തഖ്വ ബോധവും പശ്ചാത്താപ മനസ്സും
ഡോ. എ കെ അബ്ദുല്‍ഹമീദ് മദനി
സൂക്ഷ്മതാ ബോധത്തിന്റെയും (തഖ്വ) പശ്ചാത്താപത്തിന്റെയും (തൗബ) മാസമാണ് റമദാന്‍. വിശ്വാസികളില്‍ ഉണ്ടാവേണ്ട രണ്ട് ഉല്‍കൃഷ്ട ഗുണങ്ങളാണ് സൂക്ഷ്മതാ ബോധവും പശ്ചാത്താപ മനസ്സും.
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും സ്രഷ്ടാവും തമ്മിലുമുള്ള ബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതാണ് തഖ്‌വ (സൂക്ഷിക്കല്‍) എന്ന സദ്ഗുണത്തിലൂടെ ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത്. ഖുര്‍ആനിലെ സ്വഭാവ സ്പര്‍ശിയും സാമൂഹിക സ്പര്‍ശിയുമായ മിക്ക സൂക്തങ്ങളിലും ഈ പദമോ അതിന്റെ അവാന്തര രൂപങ്ങളോ ആവര്‍ത്തിച്ചു വരുന്നത് കാണാന്‍ സാധിക്കും. സ്രഷ്ടാവിന്റെ കോപത്തിന് ഇരയാക്കുന്നതും തനിക്കും അന്യര്‍ക്കും ദ്രോഹകരമായി ഭവിക്കുന്നതുമായ കാര്യങ്ങള്‍ സൂക്ഷിക്കുക എന്നതാണ് തഖ്‌വ കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തെ കാത്തുസൂക്ഷിക്കുക എന്നതാണ് തഖ്‌വയുടെ ഭാഷാര്‍ഥം.
ഭയപ്പെടുത്തുന്നതില്‍ നിന്നാണ് കാത്തുസൂക്ഷിക്കല്‍ വരുന്നത്. ദൈവഭയം ഇതില്‍ അഗ്രിമസ്ഥാനത്ത് നില്‍ക്കുന്നു. ഭയപ്പെടുത്തുന്ന വസ്തുവിനെക്കുറിച്ച് മനസ്സിലാകുമ്പോഴാണ് ഭയമുണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ അല്ലാഹുവെ അറിയുന്നവന്‍ അവനെ ഭയപ്പെടുന്നു, ഭയപ്പെടുന്നവന്‍ അവനെ സൂക്ഷിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ ഐഹികവും പാരത്രികവുമായ ശിക്ഷക്കും കോപത്തിനും പാത്രമാവാതെ ശരീരത്തെ കാത്തുസൂക്ഷിക്കുന്നവരാണ് മുത്തഖികള്‍ (സൂക്ഷിക്കുന്നവര്‍).
അല്ലാഹു നിശ്ചയിച്ച നിയമപരിധിക്കുള്ളില്‍ ജീവിക്കുക, അവന്റെ ആജ്ഞകള്‍ക്ക് വഴങ്ങുക, വിലക്കുകള്‍ വെടിയുക എന്നതാണ് ഇതിനുള്ള വഴി. മനുഷ്യരാശിക്ക് ഗുണകരമായമായതേ അല്ലാഹു കല്‍പ്പിക്കുകയുള്ളൂ. ദോഷകരമായതേ വിലയ്ക്കുകയുമുള്ളൂ.
ഖുര്‍ആനിക
പരാമര്‍ശങ്ങളിലെ
തഖ്വ
തഖ്വയ്ക്ക് ഖുര്‍ആന്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും വിവിധശൈലിയില്‍ അതിന്റെ അനിവാര്യത ഊന്നി പറയുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ”വിശ്വാസികളേ, അല്ലാഹുവേ സൂക്ഷിക്കേണ്ട രീതിയില്‍ നിങ്ങള്‍ സൂക്ഷിക്കുകയും മുസ്ലിംകള്‍ ആയിട്ടല്ലാതെ നിങ്ങള്‍ മരിക്കയും അരുത്” (ആലുഇംറാന്‍ 102).
