ടെക് ലോകം ഫലസ്തീനിയന്‍ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കണം -സാം ആള്‍ട്ട്മാന്‍
മൂന്ന് മാസത്തോളമായി ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന യുദ്ധം ടെക്‌നോളജി മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്റെ പുതിയ അഭിപ്രായ പ്രകടനം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, യുദ്ധം ബാധിച്ച മുസ്ലിംകള്‍ക്ക് തങ്ങളുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്. ‘ഞാന്‍ സംസാരിച്ച ടെക് കമ്മ്യൂണിറ്റിയിലെ മുസ്ലിം, അറബ് (പ്രത്യേകിച്ച് ഫലസ്തീനിയന്‍) സഹപ്രവര്‍ത്തകര്‍ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അസ്വസ്ഥരാണ്. പ്രതികാര ഭയമോ കരിയറിനെ ബാധിക്കുമോ എന്നെല്ലാമുള്ള ആശങ്ക കാരണമാണിത്’ -അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ വന്ന ഒരു ചോദ്യം, ‘ജൂത സമൂഹത്തിന്റെ അനുഭവങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്’ എന്നായിരുന്നു. ‘ഞാന്‍ ജൂതനാണ്. ഒരുപാട് ആളുകള്‍ എനിക്ക് പിന്തുണ നല്‍കുന്നുണ്ട്. അതിനെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍, മുസ്ലിംകള്‍ക്ക് ഈ പിന്തുണ വളരെ കുറച്ചേ ലഭിക്കുന്നുള്ളൂ എന്നാണ് ഞാന്‍ കാണുന്നത്’ എന്നായിരുന്നു മറുപടി.