താബിഉകളുടെ കാലഘട്ടത്തിലെ ഇജ്തിഹാദ്
അബ്ദുല്‍അലി മദനി
സ്വഹാബികളില്‍ നിന്ന് ഇസ്‌ലാമികാധ്യാപനങ്ങള്‍ പഠിക്കുകയും പരിശീലനം ലഭിക്കുകയും ചെയ്തവരാണ് താബിഉകള്‍ (പിന്‍ഗാമികള്‍). നബി(സ)യില്‍ നിന്ന് നേര്‍ക്കുനേരെ ദീന്‍ പഠിച്ചെടുത്തവരുമായി സഹവസിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാണവര്‍. ഖുര്‍ആനിലെ 9:100 സൂക്തത്തിലെ ‘സുകൃതം ചെയ്തുകൊണ്ട് അവരെ പിന്‍തുടര്‍ന്നവരുമെന്ന്’ പറഞ്ഞത് താബിഉകളെപ്പറ്റിയാണ്. ഇസ്‌ലാം ദീനിനു വേണ്ടി ത്യാഗം വരിച്ച ‘മുഹാജിറു’കളെയും അവരെ നിര്‍ലോഭം സഹായിച്ച് തുല്യതയില്ലാത്ത മാതൃക കാട്ടിയ ‘അന്‍സ്വാറു’കളെയും നേരില്‍ കാണാനും ഇടപഴകാനും അവര്‍ക്ക് സാധിച്ചതിനാലാണത്.
ഇവര്‍ക്ക് രണ്ട് സമ്പത്താണ് ലഭിച്ചത്. (ഒന്ന്) നബി(സ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നബിചര്യകള്‍ (രണ്ട്) ഖുര്‍ആനും സുന്നത്തും അവലംബമാക്കി സ്വഹാബികള്‍ കണ്ടെത്തിയ അറിവുകള്‍. അതിനാല്‍ ഇവര്‍ക്ക് പ്രധാനമായും രണ്ട് സുപ്രധാന ഉത്തരവാദിത്തം പുര്‍ത്തിയാക്കേണ്ടി വന്നു. (ഒന്ന്), ഉദ്ധരിക്കപ്പെട്ട അറിവുകളും സ്വഹാബികളുടെ വീക്ഷണങ്ങളുമെല്ലം ക്രോഡീകരിക്കല്‍. (രണ്ട്), സ്വഹാബികളില്‍ നിന്ന് സ്വീകരിച്ച വഴിയില്‍ നിന്നുകൊണ്ട് അവര്‍ കണ്ടെത്തിയിട്ടില്ലാത്ത അറിവുകളെ ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ് എന്നിവയെ ആസ്പദമാക്കി നിര്‍ധാരണം ചെയ്യല്‍. എന്നാല്‍ ഹദീസ് ശേഖരണം ഇവരെ സംബന്ധിച്ചേടത്തോളം ശ്രമകരം തന്നെയായിരുന്നു. കാരണം, സ്വഹാബികള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചതും അവിടങ്ങളില്‍ സ്ഥിര താമസമുറപ്പിച്ചതും.
ഇറാഖ്, ശാം, മിസ്ര്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സ്വഹാബികള്‍ താമസിച്ചിരുന്നത്. എന്നിരുന്നാലും അവരവരുടെ സഞ്ചാരങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടാനിടയാകുന്ന സ്വഹാബികള്‍ക്കിടയില്‍ നിന്നെല്ലാം അവര്‍ അറിവുകള്‍ കരസ്ഥമാക്കി. കൂടാതെ, സ്വഹാബികളില്‍ നിന്ന് ഗണ്യമായൊരു വിഭാഗം ഉമവീ ഭരണ കാലഘട്ടത്തില്‍ മദീനയിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്തു. നബി(സ)യുടെ കാലത്ത് മദീന പ്രശോഭിതമായതു പോലെ വീണ്ടും അവിടം ഇസ്‌ലാമികമായ അറിവുകളുടെ പ്രകാശ കിരണങ്ങള്‍ ജ്വലിച്ചുയരുന്നൊരു കേന്ദ്രമായിത്തീര്‍ന്നു. ബഹുഭൂരിഭാഗം സ്വഹാബികളുടെയും താബിഉകളുടെയും അറിവുകള്‍ അവിടെ നിന്നാണ് പൊട്ടിവിടര്‍ന്നതും പരിലസിച്ചതും.
