9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

തറാവീഹ്: പള്ളിയിലെ സംഘനമസ്‌കാരം അനാചാരമോ?

കെ എം ജാബിര്‍


റമദാനില്‍, ഇന്ന് നമ്മുടെ പള്ളികളില്‍ സംഘടിതമായി തറാവീഹ് നമസ്‌കരിക്കുന്നത് തെളിവുകള്‍ക്ക് എതിരാണെന്നും ഈ സമ്പ്രദായം മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ചില മെസേജുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനോടുള്ള പ്രതികരണമാണ് ഈ ലേഖനം.
ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പുകളിലും പ്രചരിപ്പിക്കപ്പെടുന്ന, അത്തരത്തിലുള്ള ഒന്നുരണ്ടു ലേഖനങ്ങള്‍ ഈ ലേഖകന്‍ വായിച്ചു. ബുഖാരിയിലെ 729, 731, 1129, 2010 എന്നീ റിപ്പോര്‍ട്ടുകളെ മാത്രം ആധാരമാക്കിയാണ് പ്രസ്തുത ലേഖനങ്ങളില്‍ മുന്‍ ചൊന്ന നിഗമനത്തിലേക്ക് ലേഖകന്‍ എത്തിയിട്ടുള്ളതത്രേ. അതില്‍ ആവര്‍ത്തിച്ച് എഴുതിക്കണ്ട പ്രധാന ആശയങ്ങള്‍ ഇപ്രകാരമാണ്: ”നബി(സ) പള്ളിയില്‍ അങ്ങനെയൊരു ജമാഅത്ത് സംഘടിപ്പിച്ചിട്ടില്ല; ആളുകള്‍ ചെന്നുകൂടിയതായിരുന്നു. അദ്ദേഹമാകട്ടെ അതു പിരിച്ചുവിടുകയുമായിരുന്നു. ആ നമസ്‌കാരം ജമാഅത്തായി അല്ലാഹുവിന്റെ റസൂല്‍ പള്ളിയില്‍ വെച്ച് ഒരു ദിവസം പോലും നമസ്‌കരിച്ചിട്ടില്ല എന്നുതന്നെയാണ് ബുഖാരിയിലെ 1129-ാം ഹദീസിലും പറയുന്നത്.”
ഈ അവിവേകികളുടെ അബദ്ധ വാദങ്ങള്‍ക്ക് മറുപടി ഇവരുടെ അതേ ലേഖനത്തില്‍ തന്നെയുണ്ട് എന്നതാണ് കൗതുകകരമായ കാര്യം. ആ ലേഖനത്തിലെ രണ്ടാം ഭാഗത്ത് എഴുതിയിട്ടുള്ള ചില വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ അത് അവസാനിക്കുന്നതിനു മുമ്പ് അതേ പാരഗ്രാഫില്‍ തന്നെ പറയുന്നത് ‘ഈ രണ്ടു ഹദീസുകളിലും പള്ളിയില്‍ നിന്നുള്ള രാത്രി നമസ്‌കാരം നിര്‍ത്തലാക്കി എന്നുതന്നെയാണുള്ളത്’ എന്നാണ്! ‘പള്ളിയില്‍ വെച്ച് ഒരു ദിവസം പോലും നബി(സ) നമസ്‌കരിച്ചിട്ടില്ല’ എന്നെഴുതിയ വ്യക്തി ഒടുവില്‍ എത്തിയപ്പോള്‍ പറയുന്നത് ‘ഏതാനും ദിവസങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചതിനു ശേഷം പിന്നീട് പള്ളിയില്‍ നിന്നുള്ള നമസ്‌കാരം നിര്‍ത്തലാക്കി’ എന്നാണ്!
ഒന്നാമതായി, ഒരു വിഷയത്തില്‍ നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെ മൊത്തം പരിശോധനാവിധേയമാക്കാതെ ഒരു ഹദീസ് ഗ്രന്ഥത്തിലെ റിപ്പോര്‍ട്ടിനെ മാത്രം വിലയിരുത്തി നിഗമനത്തിലെത്തുന്നത് മുസ്‌ലിം ലോകത്ത് അംഗീകരിക്കപ്പെടുന്നകാര്യമേയല്ല.
