12 Friday
April 2024
2024 April 12
1445 Chawwâl 3

ടെക്‌നോളജിയുടെ വളര്‍ച്ചയും പ്രബോധന സാധ്യതകളും

മുഹമ്മദ് നജീബ് തവനൂര്‍


വിവരസാങ്കേതികവിദ്യ മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും സ്പര്‍ശിച്ചിരിക്കുന്നു. മൊബൈല്‍ അലാറം കേട്ടാണ് ഇന്നവന്‍ ഉണരുന്നത്. ഉറങ്ങുന്നതുവരെയും കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും സാങ്കേതികവിദ്യ അവനെ നയിക്കുന്നു. വിജ്ഞാനരംഗത്തേക്കുള്ള ജാലകമായും സഞ്ചാരരംഗത്തെ വഴികാട്ടിയായും സാമ്പത്തികരംഗത്തെ ഇടനിലക്കാരനായും സാങ്കേതികവിദ്യ അവനോടൊപ്പം സദാ സമയവുമുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാരംഗത്തെ ഓരോ ഇടപെടലുകള്‍ക്കും മനുഷ്യ ജീവിതത്തെ നേര്‍ക്കുനേരെ സ്വാധീനിക്കാന്‍ കഴിവുണ്ട്.
സാങ്കേതികവിദ്യാരംഗം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകളെ കുറിച്ചാണ് ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഏതു മേഖലയെയും പോലെ സാങ്കേതികവിദ്യാരംഗത്തും അത് കൈകാര്യം ചെയ്യുന്നവരുടെ മിഥ്യാധാരണകളും മൂല്യച്യുതിയും കടന്നുകയറുന്നുണ്ട്. അത് തടയാന്‍ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ മേഖലയിലിന്ന് അനിവാര്യമായിരിക്കുന്നു. അപ്രകാരം തന്നെ സാങ്കേതികവിദ്യയുടെ വലിയ സാധ്യതകളെ തിരിച്ചറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും കാലം തേടുന്ന ആവശ്യകതയാണ്.
പ്രബോധനരംഗം
ധര്‍മബോധമുള്ള സമൂഹത്തെ പടുത്തുയര്‍ത്താന്‍ പടച്ചവന്‍ എല്ലാ കാലത്തും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. പ്രബോധിത സമൂഹത്തോട് കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന, അവരുടെ ഭാഷ സംസാരിക്കുന്ന പ്രവാചകന്മാരെയാണ് അല്ലാഹു അവരിലേക്ക് നിയോഗിച്ചത് (വി.ഖു 14:4). പ്രബോധനം ഫലപ്രദമാകാന്‍ ആശയവിനിമയം സുതാര്യമാകണമെന്നത് അടിസ്ഥാന കാര്യമാണല്ലോ. ആശയവിനിമയത്തിന്റെ വിശാല ലോകമാണ് സാങ്കേതികവിദ്യ തുറന്നുനല്‍കുന്നത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ള മനുഷ്യരെയും സാങ്കേതികവിദ്യ ഇന്ന് സ്വാധീനിച്ചതിനാല്‍ അതിലൂടെയുള്ള പ്രബോധനത്തിന്റെ ഫലപ്രാപ്തിക്ക് സാധ്യതയും അധികമാണ്.
സാമൂഹിക
മാധ്യമങ്ങളും
പ്രബോധനവും


