27 Saturday
July 2024
2024 July 27
1446 Mouharrem 20

തഫ്സീറുല്‍ മനാര്‍ നവോത്ഥാനത്തിന്റെ തെളിച്ചം

ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി


മാനവകുലത്തില്‍ മാറ്റങ്ങളുടെ കൈത്തിരി കത്തിച്ച വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങളാണ് തഫ്സീറുകള്‍. സാമൂഹിക പുരോഗതിക്ക് അനുസരിച്ച്, കൂടുതല്‍ ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും സാധ്യതയുള്ള ഏക മതഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അറബി ഭാഷയില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി വ്യാഖ്യാനിച്ചതും വിശദീകരിച്ചതും മുഹമ്മദ് നബി(സ)യാണ്. അദ്ദേഹത്തിന്റെ കാലശേഷം ധാരാളം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നടന്നിട്ടുണ്ട്.
ആധുനിക കാലഘട്ടത്തില്‍ പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തവും വ്യതിരിക്തവും ആയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ വിരചിതമായിട്ടുണ്ട്. അവയില്‍ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം വിതറിയ ഖുര്‍ആന്‍ വ്യാഖ്യാനമാണ് തഫ്സീറുല്‍ മനാര്‍. ‘തഫ്സീറുല്‍ ഖുര്‍ആനില്‍ ഹകീം’ എന്ന പേരിലാണ് ഈ വ്യാഖ്യാന ഗ്രന്ഥം അറിയപ്പെടുന്നത്. ശൈഖ് റശീദുരിദാ എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് റശീദ് ബ്നു അലിയ്യി രിദയാണ് തഫ്സീറുല്‍ മനാറിന്റെ കര്‍ത്താവ്.
ഹിജ്റ 1282-1354 (ക്രി.1865 -1935) കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍മനാര്‍’ മാസികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാനം പിന്നീട് തഫ്സീറുല്‍ മനാര്‍ എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. തഫ്സീറുല്‍ മനാറിന്റെ രചനക്ക് അദ്ദേഹത്തിന് പ്രചോദനം നല്‍കിയത് തന്റെ അധ്യാപകനായിരുന്ന, നവോത്ഥാന കാലഘട്ടത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാതാവായി അറിയപ്പെട്ട മുഹമ്മദ് അബ്ദ ആയിരുന്നു. ക്രി. 1899 മുതല്‍ 1905 വരെ ശൈഖ് മുഹമ്മദ് അബ്ദ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ക്ലാസുകളില്‍ അദ്ദേഹം സന്നിഹിതനായിരുന്നു. ആ ക്ലാസുകളുടെ രത്ന ചുരുക്കമായിരുന്നു അല്‍മനാറില്‍ പ്രസിദ്ധീകരിച്ചത്.
ശൈഖിന്റെ വ്യാഖ്യാനങ്ങളും ചിന്തകളും അദ്ദേഹം രേഖപ്പെടുത്തുകയും തുടര്‍ന്ന് ശൈഖിനെ കാണിച്ച് അംഗീകാരം വാങ്ങുകയും ചെയ്ത ശേഷമാണ് അല്‍മനാര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. സൂറത്ത് ഫാതിഹ മുതല്‍ നിസാഇലെ 126-ാം വചനം വരെ ശൈഖ് മുഹമ്മദ് അബ്ദ അസ്ഹറിലെ ക്ലാസില്‍ വിശദീകരിച്ചു. ക്രി. 1905-ല്‍ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗാനന്തരവും ശൈഖ് റശീദ് രിദ തന്റെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചു. സൂറത്ത് യൂസുഫിലെ 101-ാം വചനം വരെ വ്യാഖ്യാനം തുടര്‍ന്നു. ക്രിസ്താബ്ദം 1935-ല്‍ ശൈഖ് റശീദുരിദ ദിവംഗതനായി. കയ്‌റോയിലെ ദാറുല്‍മനാര്‍ 12 വാല്യങ്ങളിലായി ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആധുനിക ഇസ്‌ലാമിക നവോത്ഥാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് ശൈഖ് റശീദു രിദാ ബ്നു മുഹമ്മദ് ശംസുദ്ദീന്‍. ഹിജ്റ 1282ല്‍ (ക്രി. 1865) ലബനാനിലെ ത്വറാബല്‍സിലെ ഖലമൂന്‍ പട്ടണത്തിലാണ് അദ്ദേഹം ഭൂജാതനായത്. ഇസ്ലാമിക പാരമ്പര്യവും വൈജ്ഞാനിക അടിത്തറയുമുള്ള പ്രശസ്ത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക സംസ്‌കാരം ഉള്‍ക്കൊണ്ട് വളരാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രാഥമിക പഠനങ്ങള്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് പൂര്‍ത്തിയാക്കി. പിന്നീട് ത്വറാബല്‍സിലെ മദ്സറത്തുദ്ദീനിയയിലും, മദ്റസത്തു റശീദിയയിലും മദ്റസത്തുല്‍ വത്വനിയ്യയിലും പഠിച്ചു. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, അറബി ഭാഷ, ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. അല്‍ആലിമിയ്യ ബിരുദവും ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് തത്തുല്യമായ മറ്റൊരു ബിരുദവും കരസ്ഥമാക്കി.