യഥാര്‍ഥത്തില്‍ ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ മദീന വിട്ടുപോയിരുന്നില്ല. അവര്‍ക്ക് മദീന വിട്ടു പുറത്തു പോകാന്‍ വേണ്ടത്ര അനുവാദവും നല്‍കിയിരുന്നില്ല. പിന്നീട് ഉസ്മാന്‍(റ)വിന്റെ കാലത്ത് ചിലരൊക്കെ അവിടം വിട്ടു പോയിരുന്നുവെങ്കിലും മദീനക്ക് പുറത്തുപോയവര്‍ വളരെ കുറവായിരുന്നു.
അതായത് നബി(സ)യില്‍ നിന്ന് സ്വഹാബികള്‍ കരസ്ഥമാക്കിയ അറിവുകള്‍ താബിഉകള്‍ക്ക് വേണ്ടത്ര പകര്‍ന്നു നല്‍കും വിധം അവര്‍ അവിടെത്തന്നെയുണ്ടായിട്ടുണ്ടെന്ന് സാരം. എന്നാല്‍ പിന്നീട് കക്ഷി വഴക്കുകളും ഭിന്നിപ്പിന്റെ അലയൊലികളുമുണ്ടായി. ചിലയിടങ്ങളില്‍ കലാപങ്ങള്‍ പോലും ഉടലെടുത്തു. ചിലര്‍ ചിലരെ കുഫ്‌റുകൊണ്ടും അധര്‍മം കൊണ്ടും പരസ്പരം ആരോപിച്ചു. മുസ്‌ലിംകളില്‍ ഖവാരിജ്, ശീഅ, ഇബാള്വ, അസാരിഖ, റവാഫിള തുടങ്ങിയ വിഭാഗങ്ങളുണ്ടായി. തന്മൂലം ഓരോ വിഭാഗവും അവരവരുടെ വാദഗതികളെ ശക്തിപ്പെടുത്താനെന്ന ഭാവത്തില്‍ വ്യാജഹദീസുകള്‍ കെട്ടിയുണ്ടാക്കി നബി(സ)യിലേക്ക് ചേര്‍ത്തിപ്പറയാന്‍ തുടങ്ങി. ഈ അവസ്ഥ കണ്ടും കേട്ടും നിഷ്‌കളങ്കരായ വിശ്വാസികള്‍ (മുഅ്മിനുകള്‍) അന്ധാളിച്ചു. നബിചര്യകളുടെ സംരക്ഷണത്തെപ്പറ്റിയും ക്രോഡീകരണത്തെപ്പറ്റിയുമൊക്കെ അവര്‍ ആലോചിച്ചു തുടങ്ങി. ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിനെപ്പോലെയുള്ള മഹാന്മാര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായി. താബിഉകള്‍ക്കിടയില്‍ രണ്ടു വിഭാഗം മുജ്തഹിദുകളുണ്ടായിരുന്നു.
