8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

തലപ്പത്തിരിക്കുന്നവര്‍ പത്രപ്രവര്‍ത്തനം നിര്‍വീര്യമാക്കുന്നു

ആര്‍ രാജഗോപാല്‍ /ഷബീര്‍ രാരങ്ങോത്ത്


സമകാലിക ഇന്ത്യയില്‍ നാലാം തൂണുകള്‍ മനുഷ്യപക്ഷത്തു നിന്നു മാറി ഭരണകൂട പ്രൊപഗണ്ടയ്ക്കനുസരിച്ചു നീങ്ങുന്നതായുള്ള ആരോപണങ്ങളും വിലയിരുത്തലുകളും ശക്തമാണ്. നേരിന്റെ പക്ഷത്ത് നില്‍ക്കാനോ അനീതിക്കെതിരെ പേന ചലിപ്പിക്കാനോ കരുത്തും ധൈര്യവും കാണിക്കുന്ന പത്രാധിപന്മാര്‍ വളരെ കുറവാണ്. ഭരണകൂടത്തിന്റെ നാവായി മാറാനാണ് പത്രമാധ്യമങ്ങള്‍ മത്സരിക്കുന്നത്. മറ്റാരുടെയോ നാവ് പേറേണ്ടിവരുന്ന പത്രങ്ങള്‍ സ്വന്തം അസ്തിത്വം തന്നെയാണ് പണയപ്പെടുത്തുന്നത്.
മാധ്യമ സ്വാതന്ത്ര്യം സര്‍വകാല വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ധീരതയോടെ ഭരണാധിപതി നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ പത്രമാണ് ദി ടെലഗ്രാഫ്. 2016 മുതല്‍ അതിന്റെ സാരഥ്യം വഹിച്ചിരുന്നത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ആര്‍ രാജഗോപാല്‍ ആയിരുന്നു. യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ഈ കെട്ട കാലത്ത് അദ്ദേഹം മാതൃക കാണിക്കുകയായിരുന്നു. ഈയടുത്താണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നു നീക്കി എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുന്നത്.
ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരം ലഭിച്ച ആര്‍ രാജഗോപാല്‍ പത്രപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും സംബന്ധധിച്ച് ശബാബ് വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

? വ്യക്തിപരമായ കാര്യങ്ങളില്‍ നിന്നു തുടങ്ങാം. ഒരു പ്രസ്സില്‍ പ്രൂഫ് നോക്കാന്‍ പോയ സന്ദര്‍ഭത്തിലാണ് വേണാട് പത്രികയുടെ പത്രാധിപരെ കണ്ടുമുട്ടുന്നതെന്നു പറയുന്നുണ്ട്. എങ്ങനെയായിരുന്നു മാധ്യമരംഗത്തേക്കുള്ള ചുവടുവെപ്പ്?
ഞാന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന സമയമാണ്. പരീക്ഷ കഴിഞ്ഞ് രണ്ടുമൂന്നു മാസത്തെ കാലതാമസമുണ്ടായിരുന്നു കേരള യൂനിവേഴ്‌സിറ്റിയില്‍ റിസല്‍ട്ടു വരാന്‍. ഞാന്‍ ഇകണോമിക്‌സായിരുന്നു പഠിച്ചത്. എന്റെ ഒരു അധ്യാപകനുണ്ട്, തോമസ് മാത്യു. അദ്ദേഹത്തിന് ഇകണോമിക്‌സില്‍ ഒരു ടെക്സ്റ്റ് ബുക്ക് തയ്യാറാക്കണമെന്നുണ്ടായിരുന്നു. എന്നെയായിരുന്നു അന്ന് പ്രൂഫ് വര്‍ക്കിന് ഏല്‍പിച്ചിരുന്നത്. അദ്ദേഹത്തെ സഹായിക്കാനാണ് ആ പ്രസ്സിലേക്ക് പോകുന്നത്.