ഇത് എങ്ങനെ സാധ്യമാകും? അല്ലാഹുവെ മാത്രം ആരാധിക്കുക, അവനില്‍ പങ്കുചേര്‍ക്കാതിരിക്കുക, അവന്റെ നിയമങ്ങളും നീതി ധര്‍മങ്ങളും പാലിക്കുക എന്നിവയിലൂടെയാണ് ഇത് സാധ്യമാവുക. ദോഷകരങ്ങളായ എല്ലാ കാര്യങ്ങളെയും സൂക്ഷിക്കലും ശാരീരികവും ആത്മീയവുമായ ഉല്‍ക്കര്‍ഷത്തിന് വിഘാതമായ എല്ലാറ്റിനെയും വെടിയലും ആണ് തഖ്‌വ എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.
സനാതന മാനുഷിക മൂല്യങ്ങള്‍ ഉള്ളവരാണ് മുത്തഖികള്‍. ”നിങ്ങള്‍ മുഖം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിച്ചവരും അല്ലാഹുവിനോടുള്ള സ്നേഹത്താല്‍ കുടുംബക്കാര്‍, അനാഥര്‍ അഗതികള്‍, യാത്രക്കാര്‍, ചോദിച്ചു വരുന്നവര്‍, എന്നിവര്‍ക്കും അടിമകളെ മോചിപ്പിക്കാനും ധനം കൊടുത്തവരും, നമസ്‌കാരം കൃത്യമായി അനുഷ്ഠിച്ചവരും സകാത്ത് കൊടുത്തവരും കരാര്‍ ചെയ്താല്‍ പാലിക്കുന്നവരും കഷ്ടപ്പാടിനും വേദനയിലും യുദ്ധവേളയിലും ക്ഷമിച്ചവരും ആരാണോ അവരാണ് പുണ്യവാന്മാര്‍, അവരാണ് സത്യം പാലിച്ചവര്‍, സൂക്ഷിച്ചവരും (മുത്തഖികള്‍) അവര്‍ തന്നെ.” (ബഖറ 177) ഈ ആയത്തില്‍ സൂചിപ്പിച്ച സമുന്നത ഗുണമുള്ളവരാണ് മുത്തഖികള്‍. തഖ്വയുടെ അര്‍ഥ തലങ്ങള്‍ മേല്‍ കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഖുര്‍ആന്‍ പ്രസ്താവിച്ച തഖ്വയുടെ അര്‍ഥ തലങ്ങള്‍ താഴെ പറയുന്നവയാണ്.
1. നീതി തഖ്വയില്‍ പെട്ടതാണ്. ‘നിങ്ങള്‍ നീതി പാലിക്കണം അത് തഖ്വയോട് വളരെ അടുത്തതാണ്. (മാഇദ 8)
2. ശത്രുക്കളോട് മര്യാദയില്‍ വര്‍ത്തിക്കലും തഖ്‌വ തന്നെ. ”അവര്‍ നിങ്ങളോട് മര്യാദയില്‍ വര്‍ത്തിക്കുന്നിടത്തോളം അവരോട് നിങ്ങള്‍ മര്യാദയില്‍ വര്‍ത്തിക്കുക. മുത്തഖികളെ അല്ലാഹു സ്നേഹിക്കുന്നു.”(തൗബ 7)
3. മാപ്പു നല്‍കല്‍ തഖ്വയില്‍ പെടുന്നു. ”നിങ്ങള്‍ മാപ്പു നല്‍കല്‍ തഖ്വയോട് വളരെ സമീപസ്ഥമാണ്.” (ബഖറ 237)
സൂക്ഷ്മതാ
ബോധത്തിന്റെ
ഗുണങ്ങള്‍
തഖ്വ ബോധത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന ഗുണങ്ങളെയും ഖുര്‍ആന്‍ വരച്ചു കാട്ടുന്നു. തഖ്വ അന്ത്യദിനത്തില്‍ മനുഷ്യനെ നിര്‍ഭയനും ദുഃഖവിമുക്തനുമാക്കുകയും ഈ ജീവിതത്തില്‍ സഹായവും വിജയവും നേടിക്കൊടുക്കുകയും ചെയ്യുന്നു. ”അറിയുക അല്ലാഹുവിന്റെ സഹായികള്‍ (അവന്റെ മതത്തിന്റെ സേവകന്മാര്‍) അവരുടെ കാര്യത്തില്‍ ഒരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷിക്കുകയും ചെയ്തവരത്രെ അവര്‍. ഐഹികജീവിതത്തിലും പരലോകത്തും അവര്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്.” (യൂനുസ് 63,64)
