26 Friday
July 2024
2024 July 26
1446 Mouharrem 19

താബിഉകളുടെ കാലഘട്ടത്തിലെ ഇജ്തിഹാദ്‌

അബ്ദുല്‍അലി മദനി


താബിഉത്താബിഉകളുടെ കാലഘട്ടത്തോട് ചേര്‍ന്നു കൊണ്ടാണ് മദ്ഹബുകളുടെ ഇമാമുകള്‍ രംഗപ്രവേശം ചെയ്യുന്നത്. അവരുടെ ഗവേഷണങ്ങളും പഠനങ്ങളും വീക്ഷണ വ്യത്യാസങ്ങളുള്ള വിധത്തിലായിരുന്നു. പ്രശ്ങ്ങളുടെ സ്വഭാവങ്ങളും വ്യത്യസ്ത രൂപത്തിലാണുള്ളത്. തന്മൂലം കര്‍മശാസ്ത്ര ചിന്തകളുടെ വേലിയേറ്റം നടന്നിരുന്ന മദീനയിലും ഇറാക്കിലും വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ ഉദിച്ചുയര്‍ന്നു. ഇതിന്റെ അടിസ്ഥാനപരമായ കാരണങ്ങള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. (ഒന്ന്), മദീനക്കാരുടെ അടുക്കല്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ പ്രഖ്യാപിച്ച വിധികള്‍ ലഭ്യമായിരുന്നു. കൂടാതെ അവരുടെ ഫത്‌വകളും . സൈദുബ്‌നു സാബിത്(റ), ആശഇ(റ), അബൂഹുറയ്‌റ(റ) അബൂസഈദുല്‍ ഖുദ്‌രി(റ) മുതലായവരുടെ റിപ്പോര്‍ട്ടുകളും ധാരാളമുണ്ടായിരുന്നു.
എന്നാല്‍ ഇറാക്കുകാരുടെ അടുക്കല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അലി(റ), അബൂമൂസല്‍ അശ്അരി(റ), ശുറൈഹ്(റ) മുതലായ സ്വഹാബികളുടെ വിധികളും ഫത്‌വകളുമാണുണ്ടായിരുന്നത്. രണ്ട്), മദീനക്കാരുടെ അടുക്കല്‍ ഇറാക്കുകാരേക്കാള്‍ ഹദീസുകള്‍ ലഭിക്കാന്‍ സാധ്യത അധികമായിരുന്നു. ഗവേഷണ രംഗത്ത് കൂടുതല്‍ കരുത്തു പകരുക ഈയൊരു സമ്പത്തിന്നാണെന്ന് പറയേണ്ടതില്ലല്ലോ. സ്വഹാബികളുടെ വിധികളും മസ്അലകളും മറ്റെല്ലാറ്റിനേക്കാളും മുന്‍ഗണന അര്‍ഹിക്കുന്നതാണു താനും. മൂന്ന്), താബിഉകളുടെ ഫത്‌വകള്‍ മദീനയിലെ ഗവേഷകരായ പണ്ഡിതന്മാരുടെ അടുക്കല്‍ വലിയ സ്ഥാനവും ആദരവുകളും ലഭിച്ചിരുന്നു. അതിനാല്‍ അവര്‍ പലപ്പോഴും ഇത്തരം ഫത്‌വകളെ അവലംബിച്ചിരുന്നു. എന്നാല്‍ ഇറാക്കുകാര്‍ക്കിടയില്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ല.