(ഒന്ന്) ഖുര്‍ആനിലും സുന്നത്തിലും നേര്‍ക്കുനേരെ കാണാത്ത വിഷയങ്ങളില്‍ സ്വന്തം റഅ്‌യ് (വീക്ഷണം) പ്രകാരം ഫത്‌വ നല്‍കുന്നവര്‍. (രണ്ട്), റഅ്‌യ് പ്രകാരം ഫത്‌വ നല്‍കാതെ മൗനമവലംബിച്ചവര്‍. തന്മൂലം അവര്‍ക്കിടയില്‍ രണ്ടു തരം ഫിഖ്ഹുണ്ടായി. അഥവാ റഅ്‌യ് പ്രകാരമുള്ള കര്‍മശാസ്ത്രവും ഹദീസുകളെ ആസ്പദമാക്കിയുള്ള കര്‍മശാസ്ത്രവും. എന്നാല്‍ ഈ സന്ദര്‍ഭങ്ങളിലൊന്നും ഹദീസുകളുടെ പ്രാമാണികതയില്‍ അവര്‍ക്കാര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. മറിച്ച്, റഅ്‌യ് പ്രകാരമുള്ള ഫത്‌വകളെ സംബന്ധിച്ചുള്ള വീക്ഷണ വ്യത്യാസങ്ങള്‍ മാത്രമായിരുന്നു.
ഹദീസുകളെ അവലംബിച്ച് കര്‍മശാസ്ത്രം രൂപപ്പെടുത്തിയവര്‍ റഅ്‌യ് പ്രകാരമുള്ള ഫത്‌വകളെ നിര്‍ബന്ധ ഘട്ടത്തിലല്ലാതെ ഉള്‍ക്കൊണ്ടിരുന്നതുമില്ല. ഈ രണ്ട് വിഭാഗം മുജ്തഹിദുകളിലെ ഒന്നാമത്തെ വിഭാഗം ഇറാഖിനെ കേന്ദ്രീകരിച്ചും രണ്ടാമത്തെ വിഭാഗം മദീനയെ ആസ്ഥാനമാക്കിയുമാണ് നിലയുറപ്പിച്ചിരുന്നത്.
ആയതിനാല്‍ ഇറാഖിലും മദീനയിലുമായി സ്ഥിരതാമസമാക്കിയവര്‍ക്കിടയില്‍ അവര്‍ക്കുണ്ടായ പ്രശ്‌നങ്ങളുടെ ഫത്‌വകളില്‍ വീക്ഷണവ്യത്യാസമോ അതുവഴി ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങളോ സ്വാഭാവികമാണെന്ന് പറയാം. കാരണം, നാടുകളുടെ അകല്‍ച്ചയും പ്രശ്‌നങ്ങളുടെ വൈവിധ്യവും തന്നെ. എന്നാല്‍ ചുരുക്കത്തില്‍ ഒരു കാര്യം ഇറാഖുകാര്‍ ഹദീസിനെയും മദീനക്കാര്‍ റഅ്‌യിനെയും പാടെ നിരാകരിച്ചിരുന്നില്ലന്നതാണ് വസ്തുത.
ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ അടിസ്ഥാന തത്വങ്ങളുമായി തുലനം ചെയ്യുകയെന്നതില്‍ സംഭവിക്കുന്ന ഏറ്റക്കുറവുകള്‍ നിമിത്തമാണ് ഇങ്ങനെയുണ്ടാവുന്നത്. അതോടൊപ്പം കക്ഷിത്വം സ്വീകരിക്കുകയും ചെയ്താല്‍ വിഭാഗീയത സ്വാഭാവികമായും സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇജ്മാഉം സ്വഹാബികളുടെ വാക്കുകളും
സ്വഹാബികളുടെ ഐക്യപ്പെടലിനെ (ഇജ്മാഉസ്സഹാബ) താബിഉകള്‍ അടിസ്ഥാന പ്രമാണമായാണ് പരിഗണിച്ചിരുന്നത്. കാരണം സ്വഹാബികളുടെ ജീവിതം താബിഉകളില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു. ആയതിനാല്‍ താബിഉകളെപ്പോലെ തന്നെ പില്‍ക്കാലക്കാരും സ്വഹാബികളുടെ ഇജ്മാഅ് അംഗീകരിച്ചു പോന്നു. ശീഅ, ഖവാരിജ്, ളാഹിരികള്‍ എന്നിവര്‍ ഇതില്‍ നിന്നൊഴിവാണ്. അവര്‍ സ്വഹാബികളുടെ ഇജ്മാഅ് അംഗീകരിക്കാറില്ല.