ഒരു സാമൂഹിക മാധ്യമത്തിലെങ്കിലും അക്കൗണ്ട് ഇല്ലാത്ത മനുഷ്യര്‍ ഇന്ന് തുലോം തുച്ഛമാണ്. ട്വീറ്റുകള്‍ക്കും ചാറ്റുകള്‍ക്കും സാമൂഹിക ഘടനയിലുള്ള സ്വാധീനം എത്രയാണെന്ന് ലോകത്തെ സമകാലിക സംഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ഇലോണ്‍ മസ്‌ക് എന്ന കോടീശ്വരനായ ഒരു വ്യക്തിയുടെ ട്വീറ്റ് ലോക സമ്പദ്ഘടനയെ സ്വാധീനിച്ചതും, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് ലോകത്തെത്തന്നെ വലിയ ജനാധിപത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലുള്ള സ്വാധീനം എത്രയാണെന്നും നാം കണ്ടറിഞ്ഞതാണ്. ഏതൊരാള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അവസരം നല്‍കുന്നു എന്നത് സാമൂഹിക മാധ്യമങ്ങളുടെ സ്വീകാര്യതയ്ക്ക് വലിയൊരു കാരണമാണ്. ദൃശ്യമാധ്യമമെന്നാല്‍ യൂട്യൂബാണെന്നു പറയുംവിധം കാഴ്ചാലോകത്തെ പുനര്‍നിര്‍ണയിക്കാന്‍ യൂട്യൂബിനു സാധിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് കൂടിച്ചേരലുകളും ആശയസംവാദങ്ങളും സാധ്യമാക്കിയ സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ മീറ്റിങ് ആപ്പുകളും മനുഷ്യ ജീവിതത്തെ നിര്‍ണയിച്ചത് നാം കണ്ടറിഞ്ഞു. സംവാദങ്ങള്‍ക്ക് തുറന്ന വേദിയൊരുക്കിയ ക്ലബ്ഹൗസ് ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ പോലും ചെലുത്തിയ സ്വാധീനം ചെറുതല്ല. അയക്കപ്പെട്ട ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ എത്ര പെട്ടെന്നാണ് ലോകത്തുള്ള വിവിധ മനുഷ്യര്‍ക്കിടയില്‍ വ്യാപിക്കുന്നത്! അതിനാല്‍ തന്നെ ധാര്‍മിക അറിവുകളും മറ്റും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് മനുഷ്യരിലേക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സാധ്യമാണ്.
പഠനസാധ്യതകള്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. കോവിഡ് കാലം വിദ്യാഭ്യാസരംഗത്തെ മാറ്റത്തിന്റെ കാലമായി ഗണിക്കാവുന്നതാണ്. പഠനഗവേഷണങ്ങള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളെ കൂടുതലായി ആശ്രയിക്കാന്‍ ഈ കാലഘട്ടം വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. പ്രായഭേദമെന്യേ ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും, തന്റെ ഒഴിവുസമയത്ത് പഠിക്കാവുന്ന രൂപത്തിലുള്ള കോഴ്‌സുകളായതുകൊണ്ടും, വിദേശ യൂണിവേഴ്‌സിറ്റികളുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലിരുന്ന് നേടിയെടുക്കാന്‍ സാധിക്കുന്നതുകൊണ്ടും കൂടുതല്‍ ആളുകളിന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളെ ആശ്രയിക്കുന്നു.
മത-ധാര്‍മികരംഗത്തും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇന്ന് വളരെ സുലഭമാണ്. വാട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമ കൂട്ടായ്മകളിലൂടെ നടന്നുവരുന്ന ഖുര്‍ആന്‍ പഠനങ്ങളും, ‘റേഡിയോ ഇസ്‌ലാം’ നടത്തിവരുന്ന കുട്ടികള്‍ക്കായുള്ള ‘മിയോ ഗ്ലോബല്‍’ ഓണ്‍ലൈന്‍ മദ്‌റസയും സ്ത്രീകള്‍ക്കായി നടക്കുന്ന നിസ്‌വ കോഴ്‌സും ഉദാഹരണങ്ങള്‍ മാത്രം.
വിദേശ സര്‍വകലാശാലകളെല്ലാം ഇന്ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുന്നുണ്ട്. സൗദിയിലെയും ഈജിപ്തിലെയും ഖത്തറിലെയും മലേഷ്യയിലെയും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികള്‍ വിദൂരവിദ്യാഭ്യാസ സംവിധാനത്തിലൂടെ മികച്ച ഇസ്‌ലാമിക കോഴ്‌സുകള്‍ ലഭ്യമാക്കുന്നുണ്ട്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഓപണ്‍ യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ മതപഠനരംഗത്തെ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷകളും
പ്രതിസന്ധികളും

സാങ്കേതികവിദ്യാരംഗത്തെ വിപ്ലവാത്മകമായ വളര്‍ച്ചയുടെ സഹായത്താല്‍ ഏതൊരാള്‍ക്കും ലോകത്തെ അറിയപ്പെടുന്ന പണ്ഡിതരുടെയും അധ്യാപകരുടെയും ക്ലാസുകള്‍ കേട്ടു പഠിക്കാനും ഇസ്‌ലാമിക ലോകത്തെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളിലേക്കും ലേഖനങ്ങളിലേക്കും കടന്നുചെല്ലാനും ഇന്ന് സാധ്യമാകുന്നുണ്ട്. ദേശ-ഭാഷാ വ്യത്യാസങ്ങളുടെ അതിരുകള്‍ ഭേദിച്ച്, വിജ്ഞാനശേഖരണത്തിന് അതിരില്ലാത്ത സാധ്യതകളാണ് സാങ്കേതികവിദ്യ നല്‍കുന്നത്. വിശാലമായ സാധ്യതകള്‍ നല്‍കുന്നതോടൊപ്പം തന്നെ സാമൂഹിക ചുറ്റുപാടുകളില്‍ അപകടകരമായ ചില പ്രത്യാഘാതങ്ങളും സാങ്കേതികവിദ്യാരംഗത്തെ പുരോഗതികള്‍ കാരണമാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും പ്രബോധന മേഖലയില്‍ തീര്‍ക്കുന്ന പ്രതിസന്ധി ചില്ലറയൊന്നുമല്ല. പ്രമാണങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയ അക്ഷരങ്ങള്‍ കൊണ്ട്, സാങ്കേതികവിദ്യയുടെ സഹായത്താല്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ മതത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ മൗലികവും സാമൂഹികവുമായ സുന്ദര ആദര്‍ശത്തെ കൃത്യമായി ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ വ്യക്തമായ പദ്ധതികള്‍ തന്നെ അസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനു തയ്യാറായി മുന്നോട്ടുവരുന്ന സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പടച്ചവന്റെ സഹായം ലഭിക്കുമെന്നത് തീര്‍ച്ചയാണ്.
”അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവും കൊണ്ട്, എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി” (വി.ഖു61:8,9).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x