ഇത്തരം കാര്യങ്ങളാല്‍ കര്‍മശാസ്ത്ര അറിവുകളിലും ചിന്തകളിലും ഉണ്ടായിത്തീര്‍ന്ന വ്യത്യാസങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്. അതോടൊപ്പം വ്യത്യസ്ത കക്ഷികളുടെ അടുക്കല്‍ ഉടലെടുത്ത ചില വീക്ഷണങ്ങളുും കര്‍മശാസ്ത്ര അറിവുകളില്‍ ഇടകലരുകയുണ്ടായി. ഈ രംഗത്ത് എടുത്ത പറയേണ്ട രണ്ട് വിഭാഗമുണ്ട്. അതിലൊന്ന് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണവും മറ്റൊന്ന് വിശ്വാസ സംബന്ധമായും ഉണ്ടായ വിഭാഗങ്ങളാണ്. രാഷ്ട്രീയ വിഭാഗത്തിന് വിശ്വാസപരമായതിനോട് ബന്ധമുള്ളതോടൊപ്പം വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് രാഷ്ട്രീയ കാര്യങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടായിരുന്നുവെന്നതും സുവിധിതമാണ്.
മുന്ന് വിഭാഗമാണ് രാഷ്ട്രീയ സംഘങ്ങളായി അറിയപ്പെടുന്നത്. 1) ശീആക്കള്‍, 2) ഖവാരിജുകള്‍, 3) അല്‍ജമാഅ എന്നിവയാണവ. ഇതില്‍ പെട്ട അല്‍ജമാഅയുടെ അടിസ്ഥാപരമായ നയനിലപാടുകള്‍ പ്രശസ്തമായതും മുസ്‌ലിം സമൂഹം അധികമായും സ്വീകരിക്കുന്നതുമാണ്. എന്നാല്‍ പിന്നീട് ഒട്ടേറെ വിഭാഗങ്ങള്‍ ഉടലെടുത്തു. ശീആയിസം ചരിത്രപരമായി പുരാതനത്വം അവകാശപ്പെടാവുന്ന തരത്തിലുള്ളതാണ്. ഉസ്മാന്‍(റ)വിന്റെ ഭരണകാലത്തിന്റെ അവസാന ഘട്ടത്തോടെയാണ് ശീആക്കള്‍ ശക്തമായി രംഗത്തു വന്നത്. പിന്നീട് അലി(റ)വിന്റെ കാലഘട്ടത്തില്‍ ശക്തിപ്പെട്ടു കൊണ്ടിരുന്നു. അതിനാല്‍ അവരാണ് പൂര്‍വീകര്‍ എന്നതാണവരുടെ വാദം.
കൂടാതെ നബി(സ)യുടെ കാലശേഷം ഖിലാഫത്തിന്നര്‍ഹന്‍ അബൂബക്കര്‍(റ)വിനേക്കാള്‍ അലി(റ) ആയിരുന്നുവെന്നും സ്വഹാബികളധികവും അങ്ങനെ കരുതുന്നവരായിരുന്നുവെന്നും അവര്‍ക്ക് വാദമുണ്ട്. എന്തുതന്നെയായാലും അവരുടെ പ്രത്യക്ഷമായ ഇടപെടല്‍ ഉസ്മാന്‍(റ)വിന്റെ വിയോഗാനന്തരമായിരുന്നുവെന്ന് കാണാം. അവരുടെ അടിസ്ഥാന വാദഗതി അലി(റ)വാണ് ഖിലാഫത്തിന് അവകാശപ്പെട്ടവനെന്നതു തന്നെയാണ്. ഇതിനായി അവര്‍ ഒട്ടേറെ ന്യായവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സമുദായനേതൃത്വം ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധ്യമാവാത്ത വിധം അശ്രദ്ധമായി ഒരു പ്രവാചകനും വിട്ടുപോവില്ലെന്നും മറിച്ച്, പ്രവാചകന്‍ തന്നെ തന്റെ കാലശേഷം നേതാവാകേണ്ടയാളെ നിശ്ചയിക്കുമെന്നും അങ്ങനെ നിശ്ചയിക്കപ്പെട്ട നേതാവാണ് അലി(റ) എന്നുമാണ് ആദ്യമായി അവര്‍ പ്രചരിപ്പിച്ചത്. പിന്നീട്, ശീആക്കളില്‍ തന്നെ ഒട്ടേറെ പാര്‍ട്ടികള്‍ ഉടലെടുത്തു. അതില്‍ അതിരുവിട്ടൊരു വിഭാഗമാണ് അലി(റ)വിനെ ദിവ്യത്വം ആരോപിച്ചത്.
