26 Thursday
December 2024
2024 December 26
1446 Joumada II 24

തലതിരിഞ്ഞ മൗലിദ് കൊണ്ട് വസന്തം ആഘോഷിക്കുന്നവര്‍

അബ്ദുല്‍അലി മദനി


റബീഉല്‍ അവ്വല്‍ 12, ശാസ്ത്രത്തിന്റെയും കണക്കിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി രചിച്ച കലണ്ടര്‍ പ്രകാരമല്ല. അഥവാ, മാസപ്പിറവിയുടെ ഉദയാസ്തമയ പ്രകാരം നിര്‍മിച്ച ശാസ്ത്രീയ കലണ്ടറുകളെയെല്ലാം മാറ്റിവെച്ച് ദിവസം തെറ്റിച്ച് ഖാദിമാര്‍ ബുധനാഴ്ചയെന്നത് വ്യാഴമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി അവര്‍ സഫര്‍ മാസത്തിന്റെ അവസാനവും റബീഇന്റെ തുടക്കവും അതിസാഹസികമായിത്തന്നെ തിരുത്തിക്കുറിച്ചു. പ്രാപഞ്ചിക വ്യവസ്ഥകളെയും ഞങ്ങള്‍ വിചാരിച്ചാല്‍ മാറ്റി പ്രഖ്യാപിക്കാനാവുമെന്ന ധിക്കാരവും കൂടി ജനങ്ങള്‍ ഒന്നടങ്കം ജാതി-മതഭേദമെന്യേ ഞങ്ങള്‍ പറയുന്നതൊക്കെ കേട്ടനുസരിക്കുമെന്ന തോന്നലുമാകാം ഇതിന്റെയെല്ലാം പിന്നില്‍.
ഇവിടെ റബീഅ് 12 എന്നാണെന്നതല്ല പ്രശ്‌നം. എന്താണതിന്റെ പ്രാധാന്യം എന്നതാണ്. അന്ന് പ്രവാചകന്‍ ജനിച്ചു എന്നു കരുതപ്പെടുന്നു. അതിനാല്‍ പ്രവാചകന്‍ ജനിച്ചതാണ് കാര്യപ്പെട്ട പ്രശ്‌നം. റബീഇനെ മഹത്വവത്കരിക്കാനും പുരോഹിതന്മാര്‍ ചില ആശയങ്ങള്‍ രൂപപ്പെടുത്തി. ഈ ആശയങ്ങളാണ് നാം മുഖവിലയ്‌ക്കെടുക്കേണ്ടത്. ഒന്നാമതായി റബീഉല്‍ അവ്വല്‍ മാസം മുഴുവന്‍ മന്‍കൂസ് മൗലിദ് ഓതാന്‍ ഉത്തരവിടുകയെന്നതാണ് ചെയ്തത്. അപ്പോള്‍ ഒമ്പതും പന്ത്രണ്ടും പത്തും ഇരുപതുമൊക്കെ ഇതിലുണ്ടാകുമല്ലോ. കൂടാതെ വെള്ളിയാഴ്ച രാവും തിങ്കളാഴ്ച രാവുമെല്ലാം അതിലുണ്ടല്ലോ.
ഒരു മാസം മുഴുവനും ആഘോഷിക്കുമ്പോള്‍ എന്തായാലും പ്രഖ്യാപിച്ച പന്ത്രണ്ടും പ്രഖ്യാപിക്കാത്ത പന്ത്രണ്ടും ഇതില്‍ ഉള്‍പ്പെടുമല്ലോ. അതാണ് പുരോഹിതന്മാരുടെ ബുദ്ധി! ഗവേഷകരായ നവോത്ഥാന പണ്ഡിതന്മാരെല്ലാം ഇവിടെ മുട്ടുമടക്കി മൗനസമ്മതമേകി സന്തോഷപൂര്‍വം മാറിനില്‍ക്കുന്നു. ഒരു മാസം മുഴുവനും രാത്രിയും പകലും ഉസ്താദുമാരുടെ സൗകര്യം നോക്കി നബിയുടെ മദ്ഹ് പാടിപ്പറയുന്നതാണ് കാര്യമായ സത്കര്‍മം.