നവോത്ഥാന
ലക്ഷ്യങ്ങള്‍

ഏതൊരു മുഫസ്സിറിനും തന്റേതായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടാകും. ശൈഖ് റശീദ് രിദ തഫ്സീറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം തഫ്സീറിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: ‘നാം ലക്ഷ്യമിടുന്ന തഫ്സീര്‍ മനുഷ്യരുടെ സൗഭാഗ്യത്തിന് മാര്‍ഗ ദര്‍ശനമായ മതത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന വ്യാഖ്യാനമാണ്. തുടര്‍ന്നു വരുന്നതെല്ലാം അത് കരസ്ഥമാക്കാന്‍ ഉപയുക്തമായ ചര്‍ച്ചകളാണ്’. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനത്തിലേക്ക് ഉള്ള അങ്ങേയറ്റത്തെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് നാം അതിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഖുര്‍ആന്‍ ലക്ഷ്യമിടുന്ന മുന്നറിയിപ്പും സന്തോഷ വാര്‍ത്തയും മാര്‍ഗദര്‍ശനവും പരിഷ്‌കരണവും ആണ് അതിന് പ്രചോദകം. വായനക്കാര്‍ക്ക് വളരെ ലളിതമായി ഖുര്‍ആന്‍ മനസ്സിലാക്കാനും അവരുടെ ബുദ്ധിയെ തട്ടി ഉണര്‍ത്താനും ഇസ്ലാമിനെ പ്രതിരോധിക്കാനും ഇസ്ലാമിനെതിരെ ഉയരുന്ന വെല്ലുവിളികളെ കാലികമായി ലളിതമായി ചെറുക്കാനും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ തഫ്സീര്‍ രൂപപ്പെടുത്തുന്നത്.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ കാലഘട്ടത്തിന്റെ തേട്ടം ഉള്‍ക്കൊണ്ടുകൊണ്ട് ലളിതമായ ശൈലി, വ്യത്യസ്ത വായനക്കാരുടെ ഗ്രാഹ്യശേഷി, പ്രകൃതി ശാസ്ത്രം, ഫിലോസഫി എന്നിങ്ങനെയുള്ള ശാസ്ത്ര ശാഖകളില്‍ വ്യാപൃതരായ ആളുകളുടെ സംശയദൂരീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ തഫ്സീറിന്റെ രചന.
തഫ്സീറുല്‍ മനാറിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യ സ്ഥാനത്ത് നിലകൊള്ളുന്നത് സാമൂഹിക പരിഷ്‌കരണമാണ്. സാമൂഹികമായും സാംസ്‌കാരികമായും ഖുര്‍ആനിന്റെ അനുയായികള്‍ ഉന്നതിയിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് അന്ധമായ അനുകരണത്തെ അദ്ദേഹം വിമര്‍ശിക്കുകയും ശരീഅത്തിന്റെ അടിസ്ഥാനമായ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും പിടിച്ചെടുത്ത വിധികള്‍ക്കനുസൃതമായി തന്നെ സമൂഹത്തെ പരിഷ്‌കരിക്കേണ്ട ആവശ്യകത അദ്ദേഹം മുന്നില്‍ കാണുകയും ചെയ്തത്. ഖുര്‍ആന്‍ മനുഷ്യന്റെ സര്‍വതോന്‍മുഖമായ പുരോഗതി ലക്ഷ്യമാക്കുന്നു. വിശിഷ്യാ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ മത മേഖലകളില്‍ പരിഷ്‌കരണം ലക്ഷ്യമിടുന്നുണ്ട്.