ജൂതനായ അബ്ദുല്ലാഹിബ്‌നു സബആണ് ശീആ ചിന്തകളുടെ സൂത്രധാരനെന്നും അയാളുടെ പേരിലേക്ക് ചേര്‍ത്ത് പറയുന്ന സബഇയ്യാക്കളാണ് അലി(റ)വിനെ ആരാധ്യനായും ദൈവാവതാരമായും ചിത്രീകരിച്ചതെന്നതും പ്രസിദ്ധമാണ്. മറ്റൊരു വിഭാഗമായ ഗുറാബിയ്യക്കാരുടെ വാദം നുബുവ്വത്ത് (പ്രവാചകത്വം) അലി(റ)വിനു ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ജിബ്‌രീല്‍(അ) മാലാഖ പിഴച്ച് മുഹമ്മദ് നബി(സ)ക്ക് കൊടുത്തുപോയതാണെന്നുമാണ്. അലി(റ)യും മുഹമ്മദ് നബി(സ)യും ഒരു കറുത്ത കാക്ക മറ്റൊരു കറുത്ത കാക്കയുമായി സദൃശ്യതയുള്ളതു പോലെയായതിനാലത്രെ ഇങ്ങനെ പിഴവ് പറ്റിയത്. ഇതാണവരുടെ വാദം. എന്നാല്‍ ഇതൊന്നും ശരിയല്ലെന്നും നുബുവ്വത്തിന്റെ വിശുദ്ധിക്ക് ചേര്‍ന്നതായ വാദഗതികളല്ലെന്നും അലി(റ) അവരെ അറിയിച്ചിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പും ആശയക്കുഴപ്പങ്ങളും വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കും വിശിഷ്യാ ജൂതന്മാര്‍ക്കും ഈയൊരു ചിന്ത തന്നെ വികസിപ്പിച്ചെടുത്താല്‍ മതിയാകുന്ന കാലഘട്ടമായിരുന്നു അത്.
അവര്‍ക്ക് സാക്ഷാല്‍ അലി(റ) ശിക്ഷ നല്‍കിയാല്‍ പോലും അത് ഭൂമിയിലെ ദൈവത്തിന്റെ ശിക്ഷയാണെന്നാണവര്‍ പറയുക. അഥവാ, ആകാശത്തിലുള്ള ദൈവമല്ല, അലിയാകുന്നു ഭൂമിയിലെ ദൈവം അവര്‍ക്ക്. നാം ഇവരെയും ഇവരില്‍ നിന്ന് രൂപപ്പെട്ട പാര്‍ട്ടികളെയും ഇത്രയും സൂചിപ്പിച്ചത് ഇസ്‌ലാമിക കര്‍മശാസ്ത്ര ചിന്തകളും വീക്ഷണങ്ങളിലും ഇതിന്റെയെല്ലാം സ്വാധീനങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഭാഗികമായെങ്കിലും ഉണ്ടായിട്ടുണ്ടെന്നറിയിക്കാനാണ്.
മാത്രമല്ല, അഹ്‌ലുസ്സുന്നക്കാരുടെ ഫിഖ്ഹ്, ശീആക്കളുടെ ഫിഖ്ഹ് എന്നും ഖവാരിജുകളുടെ ബയാനിയ്യ, മഗീരിയ്യ, ഖത്താബിയ്യ, സൈദിയ്യ, ഇമാമിയ്യ, കൈസാനിയ്യ തുടങ്ങിയ വിഭാഗക്കാരുടെ പ്രത്യേകതരം ഫിഖ്ഹ് എന്നും പല പേരിലും കര്‍മശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഇസാനി അശരിയ്യാക്കളുടെയും ഇബാളികളുടെയും ഫിഖ്ഹുകള്‍ വേറെയും. വിശ്വാസപരമായ വിഷയങ്ങളിലെ വീക്ഷണങ്ങളുടെ പേരില്‍ ഉടലെടുത്ത മുര്‍ജിഉകള്‍, ജബരിയ്യാക്കള്‍, ജഹ്മികള്‍, ഖദരിയ്യാക്കള്‍ എന്നിവര്‍ക്കും ചില കര്‍മശാസ്ത്ര മസ്അലകളില്‍ വിഭിന്നമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.
