15 Wednesday
January 2025
2025 January 15
1446 Rajab 15

‘തെറിബ്രിറ്റികള്‍’ ആഘോഷിക്കപ്പെടരുത്


പേരും പ്രശസ്തിയും എന്നതിന്റെ പുതിയ കാല നിര്‍വചനം ലൈകും ഫോളോവേഴ്‌സുമാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കാനായി എന്ത് ആഭാസങ്ങളും കാണിക്കാന്‍ തയ്യാറാവുന്ന പലരെയും നമുക്ക് കാണാം. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ മനുഷ്യന്‍ സമൂഹവുമായി ഇടപഴകി കൈവരിക്കുന്ന ജീവിത മൂല്യങ്ങളും മാനസിക പക്വതയും ഏറെ പ്രധാനപ്പെട്ടതാണ്. മതാധ്യാപനങ്ങളിലും മൂല്യസംഹിതകളിലും കാണുന്ന നന്മകള്‍ പ്രയോഗവത്കരിക്കേണ്ടത് സാമൂഹിക സമ്പര്‍ക്കങ്ങളിലൂടെയാണ്. ഓണ്‍ലൈനില്‍ ലൈവായി ഗെയിം കളിക്കുകയും അതില്‍ മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുവാന്‍ തെറിവാക്കുകള്‍ പറഞ്ഞും അശ്ലീലത സംസാരിച്ചും വൈബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ ഒരു മാതൃകാ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ഇത്തരം ‘തെറിബ്രിറ്റികള്‍’ക്ക് സ്വീകരണവും പൊതുവേദികളും ഒരുക്കാന്‍ തയ്യാറാകുന്നവര്‍ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ വൈബ് നേടിയവരല്ല, മറിച്ച് ഒട്ടും ലജ്ജയില്ലാത്ത ആള്‍ക്കൂട്ടം മാത്രമാണ്.
അല്‍ ഹയാഅ് എന്ന വാക്കിന് ലജ്ജ എന്നാണ് സാധാരണ നാം വിവര്‍ത്തനം ചെയ്യാറുള്ളത്. നാണം എന്നതാണ് ലളിതമായ മലയാളം. ലജ്ജ ഈമാനിന്റെ ഭാഗമാണ് എന്ന ഇസ്ലാമിക അധ്യാപനത്തിന്റെ പ്രസക്തി ഇവിടെ വ്യക്തമാകുന്നു. നാണമില്ലാത്തവന്‍ തോന്നിയതൊക്കെ ചെയ്‌തേക്കുമെന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാണം മനുഷ്യന്റെ സഹജമായ ഗുണമാണ്. വസ്ത്രം ധരിക്കുന്നതും നഗ്‌നത മറക്കുന്നതും തിന്മകള്‍ പരസ്യമാക്കുന്നതില്‍ നിന്ന് ഒരാളെ തടയുന്നതുമെല്ലാം അവന്റെ/അവളുടെ നാണമാണ്. ഒരാളില്‍ നാണം എന്ന ഗുണം സവിശേഷമായി പ്രവര്‍ത്തിച്ചാല്‍ അത് വിശ്വാസത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. വിശ്വാസത്തെ നന്നാക്കാനും നന്മകള്‍ വര്‍ധിപ്പിക്കാനും മാത്രമാണ് നാണം നിമിത്തമാവുക. എല്ലാ മതങ്ങള്‍ക്കും ഒരു സ്വഭാവസവിശേഷതയുണ്ട്. ഇസ്ലാമിന്റെ സ്വഭാവ സവിശേഷത ലജ്ജയാണെന്ന പ്രവാചക അധ്യാപനം ഇമാം ബൈഹഖി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിക്കുന്നുണ്ട്.
പ്രവാചകന്‍(സ) അങ്ങേയറ്റം ലജ്ജാശീലനായിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അന്തഃപുരത്തിരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലനായിരുന്ന പ്രവാചകന്, അനിഷ്ടകരമായ എന്തെങ്കിലും കാണേണ്ടി വന്നാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. നന്മയുടെയും വിശ്വാസത്തിന്റെയും ഉറവിടമാണ് ലജ്ജ. വിശ്വാസികളെ സംബന്ധിച്ചേടത്തോളം നാണമില്ലാത്ത പ്രവര്‍ത്തനങ്ങളോട് സഹകരിക്കുക എന്നത് ഭൂഷണമല്ല. നാണമില്ലാത്ത അവസ്ഥ എന്നത് മനുഷ്യന്റെ സാംസ്‌കാരികാധപ്പതനത്തിന്റെ തുടക്കമാണ്. കാരണം, മതാധ്യാപനങ്ങളോ പ്രത്യയശാസ്ത്രമോ ബാധകമല്ലാത്തവര്‍ക്ക് നാണം കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുന്നത്. അത് പ്രകൃതിസഹജമാണ്. ഈ സ്വാഭാവിക മനുഷ്യഗുണത്തിന് കോട്ടം സംഭവിച്ചാല്‍ അത് മനുഷ്യസംസ്‌കാരത്തെ തന്നെ ബാധിക്കും.
പൊതു സദസ്സില്‍ പറയാന്‍ പാടില്ല എന്ന് നാം കരുതുന്ന വാക്കുകളും പ്രയോഗങ്ങളുമുണ്ട്. അത് മാനസിക പക്വതയുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ അങ്ങനെയൊരു ശരിയും തെറ്റുമൊന്നുമില്ല, മനസ്സില്‍ തോന്നിയത് പറഞ്ഞ്, ഇഷ്ടമുള്ളത് ചെയ്ത് ഒറിജിനലായി ജീവിക്കുന്നതാണ് യഥാര്‍ഥ ജീവിതം എന്ന് ഉദ്‌ബോധിപ്പിക്കുന്ന ലിബറല്‍ പ്രത്യയശാസ്ത്രങ്ങളുണ്ട്. ദേഹേച്ഛകളെ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതിലാണ് ഒറിജിനാലിറ്റി എന്ന് അരാജക ഉദാരവാദികള്‍ കരുതുന്നു. ഈ ബോധമാണ് സോഷ്യല്‍ മീഡിയയിലൂടെ അസഭ്യ വാക്കുകള്‍ പറയുന്നതിനെ സ്വാഭാവിക കാര്യമായി അവതരിപ്പിക്കുന്നത്. അണ്‍പാര്‍ലമെന്ററി എന്ന് നാം കരുതുന്ന പദപ്രയോഗങ്ങളെ സോഷ്യല്‍ മീഡിയയില്‍ നിയമം മൂലം നിയന്ത്രിക്കാനാവില്ല. അതിന് ധാര്‍മിക സദാചാര മൂല്യങ്ങളും ലജ്ജാശീലവും അനിവാര്യമാണ്. ദേഹേച്ഛകളെ നിയന്ത്രിക്കണമെന്നും മോഡിഫൈ ചെയ്യണമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നാണമില്ലാതെ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വിശ്വാസികള്‍ക്ക് സാധിക്കില്ല. നാണമില്ലാത്ത അവസ്ഥ തിന്മയാണ്. അത് മറച്ചുവെക്കണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ട് ആഭാസങ്ങള്‍ ആഘോഷിക്കുവാനോ അതിന് പിന്തുണ കൊടുക്കുവാനോ നാം മുതിരരുത്.

Back to Top