തന്മൂലം സ്വഹാബികളുടെ ഇജ്മാഇല്‍ രണ്ട് വിഭാഗമുണ്ടായി. ഒന്ന്, സ്വഹാബികള്‍ ഒരു പ്രശ്‌നത്തില്‍ ഒന്നടങ്കം ഏകോപിതമായ കാര്യം. ഇത് പ്രമാണമായി സ്വീകരിക്കും. രണ്ട്, സ്വഹാബികള്‍ വ്യത്യസ്ത വീക്ഷണമവതരിപ്പിക്കുന്നതും ഇജ്മാഅ് ഉണ്ടായെന്ന് പറയാന്‍ സാധിക്കാത്തതുമായവ. അതിനാല്‍ ഇവിടെ ഒരു ചെറിയ വിശദീകരണം അനിവാര്യമാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം. സ്വഹാബികള്‍ ഐക്യപ്പെട്ട വിഷയത്തില്‍ അതിനെ പ്രമാണമാക്കാമെന്നതാണ് അതിലൊന്ന്. മറ്റൊന്ന് സ്വഹാബികളില്‍ വീക്ഷണ വ്യത്യാസം സംഭവിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി അവയിലെ മികച്ച നിലപാടിനെ അവലംബിക്കുകയെന്നതുമാണ്. ഇവിടെയാണ് ഒറ്റപ്പെട്ട ഒരു സ്വഹാബിയുടെ അഭിപ്രായം ഹുജ്ജത്ത് (പ്രമാണം) ആവാതിരിക്കുന്നത്.
വിവിധ സാധ്യതകളും സ്വാധീനങ്ങളും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഉണ്ടായേക്കാമെന്നതിനാലാണത്. സ്വഹാബികള്‍ ഏകോപിച്ചാല്‍ പിന്നെ അങ്ങനെയാകാന്‍ സാധ്യതുണ്ടാവില്ലല്ലോ.
ഇമാമുകളുടെ കാലഘട്ടം
താബിഉകളുടെ കാലശേഷം അവരുടെ ശിഷ്യന്മാരില്‍ പെട്ട യോഗ്യരും പ്രഗത്ഭരുമായ പണ്ഡിതന്മാര്‍ രംഗത്തു വന്നു. ഈ തലമുറയിലുള്ളവര്‍ ‘താബിഉത്താബിഉകള്‍’ എന്നോ താബിഉകളുടെ വിദ്യാര്‍ഥികളെന്നോ അറിയപ്പെടുന്നു. ഇവരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ക്ക് താബിഉകളില്‍ നിന്നുള്ള ശൈഖുമാരാണ് അറിവുകള്‍ പകര്‍ന്നു നല്‍കിയത്.
ഉദാഹരണമായി ഇമാം അബൂഹനീഫ(റ)യെ എടുക്കാം. അദ്ദേഹത്തിന്റെ ഗുരുനാഥന്മാരെല്ലാം താബിഉകളില്‍ പെട്ടവരാണ്. ഇബ്‌റാഹീമുന്നഖ്ഈ, ശഅ്ബി, ഹമ്മാദുബ്‌നു അബീസുലൈമാന്‍, അത്വാഉബ്‌നു അബീറബാഹ് മുതലായവര്‍ അവരില്‍ ചിലരാണ്. സ്വഹാബികളുടെയും താബിഉകളില്‍ ചിലരുടെയും ജന്മവും ജീവിതകാലവും പരിഗണിച്ചാല്‍ സഹവാസം കൊണ്ട് സുദീര്‍ഘമായ അവസരം കിട്ടിയവര്‍ അക്കൂട്ടത്തിലുണ്ടെന്നതാണ് പരമാര്‍ഥം.