അതിന്നുപുറമെ, കര്‍മങ്ങള്‍ക്കുള്ള രക്ഷാശിക്ഷകളെ വിലയിരുത്തുന്നേടത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ വേറെയും ഉണ്ടായിരുന്നു. ഇത്തരം കാരണങ്ങളാല്‍ ഖുര്‍ആനിനോടും സുന്നത്തിനോടും ചേര്‍ന്നുനില്ക്കുന്നതും അവ രണ്ടിന്റെയും അതിര്‍വരമ്പുകളില്‍ ഒതുങ്ങിനില്ക്കുന്നതുമായ മതത്തില്‍ നിന്ന്് വഴിമാറാത്തതും ഇസ്‌ലാമിക ശരീഅത്തിലെ അംഗീകൃത തത്വങ്ങളെ മാനിച്ചുകൊണ്ടുള്ളതുമായ ഒരു കര്‍മശാസ്ത്ര വിശകലന രീതിയുടെ അനിവാര്യത ഇസ്‌ലാമിക ചിന്തകന്മാരെയും ഗവേഷകരെയും ഉണര്‍ന്നെഴുന്നേല്ക്കാന്‍ ഉള്‍വിളിയുണ്ടാക്കുന്നതായി.
ഈ അവസരത്തില്‍ ഉടലെടുക്കുന്ന വീക്ഷണ വ്യത്യാസങ്ങളൊന്നും മതത്തില്‍ നിന്ന് പുറത്തുപോകാനിടയാക്കുന്നതല്ലെന്നും സത്യത്തെ കണ്ടെത്താനും അറിവുകളെ ഉത്തേജിതമാക്കാനുമാണെന്നും തികച്ചും അടിസ്ഥാനപരമല്ലാത്ത വിഷയങ്ങളിലാണ് സംവാദമെന്നും മൗലികതത്വങ്ങളില്‍ എല്ലാ ഗവേഷകരും ഒരേ സ്വരക്കാരാണെന്നും വിലയിരുത്തപ്പെട്ടു.
അഥവാ, ഖുര്‍ആനും സുന്നത്തുമാണവലംബമെന്നും അവ രണ്ടുമാണ് അടിസ്ഥാനപരമായി ഉള്‍ക്കൊള്ളേണ്ടതെന്നും സമ്മതിക്കുന്നതോടൊപ്പം അവ രണ്ടിലും വിശദമാക്കുന്ന ചില പദപ്രയോഗങ്ങളുടെ സുചനകളെപ്പറ്റിയാണ് വീക്ഷണ വ്യത്യാസങ്ങളുണ്ടായതെന്നും സാരം. കര്‍മശാസ്ത്ര അറിവുകളുടെ ചര്‍ച്ചാ രീതിയും ചില പ്രശ്‌നങ്ങളെപ്പറ്റിയുള്ള മസ്അലകളിലെ വീക്ഷണങ്ങളെ അവതരിപ്പിക്കുന്നതിലുള്ള വ്യത്യാസങ്ങളും കാണുമ്പോള്‍ തന്നെ ഈ കാര്യം ബോധ്യമാകും.