ആ പ്രസ്സില്‍ വെച്ചായിരുന്നു വേണാട് പത്രിക എന്ന സായാഹ്ന പത്രം അച്ചടിച്ചിരുന്നത്. പ്രസ്സുകാര്‍ എപ്പോഴും ഡെയ്‌ലി വര്‍ക്കുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. അതിനു ശേഷമേ മറ്റു ജോലികളിലേക്ക് അവര്‍ പോകൂ. എനിക്ക് ദിവസവും രാവിലെ മൂന്നോ നാലോ പേജ് മാത്രമേ കമ്പോസ് ചെയ്തു കിട്ടുകയുള്ളൂ. അത് അപ്പോള്‍ തന്നെ കറക്ട് ചെയ്യും. പിന്നെ വൈകീട്ടേ ഒരു അഞ്ചു പേജ് കൂടി കിട്ടൂ. ഇതിനിടയ്ക്ക് മറ്റെവിടേക്കും പോകാനുള്ള സമയമുണ്ടാവില്ല. അവിടെത്തന്നെ നില്‍ക്കും.
സായാഹ്നപത്രങ്ങള്‍ അന്ന് പ്രസ്‌ക്ലബ്ബുകളിലെ ടെലിപ്രിന്റുകളില്‍ നിന്ന് കാര്‍ബണ്‍ കോപ്പികള്‍ കൊണ്ടുവന്ന് ട്രാന്‍സ്‌ലേറ്റ് ചെയ്താണ് വാര്‍ത്തകള്‍ ഉണ്ടാക്കിയിരുന്നത്. ഞാന്‍ ഈ സമയങ്ങളില്‍ വെറുതെയിരിക്കുന്നതുകൊണ്ട് ചിലതൊക്കെ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കും. രണ്ടര മാസം സമയമെടുത്തു പുസ്തകത്തിന്റെ പണി തീരാന്‍. ഈ സമയങ്ങളില്‍ ഞാന്‍ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചുപോന്നു. പുസ്തകത്തിന്റെ പണി തീര്‍ന്നപ്പോള്‍ വേണാട് പത്രികയുടെ സാരഥി ജനാര്‍ദനന്‍ സാര്‍ എന്നോട് അവരുടെ കൂടെ കൂടുന്നോ എന്നു ചോദിച്ചു. അന്ന് ജേണലിസം കോഴ്‌സ് ചെയ്യാനിരിക്കുകയായിരുന്നു ഞാന്‍. ക്ലാസ് വൈകുന്നേരമാണ്, വേണാട് പത്രികയുടെ ജോലികള്‍ പകല്‍സമയത്തും.
അങ്ങനെ വേണാട് പത്രികയില്‍ ജോലി തുടങ്ങി. അന്ന് അവര്‍ക്ക് പ്രത്യേകം ഡെസ്‌കൊന്നുമില്ല. റിപ്പോര്‍ട്ടറായി എന്നെ നിയമിച്ചു. ട്രെയിനിയായിരുന്നെങ്കിലും ഡെസ്‌കില്‍ ആളില്ലാതിരുന്നതിനാല്‍ അന്ന് വലിയ സംഭവങ്ങള്‍ തന്നെയാണ് ഞാന്‍ കവര്‍ ചെയ്തത്. അദ്ദേഹം ഒരു നല്ല അധ്യാപകനായിരുന്നു. വളരെ കുറച്ച് ആളുകളെ വെച്ചൊരു പത്രമിറക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. ചില ദിവസം ഞാന്‍ റിപ്പോര്‍ട്ടറാകും, ചിലപ്പോള്‍ പ്രൂഫ് വായിക്കും, ചില ദിവസങ്ങളില്‍ ഞാന്‍ എഡിറ്റോറിയല്‍ വരെ എഴുതി. സജി എന്ന ഒരാളായിരുന്നു വേണാട് പത്രികയ്ക്ക് സ്ഥിരമായി എഡിറ്റോറിയല്‍ എഴുതിക്കൊണ്ടിരുന്നത്. അദ്ദേഹം ഇെല്ലന്നുവന്നാല്‍ ജനാര്‍ദനന്‍ സാര്‍ എഴുതും. അദ്ദേഹത്തിനും പറ്റാതാകുന്ന സമയം അത് ഞാന്‍ എഴുതും. ശരിക്കും അതൊരു യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പോലെയായിരുന്നു.
