ഖുര്‍ആന്‍ സര്‍വ ധാര്‍മികതയുടെയും അടിസ്ഥാനം; തബ്ദീല്‍ സീസണ്‍-10 ഗ്രാന്റ് ഫിനാലെ സമാപിച്ചു

കോഴിക്കോട്: വേദവചനങ്ങളിലെ വൈവിധ്യം നുകരാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുക്കി ഐ ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച തബ്ദീല്‍ പത്താംഘട്ട ഖുര്‍ആന്‍ വിജ്ഞാന മത്സരം പ്രൗഢോജ്വലമായി സമാപിച്ചു. ഇസ്‌ലാമിലെ സ്ത്രീസമൂഹത്തെ അസ്വാതന്ത്ര്യത്തിന്റെയും വിവേചനത്തിന്റേയും പ്രതീകമാക്കി വാഴ്ത്തപ്പെടുന്ന സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആനിലെ സ്ത്രീകളുമായി ബന്ധപ്പെട്ട വചനങ്ങളുടെ ആശയ വ്യുല്‍പത്തിയും ആവിഷ്‌കാര ശൈലിയും പ്രത്യേകതകളും ആഴത്തില്‍ ഗ്രഹിക്കാന്‍ തബ്ദീല്‍ അവസരമൊരുക്കി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. ജാബിര്‍ അമാനി, ശിഹാബ് മങ്കട, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
