8 Tuesday
July 2025
2025 July 8
1447 Mouharrem 12

തടത്തില്‍ മൊയ്തു


മുട്ടില്‍: പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹീ പ്രവര്‍ത്തകനും മസ്ജിദുത്തൗഹീദ് പ്രഥമ പ്രസിഡണ്ടുമായിരുന്ന ടി മൊയ്തു (81) നിര്യാതനായി.
മുട്ടില്‍ പ്രദേശത്ത് അറിയപ്പെട്ട വസ്ത്ര വ്യാപാരിയായിരുന്ന ഇദ്ദേഹത്തിന്റെ കട ഒരു പ്രബോധന കേന്ദ്രം കൂടിയായിരുന്നു. തന്റെ കടയിലെത്തുന്ന ആദിവാസികളോടടക്കം പ്രബോധനം ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
എന്‍ പി അബ്ദുല്‍ഖാദര്‍ മൗലവിയെപ്പോലുള്ള ഇസ്‌ലാഹീ പ്രഭാഷകരുടെ തൗഹീദ് പ്രഭാഷണങ്ങള്‍ കേട്ട് ഇസ്‌ലാമിന്റെ ആദര്‍ശം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുമായിരുന്നു അദ്ദേഹം. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്‌സീര്‍ തന്റെ കടയില്‍ വരുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ വെച്ചിരിക്കും. ഈ ഖുര്‍ആന്‍ തഫ്‌സീര്‍ വായിച്ച് ആദര്‍ശ പ്രസ്ഥാനം ഉള്‍ക്കൊണ്ട നിരവധി പേരുണ്ട്. കച്ചവടത്തിനിടയിലും ഖുര്‍ആന്‍ പാരായണത്തിനും തഫ്‌സീര്‍ വായനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആദ്യകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുട്ടില്‍ കുട്ടമംഗലം പ്രദേശത്തേക്ക് പ്രഭാഷണത്തിനെത്തുന്ന ഇസ്‌ലാഹീ പ്രഭാഷകന്മാര്‍ ആദ്യമെത്തുന്നത് മൊയ്തു സാഹിബിന്റെ കടയിലേക്കായിരിക്കും. ശബാബ്, അല്‍മനാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരനും പ്രചാരകനുമായിരുന്നു. സമൂഹത്തിന്റെ ഏത് തുറയിലുള്ളവര്‍ക്കും പ്രബോധകനാവാം എന്നതിനുള്ള മികച്ച മാതൃകയാണ് മൊയ്തു സാഹിബ്. മൂക്കോത്ത് ബിയ്യാത്തുവാണ് ഭാര്യ. മക്കള്‍: നാസര്‍, റഷീദ്, ശാക്കിര്‍. പരേതന്റെ പരലോക ജീവിതം അല്ലാഹു ഭാസുരമാക്കട്ടെ. (ആമീന്‍)
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

Back to Top