കര്‍മശാസ്ത്രപരമായ ചര്‍ച്ചകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുണ്ടായ ചില സാങ്കേതിക പദങ്ങളുണ്ട്. അവ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലാണ് കാണപ്പെടുക. ഫര്‍ള്, വാജിബ്, സുന്നത്ത്, മന്‍ദൂബ്, മുസ്തഹബ്ബ്, ഹറാം, മക്‌റൂഹ്, മുബാഹ്, ജാഇസ്, ഫാസിദ്, ബാത്വില്‍ എന്നിവയാണത്. ഇതില്‍ ചിലതെല്ലാം മറ്റു ചിലതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഉദാഹരണമായി ഫര്‍ള് വാജിബ് എന്നതും സുന്നത്ത് മന്‍ദൂബ്, മുസ്തഹബ്ബ് എന്നിവയും മുഹാബ് ജാഇസ് എന്നതുമാണവ. കര്‍മശാസ്ത്ര ചിന്തകളും ഗവേഷണാത്മക അറിവുകളും അതിശക്തമായ വിധം സംവാദങ്ങള്‍ മുറുകിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ നേരായ ദിശയിലേക്ക് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ മഹാന്മാരായ ചിലരുണ്ട്. അവരില്‍ പ്രസിദ്ധരാണ് ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദുബ്‌നുഹന്‍ബല്‍(റ) മുതലായവര്‍. ഈ മുജ്തഹിദുകളും അവരുടെ ശിഷ്യഗണങ്ങളും ഇസ്‌ലാമിക കര്‍മശാസ്ത്ര ചിന്തകളെ ചലനാത്മകമാക്കിയവരാണ്.
യഥാര്‍ഥത്തില്‍, സ്വഹാബികളില്‍ നിന്നും താബിഉകളില്‍ നിന്നും ഇജ്തിഹാദ് നടത്തിയവര്‍ക്കൊന്നും അവരുടെ വീക്ഷണങ്ങളെ പിന്‍തുടരുന്ന അനുയായി വൃന്ദം ഉണ്ടായിട്ടില്ല. അഥവാ, അവരെ തഖ്‌ലീദ് ചെയ്യുന്നവരുണ്ടായിരുന്നില്ല. തഖ്‌ലീദിനെ(അനുകരണപ്രവണതയെ) ഇമാമുകളാരും പ്രോത്സാഹിപ്പിച്ചിട്ടുമില്ല. എന്നിരിക്കെ, മേല്‍ സൂചിപ്പിച്ച നാല് ഇമാമുകള്‍ക്ക് അവരെ നേതാക്കളാക്കി അനുകരിക്കുന്ന അനുയായിവൃന്ദങ്ങളുണ്ടായി. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടെ മദ്ഹബുകാരെ(വീക്ഷണക്കാരെ) കാണാന്‍ കഴിയും. തന്നെയുമല്ല, അവരെ പിന്‍തുടരുന്നവരധികവും അവര്‍ക്കുശേഷം കര്‍മശാസ്ത്ര ചിന്തകളില്‍ ഗവേഷണപ്രയത്‌നം ആവശ്യമില്ലെന്ന ചിന്താഗതിക്കാരുമാണ്.