രണ്ടാമത്തെ കാര്യം, ബുഖാരിയിലെ 1129-ാം നമ്പര്‍ ഹദീസില്‍ ആയിശ(റ)യില്‍ നിന്നുള്ള നിവേദനം ആരംഭിക്കുന്നതുതന്നെ ‘അന്ന റസൂലുല്ലാഹി(സ) സ്വല്ലാ ദാത്ത ലൈലതിന്‍ ഫില്‍ മസ്ജിദി’ എന്നാണ്. ‘ഒരു രാത്രിയില്‍ റസൂല്‍(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു’ എന്ന്. ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ പള്ളിയില്‍ വെച്ച് എന്ന് ആയിശ(റ) പറഞ്ഞതായി വ്യക്തമാക്കപ്പെട്ടിട്ടും, പള്ളിയില്‍ വെച്ച് ഒരു ദിവസം പോലും നമസ്‌കരിച്ചിട്ടില്ല എന്നു പറയുന്നത് കളവു തന്നെയാണ്.
മൂന്നാമത്തെ കാര്യം: ജനങ്ങള്‍ നബി(സ)യുടെ പിന്നില്‍ നിന്നു നമസ്‌കരിച്ചു എന്നത് സത്യമാണ്. നബി(സ) അതറിഞ്ഞു എന്നതും സത്യമാണ്. നിരോധനം ഉണ്ടായില്ല എന്നതും സത്യമാണ്. രാത്രി നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നത് നബിചര്യക്കെതിരാണെന്നു വാദിക്കുന്നവര്‍ ഈ പോയിന്റുകള്‍ നിരാകരിക്കുകയും തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. രാത്രി നമസ്‌കാരം ജമാഅത്തായി പള്ളിയില്‍ നമസ്‌കരിക്കുന്നതിനെ വിരോധിക്കുന്ന യാതൊരു വാചകവും ബുഖാരിയിലില്ല, മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമില്ല.
നാലാമത്തെ കാര്യം: ‘രാത്രി നമസ്‌കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാന്‍ വെറുത്തു/ …ഞാന്‍ ഭയന്നു’ എന്നാണ് പ്രവാചകന്‍(സ) പറഞ്ഞത്. അതില്‍ നിരോധത്തിന്റെ യാതൊരു സൂചനയുമില്ല.
അഞ്ചാമത്തെ കാര്യം: ‘ഫര്‍ള് നമസ്‌കാരങ്ങളൊഴിച്ച്, ഒരു വ്യക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം തന്റെ വീട്ടില്‍ വെച്ചുള്ള നമസ്‌കാരമാണ്’ എന്നു പ്രവാചകന്‍ പറഞ്ഞതിനെ കുറിച്ചാണ്. അതില്‍ ഇവിടെ ആര്‍ക്കും തര്‍ക്കമില്ല. പള്ളികളിലെ തറാവീഹ് ജമാഅത്തുകളില്‍ കൂടാതെ സ്വന്തം വീടുകളില്‍ നമസ്‌കരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളുണ്ട്.
ഒരു കാര്യം അഫ്‌ളലാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം, ശ്രേഷ്ഠതയില്‍ അതിനേക്കാള്‍ താഴെയും അതേ കാര്യം നിര്‍വഹിക്കാന്‍ വകുപ്പുണ്ടെന്നാണ്. അല്ലാതെ, ഏറ്റവും ശ്രേഷ്ഠമായിട്ടല്ലാതെ ആ കാര്യം നിര്‍വഹിക്കുന്നത് നിഷിദ്ധമാണെന്നല്ല. ജമാഅത്തിന്റെ സ്വഫ്ഫുകളില്‍ ഒന്നാം സ്വഫ്ഫ് ഏറ്റവും ശ്രേഷ്ഠമാണെന്നു പറഞ്ഞാല്‍, മറ്റുള്ള സ്വഫ്ഫുകള്‍ നിഷിദ്ധമാണെന്നല്ല. വുദു എടുക്കുമ്പോള്‍ മുഖവും കൈകള്‍ മുട്ടുകള്‍ വരെയും മൂന്നു പ്രാവശ്യം കഴുകല്‍ ഏറ്റവും ശ്രേഷ്ഠമാണെന്നു പറഞ്ഞാല്‍ ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ കഴുകല്‍ നിഷിദ്ധമാണെന്ന് അര്‍ഥം ലഭിക്കുകയില്ല.