ദൈവകാരുണ്യം തഖ്വയുടെ ഒരു നേട്ടമാണ്. ”എന്റെ കാരുണ്യം അഖില വസ്തുക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാല്‍ സൂക്ഷിച്ചു ജീവിക്കുകയും സകാത്ത് കൊടുക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് അത് ഞാന്‍ വിധിക്കും.” (അഅ്റാഫ് 156)
സൂക്ഷിക്കുന്നവര്‍ക്ക് ദുരിതങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. ”ആരെങ്കിലും അല്ലാഹുവെ സൂക്ഷിക്കുന്നുവെങ്കില്‍ അല്ലാഹു അവന് ഒരു മോചനം ഉണ്ടാക്കി കൊടുക്കും, അവന്‍ നിനക്കാത്ത രീതിയില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യും.” (ത്വലാക്ക് 2,3)
വിജയവും സഹായവും മുത്തഖികള്‍ക്ക് ഉണ്ടാകും. ”നിശ്ചയം ഭൂമി അല്ലാഹുവിന്റേതാണ്. അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ അവകാശമായി കൊടുക്കും. നല്ല പരിണാമം സൂക്ഷിക്കുന്നവര്‍ക്ക് ആകുന്നു.” (അഅ്റാഫ് 128)
സത്യവും അസത്യവും വേര്‍തിരിക്കാനും ശരി തെരഞ്ഞെടുക്കാനുമുള്ള ഉള്‍ക്കാഴ്ച മുത്തഖികള്‍ക്ക് അല്ലാഹു കൊടുക്കും. ”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അവന്‍ നിങ്ങള്‍ക്ക് ഒരു വിവേചന ശക്തി ഉണ്ടാക്കിത്തരും.” (അന്‍ഫാല്‍ 29)
ഈ രൂപത്തില്‍ തഖ്വയുടെ പ്രാധാന്യവും വ്യക്തികളിലും സമൂഹത്തിലും അത് വരുത്തുന്ന നേട്ടങ്ങളും കൊണ്ടാണ് ”നിങ്ങള്‍ ഹജ്ജ് യാത്രയ്ക്കുള്ള ആഹാരം കരുതുവിന്‍ എന്നാല്‍ വിശിഷ്ടാഹാരം സൂക്ഷ്മതയാകുന്നു” (ബഖറ 197) എന്ന ആദര്‍ശ പ്രൗഢമായ ആഹ്വാനം ഖുര്‍ആന്‍ ചെയ്തത്.
മനസ്സ് ശുദ്ധീകരിക്കുന്ന പശ്ചാത്താപം
പശ്ചാത്താപം ധാര്‍മിക ജീവിതത്തിന്റെ മുഖ്യ സ്തംഭമാണ്. ചെയ്ത തെറ്റില്‍ ദുഃഖിക്കാത്ത, പശ്ചാത്തപിക്കാത്ത മനസ്സ് മനുഷ്യ വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നു. പശ്ചാത്താപത്തില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ശുഷ്‌കാന്തിയും വ്യക്തിയുടെ നന്മയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും തിന്മയുടെ തിരോധാനത്തിനും വഴിയൊരുക്കുന്നു.
തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജമാണ്. അതില്‍ നിന്ന് മുക്തി നേടാന്‍ ഉള്ള മാര്‍ഗമായാണ് പശ്ചാത്താപത്തെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പശ്ചാത്താപത്തിന് ഖുര്‍ആന്‍ വലിയ പ്രാധാന്യം നല്‍കുകയും പല സൂക്തങ്ങളിലും അത് ആവര്‍ത്തിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ”എന്നാല്‍ ആരെങ്കിലും തന്റെ അതിക്രമത്തിനു ശേഷം പശ്ചാത്തപിച്ചു മടങ്ങുകയും ജീവിതം നന്നാക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും, അല്ലാഹു പൊറുക്കുന്നവനും ദയാനിധിയുമത്രെ.” (മാഇദ 39)
”നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ മേല്‍ വിധിയെഴുതി, അതായത് നിങ്ങളില്‍ ആരെങ്കിലും അജ്ഞത മൂലം തിന്മ ചെയ്താല്‍ അനന്തരം പശ്ചാത്തപിച്ചു മടങ്ങുകയും ജീവിതം നന്നാക്കുകയും ചെയ്യുന്ന പക്ഷം താന്‍ പൊറുക്കുന്നവനും കരുണാവാരിധിയും ആകുന്നു എന്ന് അവന്‍ നിശ്ചയിച്ചു.” (അന്‍ആം 54)
”നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക” എന്നിങ്ങനെ പലയിടത്തും മാപ്പപേക്ഷയെ ഖുര്‍ആന്‍ പശ്ചാത്താപത്തോട് ചേര്‍ത്ത് പറഞ്ഞിട്ടുണ്ട്. കാരണം മാപ്പപേക്ഷയാണ് പശ്ചാത്താപത്തിന്റെ പ്രേരണ. പശ്ചാത്തപിക്കാതെ അല്ലാഹുവോട് മാപ്പപേക്ഷ നടത്തിക്കൂടാ എന്ന് ഇത് സൂചിപ്പിക്കുന്നു. പാപി സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവനാണ്. തെറ്റുകളില്‍ നിന്ന് വിരമിക്കാത്ത കാലത്തോളം മാപ്പപേക്ഷിക്കുവാന്‍ അവന് അര്‍ഹതയില്ല. അപ്പോള്‍ മാപ്പപേക്ഷ ലക്ഷ്യവും പശ്ചാത്താപം അതിന്റെ മാര്‍ഗവും ആണ്.
പശ്ചാത്തപിക്കണം എന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ചികിത്സ ഫലിക്കാത്ത വിധം രോഗം മൂര്‍ച്ഛിക്കാന്‍ കാത്തു നില്‍ക്കരുത്. ”അല്ലാഹു അംഗീകരിക്കുന്ന പശ്ചാത്താപം അജ്ഞത മൂലം തിന്മ പ്രവര്‍ത്തിക്കുകയും ഉടനെ തന്നെ പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടേത് മാത്രമാണ് അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു സര്‍വജ്ഞനും യുക്തിപൂര്‍വം പ്രവര്‍ത്തിക്കുന്നവനും ആകുന്നു.” (നിസാഅ് 17)
പശ്ചാത്താപം സ്വീകരിക്കാന്‍ രണ്ടു ഉപാധികള്‍ അല്ലാഹു വെച്ചിട്ടുണ്ട്. അറിവില്ലാതെ തെറ്റു ചെയ്തു പോയതാവണം. കാലതാമസം കൂടാതെ പശ്ചാത്തപിച്ചു മടങ്ങണം. തെറ്റില്‍ നിരന്തരമായി ജീവിക്കുകയും മരിക്കാന്‍ നേരത്ത് കണ്ണ് തുറക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകാര്യമല്ല. ”പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ മരണം അടുക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കും അവിശ്വാസികളായി മരിച്ചുപോകുന്നവര്‍ക്കും പാപമോചനം ഇല്ല. വേദനിപ്പിക്കുന്ന ശിക്ഷ അവര്‍ക്ക് നാം ഒരുക്കി വെച്ചിട്ടുണ്ട്.” (നിസാഅ് 18)
പാപമോചനം ലഭിക്കാന്‍ പശ്ചാത്താപത്തോടെ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നു കൂടി ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ”പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും അനന്തരം സന്മാര്‍ഗി ആവുകയും ചെയ്തവന് ഞാന്‍ വളരെയേറെ പൊറുക്കുന്നവന്‍ തന്നെയാണ്.” (ത്വാഹ 82)
”പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴിച്ച്. എന്നാല്‍ അവരുടെ തിന്മകള്‍ക്ക് അല്ലാഹു നന്മ പകരമാക്കും. അല്ലാഹു പൊറുക്കുന്നവനും ദയാനിധിയും ആകുന്നു.” (ഫുര്‍ഖാന്‍ 70)
മാപ്പപേക്ഷ ഒരു മാനസിക ചികിത്സയാണ്. തന്റെ ചലനങ്ങള്‍ അല്ലാഹു കാണുന്നുണ്ടെന്ന് ബോധമുള്ള വിശ്വാസിക്ക് തെറ്റുകള്‍ കുറയും എന്നതില്‍ സംശയമില്ല. എങ്കിലും ചുവട് പിഴച്ച് അരുതാത്തത് ചെയ്തെന്ന് വരാം. അപ്പോള്‍ അവന്‍ ദൈവത്തെ ഓര്‍ക്കുകയും തെറ്റിന്റെ ഗൗരവത്തെക്കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കുകയും തെറ്റില്‍ നിന്ന് വിരമിച്ച് മാപ്പിരക്കുകയും ചെയ്യുന്നു.
വിശ്വാസിക്ക് തെറ്റുപറ്റാം. എന്നാല്‍ വിവേകത്തിലേക്ക് അവന്‍ തിരിച്ചു വരേണ്ടതുണ്ട്. വഴുതി വീണാല്‍ വീണേടത്ത് കിടക്കാതെ കുടഞ്ഞ് എഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് യാത്ര തുടരുകയാണ് വേണ്ടത്. ഇതുകൊണ്ടാണ് തെറ്റ് ചെയ്തവന് മോചനമാര്‍ഗം അല്ലാഹു നിര്‍ദേശിക്കുന്നതും ആത്മപരിശോധനയ്ക്ക് സഹായിക്കുന്ന മാപ്പപേക്ഷ നടത്താനും മങ്ങിയ മനസാക്ഷിക്ക് ചൈതന്യം പകരുന്ന ദൈവബോധം ഉള്‍ക്കൊള്ളാനും അവനോട് ഉപദേശിക്കുന്നതും.
കാരുണ്യവാനായ
ദൈവം
പാപമോചനത്തിന് ഇസ്‌ലാമില്‍ ഒരു മത പുരോഹിതന്റെ മുമ്പാകെ കുമ്പസരിക്കേണ്ട ആവശ്യമില്ല. മോചനം ഇല്ലാതെ പാപം വ്യക്തിയുടെ തലയില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുകയുമില്ല. പാപം പൈതൃകമായി കിട്ടുന്നതുമല്ല. പാപം ചെയ്തവരോട് ദൈവത്തിനടങ്ങാത്ത കോപവും ഒടുങ്ങാത്ത വെറുപ്പും പകയും ആണെന്നും അതുകൊണ്ടുതന്നെ പാപികള്‍ക്ക് പിന്നീട് ദൈവത്തിങ്കലേക്ക് അടുക്കാന്‍ കഴിയുകയില്ല എന്നുമുള്ള വീക്ഷണത്തെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു. എത്ര തന്നെ പാപം ചെയ്ത ആളാണെങ്കിലും അയാള്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങുകയും നേര്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്താല്‍ പരമകാരുണികന്‍ അവന്റെ മുന്‍കാല പാപങ്ങള്‍ എല്ലാം പൊറുത്തുകൊടുക്കും എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
അല്ലാഹുവിന്റെ ദയയും കാരുണ്യവും സൂചിപ്പിക്കുന്ന ഒരുപാട് വിശേഷണങ്ങള്‍ ഖുര്‍ആനില്‍ കാണാം. അവയില്‍ പ്രധാനപ്പെട്ടവയാണ് ‘അര്‍റഹ്മാന്‍’, ‘അര്‍റഹീം’ എന്നിവ. ‘സലാം’ (ശാന്തി നല്‍കുന്നവന്‍), ലത്വീഫ് (ദയാ പുരസ്സരം പ്രവര്‍ത്തിക്കുന്നവന്‍), കരീം (അത്യുദാരന്‍), ഗഫ്ഫാര്‍ (അത്യധികം മാപ്പ് നല്‍കുന്നവന്‍), ത്വവ്വാബ് (പശ്ചാത്താപം സ്വീകരിക്കുന്നവന്‍), വദൂദ് (ദാസന്മാരോട് വളരെയധികം ദയയുള്ളവന്‍) തുടങ്ങിയ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ദൈവനാമങ്ങള്‍ അല്ലാഹുവിന്റെ അറ്റമില്ലാത്ത കരുണയെയും സ്നേഹത്തെയും ദ്യോതിപ്പിക്കുന്നു.