ഈ നാല് മദ്ഹബുകളില്‍ ഏതെങ്കിലും ഒന്നിനെ തഖ്‌ലീദ് (അനുകരണം) ചെയ്യാത്തവര്‍ ഇസ്‌ലാമില്‍ നിന്നുതന്നെ വിദൂരത്തായവരാണെന്നാണവര്‍ പറയുന്നതും. ഈ ചിന്ത ശരിയല്ലെന്നതാണ് പരമാര്‍ഥം. ഞങ്ങള്‍ക്കുശേഷം ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കേണ്ടതാണെന്നോ ഞങ്ങളെ അന്ധമായി അനുകരിച്ചു വിശ്വാസകര്‍മങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ മതിയെന്നോ ഇമാമുകള്‍ പറഞ്ഞിട്ടില്ല. പക്ഷെ, ഇജ്തിഹാദും ഇത്തിബാഉം ഒഴിവാക്കി തഖ്‌ലീദ് ചെയ്യുന്ന മുഖല്ലിദുകള്‍ അവരവര്‍ക്കുള്ള പുതിയ വാദഗതികളെ സ്ഥാപിച്ചെടുക്കാന്‍ ഇജ്തിഹാദ് നടത്തുന്ന വിരോധാഭാസവും നാം കാണുന്നുണ്ട്. ഇന്ന് സമൂഹത്തില്‍ കാണപ്പെടുന്ന പലതരം അനാചാരങ്ങളും സമ്പ്രദായങ്ങളും എതിര്‍ത്തവരാണ് ഇമാമുകള്‍. എന്നിട്ടും അവരുടെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ അനാചാരങ്ങളെ വെള്ളപൂശാന്‍ ആവശ്യമായ ഗവേഷണത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. മതപരമായി അംഗീകരിക്കുന്ന ഇജ്തിഹാദ് മതത്തെ ശക്തിപ്പെടുത്താനുള്ളതാണെന്നും , മനുഷ്യപുരോഗതിയേയും മതദര്‍ശനങ്ങളെയും ഇടുങ്ങിയതാക്കാനുള്ളതല്ലെന്നും നാം നേരത്തെ മനസ്സിലാക്കിയതാണ്.
മതപരമായി പ്രോത്സാഹിപ്പിക്കപ്പെടാവുന്ന ഇജ്തിഹാദ്(ഗവേഷണം) അന്ധമായ അനുകരണഭ്രത്തില്‍ നിലച്ചുപോവുകയും ചിന്താപരമായ മരവിപ്പിന്റെ നീണ്ട ഒരു കാലയളവുതന്നെ മുസ് ലിംകളെ വരിഞ്ഞുമുറുക്കുകയും ചെയ്തതായാണ് അനുഭവം. അഥവാ, കര്‍മശാസ്ത്ര ചിന്തകളും അറിവുകളും ഗവേഷണതല്പരതയും ജീവസ്സുറ്റതാക്കേണ്ടതില്ലെന്ന പൗരോഹിത്യമനോഭാവം അന്ധമായ അുകരണത്തില്‍ സാധാരണക്കാരെ ബന്ധിപ്പിച്ചു നിര്‍ത്തുകയാണുണ്ടായത്. തന്നിമിത്തം ഉടലെടുത്ത ആശയക്കുഴപ്പങ്ങള്‍ ചെറുതല്ല. കൂട്ടാനും കുറയ്ക്കാനും പാടില്ലാത്ത അലംഘനീയ തത്വങ്ങളേതെന്നും മതത്തിന്റെ അതിര്‍വരമ്പുകള്‍ വിട്ടുകടക്കാതെയുള്ള ഗവേഷണ മേഖലകള്‍ ഏതെന്നും തിരിച്ചറിയാതായി. അതോടെ ഇസ്‌ലാം പൊതുവായി സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ തന്നെ മതാനുയായികള്‍ക്ക് അജ്ഞാതമായി. മനുഷ്യനാഗരികതയും പുരോഗതിയും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളില്‍ വരുത്തിവെക്കുന്ന നൂതനങ്ങളായ പ്രശനങ്ങളുായി പൊരുത്തപ്പെട്ടുപോകണമെങ്കില്‍ ഇജ്തിഹാദ് അത്യാവശ്യമായി വരും. ജീവനുള്ള ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം സ്വീകരിച്ചവരെ ചിന്താപരമായ മരവിപ്പിലും അന്ധമായ അനുകരണഭ്രമത്തിന്റെ കൂരിരുട്ടിലും തളച്ചിട്ടാല്‍ മതം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതായി വരും. സംശയമില്ല.