പ്രസ് ക്ലബ്ബിലെ പഠനവും മികച്ചതായിരുന്നു. അന്ന് എനിക്ക് പ്രസ് ക്ലബ്ബില്‍ അധ്യാപകനായി ഉണ്ടായിരുന്നത് കെ സി ജോണ്‍ എന്ന കേരളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. അരവിന്ദാക്ഷന്‍, എന്‍ ആര്‍ എസ് ബാബു തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. പ്രസ് ക്ലബ്ബില്‍ വെച്ച് പഠിച്ച തിയറികളുടെയൊക്കെ പ്രാക്ടിക്കല്‍ ഇംപ്ലിമെന്റേഷന്‍ വേണാട് പത്രികയിലായിരുന്നു. വളരെ കുറഞ്ഞ ആളുകള്‍ മാത്രമേയുള്ളൂ എന്നതുകൊണ്ട് ഒരു മുന്‍നിര പത്രത്തില്‍ പത്തു വര്‍ഷമെങ്കിലും ജോലി ചെയ്താല്‍ ലഭിക്കാവുന്ന പല അസൈന്മെന്റുകളും ആദ്യത്തെ മാസത്തില്‍ തന്നെ എനിക്ക് ലഭിക്കുകയുമുണ്ടായി.
പ്രസ് ക്ലബ്ബിലെ പഠനത്തിനു ശേഷം ഞാന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ടൈംസ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് എന്നൊരു പദ്ധതിയുണ്ടായിരുന്നു അവര്‍ക്ക്. ഓരോ സംസ്ഥാനത്തു നിന്നും ഈരണ്ടു പേരെ അവര്‍ തിരഞ്ഞെടുക്കുമായിരുന്നു. അതില്‍ ഒരാളാവാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ ട്രെയിന്‍ ചെയ്‌തെടുക്കും. ഒമ്പതു മാസത്തെ ട്രെയിനിങ്. അന്ന് മീഡിയ കോഴ്‌സുകള്‍ വ്യാപകമല്ല. ഇവര്‍ കോഴ്‌സിന് ഫീസ് വാങ്ങുന്നുണ്ടായിരുന്നില്ല. സ്‌റ്റൈപ്പന്റ് നല്‍കുകയും ചെയ്യും. പക്ഷേ, കോഴ്‌സ് പൂര്‍ത്തിയാക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷം അവിടെ ജോലി ചെയ്യണം എന്നതായിരുന്നു കരാര്‍. കോഴ്‌സ് പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂരില്‍ ഒരു വേക്കന്‍സിയുണ്ടെന്നു പറഞ്ഞു. അന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ താല്‍പര്യമില്ല എന്ന് അറിയിച്ചു. അപ്പോഴാണ് കല്‍ക്കത്തയില്‍ ഒരു വേക്കന്‍സിയുണ്ടെന്നു പറയുന്നത്. അങ്ങനെയാണ് ഞാന്‍ കല്‍ക്കത്തയില്‍ ഇകണോമിക് ടൈംസില്‍ ജോലിക്കു കയറുന്നത്. അവിടെ രണ്ടു വര്‍ഷം ജോലി ചെയ്തു.
പിന്നീട് അവിടന്ന് ഇന്ത്യാടുഡേയിലേക്ക് പോയി. പിന്നീട് ബോംബെയില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ എത്തി. 1996 മുതല്‍ ഞാന്‍ ടെലഗ്രാഫിന്റെ കൂടെയാണ്. ജോയിന്റ് ന്യൂസ് എഡിറ്ററായി ചേര്‍ന്നു. പിന്നെ ന്യൂസ് എഡിറ്ററായി. ഡെപ്യൂട്ടി എഡിറ്ററായി. പിന്നെ എഡിറ്ററായി. ഇപ്പോള്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആയി.

? പ്രിന്റ് മീഡിയയില്‍ പത്രമുതലാളിയും പത്രാധിപരും തമ്മിലുള്ള ബന്ധം വലിയ ഘടകമാണ്. താങ്കള്‍ വക്കം മൗലവി അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണല്ലോ. വക്കം മൗലവിയും രാമകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം വളരെ പ്രശസ്തമാണ്. ആ ബന്ധം ഇന്നത്തെ പത്രമാധ്യമങ്ങള്‍ക്ക് എന്ത് മാതൃകയാണ് നല്‍കുന്നത്?
