താലിബാന്റെ രണ്ടാംവരവും അഫ്ഗാന്റെ ഭാവിയും
ഷമീം കിഴുപറമ്പ്
തലസ്ഥാന നഗരമായ കാബൂളില്‍ പ്രവേശിച്ച മതഭീകരവാദ സംഘടനയായ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ആധുനിക ലോകത്തിനു നേരെ പരിഹാസ ചിരി ചിരിച്ച് മധ്യകാല പ്രാകൃത ഭരണത്തിലേക്ക് അയല്‍രാജ്യം തിരിച്ചുപോകാന്‍ ഇനി ചടങ്ങുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സംഘടന കാല്‍നൂറ്റാണ്ട് മുമ്പ് അഫ്ഗാനിസ്താനില്‍ ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ മതരാഷ്ട്രവാദം എത്രത്തോളം അപകടകരമാണെന്ന് തെളിയിച്ചതാണ്.
അപ്രതീക്ഷിതമല്ലെങ്കിലും പ്രഖ്യാപിച്ച സമയത്തിനു മുന്‍പേ അഫ്ഗാന്‍ വിട്ടു പോയിരിക്കുകയാണ് അമേരിക്ക. അവസരം മുതലെടുത്തു താലിബാന്‍ അവിടെ വലിയ മുന്നേറ്റം നടത്തുന്നു. അഫ്ഗാനിലെ മാറ്റങ്ങള്‍ ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. താലിബാന് ഇത്തവണ പാക്കിസ്താന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും. ചൈന- പാക്- താലിബാന്‍ അച്ചുതണ്ടിലുള്ള സര്‍ക്കാര്‍ അഫ്ഗാനിസ്താനില്‍ വന്നാല്‍ ഇന്ത്യയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാകും. പാക്കിസ്താനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി കണക്കിലെടുക്കേണ്ടി വരും.
താലിബാനെപ്പോലെ തീവ്രനിലപാടുള്ളവര്‍ ഒരു രാജ്യത്തെ ഭരണം ഏറ്റെടുക്കുന്നതു ലോകത്താകെ ഭീകരസംഘങ്ങള്‍ക്ക് ഉണര്‍വേകുന്ന നീക്കമായി മാറാം. താലിബാന്റെ വരവിലൂടെ നെഗറ്റീവ് ഇംപാക്ടാണ് പൊതുവേ ഉണ്ടാവുന്നത്.
ലോകചരിത്രത്തില്‍ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ് ആയാണ് അഫ്ഗാനിസ്താന്‍ അറിയപ്പെടുന്നത്. ഗോത്ര വംശീയതയും സാമ്രാജ്യത്വ താല്‍പര്യങ്ങളും ആ മണ്ണിനെ എക്കാലത്തും കലാപങ്ങളുടെ വിള ഭൂമിയാക്കി. ഇതിന്റെ തുടര്‍ ചിത്രങ്ങളാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അമേരിക്കന്‍ അധിനിവേശക്കാരുടെ പിന്‍മാറ്റത്തിലൂടെ അഫ്ഗാനിസ്താനില്‍ തെളിയുന്നത്. ബ്രിട്ടീഷ് ആക്രമണങ്ങള്‍, തുടര്‍ന്ന് കമ്യൂണിസ്റ്റ് ഭരണത്തെ സംരക്ഷിക്കാനെന്ന പേരില്‍ 1979 സോവിയറ്റ് യൂണിയന്റെ കടന്നുകയറ്റം, ശീത സമരത്തിന്റെ ഭാഗമായി അമേരിക്കയുടെ ലൈനപ്പില്‍ ഉള്ള മുജാഹിദ് ആക്രമണം. ഓപ്പറേഷന്‍ ഡെക്കറേറ്റ്‌ലൂടെ അമേരിക്കന്‍ ചാരസംഘടന ഒഴുക്കിയ കോടികളുടെ ചരിത്രം. ഇതിന്റെയെല്ലാം പശ്ചാതലത്തില്‍ 1996 താലിബാന്‍ ഭരണം പിടിച്ചെടുത്തു. 2001-ല്‍ ഉസാമ ബിന്‍ ലാദിന് അഭയം കൊടുത്തതിന്റെ പേരില്‍ അമേരിക്കയുടെ കടന്നുകയറ്റം സംഭവിക്കുകയാണ്. അങ്ങനെ 20 വര്‍ഷം നീണ്ടുനിന്ന ഒരു സംഭവത്തില്‍ നിന്ന് അപ്രതീക്ഷിതമായി അവര്‍ പിന്‍വാങ്ങുന്നു. വിയറ്റ്‌നാം ഇറാഖ് യുദ്ധങ്ങളെ പോലെ തന്നെ പ്രത്യേക വിജയങ്ങള്‍ ഒന്നുമില്ലാതെ ഒരു പിന്മാറ്റം എന്നു തന്നെ പറയാം. 2020 അഫ്ഗാനിസ്താെന വഞ്ചിച്ച് താലിബാനുമായി കൂട്ട് ഉണ്ടാക്കിയതാണ് അമേരിക്ക.
ഇന്ന് താലിബാന്‍ മുന്നേറ്റം ഒരിക്കലും സന്തോഷിക്കാനുള്ള വക നല്‍കുന്നതല്ല. ആക്രമണങ്ങള്‍ കൊണ്ടും പീഡനങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടിയ അഫ്ഗാനിനു നേരെ രണ്ടാം തവണയാണ് താലിബാന്‍ എത്തുന്നത്. മുജാഹിദുകള്‍ക്കെതിരെ പോരാടിയാണ് സോവിയറ്റ് യൂണിയന്‍ രാജ്യം പിടിച്ചടക്കിയതെങ്കില്‍ അവര്‍ക്ക് അവിടെ വിട്ടു പോകേണ്ടിവന്നത് അഫ്ഗാനികളുടെ വംശീയ അഭിമാനവും യുദ്ധകരുത്തുകൊണ്ടുമാണ്. ഒളി യുദ്ധത്തിനു ഒത്ത ഇടങ്ങളാണ് അഫ്ഗാനിസ്താന് ഈ യുദ്ധങ്ങളിലെല്ലാം വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. അമേരിക്കയുടെ പരാജയ കാര്യത്തിലും അങ്ങനെതന്നെ.
അഫ്ഗാനിസ്താന് ഒരു ചരിത്രമുണ്ട്. അവസാനിക്കാത്ത അധിനിവേശത്തിന്റെ, ആഭ്യന്തര കലഹങ്ങളുടെ അരക്ഷിതാവസ്ഥയുടെ അസ്വസ്ഥമായ ഭൂതകാലം. തലമുറകളിലൂടെ അത് തനിയാവര്‍ത്തനം നടത്തുകയാണ്. ഭരണാധികാരി ശത്രുക്കളുമായി സന്ധിചെയ്തു. ഇനി അഫ്ഗാന്‍ ജനതയുടെ ഭാവിയെന്താവും. അഫ്ഗാനിലെ അധികാരമാറ്റത്തെ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന് താലിബാന്‍ വിശേഷിപ്പിക്കുമ്പോള്‍ അസ്വാന്ത്ര്യത്തിന്റെ ഭീതിയാണ് അഫ്ഗാന്‍ ജനതയുടെ കണ്ണുകളില്‍.