ഇസ്ലാമില്‍ ഏതു മനുഷ്യനും അല്ലാഹുവോട് നേരിട്ട് പാപമുക്തിയുടെയും ദയാ ദാക്ഷിണ്യത്തിന്റെയും കവാടം തുറന്നു തരാന്‍ പ്രാര്‍ഥിക്കാവുന്നതാണ്. ”വല്ലവനും വല്ല തിന്മയും പ്രവര്‍ത്തിക്കുകയോ ആത്മദ്രോഹം ചെയ്യുകയോ ചെയ്താല്‍, അനന്തരം മാപ്പിരക്കുന്ന പക്ഷം അല്ലാഹു പൊറുക്കുന്നവനും ദയാനിധിയും ആണെന്ന് അവന് അനുഭവപ്പെടും.” (നിസാഅ് 110)
മാപ്പിന് അര്‍ഹരായ വിശ്വാസികളെ അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: ”വല്ല നീച വൃത്തിയും ചെയ്യുകയോ സ്വന്തം ആത്മാക്കളോട് തന്നെ അന്യായം പ്രവര്‍ത്തിക്കുകയോ ചെയ്തു പോയാല്‍ അല്ലാഹുവെ സ്മരിക്കുകയും അങ്ങനെ പാപമോചനത്തിന് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരത്രെ അവര്‍. പാപങ്ങള്‍ പൊറുക്കുന്നവന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവര്‍ ചെയ്തു പോയതില്‍ അവര്‍ ബോധപൂര്‍വം ഉറച്ചു നില്‍ക്കുകയില്ല. തങ്ങളുടെ നാഥനില്‍ നിന്നുള്ള മാപ്പാണ് അവര്‍ക്ക് പ്രതിഫലം.” (ആലുഇംറാന്‍ 135, 136)
എത്ര പാപം ചെയ്താലും പശ്ചാത്താപ നിരതരായി തിരിച്ചു വരുന്നവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കും. ”പറയുക സ്വന്തം ആത്മാക്കളോട് അധര്‍മം പ്രവര്‍ത്തിച്ച എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. അല്ലാഹു സകല പാപങ്ങളും പൊറുക്കും. അവന്‍ അധികം പൊറുക്കുന്നവനും ദയാനിധിയും തന്നെയാണ്.” (സുമര്‍ 53). വിശ്വാസികളുടെ മനസ്സിന് ഇത്രയേറെ ആശയും ആശ്വാസവും നല്‍കുന്ന മറ്റൊരു സൂക്തം ഖുര്‍ആനില്‍ ഇല്ലെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സദ്വൃത്തികള്‍ പാപമോചനത്തിന് സഹായിക്കുന്നു. ”തങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചു പറയുന്ന വേറെ ചിലരുണ്ട്. സല്‍പ്രവര്‍ത്തിയും ദുഷ്പ്രവര്‍ത്തിയും അവര്‍ കൂട്ടിക്കുഴച്ചു, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു വളരെ പൊറുക്കുന്നവനും ദയാനിധിയും ആകുന്നു.” (തൗബ 102). തിന്മയെ നന്മ കൊണ്ട് നീ തുടര്‍ത്തുക, ഇത് അതിനെ മായ്ച്ചുകളയും (അഹ്മദ്, തിര്‍മിദി) എന്ന നബി വചനത്തിന്റെ താല്‍പര്യവും ഇതു തന്നെയാണ്.