അവര്‍ തമ്മിലുള്ളത് സമാനതകളില്ലാത്ത ബന്ധമായിരുന്നു. സമാനമായ ഒരു ബന്ധം ചരിത്രത്തിലുള്ളത് വാഷിങ്ടണ്‍ പോസ്റ്റിന്റെ കാതറിന്‍ ഗ്രഹാമും ബെഞ്ചമിന്‍ ബ്രാഡ്‌ലിയും തമ്മിലുള്ളതാണ്. ഒരു പബ്ലിഷറും ഒരു എഡിറ്ററും തമ്മില്‍ ഒരു ബന്ധം എന്നതിനേക്കാള്‍, എഡിറ്റോറിയലും മാനേജ്‌മെന്റും തമ്മില്‍ ഒരു വന്മതില്‍ ഉണ്ടായിരിക്കണം. രണ്ടു കൂട്ടരും ആ മതില്‍ മറികടക്കാന്‍ പാടില്ല എന്നതാണ്. വക്കം മൗലവിയുടെയൊക്കെ ഒരു വലിയ പ്രത്യേകത ആ മതില്‍ നന്നായി സൂക്ഷിച്ചു എന്നതിലാണ്. എന്റെ അറിവില്‍ പത്തു വര്‍ഷത്തില്‍ കൂടുതല്‍ വക്കം മൗലവിയും രാമകൃഷ്ണപിള്ളയും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഒരു തവണ പോലും വക്കം മൗലവി എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതാണ്. അത് മഹത്തായ ഒരു കാര്യമാണ്. ഇന്നത്തെ എഡിറ്റര്‍മാരില്‍ എത്ര പേര്‍ക്ക് അത് പറയാന്‍ പറ്റും എന്ന കാര്യം സംശയമാണ്.
ഇന്ന് ആ ചൈനീസ് മതില്‍ രണ്ടു രീതിയില്‍ മറികടക്കപ്പെടുന്നു. ഒന്ന് പരസ്യവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദങ്ങളുണ്ടാകുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരു കക്ഷി സ്ഥിരമായി പരസ്യം നല്‍കുന്ന ബ്രാന്‍ഡുകളിലൊന്നാണെങ്കില്‍ നേര്‍ക്കുനേരെ സമ്മര്‍ദമുണ്ടായില്ലെങ്കില്‍ പോലും ചില സിഗ്‌നലുകള്‍ മാനേജ്‌മെന്റ് നല്‍കും. ആ സ്റ്റോറി നമുക്കിപ്പോള്‍ കവര്‍ ചെയ്യണോ എന്നൊക്കെ ചോദിക്കും. അത് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്തതാണ്. അതാണ് ആ മതില്‍ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നതിന്റെ താല്‍പര്യം. ചില സമയങ്ങളില്‍ ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വേണ്ടപോലെ വിറ്റഴിയുന്നില്ലെങ്കില്‍ അതിനെക്കുറിച്ച് നല്ല ഒരു വാര്‍ത്ത ചെയ്തുകൂടേ എന്ന ചോദ്യങ്ങള്‍ വരും. ചില സ്റ്റോറികളൊക്കെ കാണുമ്പോള്‍ നമുക്ക് ആ മതില്‍ കടന്നുവന്നതാണ് എന്നു മനസ്സിലാകും.
മറ്റൊന്ന് രാഷ്ട്രീയപരമായ ഇടപെടലുകളാണ്. ചില മാനേജ്‌മെന്റുകള്‍ക്ക് രാഷ്ട്രീയപരമായ താല്‍പര്യങ്ങളുണ്ടെങ്കില്‍, ചിലത് ബൂസ്റ്റ് ചെയ്യാന്‍ പറ്റില്ലേ എന്നവര്‍ ചോദിക്കും.
ഈ മതില്‍ ഇന്ത്യയില്‍ വളരെ പ്രകടമായ രീതിയില്‍ തകരാന്‍ തുടങ്ങുന്നത് 1980കളിലാണ്. പത്രമുതലാളിമാരില്‍ ഒരു പുതിയ ജനറേഷന്‍ രൂപപ്പെട്ടുവന്ന സമയമായിരുന്നു അത്. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഒരു തലമുറ വന്നപ്പോഴാണ് അത് സംഭവിച്ചത്. ഈ മതില്‍ ഇടിഞ്ഞതാണ് ഇന്ത്യന്‍ പ്രിന്റ് മീഡിയക്ക് സംഭവിച്ച അപചയങ്ങള്‍ക്ക് പ്രധാന കാരണം.