വിശ്വാസ സ്വാതന്ത്ര്യം
ഇസ്ലാമിക ശരീഅത്ത് നിലകൊള്ളുന്നത് യഥാര്‍ഥ വിശ്വാസത്തിന്റെ അടിത്തറയിലാണ്. വിശ്വസിക്കുന്നത് തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് ഇസ്‌ലാം പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പ്രാപഞ്ചിക രഹസ്യങ്ങളെ കുറിച്ച് ചിന്തിക്കാനും പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങളെ ഗ്രഹിക്കാനും ഇസ്ലാം ക്ഷണിക്കുന്നത്. ഇതാണ് പ്രബോധനം അനിവാര്യമാക്കുന്നതും അതില്‍ യാതൊരു നിര്‍ബന്ധ ചെലുത്തലും പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നതും.
മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു എന്ന ആയത്ത് (2:256) വിശദീകരിച്ച് അദ്ദേഹം പറയുന്നു: ഈ തത്വം ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു നിയമമാണ്. രാഷ്ട്രീയമായ ഒരു പ്രധാനപ്പെട്ട നിയമവുമാണ് ഈ സൂക്തം. ആരെയും മതത്തിലേക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധം ചെലുത്താന്‍ അനുമതിയില്ല. തന്റെ മതത്തില്‍ പ്രവേശിച്ചില്ല എന്നതിന്റെ പേരില്‍ വെറുക്കാനും അനുമതി നല്‍കുന്നില്ല.
നാം നമ്മുടെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് സദുപദേശത്തോടെയും യുക്തിയോടെയും ജനങ്ങളെ ക്ഷണിക്കുമ്പോഴും എതിരാളികളോട് നല്ല രീതിയില്‍ തര്‍ക്കിക്കുമ്പോഴും അത് വ്യക്തമായ മാര്‍ഗം തെറ്റായ മാര്‍ഗത്തില്‍ നിന്ന് വേര്‍തിരിച്ചു കൊടുക്കാന്‍ മാത്രമായിരിക്കണം. അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുകയും വേണം. അതാണ് ശരിയായ വിശ്വാസത്തിലേക്ക് ഉള്ള വഴി. അതോടൊപ്പം തന്നെ പ്രബോധന സ്വാതന്ത്ര്യവും കുഴപ്പങ്ങളില്‍ നിന്ന് നിര്‍ഭയത്വവും നിലനില്‍ക്കേണ്ടതുമുണ്ട്. ഈ മാനദണ്ഡ പ്രകാരം ജിഹാദ് (വിശുദ്ധ യുദ്ധം) എന്നത് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിനായുള്ള ഒരു പ്രവര്‍ത്തനമല്ല. വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കുഴപ്പവും അക്രമവും അഴിച്ചു വിടുന്ന അക്രമികള്‍ക്കെതിരിലാണ്. ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതാണെന്ന വാദത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.
സാമൂഹിക പരിഷ്‌ക്കരണം
സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വ്യക്തിയുടെ നന്മ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. പ്രബോധന ആരംഭത്തില്‍ തന്നെ വ്യക്തിയുടെ വിശ്വാസ സംസ്‌കരണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകന്‍(സ) അനുയായികളെ ഈ രീതിയില്‍ സംസ്‌കരിച്ചെടുത്തതിനാല്‍ അവരുടെ സ്വഭാവങ്ങള്‍ നന്നാക്കാനും നിഷ്‌കളങ്കരായ തലമുറയെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അവര്‍ ഖുര്‍ആനിനെ നെഞ്ചേറ്റുന്ന സുന്നത്ത് അഥവാ ശരിയായ നബിചര്യ പിന്‍പറ്റുന്ന ശുദ്ധരായ വിഭാഗമായി മാറി. അത് സാമൂഹിക പരിഷ്‌കരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്ന കാര്യം അദ്ദേഹം എടുത്ത് കാണിക്കുന്നുണ്ട്.
യഥാര്‍ഥ ഇസ്ലാമിന്റെയും ഈമാനിന്റെയും അടിസ്ഥാനം തെളിവുകളും രേഖകളുമാണ്. അതില്‍ നന്മ ചെയ്യുക, സ്രഷ്ടാവിനോടും സൃഷ്ടികളോടും ഉള്ള ബാധ്യതകള്‍ നിറവേറ്റുക, ദുഷ്പ്രവര്‍ത്തനം കൊണ്ട് ജീവിതം മലിനമാക്കാതിരിക്കുക എന്നതൊക്കെ അടങ്ങിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം ശരിയായ രൂപത്തില്‍ മനസ്സിലാക്കാനും ഉള്‍കൊള്ളാനും അദ്ദേഹം ക്ഷണിച്ചു. അതിലൂടെ സമൂഹത്തിന്റെ പരിവര്‍ത്തനം സാധ്യമാകും എന്നദ്ദേഹം കരുതിയിരുന്നു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x