പാപമോചനത്തിന്റെ
ഗുണങ്ങള്‍
അല്ലാഹുവിനോട് കുറ്റസമ്മതം നടത്തുന്നതിലൂടെ മനുഷ്യമനസ്സില്‍ ക്രിയാത്മക ഫലങ്ങള്‍ ഉണ്ടാകും. കുറ്റസമ്മതത്തിന് ഒരു ഉദാഹരണമായി യൂനുസ് നബി(അ)യുടെ അനുഭവം ഖുര്‍ആന്‍ എടുത്തു കാണിക്കുന്നുണ്ട്. മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട അദ്ദേഹത്തിന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ആപത്തില്‍ നിന്നും മനക്ലേശത്തില്‍ നിന്നും മോചനം കിട്ടി. ”യൂനുസിന്റെ സംഭവം ഓര്‍ക്കുക: കോപാകുലനായി അദ്ദേഹം പോയി. അപ്പോള്‍ അദ്ദേഹം ധരിച്ചു നാം അദ്ദേഹത്തെ വിഷമിപ്പിക്കുകയില്ലെന്ന്. അങ്ങനെ അദ്ദേഹം ഇരുട്ടുകളുടെ നിഗൂഢതയില്‍ വിളിച്ചു പ്രാര്‍ഥിച്ചു: നീയല്ലാതെ ആരാധ്യനില്ല. നീ സമ്പൂര്‍ണനാണ്, ഞാന്‍ അക്രമികളില്‍ പെട്ടിരിക്കുന്നു എന്ന്, അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം ചെയ്തു. ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി. വിശ്വാസികളെ അപ്രകാരം നാം രക്ഷപ്പെടുത്തും.” (അന്‍ബിയാഅ് 87,88)
വിശ്വാസികളെ അപ്രകാരം നാം രക്ഷപ്പെടുത്തുമെന്ന പ്രയോഗം നോക്കൂ. തെറ്റ് ചെയ്താല്‍ ഉണ്ടാകുന്ന മന:പ്രയാസത്തില്‍ നിന്ന് മോചനം കിട്ടാന്‍ ഈ മാതൃക വിശ്വാസികള്‍ സ്വീകരിക്കണമെന്നാണ് ഇതിന്റെ സൂചന. കൂടാതെ ദുരന്തങ്ങളില്‍ നിന്ന് മനുഷ്യനെ കാത്തുസൂക്ഷിക്കുന്ന ദൈവസഹായവും കുറ്റസമ്മതം മൂലം കൈവരും. ദൈവകല്‍പ്പനയ്ക്ക് വിപരീതം ചെയ്തതിനെ തുടര്‍ന്ന് ആദമും ഹവ്വായും നടത്തിയ കുറ്റസമ്മതവും വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട.് ”ഞങ്ങളുടെ നാഥാ ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തു പോയി. ഞങ്ങളോട് പൊറുക്കുകയും ഞങ്ങള്‍ക്ക് ദയ ചെയ്യുകയും ചെയ്യാതിരുന്നാല്‍ ഞങ്ങള്‍ നഷ്ടക്കാരാകും എന്നവര്‍ പറഞ്ഞു.” (അഅ്റാഫ് 23)
മാപ്പപേക്ഷ ദൈവ കാരുണ്യവും ഐഹിക നേട്ടങ്ങളും കൈവരാന്‍ ഒരു മാര്‍ഗവും കൂടിയാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”നിങ്ങളുടെ നാഥനോട് നിങ്ങള്‍ മാപ്പ് തേടുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുവിന്‍, അപ്പോള്‍ നിശ്ചിത അവധിവരെ അവന്‍ നിങ്ങളെ ജീവിതസുഖം അനുഭവിപ്പിക്കുകയും ഉല്‍കൃഷ്ട ഗുണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും അവരുടെ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്ക് പ്രതിഫലം കൊടുക്കുകയും ചെയ്യും.” (ഹൂദ് 3)
അല്ലാഹുവിനെ ആരാധിക്കുന്നവര്‍ ഈ ജീവിതത്തില്‍ സുരക്ഷിതരും സന്തുഷ്ട ചിത്തരുമായിരിക്കുമെന്ന സൂചനയും ഇതില്‍ വായിച്ചെടുക്കാം. ഹൂദ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: ”എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുവിന്‍. എന്നിട്ട് അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുവിന്‍. അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വര്‍ഷിപ്പിച്ചു തരികയും നിങ്ങള്‍ക്ക് പൂര്‍വാധികം ശക്തി നല്‍കുകയും ചെയ്യും.” (ഹൂദ് 52)