ഇവിടെയാണ് ഇജ്തിഹാദിന്റെ ഒരു പുതുയുഗപ്പിറവി നാം പ്രതീക്ഷിക്കുന്നത്. തഖ്‌ലീദില്‍ നിന്നുള്ള മോചനവും ഇജ്തിഹാദും ഇത്തിബാഉം പുനര്‍ജനിക്കുകയും ചെയ്യുന്ന ഒരു യുഗമായിരിക്കുമത്. നീണ്ട ആലസ്യവും ഉറക്കും ഒഴിവാക്കി സടകുടഞ്ഞെഴുന്നേല്ക്കുന്ന സന്തോഷകരമായൊരു പ്രഭാതമായിരിക്കും അന്ന്. അനിവാര്യമായി ഗവേഷണം നടത്തേണ്ടതായ ചില പ്രശ്‌നങ്ങളിലാണ് ആധുനിക മുസ്‌ലിം സമൂഹം എത്തിനില്ക്കുന്നത്. അതിലെല്ലാം ആഴത്തില്‍ പഠനം നടത്തേണ്ടിയിരിക്കുകയാണ്. ഉദാഹരണമായി സാമൂഹ്യ സംവിധാനംം രാഷ്ട്രീയ ഭരണരംഗങ്ങളിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍, സമൂഹ സുരക്ഷയ്ക്കായി സ്വീകരിക്കാവുന്ന കാര്യങ്ങള്‍, സാമ്പത്തിക രംഗത്ത് സമൂഹം നേരിടുന്ന പ്രതിസന്ധികള്‍, മുസലിംകളുടെ സമ്പത്ത് പലിശയിലധിഷ്ഠിതമായ വിദേശ ബാങ്കിംഗുമായി ബന്ധപ്പെടുത്തല്‍, വിവിധയിനം ഇന്‍ഷൂറന്‍സുകള്‍, നിക്ഷേപകര്‍ക്ക് ലഭിക്കുന്ന വര്‍ധനവും പ്രയോജനവും സ്വീകരിക്കല്‍, കമ്പനികളിലെ ഷെയറുകള്‍, വ്യാവസായിക ഇടപാടുകള്‍, ആയുധക്കച്ചവടങ്ങളിലെ അന്താരാഷ്ട്ര നിലപാടുകള്‍, അവയവദാനം, രക്തദാനം, ജാതി മതം എന്നിവക്കുള്ള പരിഗണന, ബഹുസ്വര സമൂഹത്തില്‍, ന്യൂനപക്ഷ സമൂഹമെന്ന നിലയ്ക്കുള്ള കര്‍മസരണി എന്നിവയിലെല്ലാം ഇജ്തിഹാദ് നടക്കേണ്ടതുണ്ട്. ആധുനിക തലമുറയെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന അതീവ സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികവും ലളിതവുമായ പരിഹാരം നിര്‍ദേശിക്കാനില്ലെങ്കില്‍ ഇസ് ലാമിക തത്വസംഹിതയുടെ മഹത്വം ഉയര്‍ത്തിക്കാണിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഗവേഷണപഠനങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഉള്ളിലിരുന്നാല്‍ നവോത്ഥാനമെന്നത് മരീചികയാവും. വ്യക്തി, സമൂഹം, രാഷ്ട്രം എന്നീ തുറകളിലെല്ലാം ഇസ്‌ലാമിന്റെ സവിശേഷതകള്‍ കൊട്ടിഘോഷിക്കുന്നതിനേക്കാളധികം ക്രിയാത്മകത കൈവരിക്കാന്‍ കരുത്താര്‍ജിക്കുകയാണ് വേണ്ടത്.
ശത്രു പാളയത്തിലൊളിച്ച് സ്വാര്‍ഥ താല്പര്യം സംരക്ഷിക്കാന്‍ സമുദായത്തെ ഒറ്റുകൊടുക്കുന്ന മതനേതാക്കളെന്നവകാശപ്പെടുന്ന പുരോഹിതന്മാര്‍ക്കും സ്വൂഫികളായി ചമയുന്ന ഭിക്ഷാംദേഹികള്‍ക്കും ചിന്താപരമായ മാറ്റങ്ങളൊന്നും കൈവരിക്കാനാവില്ല, തീര്‍ച്ച.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x