തറാവീഹ് ജമാഅത്തിന്റെ കാര്യവും റവാത്തിബ് സുന്നത്തുകളുടെ കാര്യവും വ്യത്യസ്തമല്ല, ഏറ്റവും ശ്രേഷ്ഠം വീടുകളില്‍ നമസ്‌കരിക്കുന്നതാണെന്നു പറയുമ്പോള്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നത് നിഷിദ്ധമാണെന്ന അര്‍ഥം ലഭിക്കുന്നില്ല.
ഈ വിതണ്ഡവാദം ശരിയാണെന്നു വന്നാല്‍ അതിന്റെ മറുവശം, രണ്ടാം ഖലീഫ ഉമര്‍(റ) ആണ് ഈ അനാചാരം മുസ്‌ലിം ലോകത്ത് സ്ഥാപിച്ചതെന്നും ഇക്കൂട്ടര്‍ക്ക് വാദിക്കേണ്ടിവരും. അന്നു ജീവിച്ചിരുന്ന മറ്റു സ്വഹാബിമാര്‍ അനാചാരത്തിനെതിരെ പ്രതികരിക്കാതെ മൗനം ദീക്ഷിച്ചുവെന്നും പറയേണ്ടിവരും.
വാസ്തവത്തില്‍, പള്ളിയില്‍ ഒറ്റയും തെറ്റയുമായി ഒരേ നമസ്‌കാരം വേറെ വേറെ നമസ്‌കരിക്കുന്നത് കാണാനിടയായപ്പോള്‍ അദ്ദേഹം ചിന്തിച്ചത്, വേറെ വേറെ സംഘങ്ങളായി നമസ്‌കരിക്കുന്നതിനേക്കാള്‍ ഒരു ഇമാമിനു പിന്നില്‍ എല്ലാവരും അണിനിന്നു നമസ്‌കരിക്കുന്നതാകും ഏറ്റവും മാതൃകാപരം എന്നാണ്. അങ്ങനെ രണ്ട് ഇമാമുമാരെ നിശ്ചയിച്ചു. അവരുടെ പിന്നില്‍ ആ സമയം സൗകര്യപ്രദമാകുന്നവര്‍ക്ക് വന്നു മഅ്മൂമായി നമസ്‌കരിക്കാന്‍ സൗകര്യം ചെയ്തു. അതില്‍ ചേരാതെ ഉറങ്ങിയെഴുന്നേറ്റ് വൈകി നമസ്‌കരിക്കുന്നതിന് ഇതിനേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് അദ്ദേഹം വിളിച്ചുപറയുകയും ചെയ്തു.
അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍പം ദീര്‍ഘമായ ഹദീസില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘…ആരെങ്കിലും ഇമാമിനോടൊപ്പം അദ്ദേഹം നമസ്‌കാരത്തില്‍ നിന്നു വിരമിക്കുന്നതുവരെ തുടര്‍ന്നു നമസ്‌കരിക്കുന്നപക്ഷം രാത്രി നമസ്‌കാരം അവന് രേഖപ്പെടുത്തപ്പെടും.’ രാത്രി നമസ്‌കാര ജമാഅത്തിന്റെ ശ്രേഷ്ഠത വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ബോധ്യപ്പെടുത്തിയിട്ടുള്ള ഹദീസാണിത്. അന്നും ഇന്നും ധാരണകള്‍ക്കും നടപടികള്‍ക്കും മാറ്റമില്ല. പ്രത്യേകിച്ച് ഉല്‍പതിഷ്ണുക്കള്‍ക്കിടയില്‍. വെറുതെ മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x