ഇമാം അബൂഹനീഫ (റ)യെ പോലെ തന്നെയാണ് ഇമാം മാലിക്(റ). അദ്ദേഹം ഇബ്‌നു ഉമര്‍(റ)വിന്റെ ശിഷ്യന്മാരില്‍ നിന്ന് അറിവുകള്‍ നേടിയിട്ടുണ്ട്. മദീനയില്‍ അറിയപ്പെട്ട മഹാന്മാരായ കര്‍മശാസ്ത്ര പണ്ഡിതന്മാരാണ് സഈദുബ്‌നുല്‍ മുസ്വയ്യിബ്, ഉര്‍വതുബ്‌നു സുബൈര്‍, അബൂബക്കര്‍ ബ്‌നു ഉബൈദുല്‍ ഹാരിസ്, ഖാസി മുബ്‌നു മുഹമ്മദ്, ഉബൈദുല്ലാഹിബ്‌നു അബ്ദില്ലാഹ്, സുലൈമാനുബ്‌നുയസാര്‍, ഖാരിജത്തുബ്‌നു സൈദ് മുതലായവര്‍.
ഇവരെല്ലാം തന്നെ മതപരമായ വിഷയങ്ങളില്‍ അവഗാഹത നേടിയവരായിരുന്നു. പ്രഗത്ഭരും പ്രശസ്തരുമായ സ്വഹാബികളില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ആവാഹിച്ചെടുത്തവരുമാണവര്‍. മദീന കേന്ദ്രമാക്കിയാണിവര്‍ മറ്റുള്ളവര്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കിയിരുന്നത്. എന്തുതന്നെയായാലും ഇമാമുകളില്‍ ശ്രുതിപ്പെട്ട അബൂഹനീഫ(റ)യും മാലിക്(റ)വും മേല്‍ സൂചിപ്പിച്ചവരില്‍ നിന്നെല്ലാം കര്‍മശാസ്ത്ര ചിന്തകളും അറിവുകളും ആര്‍ജിച്ചെടുത്തവരാണെന്നതില്‍ തര്‍ക്കമില്ല.
ഇത്തരം ചിന്തകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇസ്്‌ലാമികമായ അറിവുകളെല്ലാം ശക്തമായ സ്രോതസ്സില്‍ നിന്നുത്ഭവിച്ച് വിശുദ്ധരായ പണ്ഡിതന്മാരിലൂടെ പകര്‍ന്നുണ്ടായതാണെന്ന പരമാര്‍ഥം.
ഇവിടെ ചരിത്രപരമായൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കാനുണ്ട്. അതിങ്ങനെയാണ്. അഥവാ, താബിഉകളുടെയും ഗവേഷകരായ ഇമാമുകളുടെയും കാലഘട്ടങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്ന സന്ദര്‍ഭത്തില്‍ പുതിയ ചില വഴിത്തിരിവുകള്‍ കര്‍മശാസ്ത്ര അറിവുകളിലും വീക്ഷണങ്ങളിലും പ്രകടമായി എന്നതാണ്. അതിനുള്ള കാരണവുമുണ്ട്. അതിലൊന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്ത പാര്‍ട്ടികളും വിഭാഗങ്ങളുമാണ്. തന്മൂലം ഇസ്‌ലാമിന് വകവെക്കേണ്ടതായ ഗൗരവവും പ്രാധാന്യവും ഗൗനിക്കാത്തവരുടെ കടന്നുകയറ്റം സംഭവിച്ചു. എന്നാല്‍ താബിഉകളുടെ കാലഘട്ടത്തില്‍ നിഷ്‌ക്കളങ്കരായ പണ്ഡിത വിശാരദര്‍ ഉണ്ടായിരുന്നതിനാലും ഇസ്‌ലാമികമായ അറിവുകളുടെ അടിസ്ഥാന സ്രോതസ്സുകള്‍ വിശുദ്ധവും തെളിവാര്‍ന്നതുമായതിനാലും വികലമായ ആശയങ്ങളൊന്നും ഇതില്‍ സ്വാധീനിച്ചില്ല.