? പ്രിന്റ് മീഡിയ ഇക്കാലത്ത് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പണ്ട് സാമ്പത്തിക താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ആശയപരമായ താല്‍പര്യങ്ങളായിരുന്നു പത്രസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ന് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നത് പരസ്യങ്ങളിലൂടെയാണ്. സ്വാഭാവികമായും കോര്‍പറേറ്റ് സ്വാധീനമില്ലാതെ പത്രങ്ങള്‍ക്ക് മുന്നോട്ടുപോകാനാകുമോ എന്ന ചോദ്യമുണ്ട്.
പരസ്യമില്ലാതെ ഒരു പത്രം ഇറക്കുക എന്നത് അതിസാഹസികമായ ഒരു കാര്യമാണ്. എനിക്കു തോന്നുന്നില്ല, ലോകത്ത് ഏതെങ്കിലുമൊരു പത്രത്തിന് പരസ്യ താല്‍പര്യങ്ങള്‍ അവഗണിച്ച് മുന്നോട്ടുപോകാനാവുമെന്ന്. ചില പത്രങ്ങള്‍ തങ്ങള്‍ പരസ്യം ചെയ്യുന്നില്ല എന്നു പറയുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വലിയ പരസ്യങ്ങള്‍ കാണാറില്ല. അവര്‍ ഒരു ട്രസ്റ്റാണ്. കൂടാതെ റിയല്‍ എസ്റ്റേറ്റ് വരുമാനവും ഉണ്ട്. അത് ശരിയായ ഒരു മോഡലാണ് എന്ന് എനിക്കു തോന്നുന്നില്ല. സാധാരണഗതിയില്‍ പരസ്യം കൂടാതെ നിലനില്‍പില്ല. ദിവസവും പണം ആവശ്യം വരുന്ന ഒരു സിസ്റ്റമാണ് പ്രിന്റ് മീഡിയയുടേത്. ഒരു പത്രം ഒരു ദിവസം പുറത്തിറക്കാന്‍ ഏകദേശം 12 രൂപയില്‍ അധികം വരും ചെലവ്. പക്ഷേ, അത് വില്‍ക്കുന്നത് പരമാവധി 6 രൂപയ്ക്കാണ്. ബാക്കി വരുന്ന പണം കണ്ടെത്തുന്നത് പരസ്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ പരസ്യത്തിന്റെ ഒരു സ്വാധീനം പ്രിന്റ് മീഡിയകളില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
പണ്ടൊക്കെ ഒരു അനുപാതമുണ്ടായിരുന്നു. 60 ശതമാനം വാര്‍ത്തയും 40 ശതമാനം പരസ്യവും എന്നതായിരുന്നു ആ കണക്ക്. ചില പേജുകളില്‍ പരസ്യം നല്‍കില്ല. ഇങ്ങനെ പല രീതിയിലുള്ള പോളിസികള്‍ പരസ്യം സംബന്ധിച്ച് പത്രങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് പലപ്പോഴും ഏതെങ്കിലും ഉത്സവാവസരം വന്നാല്‍ പത്രങ്ങള്‍ക്ക് ഫ്രണ്ട് പേജില്ല. അവിടെ പരസ്യമായിരിക്കും.
ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ട സ്‌പേസ് എന്നത് അതിന്റെ ഫ്രണ്ട് പേജാണ്. നിലനില്‍പിനു വേണ്ടി ആ ഫ്രണ്ട് പേജു പോലും പരസ്യത്തിന് നല്‍കുകയാണ് ഇപ്പോള്‍. അതിനെ വിമര്‍ശിക്കുകയല്ല, അതൊരു യാഥാര്‍ഥ്യമാണെന്നത് കാണാതിരുന്നുകൂടാ. ഇതിനു പരിഹാരമായി പറയുന്ന ഓണ്‍ലൈന്‍ എന്നത് പത്രങ്ങള്‍ക്ക് ഒരു ബദലാണെന്ന് എനിക്ക് തോന്നുന്നില്ല. വളരെ കുറച്ച് പത്രങ്ങള്‍ക്കേ അത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇപ്പോഴും പല പത്രങ്ങളും കുറച്ച് പ്രിന്റും കുറച്ച് ഓണ്‍ലൈനുമൊക്കെയായി കൊണ്ടുപോവുകയാണ്.

