അതിര്‍ത്തി മാറ്റിയെഴുതാന്‍ ചൈനീസ് ശ്രമമെന്ന് തായ്‌വാന്‍

സ്വയംഭരണ ദ്വീപായ തായ്‌വാനു ചുറ്റുമുള്ള അവസ്ഥ മാറ്റാന്‍ ചൈന ശ്രമിക്കുന്നതായി വിദേശകാര്യമന്ത്രി ജോസഫ് വു പറഞ്ഞു. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശമെങ്കിലും തായ്‌വാന്‍ ഇത് അംഗീകരിക്കുന്നില്ല. അടുത്തിടെ, 180 കിലോമീറ്റര്‍ വീതിയുള്ള തായ്‌വാന്‍ കടലിടുക്കിനെ ആഭ്യന്തര ജലമായി കണക്കാക്കാന്‍ ചൈന തുടങ്ങിയതായി വു പറഞ്ഞു. 1955-ല്‍ യു എസ് എയര്‍ഫോഴ്‌സ് ജനറല്‍ ബെഞ്ചമിന്‍ ഒ ഡേവിസ് ജൂനിയര്‍ സൃഷ്ടിച്ച അതിര്‍ത്തിരേഖ ഇല്ലാതാക്കാന്‍ ചൈന ശ്രമിക്കുകയാണ്. യു എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചൈന തായ്‌വാനു മുകളില്‍ സൈനികാഭ്യാസങ്ങളും മിസൈല്‍ വിക്ഷേപിക്കലും നടത്തി. അതിനു ശേഷവും തായ്‌വാന്റെ ദിശയില്‍ ദിവസവും വിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുന്നത് തുടരുകയാണ്.
സെപ്തംബറില്‍ തായ്‌വാനിലേക്ക് രണ്ടാമത്തെ യാത്ര നടത്തുമെന്ന് മുന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ഷ ബ്ലാക്‌ബേണ്‍, യു എസ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കി, ഒരുകൂട്ടം ജാപ്പനീസ് നിയമസഭാംഗങ്ങള്‍ എന്നിവരടക്കം വിദേശ പ്രതിനിധികള്‍ ഈ മാസം തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് തുടര്‍ന്നു.