പിന്നീട് താബിഉത്താബിഉകളുടെയും അവര്‍ക്കു ശേഷവും സംഭവിച്ച ഒഴുക്കിനിടയില്‍ പലവിധ അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിച്ചു. അതില്‍ പ്രവാചകന്റെ പേരില്‍ പോലും വ്യാജ നിര്‍മിത വാദങ്ങള്‍ ഉടലെടുത്തു. ഇതിന്റെ ചില നിമിത്തങ്ങള്‍ ഇമാം കാദിഇയാദ്വ്(റ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
”ഇത്തരക്കാര്‍ വിവിധയിനമുണ്ട്. ഒരു വിഭാഗം പ്രവാചകന്‍(സ) പറയാത്തത് പ്രവാചകന്റെ മേല്‍ വ്യാജമായി കെട്ടിച്ചമക്കുന്നവരാണ്. നബി (സ)യെ ഇകഴ്ത്തുകയെന്നതാണവരുടെ ലക്ഷ്യം. മറ്റൊരു കൂട്ടര്‍ മതപരമായ ചിന്തകളെ ഉത്തേജിതമാക്കാനെന്ന വ്യാജേന ഭക്തി പ്രകടിപ്പിച്ചു കൊണ്ട ് നന്മയായ കാര്യങ്ങളില്‍ ആഗ്രഹമുള്ളതാക്കാനും ശ്രേഷ്ഠഗുണങ്ങളെ ഉന്നതമാക്കാനും വേണ്ടി സ്വന്തം വകയായി വ്യാജമായത് നിര്‍മിച്ചുണ്ടാക്കുന്നവര്‍. ആശ്ചര്യജനകമായ കഥകളാണിവര്‍ കൂടുതല്‍ അവലംബിച്ചിരുന്നത്.
മറ്റു ചിലര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കു വേണ്ടി പക്ഷപാതിത്വപരമായി നിലകൊള്ളുകയും തന്നിഷ്ടപ്രകാരം ചില കെട്ടുകഥകളും ഊഹങ്ങളും തൊടുത്തു വിടുന്നവര്‍. വേറെ ചിലര്‍ ഹദീസുകളുടെ പരമ്പരകളെയും നബിവചനങ്ങളിലെ കാതലായ ഭാഗങ്ങളെയും പരസ്പരം മാറ്റിപ്പറയുന്നവര്‍. അഥവാ സനദുകളും മത്‌നുകളും കൂട്ടിക്കുഴച്ചതാക്കുക. ഇങ്ങനെ നബിവചനങ്ങളുടെ മേല്‍ പലതരം കയ്യേറ്റങ്ങള്‍ നടത്തപ്പെട്ടു. നബി(സ)യെ കാണാത്തവര്‍ കണ്ടെന്നു പറയുക, ഹദീസുകളുടെ റിപ്പോര്‍ട്ടര്‍മാരെ മാറ്റുക, സ്വഹാബികളുടെ വാക്കുകള്‍ നബി(സ)യുടെ വാക്കുകളാക്കുക. നബിയില്‍ നിന്ന് കേള്‍ക്കാത്തത് കേട്ടെന്നു പറയുക, തത്വജ്ഞാനികളുടെയും നേതാക്കളുടെയും വാക്കുകളെ നബിവചനമാക്കി ചിത്രീകരിക്കുക തുടങ്ങിയ പലതും അക്കൂട്ടത്തില്‍ പെട്ടതായിരുന്നു” (താരീഖുല്‍ മദാഹിബില്‍ ഫിഖ്ഹിയ്യ പേജ് 45)
എന്നാല്‍, ഇത് മുഴുവനും താബിഉത്താബിഉകളുടെ കാലത്തുണ്ടായിരുന്നില്ലെന്ന് പറയാം. സനാദിഖുകള്‍, ഖവാരിജുകള്‍, ശിആയിസം, മുബ്തദിഉകള്‍ എന്നിവയുടെ ആവിര്‍ഭാവവും അതിക്രമങ്ങളുമായപ്പോഴേക്കും മേല്‍ സൂചിപ്പിച്ച പ്രവണതകള്‍ വര്‍ധിക്കുകയായിരുന്നു. കൂടാതെ, മതപരമായി താല്പര്യക്കുറവുള്ള ചിലരെല്ലാം ഭരണാധിപന്മാര്‍ക്കനുകൂലമായി നില്ക്കുന്നതിനാല്‍ അവരുടെ നുണപ്രചരണങ്ങളും നിയന്ത്രിക്കാന്‍ പ്രയാസമുണ്ടായിരുന്നു.