ചുരുക്കത്തില്‍ മന്‍കൂസ് ഓതി കൈമടക്കാക്കുക. അവസാനം ഉസ്താദ് അത് ചാക്കില്‍ കെട്ടി പൊതിഞ്ഞു കൊറിയറിലൂടെ പല മഖ്ബറകളിലൂടെയായി തിരുസന്നിധാനത്തിലേക്കെത്തിക്കും. ലോകത്തുള്ള ഭരിപക്ഷം മുസ്‌ലിം സംഘടനകളും ഒരേ സമയത്ത് ‘ഇത് അവിടെ, ഇത് ഇവിടെ’ എന്ന് കല്‍പിക്കുന്നേടത്തൊക്കെ എത്തിക്കണ്ടേ?
ചില അഹ്‌സനിമാരും സഖാഫികളും ഹുദവികളും ഈ വര്‍ഷം കാര്യമായി ഇതൊന്ന് പരിഷ്‌കരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. അഥവാ പരിഷ്‌കരിച്ച മന്‍കൂസ്. എത്ര പരിഷ്‌കരിച്ചാലും സാധനം മന്‍കൂസായതുകൊണ്ട് എത്ര ഗുണകരമായ മദ്ഹാകുമെന്ന് പറയാനാവില്ല. അവരെല്ലാവരും ഇപ്പോള്‍ ഒന്നിച്ചിട്ടുള്ളത് നബിദിനാഘോഷം നല്ല ബിദ്അത്താണെന്ന നിലയ്ക്കാണ്.
ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരാരും മാതൃക കാട്ടിയിട്ടില്ലെങ്കിലും പിന്നീടുണ്ടായ നല്ലൊരു കാര്യമെന്ന നിലയ്ക്ക് ഈ നല്ല ബിദ്അത്തിനെ എന്തിനു വേണ്ടെന്നുവെക്കണമെന്നാണ് ചോദ്യം. ഇത്രയും നല്ലൊരു ചോദ്യം മുമ്പൊന്നും ഇവര്‍ ചോദിച്ചിട്ടുമില്ല. സംഗതി ബിദ്അത്താണെന്ന് സമ്മതിക്കുമ്പോഴും സാധനം നല്ലതെന്നു പറയാനും ഇത്തിരിയൊന്നും തൊലിക്കനം മതിയാവില്ല. മന്‍കൂസ് മൗലിദിന്റെ ബര്‍കത്തുകൊണ്ട് എല്ലാം ശരിയാകുമത്രേ. ‘കുല്ലു ബിദ്അത്തിന്‍ ളലാല’ എന്നത് തല്‍ക്കാലം മാറ്റിവെക്കാന്‍ പറ്റുമോ?

സൂറതുല്‍ ഇസ്‌റാഇന്റെ തുടക്കം പോലെത്തന്നെ ആരംഭിക്കുന്ന മന്‍കൂസ് മൗലിദ് തുടക്കം മുതല്‍ തന്നെ ഇസ്‌ലാമികവിരുദ്ധവും പ്രമാണവിരുദ്ധവുമായതാണ് മദ്ഹായി കോട്ടിമാട്ടുന്നത്. സാരം ഇങ്ങനെയാണ്: ‘റബീഉല്‍ അവ്വലില്‍ സന്മാര്‍ഗദൂതനായ നബിചന്ദ്രനെ ഉദിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍! മാത്രമല്ല, പ്രസ്തുത നബിയാകുന്ന പ്രകാശത്തെ ലോകം സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ അവന്‍ ഉണ്ടാക്കി മുഹമ്മദ് എന്ന് നാമകരണം ചെയ്തു.’ അല്ലെങ്കിലും മന്‍കൂസ് മൗലിദിന്റെ മഹത്വം ചില്ലറയല്ല. ‘ഹാദാ മന്‍കൂസ് മൗലിദ് ആകുന്നു’ എന്നാണല്ലോ ഹെഡിങ് തന്നെ. ന്യൂനതയുള്ളതെന്നും തലതിരിഞ്ഞത് എന്നും അര്‍ഥം പറയാവുന്ന അക്ഷരവ്യത്യാസത്തില്‍ ഉപയോഗിക്കുന്ന പദമാണ് മന്‍കൂസ്.