? ടെലഗ്രാഫിന്റെ ചില ദിവസങ്ങളിലെ ആദ്യ പേജുകളെ അദ്ഭുതത്തോടുകൂടി നോക്കിനിന്നിട്ടുണ്ട്. മണിപ്പൂര്‍ വിഷയം ഉണ്ടായ സമയത്ത് മുതലകളുടെ ചിത്രം വെച്ച് ഒരു മുതല കണ്ണീരൊഴുക്കുന്നതായി കാണിച്ച് പത്രം ഇറക്കുകയുണ്ടായി. ഏറെ ധൈര്യം ആവശ്യമായ ഒന്നാണിത്. ഇത്തരത്തില്‍ വളരെ ആഴത്തിലും ചൂടേറിയതുമായ വിമര്‍ശനങ്ങള്‍ താങ്കളുടെ എഡിറ്റര്‍ഷിപ്പില്‍ ഇറങ്ങിയ ടെലഗ്രാഫില്‍ കണ്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ പത്രമുതലാളിമാരുടെ അതൃപ്തി കൊണ്ടുവന്നിട്ടുണ്ടോ? സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ചില പത്രങ്ങളിലൊക്കെ മുതലാളിമാര്‍ നേരിട്ട് ഇടപെടുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അടുത്ത് നേരിട്ട് അത്തരം സമ്മര്‍ദങ്ങള്‍ക്ക് പത്രമുതലാളിമാര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, പത്രമുതലാളിമാര്‍ അത് പറയണം എന്നില്ല. എല്ലാ പത്രങ്ങള്‍ക്കും ഫീഡ്ബാക്ക് സിസ്റ്റം എന്നൊരു സംവിധാനമുണ്ട്. എന്റെയടുത്ത് മാനേജ്‌മെന്റ് സൈഡില്‍ നിന്ന് ‘നമ്മുടെ വായനക്കാര്‍ക്ക് ഇത് ഇഷ്ടപ്പെടുന്നില്ല, വായനക്കാര്‍ ക്ഷുഭിതരാണ്. ഇങ്ങനെ പോവുകയാണെങ്കില്‍ അവര്‍ പത്രം വാങ്ങിക്കുന്നത് നിര്‍ത്തും’ എന്നിങ്ങനെ ചില ഫീഡ്ബാക്കുകളുണ്ടെന്നു പറഞ്ഞ് സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്. ഇത് നമുക്ക് കൗണ്ടര്‍ ചെയ്യാന്‍ പറ്റില്ല. ഈ ശൈലി നേരിട്ടു പറയുന്നതിനേക്കാളും അപകടകരമാണ്.
ഒരു മുതലാളി നമ്മോട് നേരിട്ട് ‘നാളെ തൊട്ട് അത് ചെയ്യാന്‍ പാടില്ല’ എന്നു പറഞ്ഞാല്‍ നമുക്ക് ഒരു സ്റ്റാന്റ് എടുക്കാന്‍ പറ്റും. ‘എനിക്കിങ്ങനെയേ പറ്റൂ’ എന്നു പറയുകയോ ‘എന്നെ പിരിച്ചുവിട്ടോളൂ’ എന്നു പറയുകയോ ഒക്കെ ചെയ്യാം. അത്തരം ഘട്ടങ്ങളില്‍ നമ്മുടെ സ്റ്റാന്റ് ക്ലിയറാക്കാന്‍ പറ്റും. ഈ ഫീഡ്ബാക്ക് പരിപാടി കൂടുതല്‍ അപകടകരമാണ്. അവര്‍ അവരുടെ അഭിപ്രായമെന്താണെന്ന് വ്യക്തമായി പറയുന്നില്ല. അത് അങ്ങനെയായിരിക്കണം. നല്ല കാര്യം തന്നെ. ഒരു പബ്ലിഷറുടെ വ്യക്തിപരമായ അഭിപ്രായം എന്തെന്ന് എഡിറ്ററുടെ അടുത്ത് പറയാന്‍ പാടില്ല. പക്ഷേ, അവര്‍ ചില സ്റ്റഡീസ് മുന്നോട്ടുവെക്കുകയാണ് ചെയ്യുക.