എങ്കിലും ഈ പ്രവാഹത്തിന്നിടയില്‍ അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ നല്ലവരായ വ്യക്തിത്വങ്ങള്‍ ശ്രദ്ധ ചെലുത്തിയിരുന്നു. അവര്‍ നല്ലതും ചീത്തയും തമ്മില്‍ കൂടിക്കലരാതിരിക്കാന്‍ പ്രയത്‌നിച്ചു. ഹദീസ് റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചുള്ള പഠനം വ്യാപകമായത് അങ്ങനെയാണ്. അതെല്ലാം പിന്നീട് ഹദീസുകളുടെ വിവിധ സ്ഥാനങ്ങളെപ്പറ്റിയുള്ള പഠനത്തിലേക്കും നെല്ലും പതിരും വേര്‍തിരിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു.
ഹദീസുകള്‍ തമ്മില്‍ വൈരുധ്യം കണ്ടാല്‍ അത് മാറ്റിവെക്കും. പിന്നീട് അത് സംബന്ധമായ സ്ഥിരീകരണം വരുത്താനാവശ്യമായ നീക്കങ്ങളുണ്ടാകും. ഈ വിധം സൂക്ഷ്മത കൈവരിച്ച പണ്ഡിതന്മാര്‍ സ്വഹീഹായ ഹദീസുകളെല്ലാം ക്രോഡീകരിച്ചു വെച്ചു. മാലിക്(റ)യുടെ ‘മുവത്വ’യും സുഫ് യാനുബ്‌നു ഉയയ്‌നയുടെ ‘കിതാബുല്‍ ജവാഹിറു ഫിസ്സുനനി’യും സുഫ്‌യാനുസ്സൗരിയുടെ ‘ജാമിഉല്‍കബീര്‍ ഫില്‍ ഫിക്ഹി വല്‍ അഹാദീസ്’ എന്നതും, അബൂയൂസുഫിന്റെ ‘കിതാബുല്‍ ആസാറും’ ഈ കൂട്ടത്തില്‍ പെട്ടതാണ്. സത്യസന്ധതയിലും നീതിബോധത്തിലും അറിയപ്പെട്ടവരാകണം ഹദീസ് റിപ്പോര്‍ട്ടര്‍മാരെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. നാട്ടില്‍ പ്രചരിക്കപ്പെട്ട ബിദ്അത്തുകളില്‍ നിന്ന് (അനാചാരം) മുക്തി ലഭിക്കാന്‍ വേണ്ടിയാണത്.
പക്ഷേ, കാലഘട്ടം പിന്നിട്ടപ്പോള്‍ പ്രവാചകന്‍(സ) പറയാത്തത് പറഞ്ഞതായും നബി(സ)യില്‍ നിന്ന് കേള്‍ക്കാത്തത് കേട്ടതായും നുണപ്രചാരകര്‍ പറഞ്ഞു തുടങ്ങി. അങ്ങനെയാണ് ഹദീസുകളുടെ നിവേദന പരമ്പര നബി(സ)യിലേക്ക് കൃത്യമായി കണ്ണിമുറിയാതെ ചേരണമെന്നുള്ള നിബന്ധനയുണ്ടാകുന്നത്. നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാത്ത വിധം സുരക്ഷിതമാകണമെന്ന ചിന്ത തന്നെയായിരുന്നു അവരെ നയിച്ചിരുന്നത്.
(തുടരും)