ചിട്ടുണ്ട്. ആ ഏരിയ മൊത്തം ടൂറിസ്റ്റുകള്‍ക്ക് വന്നുപോകാവുന്ന സ്ഥലമായി മാറിയിരിക്കുന്നു. ഇപ്പോഴതൊരു പിക്ചര്‍ സ്ട്രീറ്റായിട്ടുണ്ട്. പ്രി വെഡ് ഷൂട്ട്, പോസ്റ്റ് വെഡ് ഷൂട്ടിംഗ് തുടങ്ങി പെരുന്നാള്‍ ഉള്‍പ്പെടെ ആഘോഷ വേളകളില്‍ ആളുകള്‍ കൂട്ടമായെത്തുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. നിരവധി സിനിമകള്‍ ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. ആഘോഷ വേളകളിലും അല്ലാത്തപ്പോഴും ആയിരക്കണക്കിന് ആളുകള്‍ വന്ന് ആസ്വദിച്ചു പോകുന്ന ഒരു പ്രധാന കേന്ദ്രമായി തലശ്ശേരി കടല്‍പ്പാലത്തോടു ചേര്‍ന്ന സ്ഥലം മാറിയിട്ടുണ്ട്.

സ്പീക്കര്‍ എന്ന നിലയില്‍
സഭാ അനുഭവം

കഴിഞ്ഞ സെപ്തംബറിലാണ് സ്പീക്കറായി ചുമതലയേറ്റത്. സ്പീക്കറായ ശേഷം കേരള നിയമസഭയുടെ ഒരു സമ്മേളനം വിജയകരമായി ചേര്‍ന്നു. 29 ദിവസം ഞാന്‍ ചെയറിലിരുന്നു. സഭയില്‍ ഭരണപക്ഷവും ഒപ്പം പ്രതിപക്ഷവും നല്ല നിലയില്‍ സഹകരിക്കുന്നുണ്ട്. നല്ല രീതിയില്‍ അവരെ സഹകരിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.
സഭാ നടപടികള്‍ കുറെക്കൂടി കാലോചിതമായി പരിഷ്‌കരിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നു. നിയമസഭ ഇ-വിധാന്‍ സഭയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സമ്പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിക്കുന്ന നടപടികള്‍ വരുന്ന സെപ്തംബറോടെ പൂര്‍ത്തിയാകും. മാന്വല്‍ ഹാജര്‍ ഒഴിവാക്കി പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണമായും ഇ സഭയാക്കുന്നതിനൊപ്പം ഗ്രീന്‍ അസംബ്ലി ആക്കാനുള്ള ആലോചനയും നടന്നുവരുന്നുണ്ട്. ഹരിതാഭമാക്കി സഭയുടെ നിശ്ചിത ഏരിയ പൊതുജനങ്ങള്‍ക്കു വൈകുന്നേരങ്ങളില്‍ തുറന്നുകൊടുക്കണമെന്നും ആലോചനയുണ്ട്. കക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനമെടുക്കും.
സഭാ സമ്മേളനം നടക്കുമ്പോള്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനാവില്ല. കാരണം നിയമനിര്‍മാണ വേദിയായതിനാല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അല്ലാത്ത സമയം പരമാവധി ജനങ്ങള്‍ക്കു കൂടി പ്രവേശനം നല്‍കുന്നതു സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. ഇത് എത്രമാത്രം സാധ്യമാകും എന്ന് ആലോചിച്ചു വരികയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിയമസഭ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
സ്പീക്കര്‍ എന്ന നിലയില്‍ പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. നല്ല ഓഫിസും ജീവനക്കാരും സെക്രട്ടറിയുമുണ്ട്. നിയമസഭാ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ സഭയിലെ കാര്യങ്ങള്‍ നല്ല നിലയില്‍ മാനേജ് ചെയ്യാന്‍ കഴിയുന്നുണ്ട്.

മുസ്ലിം പേരുള്ള
നേതാക്കള്‍
തീവ്രവാദികളോ?

അത് തികച്ചും രാഷ്ട്രീയ താല്പര്യത്തോടെയുള്ള ആരോപണം മാത്രമാണ്. കാരണം മുഹമ്മദ് റിയാസ് ഇപ്പോള്‍ നന്നായി രാഷ്ട്രീയം പറയുന്നുണ്ട്. രാഷ്ട്രീയം പറയുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മനോവീര്യം കെടുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി മാത്രമാണ് വര്‍ഗീയ ആരോപണങ്ങള്‍. അതിനു സാമുദായിക നിറം കൊടുത്തതു കൊണ്ടു കാര്യമില്ല. റിയാസ് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കു നന്നായി അറിയാമല്ലോ.
റിയാസ് നേരിട്ടു മന്ത്രിയായി വന്ന ആളല്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിലും യുവജന സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി എത്തിയ ചെറുപ്പക്കാരനാണ്. വളരെ സെക്യുലര്‍ കാഴ്ചപ്പാടുളള, കുടുംബ പശ്ചാത്തലമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍, ഏതെങ്കിലും തരത്തില്‍ ബ്രാന്റു ചെയ്യാന്‍ ശ്രമിച്ചാല്‍ അത് കേരളീയ സമൂഹം അംഗീകരിക്കില്ല.
തികച്ചും സെക്യുലര്‍ നിലപാടുള്ളയാളാണ് കെ ടി ജലീലും. ഇടതുപക്ഷ രാഷ്ട്രീയം നല്ല നിലയില്‍ സംസാരിക്കുന്ന ആളാണ്. കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നല്ല പ്രഭാഷകനാണ്. അദ്ദേഹം കൃത്യമായ രാഷ്ട്രീയം പറയുമ്പോള്‍, മറുപക്ഷത്തെ രൂക്ഷമായി ആക്രമിക്കുമ്പോള്‍ തിരിച്ചും ആക്രമണമുണ്ടാവുക സ്വാഭാവികമാണ്. അതിനെ ആ നിലയില്‍ മാത്രമേ കാണുന്നുള്ളൂ.

ഞാനൊരു തലശ്ശേരിക്കാരന്‍
തലശ്ശേരി സെക്യുലറിസത്തിന് വലിയ പ്രാമുഖ്യവും പരിഗണനയും കൊടുത്ത നാടാണ്. തലശ്ശേരിക്കാരനാണെന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ നാടിന് എപ്പോഴുമൊരു ലെഗസി ഉണ്ട്. വലിയ പാരമ്പര്യമുണ്ട്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാരുടെ മണ്ണാണ് തലശ്ശേരി. മറുഭാഗത്തും വളരെ പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ തട്ടകമാണിത്. സ്വാതന്ത്ര്യത്തിനു മുമ്പേ തന്നെ വളരെ രാഷ്ട്രീയ നിലപാടു പ്രകടിപ്പിച്ച നാടാണ്.

Back to Top