നബിയുടെ ജനനം സംഭവിച്ച അന്ന് ഭൂലോകത്തുള്ള ബിംബങ്ങളെല്ലാം തലകുത്തിവീണു എന്നാണ് ഒരു ഖൗല്‍. മറ്റൊരു ഖൗലില്‍ ഈ മന്‍കൂസ് മദ്ഹിനാല്‍ ഏറ്റക്കുറവുള്ളതാണെന്നുമാണ്. എന്തായാലും നുണകളും അര്‍ധനുണകളും വാസ്തവവിരുദ്ധമായതുമായ കള്ളക്കഥകളാണ് ഇതിലെ ഉള്ളടക്കം. അതിന്റെ തുടക്കം തന്നെ അതിന് സാക്ഷിയാണ്. സര്‍വ ലോകങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതിനു മുമ്പായി നബിയുടെ പ്രകാശമാണ് സൃഷ്ടിച്ചതെന്നും അതിന് മുഹമ്മദ് എന്ന് അല്ലാഹു തന്നെ നാമകരണവും ചെയ്തു എന്നാണ്.
ഈ വാദം ഖുര്‍ആനിലോ തിരുസുന്നത്തിലോ വന്നതല്ല. ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും ഇല്ല. മാത്രമല്ല, അതിവിചിത്രമായൊരു അവതാരവാദത്തിന്റെ തുടക്കവുമാണത്. ഇത് താഴോട്ട് അര്‍ഥം പറഞ്ഞു വായിക്കുമ്പോള്‍ ബോധ്യമാവും. ‘ആദിമ മനുഷ്യനായ ആദമിനെ സൃഷ്ടിക്കാനെടുത്ത മണ്ണില്‍ നബിയാകുന്ന പ്രകാശത്തെ കൂട്ടിക്കുഴച്ചു’ എന്നിങ്ങനെയാണ് തുടക്കം. ആദമിന്റെ സൃഷ്ടിപ്പിനെപ്പറ്റി ഖുര്‍ആനില്‍ പറയുന്നേടത്തൊന്നും ഒളിവായ നൂറിനെപ്പറ്റിയുള്ള ഒന്നും തന്നെയില്ല. മുഹമ്മദ് നബി(സ) തന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ഇത്തരം കഥകളൊന്നും ആരെയും പഠിപ്പിച്ചിട്ടുമില്ല. നല്ല ബിദ്അത്തുവാദക്കാര്‍ പ്രചരിപ്പിക്കുന്ന നുണക്കഥകള്‍ മാത്രമാണിതെല്ലാം.
ഈസായെ(അ) ദൈവപുത്രനായും ദൈവമായും അവതാരമായുമാക്കാന്‍ ക്രിസ്ത്യാനികള്‍ എത്രപാടുപെട്ടുവോ അതേപോലെയാണ് മൗലിദിന്റെ വക്താക്കളും പറഞ്ഞുപരത്തുന്നത്. നബി ജനിച്ച അന്ന് അഗ്നിയാരാധകരുടെ അഗ്നി കെട്ടടങ്ങിയെന്നും ആദമിനെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷം മുമ്പുതന്നെ പ്രകാശമായി ദൈവസന്നിധിയില്‍ താനുണ്ടായിരുന്നെന്നും ആമിന നബിയെ ഗര്‍ഭം ചുമന്നപ്പോള്‍ മുതല്‍ മാലാഖമാരുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.
അല്ലാഹുവിന്റെ സിംഹാസനം പുളകിതമായെന്നും ഓരോ മാസവും ആമിന എന്നവരുടെ അടുക്കല്‍ പ്രസിദ്ധരായ മലക്കുകള്‍ വന്നിരുന്നെന്നും കഅ്ബയും സ്വഫാ മലയുമെല്ലാം പ്രഭാപൂരിതമായെന്നും പേര്‍ഷ്യക്കാരുടെ വര്‍ഷങ്ങളായ കെടാത്ത അഗ്നി കെട്ടുവെന്നും കിസ്‌റായുടെ കോട്ട കുലുങ്ങിയെന്നും സാവാ തടാകം വറ്റിവരണ്ടു എന്നുമെല്ലാം മദ്ഹായി ഇവര്‍ ചൊല്ലിപ്പറഞ്ഞു നല്ലപിള്ള ചമയുന്നു. ഭൂലോകത്തുള്ള സര്‍വ ബിംബങ്ങളും അന്നേ ദിവസം തലകീഴായി മറിഞ്ഞുവീണു എന്നതിനാല്‍ അത്യത്ഭുതകരമായൊരു ജന്മം തന്നെയായി ഇതിനെ പാടിപ്പുകഴ്ത്തുന്നു. അഥവാ, നബിയോ സഹാബത്തോ ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരോ വിശ്വസിക്കാത്ത നല്ലൊരു ബിദ്അത്താണത്രേ ഇത്.