നൂഹ് നബി(അ) ഇതുതന്നെ ഉപദേശിച്ചു. ”നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പ് തേടുവിന്‍, അവന്‍ വളരെ പൊറുക്കുന്നവനാണ്, തീര്‍ച്ച. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ വര്‍ഷിച്ചു തരും. സമ്പത്തുകളെ കൊണ്ടും മക്കളെ കൊണ്ടും അവന്‍ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ക്ക് അവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കുകയും പുഴകള്‍ ഒഴുക്കി തരികയും ചെയ്യും.” (നൂഹ് 10-12).
മുഹമ്മദ് നബി(സ)യോട് അല്ലാഹു ഇങ്ങനെ പറയുന്നു: ”താങ്കള്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കെ അവരെ അല്ലാഹു ശിക്ഷിക്കുക എന്നത് ഉണ്ടാവില്ല. അവര്‍ മാപ്പിരക്കുന്നവരായിരിക്കെ അവരെ അല്ലാഹു ശിക്ഷിക്കുകയുമില്ല.” (അന്‍ഫാല്‍ 33)
പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. കുറ്റബോധത്തോടെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ക്ഷമായാചന നടത്തുകയും തെറ്റുകളിലേക്ക് പോകാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പാപങ്ങള്‍ എല്ലാം പൊറുത്തുകൊടുക്കുവാന്‍ പരമകാരുണികന്‍ സന്നദ്ധനാണ്. അതിനു ശുപാര്‍ശയുടെയോ മാധ്യസ്ഥത്തിന്റെയോ ആവശ്യമില്ല. പാപിയായ ഒരാള്‍ പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ അല്ലാഹുവിനു ഉണ്ടാകുന്ന സന്തോഷാധിക്യം എത്രമാത്രമാണെന്ന് പ്രവാചകന്‍ (സ) ഒരു ഉപമയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ സംക്ഷിപ്തം ഇപ്രകാരമാണ്: ഒരു മരുഭൂമിയിലെ മരത്തണലില്‍ വിശ്രമിക്കുന്ന ഒരാള്‍ ഉറങ്ങിപ്പോകുന്നു. ഉണര്‍ന്നു നോക്കിയപ്പോള്‍ തന്റെ ഭക്ഷണപാനീയങ്ങളും മറ്റു വസ്തുക്കളും എല്ലാം വഹിക്കുന്ന ഒട്ടകത്തെ കാണുന്നില്ല. ഒട്ടകത്തെ തിരഞ്ഞ് ദാഹവിവശനായി അറ്റമില്ലാത്ത മരുഭൂമിയില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ അയാളുടെ മുമ്പില്‍ തന്റെ കാണാതെപോയ ഒട്ടകം പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സന്തോഷം എത്രയായിരിക്കും? അതിന്റെ എത്രയോ മടങ്ങാണ് പാപിയായ ദാസന്‍ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം.
ഖേദിച്ചു മടങ്ങുവാനും പശ്ചാത്തപിക്കുവാനും ദൈവം നല്കിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ഭാവി ജീവിതത്തെ എത്രയും പെട്ടെന്ന് സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇനി അവസരം ലഭിച്ചേക്കില്ല എന്ന ചിന്ത വിശ്വാസിയെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയും വേണം.