പത്രത്തിന്റെ ഏറ്റവും വലിയ ഘടകം എന്നത് വായനക്കാരാണ്. വായനക്കാരില്ലെങ്കില്‍ ഒരു പത്രത്തിനും നിലനില്‍പില്ല. വളരെ ചെറിയ സാമ്പിളില്‍ വായനക്കാരുടെ അഭിപ്രായം എന്നു പറഞ്ഞ് ചില സ്റ്റഡീസ് കൊണ്ടുവരും. ഈ സാമ്പിളുകള്‍ പോലും ഫിക്‌സ് ചെയ്യാന്‍ പറ്റും. നമ്മുടെ റീഡേഴ്‌സ് എവിടെയാണുള്ളതെന്ന് ഒരു പത്രത്തിന് അറിയാന്‍ പറ്റും. ഞങ്ങള്‍ ചെയ്ത പല പേജുകളിലും നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കേരളത്തിലെ നരേന്ദ്ര മോദിക്ക് സപ്പോര്‍ട്ട് കിട്ടുന്ന ഒരു ഭാഗത്ത് പോയി സര്‍വേ നടത്തിയാല്‍ എന്തു റിസല്‍ട്ട് വരുമെന്ന് നമുക്കറിയാം. അവര്‍ പറയും, ഞങ്ങള്‍ ഈ പത്രം വായിക്കില്ല എന്ന്. ഈ സര്‍വേയിലൊന്നും എനിക്കത്ര വിശ്വാസമില്ല. ഇതൊക്കെ നമ്മിലേക്ക് സമ്മര്‍ദം കൊണ്ടുവരാനുള്ള ടൂള്‍സ് മാത്രമാണ്. എഡിറ്റോറിയല്‍ സ്ട്രാറ്റജിയെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ് ഇത്തരം സര്‍വേകള്‍ ഉപയോഗിച്ചിട്ടുള്ളത്. ‘വായനക്കാര്‍ ക്ഷുഭിതരാണ്’ എന്ന് എന്നോടും പല തവണ പറഞ്ഞിട്ടുണ്ട്.

? കഴിഞ്ഞ മാസം വരെ താങ്കള്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന പദവിയാണ് താങ്കള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ പദവിയുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങള്‍ പത്രമാധ്യമങ്ങളിലുണ്ട്. എഡിറ്ററും എഡിറ്റര്‍ അറ്റ് ലാര്‍ജും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
ഒരു പത്രത്തിന്റെ ഏറ്റവും അവസാന വാക്ക് എഡിറ്ററാണ്. എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാല്‍, ഇന്ത്യന്‍ നിയമപ്രകാരം എഡിറ്റര്‍ ആണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആള്‍. വ്യാജവാര്‍ത്തകള്‍, വിദ്വേഷ വാര്‍ത്തകള്‍ എന്നിവയ്‌ക്കൊക്കെ എഡിറ്ററും പബ്ലിഷറുമാണ് മറുപടി പറയേണ്ടിവരിക. പ്രാഥമികമായ ഉത്തരവാദിത്തം എഡിറ്ററുടേതാണ്. The buck stops with the Editor എന്നാണ്.
എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്നത് ഇംഗ്ലണ്ടില്‍ തുടങ്ങിയ ഒരു സംഗതിയാണ്. ഉദാഹരണത്തിന്, ഒരു സ്‌പോര്‍ട്‌സ് ലേഖകനുണ്ട്. അദ്ദേഹത്തിന് സ്‌പോര്‍ട്‌സില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അതീവ താല്‍പര്യമുണ്ട് എന്ന് കരുതുക. അദ്ദേഹം ക്രിക്കറ്റിനെക്കുറിച്ച് മാത്രമെഴുതുമ്പോള്‍ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാതെപോകും. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന് ഏതു വിഷയം സംബന്ധിച്ചും എഴുതാനുള്ള ഒരു അധികാരം നല്‍കും. അതാണ് യഥാര്‍ഥത്തില്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ്. പക്ഷേ, എന്റെ കാര്യത്തില്‍ അങ്ങനെയല്ല. ദൈനംദിന വാര്‍ത്താകാര്യങ്ങളില്‍ എനിക്കിപ്പോള്‍ ഒരു റോളുമില്ല. ഇപ്പോള്‍ ഒരു കോളം എഴുതുക എന്നതാണ് എന്റെ ചുമതല. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്നു പറയുന്നുണ്ടെങ്കിലും എഡിറ്റര്‍ അറ്റ് ലാര്‍ജിന്റെ ഡ്യൂട്ടിയല്ല എനിക്കു നല്‍കിയിട്ടുള്ളത്. (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x