മുഹമ്മദ് നബിയെ പ്രവാചകനായി നിയോഗിക്കുന്നത് റമദാന്‍ മാസത്തിലാണ്. അന്ന് വ്രതമനുഷ്ഠിക്കലാണ് ദീനീപ്രേമികള്‍ ചെയ്യേണ്ടത്. റബീഉല്‍ അവ്വലില്‍ ഒരു പ്രത്യേക പുണ്യകര്‍മവും മതം അനുശാസിച്ചിട്ടില്ല. 63 വര്‍ഷം ജീവിച്ച പ്രവാചകന്‍ ജീവിതകാലത്തൊന്നും ജന്മദിനം ആഘോഷിച്ചിട്ടില്ല. തന്റെ സന്തത സഹചാരികളാരും അത് ആഘോഷിച്ചില്ല. മുസ്‌ലിം ലോകമൊന്നടങ്കം ബിദ്അത്താണതെന്ന് പ്രഖ്യാപിച്ചതാണത്. അത് ഇപ്പോള്‍ പരിഷ്‌കരിച്ച വേര്‍ഷനായി ചുവടുകളും അടവുകളും മാറ്റി, താളവും ഈണവും മാറ്റി ബിദ്അത്തുന്‍ ഹസനാക്കി നല്ലൊരു ആചാരമാക്കി ചിത്രീകരിക്കുകയാണ്.
പ്രവാചകനെ ആത്മീയമായി മാലാഖയും ബാഹ്യമായി മനുഷ്യനുമായാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്. ഉള്ളതും ഇല്ലാത്തതും കൂട്ടിക്കുഴച്ച് പാടിപ്പരിലസിക്കുന്ന, നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കുന്ന ഈ പ്രവണത ദീപാലംകൃതമായി സമൂഹം കൊണ്ടാടുന്നു. പുതിയ ശൈലിയിലും ഭാവത്തിലും നല്ല ബിദ്അത്തുകള്‍ ഉടലെടുക്കുന്നു. പ്രമാണങ്ങളിലൊന്നും കാണാനാവാത്ത ഇത്തരം ചെയ്തികളെ സമൂഹം കെട്ടിപ്പുണരുന്നു.
അഹ്‌ലുസ്സുന്നത്തിലെ ഒരൊറ്റ പണ്ഡിതനും ഈ കാര്യം സുന്നത്താണെന്നോ നല്ല ബിദ്ത്താണെന്നു പോലുമോ പറഞ്ഞിട്ടില്ല, വാചാലത വിറ്റ് പ്രശസ്തരാകാന്‍ ശ്രമിക്കുന്നവരുടേതല്ലാതെ. മതത്തില്‍ അല്ലാഹുവും റസൂലും അറിയിക്കാത്തതിനെ നല്ലതെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ കരുതുന്നത് അവരുടെ ഭൂരിപക്ഷവും ജാടകളും കണ്ട് പ്രപഞ്ചനാഥന്‍ ഭയക്കുമെന്നാണോ ആവോ? ഇസ്‌ലാം മതത്തില്‍ ബിദ്അത്തുണ്ടാക്കാന്‍ മുളഫര്‍ രാജാവിന് അധികാരമുണ്ടോ? ഒരു രാജാവ് ചെയ്തുവെച്ചതിനെ അന്ധമായി പിന്‍പറ്റുന്നത് ഇത്തരം വ്യാഖ്യാനം നല്‍കിയാവുമ്പോള്‍ എത്ര ഗുരുതരമാകും!

Back to Top