5 Friday
December 2025
2025 December 5
1447 Joumada II 14

ടാന്‍സാനിയയിലെ ആദ്യ വനിതാ പ്രസിഡന്റായി സാമിയ ഹസന്‍


കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ആദ്യ വനിത പ്രസിഡന്റായി ചരിത്രം കുറിച്ച് 61-കാരിയായ സാമിയ സുലുഹു ഹസന്‍. പ്രസിഡന്റായിരുന്ന ജോണ്‍ മഗുഫുലിയുടെ പെട്ടെന്നുള്ള വിയോഗത്തെത്തുടര്‍ന്നാണ് സാമിയക്ക് പുതിയ നിയോഗമുണ്ടായത്. ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തു. നിലവില്‍ ടാന്‍സാനിയയുടെ താല്‍ക്കാലിക വൈസ് പ്രസിഡഡന്റായിരുന്നു ഇവര്‍. ചുവന്ന ഹിജാബും കറുത്ത സ്യൂട്ടുമണിഞ്ഞ് അവര്‍ സത്യപ്രതിജ്ഞക്കെത്തുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. വാണിജ്യ തലസ്ഥാനമായ ദാറുസ്സലാമില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. മൃദുവായി സമവായത്തോടെ സംസാരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയില്‍ സാമിയ നേരത്തെ തന്നെ പ്രശസ്തയായിരുന്നു. അധികാരമേറ്റ ആദ്യദിനം തന്നെ മുന്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ രാജ്യത്ത് 21 ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് അവര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 22,25 പൊതുഅവധിയായും പ്രഖ്യാപിച്ചു. പരസ്പരം വിരല്‍ ചൂണ്ടേണ്ട സമയമല്ല, മറിച്ച് പ്രസിഡന്റ് മഗ്ഫുലി ആഗ്രഹിച്ച പുതിയ ടാന്‍സാനിയ കെട്ടിപ്പടുക്കാന്‍ കൈകോര്‍ത്ത് മുന്നോട്ട് പോകേണ്ട സമയമാണിത് – സാമിയ പറഞ്ഞു.

Back to Top